ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് ഒരു മഴയായ് ക്ലാര പെയ്തിറങ്ങിയിട്ട് ഇന്ന് 36 വർഷം

Bineesh K Achuthan

നിരൂപകർ, എം ടി യുടെ ആൾട്ടർ ഈഗോയായി മമ്മൂട്ടിയെ വിലയിരുത്തി കണ്ടിട്ടുണ്ട്. എം ടി യുടെ ആത്മാംശം പേറുന്ന ഒട്ടേറെ കഥാപാത്രങ്ങളെ , എം ടി യുടെ ശുപാർശയാൽ തന്നെ അവതരിപ്പിച്ച് വിജയിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാകാം അത്തരമൊരു വിലയിരുത്തൽ. അതേ പോലെ തന്നെ പത്മരാജന്റെ ആൾട്ടർ ഈഗോയാണ് മോഹൻലാൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പത്മരാജന്റെ ഹൃദയത്തോടടുത്ത് നിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചത് മോഹൻലാലിനാണ്. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ എന്നീ ചിത്രങ്ങൾ അവയിൽ എടുത്തു പറയേണ്ടവയാണ്. മോഹൻലാൽ എന്ന നടനെയും താരത്തെയും വാർത്തെടുക്കുന്നതിൽ ഈ മൂന്ന് ചിത്രങ്ങൾക്കും സവിശേഷ പ്രാധാന്യമുണ്ട്.

ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം പൂർണ്ണമായും ഒരു സ്ത്രീ കേന്ദ്രീകൃത/ സ്ത്രീ പക്ഷ സിനിമയാണ്. എങ്കിൽ തന്നെയും മോഹൻലാലിന്റെ വേഷം ശ്രദ്ധേയമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ഇരു ചിത്രങ്ങളിലെയും മോഹൻലാലിന്റെ പ്രകടനങ്ങൾ നിരൂപക ശ്രദ്ധക്കൊപ്പം പ്രേക്ഷകാംഗീകാരവും നേടി കൊടുത്തു. ഈ ആത്മവിശ്വാസത്തിലാണ് പത്മരാജനും മോഹൻലാലും തൂവാനത്തുമ്പികൾക്ക് തുടക്കമിടുന്നത്. തൃശ്ശൂർ സ്വദേശിയും പത്മരാജന്റെ അടുത്ത സുഹൃത്തുമായ ഒരു വ്യക്തിയെ മനസിൽ കണ്ടാണ് ജയകൃഷ്ണനെ രൂപപ്പെടുത്തുന്നത്. സ്വവസതി സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സാധാരണക്കാരനായ ഒരു ഗ്രാമീണനായും നഗരത്തിലെത്തുമ്പോൾ അടിച്ചു പൊളിച്ചു നടക്കുന്ന ഒരു നാഗരികനായും ദ്വന്ദ വ്യക്തിത്വം പേറുന്നയാൾ കൂടിയാണ് ജയകൃഷ്ണൻ. അയാളുടെ ജീവിതത്തിലേക്ക് തികച്ചും അവിചാരിതമായി കടന്ന് വരുന്ന രണ്ട് സ്ത്രീകൾ. അവർ തമ്മിലുള്ള ഇഴയടുപ്പങ്ങൾ ഇവ കാവ്യാത്മകമായി വിവരിക്കുന്നതാണ് തൂവാനത്തുമ്പികൾ.

1980 – ൽ ജോഷിയുടെ ജയൻ ചിത്രമായ മൂർഖനിലൂടെ മലയാള സിനിമയിൽ വന്ന സുമലതക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും കാര്യമായി ലഭിച്ചിട്ടില്ല. പുതിയ തലമുറ സുമലതയുടെ ക്ലാരയെ ആഘോഷമാക്കിയെങ്കിലും അന്നുമിന്നും അവർ ഈ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. തൂവാനത്തുമ്പികളുടെ പ്രൊമോഷനുമായി സുമതലത കാര്യമായി സഹകരിച്ചില്ല എന്ന് പത്മരാജൻ പരാതിപ്പെട്ടതായി എവിടെയോ വായിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് റിലീസായ ജോഷിയുടെ മമ്മൂട്ടി ചിത്രമായ ന്യൂ ഡൽഹിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അവർ തിരക്കിലായിരുന്നു. ” ഈ കഥാപാത്രത്തിന്റെ പ്രാധാന്യം അവർ മനസിലാക്കിയിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു ‘ എന്ന് മാത്രം പത്മരാജൻ പ്രതികരിച്ചു.

തൂവാനത്തുമ്പികളുടെ കഥാഗതിയിൽപ്രധാന കഥാപാത്രങ്ങൾക്കൊപ്പം മഴയും ഒരു സുപ്രധാന കഥാപാത്രമാകുന്നുണ്ട്. ജയകൃഷ്ണന്റെയും ക്ലാരയുടെയും സമാഗമത്തിൽ മഴ കൂടി സന്നിഹിതനാകുന്നുണ്ട്. മഴയുടെ സൗന്ദര്യം ഇത്രമാത്രം പ്രാധാന്യത്തോടെ ചിത്രീകരിച്ച ചിത്രങ്ങൾ മലയാളത്തിൽ വിരളമാണ്. ശ്രീകുമാരൻ തമ്പി രചിച്ച, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഈണം നൽകിയ ഗാനങ്ങളെല്ലാം ഹിറ്റായി മാറി. പക്ഷേ ക്ലാരയേപ്പോലെ കൾട്ടായി മാറിയത് ജോൺസൺ മാസ്റ്റർ ഒരുക്കിയ BGM ആയിരുന്നു. ഇത്രമാത്രം ജനകീയമായ ഒരു BGM മലയാള സിനിമയിൽ അപൂർവ്വമാണ്. തൂവാനത്തുമ്പികളുടെ ആത്മാവ് തന്നെ ആ BGM ആണെന്ന് പറയാം. ജയകൃഷ്ണനും ക്ലാരയും മഴയും പിന്നെയാ BGM – ഉം പ്രേക്ഷകനെ ഒരു പ്രത്യേക അനുഭൂതിയുടെ തലത്തിലേക്ക് ഉയർത്തുന്നുണ്ട്.

ഒരു കലാസൃഷ്ടി എന്ന നിലയിൽ ഒരു ചലച്ചിത്രം ഉദാത്തമാകണമെങ്കിൽ അത് മികച്ച വ്യാപാര വിജയം നേടണമെന്ന് നിർബന്ധമില്ല. മറിച്ച് ആ സൃഷ്ടി കലാതിവർത്തിയാകുന്നിടത്താണ് പ്രസക്തി.1981 – ൽ റിലീസ് ചെയ്ത യാഷ് ചോപ്രയുടെ ജയഭാദുരി – അമിതാഭ് ബച്ചൻ – രേഖ എന്നിവർ പ്രധാന വേഷമിട്ട ത്രികോണ പ്രണയ കഥയായ സിൽസിലക്ക് സമാനമായിരുന്നു പത്മരാജന്റെ, സുമലത – മോഹൻലാൽ – പാർവ്വതി ട്രയാംഗുലാർ ലൗ സ്റ്റോറിയായ തൂവാനത്തുമ്പികളുടെയും വിധി. ഇരു ചിത്രങ്ങളും റിലീസ് വേളയിൽ അർഹിക്കുന്ന വ്യാപാര വിജയം നേടിയില്ല. പക്ഷേ പിൽക്കാലത്ത് ഇരു ചിത്രങ്ങളും കൾട് സ്റ്റാറ്റസ് നേടുകയും ചെയ്തു. ഒരു സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടാത്തതിൽ പത്മരാജന് പുറമെ മോഹൻലാലും ഖിന്നനായിരുന്നു. ” ഇന്നത്തെ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ; എന്നിട്ടും അത് വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല എന്ന് മോഹൻലാൽ പിന്നീട് പ്രതികരിച്ചിരുന്നു. ഈ 36-ാം വാർഷികത്തിലും അന്ന് ജനിച്ചിട്ടു പോലുമില്ലാത്ത ഇന്നത്തെ യുവത്വം തൂവാനത്തുമ്പികൾ വാട്സ് ആപ്പ് സ്റ്റാറ്റസായും BGM റിംഗ് ടോൺ ആക്കിയും ആഘോഷമാക്കുമ്പോൾ എവിടെയോ ഇരുന്ന് ആരാധകരുടെ സ്വന്തം പപ്പേട്ടൻ സന്തോഷിക്കുന്നുണ്ടാകാം

Leave a Reply
You May Also Like

വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു

വംശി സംവിധാനം ചെയ്ത നടൻ വിജയുടെ ‘വാരിസു’ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്നു.…

‘സാനി കായിദം’ എന്നാൽ ഗുണനിലവാരം കുറഞ്ഞ പൾപ്പിൽ നിന്നുള്ള പേപ്പർ

Prasanth Prabha Sarangadharan അനിയന്ത്രിതമായ ചോരയുടെ, പ്രതികാരത്തിന്റെ ഒഴുക്ക്, അതും ‘Tarantino ‘സ്റ്റൈലിൽ തമിഴിൽ നിന്നും……

കമൽഹാസൻ ബജറ്റ് 50 കോടി, വിജയ് സേതുപതിക്ക് 10 കോടി, ഫഹദ് ഫാസിലിന് നാലുകോടി; വിക്രത്തിൻറെ ആകെ ബജറ്റ് 120 കോടി

എല്ലാ സിനിമ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് കമൽഹാസൻ നായകനാകുന്ന ചിത്രം വിക്രം

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍- പെൻഡുലം റിലീസായി

പെൻഡുലം ജൂൺ 16-ന്. വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ…