തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് IAS – ന് 25 വയസ് !

Bineesh K Achuthan

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ജനകീയ കഥാപാത്രമായിരുന്നു ദി കിംഗിലെ ജോസഫ് അലക്സ് .90 – കളിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ദി കിംഗ്. നായക കഥാപാത്രത്തിന്റെ ത്രസിപ്പിക്കുന്ന ഇൻട്രൊയും തീപാറുന്ന ഡയലോഗുകളും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കൊണ്ടു അക്കാലത്തെ ഒരു മാസ് എന്റർടെയിനറായിരുന്നായിരുന്നു ദി കിംഗ്. ഇന്നത്തെ പോലെ വൈഡ് റിലീസ് ഇല്ലാതിരുന്ന അക്കാലഘട്ടത്തിൽ ആദ്യമായി 40 – ലേറെ റിലീസ് കേന്ദ്രങ്ങൾ ലഭിക്കുന്ന ആദ്യ ചിത്രം കൂടിയിരുന്നു ദി കിംഗ്.

മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.അലി നിർമ്മിച്ച് രഞ്ജി പണിക്കർ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് വൻ ഹൈപ്പ് നേടിയ ചിത്രമായിരുന്നു.1992 – ൽ റിലീസായ ‘ തലസ്ഥാനം ‘ മുതൽ ഷാജി കൈലാസ് – രഞ്ജി പണിക്കർ ദ്വയങ്ങൾ ജനപ്രീതിയാർജ്ജിച്ചിരുന്നു. സമകാലിക രാഷ്ട്രീയത്തിലെ അഴിമതിയും അവക്കെതിരെയുള്ള ഒറ്റയാൻ പോരാട്ടങ്ങളുമായിരുന്നു ഇവരുടെ മിക്ക ചിത്രങ്ങളിലെയും പ്രമേയം. ഇതേ പ്രേമേയം കൈകാര്യം ചെയ്ത് കൊണ്ടിരുന്ന ഐ.വി.ശശി – ടി.ദാമോദരൻ ദ്വയങ്ങൾ അൽപ്പം സജീവമല്ലാത്തതും ഇവരുടെ വളർച്ചക്ക് ഗതിവേഗം കൂട്ടി. 1993 – ൽ സുരേഷ് ഗോപിക്ക് താരപദവി നേടിക്കൊടുത്ത ‘ ഏകലവ്യൻ ‘ റിലീസായതോടെ ഇവരുടെ ചിത്രങ്ങൾക്ക് വൻ ഡിമാന്റായി. 1994 – ലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായ ‘ കമ്മീഷണർ ‘ ഇരുവരെയും പൊന്നും വിലയുള്ളവരാക്കി മാറ്റി. കമ്മീഷണറിന്റെ വിജയ ലഹരിയിലാണ് സ്ഥിരം നായകൻ സുരേഷ് ഗോപിക്ക് പകരം മമ്മൂട്ടിയുമായി ഒരു ചിത്രം ഇവർ അനൗൺസ് ചെയ്യുന്നത്. മുംബെ പശ്ചാത്തലമാക്കി ‘ ക്ഷത്രിയം ‘ എന്ന പേരിൽ ഒരു അധോലോക രാജാവിന്റെ കഥയാണ് ആദ്യമാമാലോചിക്കുന്നത്. പിന്നീടാ പ്രമേയം അടിമുടി മാറുകയും ആ പ്രൊജകറ്റ് തന്നെ കാൻസലാവുകയും ചെയ്തു. ഒടുവിൽ ദി കിംഗ് എന്ന പേരിൽ ഒരു കളക്റ്ററുടെ കഥയാക്കി ചിത്രം അനൗൺസ് ചെയ്തു.

തകർപ്പൻവിജയം നേടിയ കമ്മീഷണറിന് ശേഷം അതേ ടീം ഒരുക്കുന്ന ചിത്രമായത് കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷയും വാനോളമുയർന്നു. പ്രക്ഷകരുടെ കാത്തിരിപ്പിന് ആവേശമുയർത്താൻ ലൊക്കേഷൻ സ്റ്റില്ലുകളും ചിത്രീകരണ വാർത്തകളും സിനിമാ പ്രസിദ്ധീകരണങ്ങൾ മത്സരിച്ചു പ്രസിദ്ധീകരിച്ചു. മുൻ ചിത്രമായ കമ്മീഷണറിലെ വിവാദമായ പല രാഷ്ട്രീയ പരാമർശങ്ങളും പ്രേക്ഷകർ കിംഗിലും പ്രതീക്ഷിച്ചു. കെ.കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുകയും എ.കെ.ആന്റണി തൽസ്ഥാനത്ത് അവരോധിതനാവുകയും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ അതിന്റെ പാരമ്യതയിൽ എത്തുകയും ചെയ്ത സവിശേഷ കാലഘട്ടത്തിലായിരുന്നു കിംഗിന്റെ ചിത്രീകരണം.

ദി കിംഗിലെ പ്രതിനായക വേഷത്തിൽ മുരളിയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രതിനായക / ഉപനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായ മുരളി ; 1992 – ൽ റിലീസായ ആധാരത്തിന്റെ വിജയത്തോടെ നായകനിരയിൽ സ്ഥാനം പിടിച്ചു. തുടർന്ന് രണ്ട് മൂന്ന് വർഷത്തോളം പരുക്കൻ നായകനായി അദ്ദേഹം തിളങ്ങുകയുണ്ടായി. പക്ഷേ, സ്റ്റീരിയോ ടൈപ്പായതിനെ തുടർന്ന് നായകനായി അഭിനയിച്ച ചില ചിത്രങ്ങൾ പരാജയമായതിന്‌ ശേഷം അദ്ദേഹം കുറച്ച് നാൾ സിനിമയിൽ നിന്നും ഇടവേളയെടുത്തു. ജോസഫ് അലക്സിന്റെ പ്രതിനായകനായ ജയകൃഷ്ണനെന്ന കരുത്തനായ യുവ രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു മുരളിയുടെ മടങ്ങി വരവ്. നായകനോടൊപ്പം കയ്യടി നേടുന്ന പ്രകടനമായിരുന്നു മുരളി ദി കിംഗിൽ കാഴ്ച്ച വച്ചത്.

കിംഗിലെ നായികാ കഥാപാത്രമായ അസിസ്റ്റന്റ് കളക്ടർ അനുരാധ മുഖർജിയെ അവതരിപ്പിച്ചത് വാണി വിശ്വനാഥായിരുന്നു. അരങ്ങേറ്റ ചിത്രം മലയാളത്തിലായിരുന്നെങ്കിലും തെലുങ്ക് സിനിമകളിലൂടെയാണ് വാണി ശ്രദ്ധേയയാകുന്നത്. അന്യഭാഷകളിൽ തിളങ്ങി നിന്നിരുന്ന വാണിയെ കിംഗിന്റെ വിജയം മലയാള സിനിമയിലെ തിരക്കേറിയ നായികയാക്കി മാറ്റി. അന്ന് പ്രേക്ഷക പ്രീതിയാർജ്ജിച്ചതും ഇന്ന് കുപ്രസിദ്ധവുമായി മാറിയ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധ ഡയലോഗുകൾ വാണിയുടെ കഥാപാത്രത്തിനോടാണ് പറയുന്നത്. മാറിയ കാലഘട്ടത്തിൽ അത്തരം സംഭാഷണങ്ങൾ എഴുതിയതിൽ പിന്നീട് രഞ്ജി പണിക്കർ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.

മുരളിയുടെ ജയകൃഷ്ണനൊപ്പം ക്രൈം സിൻഡിക്കേറ്റിലെ മറ്റൊരു പ്രമുഖനായ സിറ്റി പോലീസ് കമ്മീഷണർ ശങ്കറായി ദേവൻ ഉജ്ജ്വല പ്രകടനമാണ് കാഴ്ച്ച വച്ചത്. ഇൻറർവെൽ പഞ്ചിനു മുമ്പുള്ള ത്രില്ലിംഗ് രംഗങ്ങളിലെ ദേവന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നായകന്റെ സഹായികളായി പതിവ് പോലെ വിജയ രാഘവനും ഗണേഷും തിളങ്ങി. അതിഥി താരമായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കുതിരവട്ടം പപ്പുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ റോളുകളിലൊന്നു കിംഗിലേതാണെന്ന് നിസ്സംശയം പറയാം. പ്രേക്ഷകനിൽ നൊമ്പരമുളവാക്കുന്ന പ്രകടനമായിരുന്നു സ്വാതന്ത്ര്യ സമര സേനാനിയായി വേഷമിട്ട പപ്പുവിന്റേത്.1995 – നവംബർ 11 – ന് റിലീസായ ദി കിംഗ് അക്ഷരാർത്ഥത്തിൽ തീയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. നിലവിലുള്ള സകല റെക്കോഡുകളും കടപുഴക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ ജൈത്രയാത്ര. അനൗൺസ് ചെയ്തയന്ന് മുതലുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനെ അർത്ഥവത്താക്കുന്ന രീതിയിൽ തന്നെയായിരുന്നു ചിത്രത്തിന്റെ മേക്കിംഗ് .ശരാശരി പ്രേക്ഷകൻ എന്താണോ പ്രതീക്ഷിച്ചത് അതവന് ലഭിച്ച പ്രതീതിയുളവാക്കാൻ കിംഗിന്റെ അണിയറ ശിൽപ്പികൾക്ക് കഴിഞ്ഞു. വൻ ഇനീഷ്യൽ കളക്ഷനൊപ്പം ലോംഗ് റണ്ണിലും ചിത്രം നേട്ടമായിരുന്നു. തീയ്യറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്ക തന്നെ ചിത്രത്തിന്റെ ശബ്ദരേഖ പുറത്തിറക്കുകയുണ്ടായി. അന്നത്തെ എല്ലാ കാസറ്റ് കടകളിലും ഇവ സംപേക്ഷണം ചെയ്യുകയും മമ്മൂട്ടിയുടെ കടിച്ചാൽ പൊട്ടാത്തതും അർത്ഥം മനസിലാവാത്തതുമായ ഇംഗ്ലീഷ് ഡയലോഗുകൾക്ക് ശ്രോതാക്കൾ കയ്യടിച്ചത് അന്നൊരു ഒരു സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാനിന്നും ഓർക്കുന്നു.

ദി കിംഗിന്റെ വിജയത്തെ തുടർന്ന് തിരശ്ശീലക്കപ്പുറത്തുള്ള ചില സാമൂഹിക സ്വാധീനവും ചിത്രത്തിനുളവാക്കാനായി. പിറ്റേ വർഷം (1996) മുതൽ അക്കാലത്തെ SSLC റാങ്ക് ജേതാക്കൾ അത് വരെ ഡോക്ടറാകണമെന്ന് പറഞ്ഞിരുന്ന ട്രെന്റ് മാറി സിവിൽ സർവ്വീസ് എടുക്കണമെന്ന് പറയിക്കത്തക്ക സ്വാധീനം കിംഗിന്റെ വിജയത്തിനുണ്ടാക്കാനായി. മലയാളിയുടെ സിവിൽ സർവ്വീസ് മോഹങ്ങൾക് ഒരു കുതിപ്പ് നൽകുന്നതിൽ കിംഗും കമ്മീഷണറും ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്നതൊരു പോസിറ്റീവ് വശമാണ്. മറു വശമാകട്ടെ ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിച്ചുയർന്നു വന്ന ജനകീയ നേതാക്കളേക്കാൾ ഉയർന്നവർ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരാണെന്ന ഒരു പൊതുബോധം രൂപപ്പെടാനും അതിടയാക്കി എന്നതാണ്.

Leave a Reply
You May Also Like

‘ദുരാത്മാവ്’ ട്രെയ്‌ലർ

‘ദുരാത്മാവ്’ ട്രെയ്‌ലർ യുവ സംവിധയകനായ നന്ദകുമാർ, ഒരു അസിസ്റ്റന്റ് പോലും ഇല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമയുടെ…

ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം “കഥ ഇന്നുവരെ” പൂർത്തിയായി

“കഥ ഇന്നുവരെ”പൂർത്തിയായി. ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മേപ്പടിയാൻ എന്ന ചിത്രത്തിന്…

സ്വന്തം പേരായ നിർമല നാഗ്പാൽ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക ആളുകളുക്കും അറിയാൻ വഴിയില്ല

Akhil Janardhanan നിർമല നാഗ്പാൽ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക ആളുകളുക്കും അറിയാൻ വഴിയില്ല .., പക്ഷെ…

പ്രായവും കുടുംബ പ്രശ്നങ്ങളും തളർത്താത്ത പ്രതിഭയ്ക്കുടമയായ സരിത

Bineesh K Achuthan ഇന്ന് പ്രശസ്ത ദക്ഷിണേന്ത്യൻ അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സരിതയുടെ ജന്മദിനം. 1970…