Bineesh K Achuthan

ലേഡി അമിതാഭ് എന്നറിയപ്പെട്ട വിജയശാന്തിക്ക് പിറന്നാൾ ആശംസകൾ. ഒരു കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർ നായികയായിരുന്നു വിജയശാന്തി. ചിരഞ്ജീവിയും ബാലകൃഷ്ണയും ബൈപോളാറായി വിഭജിച്ചു നിർത്തിയ തെലുങ്ക് സിനിമാലോകത്തെ ഏക ലേഡി സൂപ്പർ സ്റ്റാർ. തന്റെ സമകാലികരായ ഇതര നായികമാർ പാട്ടിനും ഡാൻസിനും മാത്രമുള്ള സൈറ്റ് പ്രോപ്പർട്ടിയായിരിക്കുമ്പോഴാണ് ഒട്ടനവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമാവുകയും അവയിൽ ബഹുഭൂരിപക്ഷവും വിജയിപ്പിക്കുകയും ചെയ്ത കരിയർ ഗ്രാഫാണ് വിജയശാന്തിയുടെ. സ്വന്തം നിലയിൽ ഒരു ചിത്രം വിജയിപ്പിക്കാൻ കഴിവുള്ള ഏക നായികയും അവരായിരുന്നു.ഒരു പരിധി വരെ ശ്രീദേവിയും ആ ശേഷിയുള്ള നായികയായിരുന്നു.

 

1964 ജൂൺ 24 – ന് ജനിച്ച വിജയശാന്തി 1980 – ൽ കല്ലുക്കുൾ ഈറം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശനം നടത്തിയത്. അതേ വർഷം തന്നെ സൂപ്പർ സ്റ്റാർ കൃഷ്ണയുടെ കില്ലാഡി കൃഷ്ണഡു എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ 1983 – ൽ റിലീസായ പെല്ലി ചൂപ്പുലു എന്ന ചിത്രത്തിലൂടെയാണ് വിജയശാന്തി ശ്രദ്ധേയയാകുന്നത്. ചന്ദ്രമോഹനായിരുന്നു ഈ ചിത്രത്തിലെ നായകൻ. അതേ വർഷം തന്നെ റിലീസായ നേതി ഭാരതം ഒരു നടി എന്ന നിലയിലും താരമെന്ന നിലയിലും വിജയശാന്തിയെ മുന്നോട്ട് ചലിപ്പിച്ചു. 1985 – ലെ സംക്രാന്തി റിലീസായ അഗ്നി പർവ്വതം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം വിജയശാന്തിയെ താരപദവിയിൽ എത്തിച്ചു. ഹിറ്റ് മേക്കർ കെ.രാഘവേന്ദ്ര റാവു സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ കൃഷ്ണയായിരുന്നു നായകൻ. അതേ വർഷം ദീപാവലി റിലീസായ പ്രതിഘടന വിജയശാന്തിയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചു. പ്രതിഘടനയുടെ സംവിധായകൻ ടി. കൃഷ്ണയുടെ ഭൂരിപക്ഷം ചിത്രങ്ങളും വിജയശാന്തിയുടെ കരിയറിലെ നാഴികക്കല്ലുകളായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം കുറച്ച് കാലം കൂടി കൊമ്മേഴ്സ്യൽ ചിത്രങ്ങളിൽ വിജയശാന്തിയെ തളച്ചിടാൻ ഇടയാക്കി.

😯 – കളുടെ രണ്ടാം പകുതി തെലുങ്ക് സിനിമയിൽ തലമുറ മാറ്റത്തിന്റേതായിരുന്നു. കൃഷ്ണയുടെയും ശോഭൻ ബാബുവിന്റെയും അവരോഹണത്തിന്റെയും ചിരഞ്ജീവിയുടെയും ബാലകൃഷ്ണയുടെയും ആരോഹണത്തിന്റെയും കാലം. ഉദിച്ചുയരുന്ന ഈ രണ്ടു താരങ്ങളുടെയും നായികയായ ഏറ്റവും അധികം ചിത്രങ്ങളിൽ നായികയായത് വിജയശാന്തിയായിരുന്നു. മെഗാ സ്റ്റാർ ചിരഞ്ജീവിയോടൊപ്പം 19 ചിത്രങ്ങളിലും ബാലകൃഷ്ണയോടൊപ്പം 17 ചിത്രങ്ങളിലും വിജയശാന്തി നായികയായി. ഇരുവരുടെയും കരിയർ ഗ്രാഫിന് സമാനമായി വിജയശാന്തിയും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.

1990 – ൽ റിലീസായ കർത്തവ്യം എന്ന തെലുങ്ക് ചിത്രം വിജയശാന്തിയുടെ കരിയർ പീക്ക് ആയിരുന്നു. വൈജയന്തി IPS എന്ന പേരിൽ തമിഴിൽ ഡബ്ബ് ചെയ്തിറക്കിയ ഈ ചിത്രം പാൻ സൗത്തിന്ത്യൻ ഹിറ്റായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരമടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടാൻ ഈ ചിത്രം വിജയശാന്തിയെ സഹായിച്ചു. ആക്ഷൻ നായികയായി തിളങ്ങിയ കർത്തവ്യത്തിന്റെ അദ്ഭുത വിജയത്തെ തുടർന്ന് വിജയശാന്തി ‘ നായകനായ’ നിരവധി ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. ചിരഞ്ജീവി ഒഴികെയുള്ള മറ്റു നായകരോടൊപ്പം ഉള്ള ചിത്രങ്ങളിലെല്ലാം സ്ക്രീൻ സ്പേസിനൊപ്പം പോസ്റ്ററുകളിലും വിജയശാന്തിക്ക് പ്രമുഖ സ്ഥാനമുണ്ടായി. എന്തിനധികം ബാലകൃഷ്ണ നായകനായ ബ്ലോക്ക് ബസ്റ്റർ ചിത്രം റൗഡി ഇൻസ്പെക്ടർ തമിഴിൽ ഓട്ടോ റാണി എന്ന പേരിലാണ് ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ചത്. തുടർ വർഷങ്ങളിൽ തട്ടു പൊളിപ്പൻ ആക്ഷൻ ചിത്രങ്ങളിലും സ്ത്രീ പക്ഷ സിനിമകളിലും മാത്രമായി വിജയശാന്തി തന്റെ സാനിധ്യം ഒരുക്കി.

തെലുങ്കിനു പുറമേ ഹിന്ദിയിലും തമിഴിലും അഭിനയിച്ച് പാൻ ഇന്ത്യൻ റീച്ച് നേടിയ വിജയശാന്തി ഈ കാലയളവിൽ മലയാളത്തിലും എത്തി. ഭദ്രന്റെ യുവതുർക്കിയിലും ശ്യാമപ്രസാദിന്റെ കല്ല് കൊണ്ടൊരു പെണ്ണിലും ഇരു ചിത്രങ്ങളിലും നായകൻ സുരേഷ് ഗോപി ആയിരുന്നു. 1997 – റിലീസ് ചെയ്ത ദാസരി നാരായണ റാവുവിന്റെ ഒസേ രാമുലമ്മ വിജയശാന്തിയുടെ കരിയർ ബെസ്റ്റ് പ്രകടനമായി കണക്കാക്കുന്നു. ഒട്ടേറെ അവാർഡുകൾ ആ ചിത്രം വിജയശാന്തിക്ക് നേടിക്കൊടുത്തു. അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടി ആയുധം എടുത്ത് പോരാടുന്ന രാമുലമ്മയുടെ വേഷം വിജയശാന്തിയെ മറ്റൊരു പരിവേഷത്തിൽ എത്തിച്ചു.

സിനിമയിലെ തന്റെ താരപരിവേഷം വോട്ടാക്കി മാറ്റി NTR – നേ പോലെ അധികാര ലഭ്യതക്കായി വിജയശാന്തി 1998 – ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തന്റെ വിവാഹ ജീവിതം രഹസ്യമാക്കി വച്ച അവർ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സത്യവാംഗ് മൂലം വഴിയാണ് അവർ വിവാഹിതായാണെന്ന വിവരം പരസ്യപ്പെടുത്തുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്കാരനായ ശ്രീനിവാസ് പ്രസാദാണ് വിജയശാന്തിയുടെ ഭർത്താവ്. തുടർച്ചയായി ആക്ഷൻ റോളുകൾ ചെയ്തു പരിശീലിച്ച മെയ് വഴക്കം അവർ രാഷ്ട്രീയത്തിലും പുറത്തെടുത്തു. ഇക്കാലയളവിനുള്ളിൽ ആ സംസ്ഥാനത്തിലുള്ള എല്ലാ പാർട്ടികളിലും അവർ അംഗത്വമെടുക്കുകയും താമസംവിനാ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. MILA – യും MP യുമൊക്കെയായി ജനസേവനം ചെയ്ത് കൊണ്ടിരിക്കെ നീണ്ട 14 വർഷത്തെ ഇടവേളക്ക് ശേഷം അവർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. 2020 – – ലെ സംക്രാന്തി റിലീസായ സരിലേറു നീകെവ്വാരു എന്ന മഹേഷ് ബാബു നായകനായ ചിത്രത്തിലൂടെയാണ് വിജയശാന്തി തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയത്. തെലുങ്ക് സിനിമാ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള അഭിനേത്രി കൂടിയാണ് വിജയശാന്തി.

Leave a Reply
You May Also Like

‘ഇതാരാ സിസ്റ്റേഴ്സ് ആണോ ? ‘ നിത്യദാസും മകളും വീഡിയോ വൈറലാകുന്നു

2001ൽ പുറത്തിറങ്ങിയ ഈ പറക്കുംതളിക സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണ് നിത്യദാസ്. ബാലേട്ടൻ, ചൂണ്ട,…

മാന്ത്രികതയുടെ വിസ്മയചെപ്പ് തുറന്ന് ‘കത്തനാർ’ ഫസ്റ്റ് ​ഗ്ലിംസ്; ഏവരും കാത്തിരിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രം 2024-ൽ തിയേറ്ററുകളിൽ

മാന്ത്രികതയുടെ വിസ്മയചെപ്പ് തുറന്ന് ‘കത്തനാർ’ ഫസ്റ്റ് ​ഗ്ലിംസ്; ഏവരും കാത്തിരിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രം 2024-ൽ…

സ്ത്രീവേശ്യകളെ പോലെ അല്ല പുരുഷവേശ്യകൾ, അവരുടെ കഥയാണ് , ‘ജിഗോള’ ഒടിടിയിൽ റിലീസ് ചെയ്തു

സ്ത്രീ വേശ്യാവൃത്തി പ്രമേയമായ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ ലോകത്തു എല്ലാ ഭാഷയിലും വന്നിട്ടുണ്ട്. എന്നാൽ പുരുഷ വേശ്യാവൃത്തിയെ…

ചാരുലത എന്ന് പേരുള്ള ഒരു നിഷ്കളങ്കയായ പോലീസുകാരിയായി പ്രിയങ്ക മോഹൻ, നാനി- വിവേക് ആത്രേയ ടീമിന്റെ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ

തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്