Bineesh K Achuthan
1994 – ൽ റിലീസായ ‘ ലാഡ്ല ‘ – യിലെ ” ലഡ്ക്കീ ഹേ ക്യാ രെ ബാബ ” എന്ന ഗാനത്തിലൂടെയാണ് ഈ മധുര ശബ്ദം ഞാനാദ്യം കേൾക്കുന്നത്. അധികം വൈകാതെ തന്നെ ‘ മൊഹ്റ ‘- യിലെ അൽക്കാ യാഗ്നിക്കൊപ്പമുള്ള ” ടിപ് ടിപ് ബർസാ പാനി “- എന്ന ഗാനത്തിലൂടെ ആ ശബ്ദം വീണ്ടും കേട്ടു. അതേ വർഷം തന്നെ എ.ആർ.റഹ്മാന്റെ തകർപ്പൻ ഹിറ്റ് ആൽബമായ ‘ കാതലൻ ‘ – ലൂടെ ഈ ശബ്ദം ആദ്യമായി തമിഴിലും കേട്ടു.” കാതലിക്കും പെണ്ണിൻ കൈകൾ തൊട്ടു മീട്ടിനാൽ ” എന്നു തുടങ്ങുന്ന ഗാനത്തിലായിരുന്നു അത്. കൂടെ SPB – യും ഉണ്ടായിരുന്നു, ഒപ്പം പല്ലവിയും. രാജ്യവ്യാപകമായി മുക്കാല ഉണ്ടാക്കിയ ഓളം കെട്ടടങ്ങിയപ്പോഴാണ് ഈ ഗാനം ശ്രദ്ധയിൽ പെടുന്നത്. പിന്നെയാണ് ഡർ, രാജാ ബാബു, DDLJ, അകേലേ ഹം അകേലെ തും തുടങ്ങിയ ചിത്രങ്ങളിലെ ഉദിത് ഗാനങ്ങൾ ശ്രദ്ധിക്കുന്നത്.
1995 – ൽ റിലീസായ മ്യൂസിക്കൽ ഹിറ്റ് ‘ രാജ ‘ അക്ഷരാർത്ഥത്തിൽ ഉദിത് നാരായണനേയും രാജയാക്കി. തന്റെ സമകാലികരായ മറ്റെല്ലാ ഗായകരെയും മറി കടന്ന് ഉദിത് നാരായനെ മുന്നിലെത്തെത്തിക്കുന്നതിൽ രാജ വഹിച്ച പങ്ക് നിസാരമല്ല. ‘ ആഷിഖി ‘- യിലൂടെ കുമാർ സാനുവിന്റെ അശ്വമേധത്തിന് തുടക്കമിടാൻ സഹായിച്ച നദീം – ശ്രാവൺ ടീം തന്നെയായിരുന്നു രാജയുടെ സംഗീതവും എന്നത് മറ്റൊരു യാദൃശ്ചികത. 1990 മുതൽ 1994 – വരെ തുടർച്ചയായി 5 വട്ടം മികച്ച ഗായകനായി ഫിലിം ഫെയർ തെരഞ്ഞെടുത്ത കുമാർ സാനുവിന് ഡബിൾ ഹാട്രിക് നേട്ടം നഷ്ടമാവുന്നത് ഉദിത് നാരായണിലൂടെയായിരുന്നു. പിന്നീടൊരിക്കലും കുമാർ സാനുവിന് ഫിലിം ഫെയർ അവാർഡ് ലഭ്യമായില്ല.
1988 – ൽ റിലീസായ അമീർ ഖാൻ ചിത്രമായ ” ഖയാമത് സെ ഖയാമത് തക് ” – ലെ ” യേ മേരെ ഹംസഫർ ഇക് നയാ ഇന്തസാർ ” എന്ന ഗാനം അക്കാലത്തെ പാത് ബ്രേക്കിംഗ് ആയിരുന്നു എന്നു പിന്നീടാണറിഞ്ഞത്. 90 – കളുടെ തുടക്കം മുതൽ ആ ദശകം മുഴുവൻ അമീർ ഖാന്റെ ശബ്ദമായിരുന്നു ഉദിത്. യാഷ് ചോപ്രയുടെ ‘ ഡർ’ – ലെ ഷാരൂഖ് ഖാനു വേണ്ടിയുള്ള ” ജാദൂ തേരി നസർ ” എന്ന ഗാനം ഇന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണ്. 95 – 96 മുതൽ 2004 സമയത്തൊക്കെ സോനു നിഗം രംഗം കയ്യടക്കുന്നത് വരെ ഉദിത് നാരായൺ തന്നെയായിരുന്നു ഹിന്ദി സിനിമാ ഗാന രംഗത്തെ മുൻ നിരയിൽ. ഇന്നും അദ്ദേഹത്തിന്റെ അക്കാലത്തെ ഗാനങ്ങൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നു.
മലയാളത്തിൽ ദിലീപ് ചിത്രങ്ങളായ CID മൂസ, കൊച്ചി രാജാവ്, പാപ്പി അപ്പച്ചാ എന്നീ ചിത്രങ്ങളിലും അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. മാറിയ പരിതസ്ഥിതിയിൽ ഹിന്ദിയിൽ ഗാനാലാപന രംഗത്ത് സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിൽ കുമാർ സാനുവിനൊപ്പം ഉദിത് ജിയും സജീവമാണ്. ഈ വേളയിൽ ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് ചിറകേകിയ ഉദിത് നാരായണ് പിറന്നാൾ ആശംസകൾ……