Bineesh K Achuthan
പുരട്ചി കലൈഞ്ജർ വിജയകാന്തിന് പിറന്നാൾ ആശംസകൾ. തമിഴകത്തിലെ മുൻ സൂപ്പർ താരവും ഒരു ടേം പ്രതിപക്ഷ നേതാവുമായിരുന്ന വിജയരാജ് അഴകർ സാമി എന്ന വിജയകാന്ത് 1952 ആഗസ്റ്റ് – 25 – ന് തമിഴ് നാട്ടിലെ മധുരയിലാണ് ജനിച്ചത്. തന്റെ സമകാലികരായ ഇതര നായകൻമാരെ അപേക്ഷിച്ച് തമിഴ് സിനിമയിലല്ലാതെ മറ്റൊരു ഭാഷകളിലും വിജയകാന്ത് അഭിനയിച്ചിട്ടില്ല. എങ്കിലും മൊഴിമാറ്റത്തിലൂടെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ റിലീസാവുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.150 – ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1979 – ൽ ” ഇനിക്കും ഇളെമൈ ” എന്ന ചിത്രമായിരുന്നു വിജയകാന്തിന്റെ അരങ്ങേറ്റ ചിത്രം. തുടർന്ന് ദൂരത്ത് ഇടി മുഴക്കം, അകാൽ വിളക്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയെല്ലാം തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക വിജയം നേടിയിരുന്നില്ല. 1981 – ൽ റിലീസായ ; എസ്.എ.ചന്ദ്രശേഖറിന്റെ ” സട്ടം ഒരു ഇരുട്ടറൈ ” എന്ന ചിത്രമായിരുന്നു വിജയകാന്തിന്റെ കരിയറിനെ മാറ്റിമറിച്ചത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പുഴുക്കുത്തുകളെ ചോദ്യം ചെയ്ത ഈ ചിത്രം വൻ വിജയമായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ഈ സിനിമ, മലയാളത്തിൽ ഒഴികെയുള്ള എല്ലാ ഭാഷകളിലും വിജയമായിരുന്നു എന്നതിലുപരി നായക വേഷം കയ്യാളിയ നടൻമാർക്കെല്ലാം കരിയർ ബ്രേക്കാകുകയും ചെയ്തു. തമിഴ് സിനിമയിലെ ഏക്കാലത്തെയും മികച്ച ഒരു കൂട്ടായ്മയുടെ തുടക്കമായിരുന്നു അത്. വിജയകാന്ത് – എസ്.എ.ചന്ദ്രശേഖർ കൂട്ട്കെട്ടിൽ നിന്നും നിരവധി ചിത്രങ്ങൾ പിൽക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി. മിക്ക ചിത്രങ്ങളും ഹിറ്റുകളോ സൂപ്പർ ഹിറ്റുകളോ ആയിരുന്നു.1993 – ൽ റിലീസായ ” സിന്ധൂര പാണ്ടി ” വരെ ആ കൂട്ട്കെട്ട് തുടർന്നു. പിന്നീട് മകൻ വിജയ് യുടെ കരിയർ മോൾഡ് ചെയ്യുന്നതിലേക്കായി എസ്.എ.ചന്ദ്രശേഖർ തന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു.
1982- ൽ റിലീസ് ചെയ്ത ” ഓം ശക്തി ” എന്ന എസ്.എ. ചന്ദ്രശേഖർ ചിത്രത്തിലായിരുന്നു വിജയകാന്തിന്റെ അവസാനത്തെ നെഗറ്റീവ് റോൾ. തന്റെ കരിയറിൽ പിന്നീടൊരിക്കലും അദ്ദേഹം നെഗറ്റീവ് റോൾ ചെയ്തിട്ടില്ല. നായകനായി തുടർ വിജയങ്ങളിലൂടെ മുന്നേറിയ വിജയകാന്തിന് ഗ്രാമീണ മേഖലയിൽ വൻ ആരാധക വൃന്ദത്തെ സമ്മാനിച്ച ചിത്രമായിരുന്നു 1984 – ലെ ദീപാവലി റിലീസായ ” വൈദേഹി കാത്തിരുന്താൽ ” എന്ന മ്യൂസിക്കൽ ഹിറ്റ്. ഇളയരാജയുടെ മാസ്മരിക സംഗീതത്തിന്റെ പിന്തുണയോടെ വൻ വിജയമായി തീർന്ന ഈ പ്രണയ ചിത്രത്തിന്റെ വിജയത്തോടെ ബി, സി സെന്ററുകളിൽ വിജയകാന്തിന്റെ അപ്രമാദിത്തം ആരംഭിക്കുകയായി.1984 – ൽ മാത്രം വിജയകാന്ത് നായകനായ 18 ചിത്രങ്ങളാണ് റിലീസായത്. തമിഴ് സിനിമാ ചരിത്രത്തിൽ ഇനിയും തകർക്കാനാകാത്ത ഒരു റെക്കോഡാണിത്.
1985 – ൽ തമിഴിലെ ആദ്യ 3D ചിത്രമായ “അണ്ണെ ഭൂമി ” , കോമഡി ചിത്രമായ ” നാനേ രാജാ നാനേ മന്ത്രി ” ,1986 – ൽ ഒരു കൂട്ടം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ പരീക്ഷണ ചിത്രമായ ” ഊമൈ വിഴികൾ ” എന്നീ ചിത്രങ്ങളിലൂടെ വിജയകാന്ത് തന്റെ റേഞ്ച് ഉയർത്തി. അതേ വർഷം തന്നെ പുറത്തിറങ്ങിയ ” അമ്മൻ കോവിൽ കിഴക്കാലൈ ” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആദ്യത്തെ ഫിലിം ഫെയർ അവാർഡ് വിജയകാന്തിന് ലഭ്യമായി. 1988 – ൽ റിലീസായ ‘ പൂന്തോട്ടക്കാവൽക്കാരൻ ‘ – ലെ അഭിനയത്തിന് മികച്ച നടനുള്ള സിനിമാ എക്സ്പ്രസ് അവാർഡും അതേ വർഷം തന്നെ ” സിന്ധൂര പൂവേ ” – യിലൂടെ മികച്ച നടനുള്ള ആദ്യ സ്റ്റേറ്റ് അവാർഡും അദേഹത്തിന് ലഭിച്ചു. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴും തല നരച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ വിജയകാന്ത് മടി കാണിച്ചിട്ടില്ല. ഊമൈ വിഴികളിലെയും സിന്ധൂര പൂവേയിലെയും കഥാപാത്രങ്ങൾ ഇതിനുദാഹരണമാണ്.
90 – കളുടെ തുടക്കത്തിൽ വിജയകാന്തിന്റെ കരിയർ അതിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. രജനിക്കും കമലിനും പിന്നിൽ മൂന്നാമനായി വിജയകാന്തിന് സ്ഥിരപ്രതിഷ്ഠ നേടാൻ സഹായിച്ചത് പോലീസ് ട്രയോളജിയാണ്. 1990 – ൽ പൊങ്കൽ റിലീസായ ” പുലൻ വിസാരണൈ ” ആയിരുന്നു ഇതിൽ ആദ്യം. എ, ബി, സി സെന്ററുകളിലെല്ലാം തന്നെ വൻ വിജയമായി തീർന്ന ഈ ആർ.കെ. സെൽവമണി ചിത്രം അവയവ മാഫിയയുടെ കഥയാണ് പറഞ്ഞത്. തുടർന്ന് അതേ വർഷം തന്നെ ദീപാവലി റിലീസായ ‘ചത്രിയൻ ‘ ബ്ലോക്ക് ബസ്റ്റർ വിജയം നേടി. മണിരത്നത്തിന്റെ ശക്തമായ തിരക്കഥയിൽ വന്ന ഈ ക്ലാസിക് പോലീസ് സ്റ്റോറി ; ബോക്സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടിയെടുത്തു. ഇന്നും ചത്രിയനിലെ പോലീസ് ഓഫീസർ പനീർ സെൽവം വിജയകാന്തിന്റെ ക്ലാസിക് പ്രകടനമായി വാഴ്ത്തപ്പെടുന്നു.
പോലീസ് ട്രയോളജിയിലെ മൂന്നാമത്തേതും വിജയകാന്തിന്റെ കരിയറിലെ 100-ാമത്തെയും ചിത്രമായ ” ക്യാപ്റ്റൻ പ്രഭാകർ ” അദ്ദേഹത്തിന്റെ അത് വരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. 100-ാമത് ചിത്രം വിജയിപ്പിക്കാൻ കമലിനോ രജനിക്കോ കഴിയാത്തിടത്തായിരുന്നു വിജയകാന്തിന്റെ ഈ അപൂർവ്വ നേട്ടം. 1991-ൽ തമിഴ് പുതു വർഷമായ ഏപ്രിൽ 14 – നാണ് ചിത്രം റിലീസാകുന്നത്. വീരപ്പൻ വേട്ടക്ക് നേതൃത്വം നൽകുന്ന പ്രഭാകർ എന്ന ഓഫീസറുടെ പോരാട്ടങ്ങളുടെ കഥയായിരുന്നു ക്യാപ്റ്റൻ പ്രഭാകർ. ഘോര വനങ്ങളുടെ പശ്ചാത്തലത്തിൽ അത്യുഗ്രൻ സംഘട്ടനങ്ങളും ചേസിംഗ് രംഗങ്ങളും രമ്യാകൃഷ്ണന്റെ ഐറ്റം നമ്പറുമെല്ലാം അടങ്ങിയ ഒരു വിഷ്വൽ ട്രീറ്റായിരുന്നു ആർ.കെ. സെൽവമണിയുടെ ഈ ബിഗ് ബജറ്റ് ചിത്രം. തമിഴ് നാടിന് പുറമേ കേരളത്തിലും കർണ്ണാടകത്തിലും ആന്ധ്രയിലുമെല്ലാം സൂപ്പർ ഹിറ്റായി മാറി പാൻ സൗത്ത് ഇന്ത്യൻ ഹിറ്റ് പദവി നേടിയ ചിത്രമാണ് ക്യാപ്റ്റൻ പ്രഭാകർ. വിജയകാന്തിന്റെ പേരിന് മുന്നിൽ ‘ ക്യാപ്റ്റൻ ‘എന്ന് ചേർത്ത് തുടങ്ങുന്നത് ഈ ചിത്രത്തിന്റെ പടുകൂറ്റൻ വിജയത്തോടെയാണ്. പ്രശസ്തമായ ” ലെഗ് കിക്ക് ” വിജയകാന്ത് ചിത്രങ്ങളിലെ ട്രേഡ് മാർക്കായി മാറുന്നതും ക്യാപ്റ്റൻ പ്രഭാകറിനു ശേഷമാണ്.
1992 – ൽ പൊങ്കൽ റിലീസായി എത്തി വൻ വിജയമായിത്തീർന്ന ” ചിന്ന കൗണ്ടർ ” വിജയകാന്തിന്റെ വ്യത്യസ്തമായ അഭിനയത്തെ കാട്ടിത്തന്നു. ട്രെന്റ് സെറ്ററായി മാറിയ ഈ ചിത്രത്തിന്റെ ചുവട് പിടിച്ച് നിരവധി ജമീന്ദാർ ചിത്രങ്ങളാണ് 90 – കളിൽ പുറത്ത് വന്നത്. തുടർന്ന് മാനഗര കാവൽ, ഹോണസ്റ്റ് രാജ്, സേതുപതി ഐ പി എസ് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. 90 – കളിലുടനീളം ഉത്സവ സീസണുകളിൽ രജനി – കമൽ ചിത്രങ്ങൾക്ക് വെല്ലുവിളി ഉയർത്താൻ വിജയകാന്തിനായി. ആക്ഷൻ ഹീറോകളായി ഇതിനകം ശരത് കുമാറും അർജുനും രംഗത്തെത്തിയെങ്കിലും ക്യാപ്റ്റന്റെ സ്ഥാനം അചഞ്ചലമായി തുടർന്നു. ശരത് കുമാർ, അരുൺ പാണ്ഡ്യൻ, പാണ്ഡ്യൻ തുടങ്ങിയവരുടെ കരിയർ രൂപപ്പെടുത്തുന്നതിലും വിജയകാന്തിന് നിർണ്ണായക പങ്കുണ്ട്.
പുതിയ സഹസ്രാബ്ദത്തിലും വിജയകാന്തിന്റെ വിജയങ്ങൾ തുടർന്ന് കൊണ്ടിരുന്നു. വല്ലരശ്, വാനത്തെ പോലെ തുടങ്ങിയ ചിത്രങ്ങൾ വൻ ഹിറ്റുകളാവുകയും ചെയ്തു. 2002 – ലാണ് എ.ആർ.മുരുഗദാസിന്റെ ‘ രമണ ‘ വരുന്നത്. തന്റെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു സൈന്യം (ACF – Anti Corruption Force) തന്നെ രൂപവൽക്കരിച്ച് തമിഴ് നാടിനെ അഴിമതി വിമുക്തമാക്കാൻ കുരിശ് യുദ്ധത്തിലേർപ്പെടുന്ന ; കോളേജ് പ്രൊഫസർ രമണയായി വിജയകാന്ത് തിളങ്ങിയ ഈ ചിത്രം വിവിധ ഇന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. ഇതിൽ എല്ലാത്തിലും മികച്ച് നിൽക്കുന്ന പ്രകടനം വിജയകാന്തിന്റതായിരുന്നെന്ന് ഹിന്ദി പതിപ്പിൽ നായകനായി അഭിനയിച്ച അക്ഷയ് കുമാർ അഭിപ്രായപ്പെടുകയുണ്ടായി. വിജയകാന്തിന്റെ അവസാന ബ്ലോക്ക് ബസ്റ്റർ ചിത്രം കൂടിയാണ് രമണ.
തുടർന്നുള്ള വിജയകാന്ത് ചിത്രങ്ങളെല്ലാം തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ളതായിരുന്നു. എല്ലാ ചിത്രങ്ങളും ശരാശരി വിജയത്തിലൊതുങ്ങി. 2005 – ൽ അദ്ദഹം DMDK എന്ന പേരിൽ ഒരു ദ്രാവിഡ പാർട്ടി രൂപവൽക്കരിച്ചു. 2006 – ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് വിജയകാന്ത് MLA ആവുകയും അദ്ദേഹത്തിന്റെ കക്ഷി 10 % വോട്ട് നേടുകയും ചെയ്തു. തുടർന്ന് 2011- ലെ പൊതു തിരഞ്ഞെടുപ്പിൽ DMDK ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറി. ഭരണകക്ഷിയായി മാറിയ AIADMK – യുടെ സഖ്യ കക്ഷിയായിട്ടാണ് തെരഞ്ഞെടുപ്പിൽ ഏർപ്പെട്ടതെങ്കിലും ഭരണത്തിന്റെ ഭാഗമാകാതെ പ്രതിപക്ഷമായി പ്രവർത്തിക്കാനാണവർ തീരുമാനിച്ചത്. ഇതിനെ തുടർന്ന് 2011 – 2016 കാലഘട്ടത്തിൽ തമിഴ് നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം പ്രവർത്തിച്ചു.
പക്ഷേ, 2016 – ലെ തെരഞ്ഞെടുപ്പ് ഫലം തമിഴ് നാട് രാഷ്ട്രീയത്തിൽ വിജയകാന്തിനെ അപ്രസക്തനാക്കി മാറ്റി. നിരാശനായ അദ്ദേഹം വീണ്ടും രാഷ്ട്രീയത്തിൽ തുടർന്നെങ്കിലും സജീവമായി രംഗത്തുണ്ടായില്ല. ഒരു നേതാവിന് യോജിക്കാത്ത ശരീര ഭാഷയും അനവസരത്തിലുള്ള പ്രസ്താവനകളും അദ്ദേഹത്തെ തമിഴ് രാഷ്ട്രീയ ഭൂമികയിൽ ഒരു കോമാളിയാക്കി മാറ്റി. രോഗ ബാധിതനാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസകളോടൊപ്പം ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.