വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
292 VIEWS

തന്റെ ശബ്ദമാധുര്യവും ആലാപനശൈലിയും കൊണ്ട് ഇന്ത്യൻ ജനതയെ ത്രസിപ്പിച്ച മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ടു രണ്ടുവർഷം തികയുകയാണ്. മഹാമാരിയുടെ കാലങ്ങളിൽ സംഭവിച്ച വലിയ നഷ്ടങ്ങളിൽ ഒന്ന്. അദ്ദേഹത്തെ കുറിച്ചുള്ള 3 കുറിപ്പുകൾ വായിക്കാം

Bineesh K Achuthan

വേർപാട് എന്നത് എപ്പോഴും ദുഖമുളവാക്കുന്ന ഒന്നാണ്. എങ്കിലും നാം ഒരാളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വേളയിൽ തന്നെയുള്ള വിട പറയൽ കൂടുതൽ ഹൃദയ ഭേദകമായിരിക്കും. ലോക് ഡൗൺ പിരീഡിനു ശേഷം എല്ലാ വീക്കെൻഡിലും ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് 200 കിലോമീറ്ററിലേറെ ഒറ്റക്ക് കാറിലായിരുന്നു യാത്ര. ആ യാത്രയിലുടനീളം യൂട്യൂബിലൂടെ SPB – യുടെ വിവിധ ഭാഷകളിലെ ഗാനങ്ങളായിരുന്നു കൂട്ട്. തിരിച്ചു വരുമ്പോഴുമങ്ങനെ തന്നെ. തികച്ചും യാദൃശ്ചികമായി ഒരു മോഡലിന്റെ ടിക് ടോക് ഷോയിലൂടെയായിരുന്നു പല്ലവി അനുപല്ലവി യിലെ ” നഗുമാ നയനാ മധുരാ മൗനാ ….” എന്നു തുടങ്ങുന്ന കന്നഡ ഗാനത്തിലേക്കെത്തുന്നത്. SPB – യുടെ പേർപാടിന് മുമ്പ് ഏറ്റവുമധികം മൂളിയത് ആ ഗാനമായിരുന്നു. കോവിസ് ബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹം രോഗമുക്തനാകുമെന്ന് തന്നെയാണ് ഉറച്ച് വിശ്വസിച്ചിരുന്നത്. പക്ഷേ നമ്മുടെ കണക്ക് കൂട്ടലുകൾക്കും അപ്പുറമല്ലേ പലതും .

SPB – യുടെ ഒരു ഗാനം ഞാനാദ്യമായി കേൾക്കുന്നത് ചിന്നതമ്പിയിലെ ” അരച്ച സന്തനം മണക്കും കുങ്കുമം ” ആണെന്നാണ് ഓർമ്മ. ചിന്നതമ്പിയിലെ എല്ലാ ഗാനങ്ങളും അദ്ദേഹം തന്നെയാണ് പാടിയതെന്നാണ് കുറേക്കാലം ഞാൻ ധരിച്ചു വച്ചിരുന്നത്. വർഷങ്ങൾക്കിപ്പുറമാണ് അതിലെ ചില പാട്ടുകൾ മനോയാണ് പാടിയിരിക്കുന്നതെന്ന് മനസിലായത് . അനശ്വരത്തിലെ ” താരാപഥം ചേതോഹരം “എന്ന മനോഹര ഗാനവുമായി മലയാളത്തിലും ആ മധുര ശബ്ദം താമസിയാതെ തന്നെ കേട്ടു. അധികം വൈകാതെ തന്നെ ഹിന്ദി ചിത്രമായ സാജനിലെ ” തും സെ മിൽ നെ കിതാ മന്നാ ഹേ ” കൂടി കേട്ടതോടെ ഞാൻ SPB – യുടെ കടുത്ത ആരാധകനായി മാറി. പിന്നീടെത്രയെത്ര ഗാനങ്ങൾ. ഗാനമേളകളിൽ തരംഗമായി മാറിയ അണ്ണാമലൈയിലെ ” വന്തേണ്ട പാൽക്കാര ” വർഷങ്ങളോളം ഞാൻ മൂളിക്കൊണ്ടു നടന്നു. ആ ഗാനത്തിന്റെ ശിൽപി ഇളയരാജയല്ല ദേവയാണെന്ന് മനസിലാക്കാൻ വർഷങ്ങളെടുത്തു. അതിന് ശേഷമാണ് റഹ്മാൻ മാജിക്കിലെ “കാതൽ റോജാവേ ” കേൾക്കുന്നത്.

ഞാനങ്ങനെ SPB ആരാധകനായി തുടരവെ 90 – കളുടെ മധ്യത്തോടെ റഹ്മാൻ തരംഗം ശക്തമായതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ തമിഴ് പാട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 80 – കളിൽ ഇളയരാജയുടെ പ്രതാപകാലത്ത് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങളും SPB തന്നെയായിരുന്നു പാടിയിരുന്നത്. ഒരു ചിത്രത്തിലെ ഓരോ ഗാനവും ഓരോ വ്യത്യസ്തരായ ഗായകർ ആലപിക്കുക എന്നത് റഹ്മാൻ കൊണ്ട് വന്ന മാറ്റമായിരുന്നു. ഈ സമയത്തൊക്കെ തന്നെ ഹിന്ദിയിലും അദ്ദേഹത്തിന്റെ തിരക്ക് കുറഞ്ഞിരുന്നു. 1989 – ൽ റിലീസായ ” മേം നെ പ്യാർ കിയാ ” മുതൽ സൽമാൻ ഖാന്റെ ശബ്ദമായിരുന്നു SPB. എന്നാൽ, 1994 – ൽ റിലീസായ ” ഹം ആപ് കെ ഹേ കോൻ ” – ന് ശേഷം സൽമാന് വേണ്ടി SPB പാടി കേട്ടിട്ടില്ല. ഏതാണ്ടിതേ പോലെയാണ് കമൽഹാസന് വേണ്ടി പാടുന്നതിലും സംഭവിച്ചത്. 70 – കളുടെ അവസാനം മുതൽ കമലിന്റെ ശബ്ദമായിരുന്നു SPB. എന്നാൽ അവ്വൈ ഷൺമുഖിക്ക് ശേഷം കമലിന് വേണ്ടി ആലപിച്ച ഗാനങ്ങൾ വിരളമാണെന്ന് പറയാം.

അന്നൊക്കെ പാട്ട് കേൾക്കാനുള്ള ഏക ആശ്രയം റേഡിയോ മാത്രമാണ്. ഹിന്ദി പാട്ടുകൾ വിവിധ് ഭാരതിയിലൂടെ കേൾക്കാമായിരുന്നു. എന്നാൽ തമിഴ് പാട്ടുകൾ കേൾക്കാനുള്ള അവസരം കുറവായിരുന്നു. തീയറ്ററിലോ പൊതു പരിപാടികൾ നടക്കുന്നയിടങ്ങളിലോ ‘ റിക്കാഡ് ‘ വക്കുമ്പോൾ മാത്രമായിരുന്നു ആ ഭാഗ്യം സിദ്ധിച്ചത്. 90 – കളുടെ അവസാനത്തോടെ സ്വന്തമായി ഒരു ടേപ്പ് റെക്കോഡർ വാങ്ങുന്നത് വരെ ബസ് സ്റ്റോപ്പിനടുത്തുള്ള കാസറ്റ് കടകളിലെ ബോക്സുകളിലൂടെ കേൾക്കുന്ന പാട്ടുകൾക്ക് കൊണ്ട് തൃപ്തിയടഞ്ഞ് പോന്നു. 2000 – 2005 സമയത്തൊക്കെ ഞാൻ ഹിന്ദിപ്പാട്ടുകളുടെ കടുത്ത ആരാധകനായിരുന്നു. 90 – കളിൽ ഇറങ്ങിയ ഒരു വിധം ഹിറ്റ് പാട്ടുകളടങ്ങിയ ഹിന്ദി കാസറ്റുകളെല്ലാം ഞാൻ വാങ്ങിക്കൂട്ടിയിരുന്നു. തമിഴിനോട് ആ ഭ്രമം അന്നുണ്ടായിരുന്നില്ല. 2000 – ന് ശേഷം റഹ്മാനൊപ്പം ഹാരിസ് ജയരാജിന്റെ യുഗം കൂടിയായിരുന്നു. ശബ്ദ വൈവിധ്യങ്ങളുടെ ഒരു കലവറയായിരുന്നു അദ്ദേഹത്തിന്റെ ആൽബങ്ങളും. ആ സമയത്തൊക്കെ രജനി ചിത്രങ്ങളിലെ ടൈറ്റിൽ സോംഗ് മാത്രമായി ഒതുങ്ങി SPB – യുടെ ഹിറ്റ് ഗാനങ്ങൾ.

2005 – ലാണ് തൊഴിൽ സൗകര്യാർത്ഥം ഞാൻ തിരുവനന്തപുരത്ത് എത്തുന്നത്. അന്നെന്റെ ഒരു സഹ മുറിയൻ SPB – യുടെ ഗാനങ്ങൾ സ്ഥിരമായി, ഗാനമേളകളിൽ ആലപിക്കുന്ന ഒരു പ്രൊഫഷണൽ ഗായകനായിരുന്നു. അദ്ദേഹത്തോടൊപ്പം കേരളത്തിലെ വിവിധ പ്രദേശങ്ങളിലും തെക്കൻ തമിഴ് നാട്ടിലെ വിവിധ ഭാഗങ്ങളിലും ധാരാളം ഗാനമേളകൾ കാണാനാവസരം ലഭിക്കുകയുണ്ടായി. ഏതാണ്ടിതിനു മുമ്പേ തന്നെ ഹിന്ദിപ്പാട്ടുകളോടുള്ള ഭ്രമം പതിയെ കുറഞ്ഞിരുന്നു. 90 – കളിലെ വസന്തകാലം 2004 – ൽ വീർ സാറയോടെ അസ്തമിച്ചു എന്നാണ് എന്റെ വിലയിരുത്തൽ. അങ്ങനെ വിവിധ കാരണങ്ങളാൽ ഞാൻ വീണ്ടും SPB – യുടെ ആരാധകനായി. ആയിടെ ” മോഹൻ ഹിറ്റ്സ് “എന്ന പേരിൽ ഒരു mp 3 സിഡി ലഭിക്കുകയുണ്ടായി. SPB – യോടുള്ള എന്റെ ആരാധനയിലെ ഒരു വഴിത്തിരിവായിരുന്നു അത്. ആ സി ഡി കിട്ടുന്നത് വരെ മോഹൻ എന്ന തമിഴ് നടനേക്കുറിച്ച് ഞാൻ കേട്ടിട്ടു പോലുമില്ലായിരുന്നു. പിന്നീട് വിക്കിപ്പീഡിയയുടെ സഹായത്തോടെയാണ് അദ്ദേഹം ആരാണെന്നും SPB – യുടെ പാട്ടുകൾ മോഹന്റെ കരിയറിൽ എന്തു മാത്രം സ്വാധീനം ചെലുത്തി എന്നും ഞാൻ മനസിലാക്കുന്നത്. തമിഴിൽ SPB – യുടെ ഏറവും മനോഹരമായ ഗാനങ്ങളിൽ ഭൂരിപക്ഷവും പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനായിരുന്നു ” മൈക് മോഹൻ ” എന്ന് കളിയാക്കി വിളിക്കപ്പെട്ട മോഹൻ. മോഹന്റെ കരിയർ തന്നെ ഇളയരാജയുടെ മാന്ത്രിക സ്പർശമുള്ള സംഗീതത്തിൽ SPB പാടി തിമിർത്ത ഗാനങ്ങളെ ആശ്രയിച്ചായിരുന്നു.

2010 – ന് ശേഷമുള്ള കാലഘട്ടത്തിലാണ് ഒരു ഗവേഷണ വിദ്യാർത്ഥിയുടെ കൗതുകത്തോടെ SPB – യുടെ സംഗീത ജീവിതത്തെ നോക്കിക്കാണാൻ ശ്രമിച്ചത്. ഇന്റർനെറ്റ് യുഗം തീർച്ചയായും അതിന് സഹായകരമായിരുന്നു. ഇതിനിടയിലാണ് മലയാളവും തമിഴും ഹിന്ദിയും കടന്ന് SPB – യുടെ മാതൃഭാഷയായ തെലുങ്കിലെ ഗാനങ്ങൾ കൂടി ഞാൻ കേൾക്കാനാരംഭിക്കുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ ഞാൻ 80 – കളിലെയും 90 – കളിലെയും ചിരഞ്ജീവിയുടെ മിക്ക ഗാനങ്ങളും SPB – യാണ് പാടിയതെന്ന് അപ്പോഴാണ് മനസിലാക്കുന്നത്. കൂടുതൽ തിരക്കിയപ്പോഴാണ് ചിരഞ്ജീവിക്ക് മാത്രമല്ല അക്കാലത്തെ എല്ലാ നായകൻമാരും തങ്ങളുടെ ഗാനങ്ങൾക്ക് SPB – യുടെ ശബ്ദം തന്നെ വേണമെന്ന് നിർബന്ധം പിടിക്കുമായിരുന്നത്രെ. ഒരു പക്ഷെ വ്യത്യസ്തക്കാകാം മോഹൻ ബാബു മാത്രം യേശുദാസിന് വേണ്ടി തന്റെ ചിത്രത്തിലെ ഗാനങ്ങൾ മുഴുവൻ മാറ്റിവച്ചു. ചിരഞ്ജീവിക്ക് മുമ്പേ NTR – ന്റെ കരിയർ പീക്കായ 70 – കളുടെ മധ്യം മുതൽ SPB – യുടെ ശബ്ദമാണദ്ദേഹവും ഉപയോഗിച്ചിരുന്നത്. ഇത് തന്നെയായിരുന്നു തമിഴിലും. ടി.എം. സൗന്ദർ രാജനായിരുന്നു MGR – നും ശിവാജിക്കും വേണ്ടി പിന്നണി പാടിയിരുന്നത്. എന്നാൽ ഇടക്കെപ്പോഴോ TMS – ന്റെ വൈവിധ്യമില്ലായ്മയിൽ അതൃപ്തനായ MGR, പിന്നീടുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ SPB – ക്ക് മാറ്റി വച്ചതായി വായിച്ചിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ 70 – കളുടെ മധ്യത്തോടെ തമിഴിലെയും തെലുങ്കിലെയും മുൻ നിര നായകരുടെ ശബ്ദമായി മാറിയ SPB, 80 – കളോടെ ഇരു ഭാഷകളിലെ ഏതാണ്ടെല്ലാ നായകരുടെയും ശബ്ദമായി മാറി. കൂടാതെ കന്നഡയിലും SPB തന്റെ അധിനിവേശം വ്യാപിപ്പിച്ചു. എക് ദുജെ കേലിയെ – യിലൂടെ 1981 – ൽ കമലാഹാസൻ ബോളിവുഡിലേക്ക് ചുവട് വച്ചപ്പോൾ ഒപ്പം SPB – യുമുണ്ടായിരുന്നു. ഏക് ദുജെ കേലിയേ യിലെ ഗാനങ്ങൾ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചപ്പോൾ കമലിനൊപ്പം SPB – യും ബോളിവുഡിൽ ചുവടുറപ്പിക്കുകയായിരുന്നു. അങ്ങനെ ഭാഷയുടെ അതിർ വരമ്പുകൾ ഇല്ലാതെ തന്നെ അദ്ദേഹം പാൻ ഇന്ത്യൻ ഗായകനായി വിരാജിച്ചു. പ്രത്യേകിച്ചും 80 – കളിലും 90 – കളിലും.

SPB – യോടുള്ള കടുത്ത ആരാധന നിമിത്തം ഞാൻ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലെ പാട്ടുകൾ കൂടി കേൾക്കാനാരംഭിക്കുന്നത് കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായാണ്. പ്രത്യേകിച്ചും, ലോക് ഡൗൺ കാലയളവിൽ. കോട്ടിയും ഇളയരാജയും ചക്രവർത്തിയും കീരവാണിയും ഹംസ ലേഖയുമെല്ലാം ഈണം പകർന്ന ഒത്തിരിയൊത്തിരി മനോഹര ഗാനങ്ങൾ. ഒപ്പം അദ്ദേഹത്തിന്റെ വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത സ്റ്റേജ് ഷോകളും യൂ ട്യൂബിലൂടെ കണ്ട് തീർത്തു. വളരെ രസകരമായി സ്റ്റേജിൽ പെർഫോം ചെയ്യുന്ന അദ്ദേഹത്തിന്റെ ലാളിത്യം ഹൃദയഹാരിയാണ്. വിനയമാർന്ന പെരുമാറ്റത്തിലൂടെയും നർമ്മം ഇടകലർന്ന സംഭാഷണങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷക ഹൃദയത്തോട് ചേർന്ന് നിന്നിരുന്നു. പകരം വക്കാനില്ലാത്ത ആ ദീപ്ത സാനിധ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

************

Jeevan Kumars

പാടിയിട്ടും പാടിയിട്ടും മതി വരാത്ത എസ് പി ബി

വിദ്യാ നീ എന്നെ നിര്‍ബന്ധിക്കണ്ട. രാത്രി 8 ക‍ഴിഞ്ഞാല്‍ ഞാന്‍ പാടില്ലെന്ന് നിനക്കറിയില്ലേ ?
എസ് പി ബി അറുത്തുമുറിച്ച് പറഞ്ഞു. വിഭ്യാസാഗറിന്‍റെ സ്നേഹപൂര്‍വ്വമായ യാചനയും എസ്പിബിയുടെ മനസ് മാറ്റുന്നില്ല. ഫ്ളോറില്‍ നിന്ന് കാറിലേക്ക് കയറാന്‍ തുടങ്ങി ക‍ഴിഞ്ഞു അദ്ദേഹം.വിദ്യാസാഗര്‍ വിഷണ്ണനായി.ശരി സർ പാടേണ്ട ,ജാനകിയമ്മ പാടിയ ഫീമെയില്‍ പോര്‍ഷന്‍ കേട്ടിട്ട് അഭിപ്രായം പറയു. എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ രാവിലെയാകുമ്പോഴേക്കും മാറ്റം വരുത്താം. പുതുമുഖ സംഗീതസംവിധായകനായ വിദ്യാസാഗറെ നിരാശപ്പെടുത്താതിരിക്കാന്‍ മനസില്ലാമനസോടെ പുതിയ പാട്ട് കേള്‍ക്കാന്‍ തയ്യാറായി.

സ്റ്റുഡിയോയിലെ എസിയുടെ തണുപ്പിനെ തുളച്ച് ജാനകിയമ്മയുടെ സ്വരമാധുരി സ്പീക്കറിലൂടെ മു‍ഴങ്ങി.
മലരേ.. മൗനമാ…മൗനമേ.. വേദമാ…
മലർകൾ… പേശുമാ..
പേസിനാൽ ഓയുമാ അൻപേ…..
.
കേട്ടിരിക്കുതോറും എസ്പിബിയുടെ മുഖത്ത് വരുന്ന ഭാവവ്യത്യാസം വിഭ്യാസാഗര്‍ കണ്‍സോളിലിരിന്ന് തിരിച്ചറിഞ്ഞു. സ്റ്റുഡിയോ ഓൺ ചെയ്യൂ… ഞാൻ ഇപ്പോൾ തന്നെ പാടാം. എസ് പി ബി സമ്മതിക്കുമ്പോള്‍ പരമാവധി 45 മിനിറ്റ് കൊണ്ട് റെക്കോര്‍ഡിംങ്ങ് തീര്‍ക്കാം ,അത്രയേ വിഭ്യാസാഗര്‍ കരുതിയുളളു.
ഒരിക്കല്‍ ഒരു പാട്ട് കേട്ടാല്‍ അതിലെ എത്ര സങ്കീര്‍ണ്ണമായ തിങ്ങ്സും ഒപ്പിയെടുക്കുന്ന എസ്പി
ബാലസുബ്രമണ്യത്തിന് ഇത്തരം ഒരു പാട്ടിന് 45 മിനിറ്റ് തന്നെ ധാരാളം !!മെയില്‍ പോര്‍ഷനിലെ ചെറിയ ചെറിയ സംഗതികള്‍ പോലും ഒപ്പിയെടുത്ത് പ്രണയാര്‍ദ്രത തുളുമ്പുന്ന ശബ്ദത്തില്‍
എസ്പിബി പാടുമ്പോള്‍ കണ്‍സോളില്‍ ഇരുന്ന വിദ്യാസാഗര്‍ അറിയാതെ കൈയ്യടിച്ച് പോയി. . ആദ്യടേക്കിൽ തന്നെ സംഗീകസംവീധായകനായ വിദ്യാസാഗറിന്‍റെ മനസ് നിറഞ്ഞു. താന്‍ എന്താണോ ഉദ്യേശിച്ചത് അതിന്‍റെ നേരിട്ടിയായി എസിപിബി തിരിച്ച് തന്നിരിക്കുന്നു. സന്തോഷം കൊണ്ട് മനം നിറഞ്ഞ വിദ്യാസാഗറിനെ അടുത്ത് വിളിച്ച് അദ്ദേഹം പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി പാടണം സ്റ്റുഡിയോ വാടക എത്രയായാലും ഞാൻ മുടക്കാം ,വിദ്യാസാഗര്‍ അമ്പരന്ന് നിള്‍ക്കെ അദ്ദേഹം വീണ്ടും മൈക്കിനടുത്തേക്ക് നീങ്ങി

പാതി ജീവൻ കൊണ്ട് ദേഗം
വാഴ്ത് വന്തതോ …ആ…
മീതി ജീവൻ എന്നൈ പാർത്തു പോതു വന്തതോ..
ഏതോ സുഗം ഉള്ളൂരുതേ
ഏനോ..മനം തള്ളാടുതെ
ഏതോ സുഗം ഉള്ളൂരുതേ
ഏനോ..മനം തള്ളാടുതെ
വിരൽകൾ തൊടവാ..
വിരുന്തയ്‌ പെറവ…
മാർബോട്‌ കൺകൾ മൂടവാ…
മലരേ.. മൗനമാ..
മലർകൾ… പേസുമാ..

വീണ്ടും വീണ്ടും ഭ്രാന്തമായി എസ് പി ബി പാടി. പാടുത്തോറും എസ്പിബിക്ക് അതൃപ്തി വര്‍ദ്ധിച്ച് കൊണ്ടേ ഇരുന്നു .ഒരോ തവണ പാടുമ്പോ‍ഴും പാട്ടിന് പുതിയ ഭാവങ്ങൾ കൈവന്നുകൊണ്ടേ ഇരുന്നു.നിമിഷങ്ങള്‍ മണിക്കൂഖുകളായി , പുലര്‍ച്ചെയോട് അടുത്തിട്ടിട്ടും എസ്പിബി പാട്ട് നിര്‍ത്തുന്നില്ല .അവസാനം വിദ്യാസാഗറിന്‍റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വ‍ഴങ്ങി എസ്പിബി പാട്ട് അവസാനിപ്പിച്ചു.
വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല . എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു. വിദ്യാസാഗറും കരഞ്ഞു പോയി.പാട്ടിന്‍റെ മറുലോകം തിരക്കി പോകുന്ന എസ് പി ബിക്ക് ..

****

സംഗീതം പഠിച്ചിട്ടില്ലാത്ത സംഗീതോപാസകൻ…!
SPB എന്ന മൂന്നക്ഷരം…

Nishadh Bala

ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എൻജിനിയറിങ് പഠിക്കാൻ വന്ന ബാലുവിന് പാട്ടെന്നുകേട്ടാൽ ജീവനാണ്. അങ്ങനെയാണ് സംഗീതമത്സരത്തിനെത്തിയത്. നാട്ടിൽ പല ഗാനമേളകളിൽ പങ്കെടുക്കുകയും ചില തെലുങ്കുചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുള്ള ബാലുവിനെ ഏറെ നാളിനുശേഷമാണ് ഭരണി ചെന്നൈയിൽ കണ്ടുമുട്ടിയത്. തമിഴിനെപ്പറ്റിയോ ചെന്നൈ മഹാനഗരത്തെപ്പറ്റിയോ വലിയ പിടിപാടില്ലാത്ത ബാലുവിനെ ഭരണി നേരെ സംവിധായകൻ ശ്രീധറെ പരിചയപ്പെടുത്തി കൊടുക്കാൻ കൊണ്ടുപോയി. ബാലു നാണംകുണുങ്ങിയായിരുന്നെങ്കിലും നന്നായിട്ടു പാടുന്ന ആളാണെന്ന് ശ്രീധറിനെ ബോധ്യപ്പെടുത്തിയത് ഭരണിയാണ്. ”ഒരു പാട്ടുപാട് കേൾക്കട്ടേ…..” എന്നായി ശ്രീധർ. ബാലു പാടി. ശ്രീധറിനു തൃപ്തിയായതുപോലെ. അടുത്തദിവസം തന്റെ ‘ചിത്രാലയ’യുടെ ഓഫീസിൽ വന്ന് സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥനെ കാണാൻ ശ്രീധർ പറഞ്ഞു. ബാലുവിനു സന്തോഷമായി.

പിറ്റെദിവസം ‘ചിത്രാലയ’യിൽ എത്തുമ്പോൾ നിരവധി വാദ്യോപകരണക്കാർ. അതിൽ നടുവിൽ നെറ്റിനിറയെ ഭസ്മക്കുറിയുമായി എം.എസ്.വിശ്വനാഥൻ. ഇതിനുമുമ്പ് ചില പരിചയക്കാരുടെ തെലുങ്കുചിത്രത്തിൽ പാടിയിരുന്നെങ്കിലും ഇത്രേം വലിയ വാദ്യോപകരണ സംഘത്തെ ബാലു ആദ്യമായി കാണുകയായിരുന്നു. ഹാളിന്റെ ഒരു മൂലയിൽ അല്പം പരിഭ്രമത്തോടെ ബാലു അവിടെ പാട്ടുചിട്ടപ്പെടുത്തുന്നത് നോക്കിക്കൊണ്ടുനിന്നു. ശ്രീധർ അതിനിടെ വന്ന് ബാലുവിനെ എം.എസ്സിനു പരിചയപ്പെടുത്തി.
എം.എസ്. ഹാർമോണിയം എടുത്ത് അടുത്തേക്ക് നീക്കിവെച്ച് വിരലുകൾ വെള്ള കട്ടകളിൽ തൊട്ടുകൊണ്ടു പറഞ്ഞു.
”ഒരു തമിഴ്പാട്ട് പാടാൻ പറ്റുമോ?”
എം.എസ്. ചോദിച്ചപ്പോൾ ബാലു ഒന്നു വിരണ്ടു. ചെന്നൈയിൽ എത്തിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. തമിഴ് ശരിക്കും പഠിച്ചിട്ടില്ല. ”തമിഴ് പാട്ടുപുസ്തകം ഒന്നും കൊണ്ടുവന്നിട്ടില്ല…..” ബാലു ഇതു പറഞ്ഞ ഉടനെ ഒരു പാട്ടുപുസ്തകം കൊണ്ടുവരാനായി എം.എസ്. കൽപിച്ചു. ആരോ പെട്ടെന്ന് ഒരു സിനിമാപാട്ടുപുസ്തകം എടുത്തുനീട്ടി.
‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ പാട്ടുപുസ്തകമാണ്. എം.എസ്. അതൊന്നു മറിച്ചുനോക്കിയിട്ട് അതിലെ ‘നാളാം തിരുനാളാം…..’ എന്ന പാട്ടുപാടാൻ പറഞ്ഞു.
ബാലു പുസ്തകം വാങ്ങിച്ച് തപ്പിതപ്പി വായിച്ചുനോക്കി. പിന്നെ മറ്റൊരാളുടെ സഹായത്തോടെ ഓരോ വരികളും തെലുങ്കിൽ എഴുതി എടുത്തു. എം.എസ്.ഹാർമോണിയത്തിൽ വിരൽ അമർത്തി. ബാലു പാടി. ആ ശബ്ദം എം.എസ്സിന് ഇഷ്ടമായെങ്കിലും തമിഴ് ഉച്ചാരണം ശരിയായിട്ടില്ലെന്ന് തോന്നി.
”നല്ല ഉച്ചാരണ ശുദ്ധിയോടെ നിനക്ക് തമിഴ്പാട്ട് പാടാൻ പറ്റുമോ.. ഏതായാലും നിന്റെ ശബ്ദം എനിക്കിഷ്ടപ്പെട്ടു.”
എം.എസ്സിന് ശബ്ദം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ആത്മവിശ്വാസം തോന്നിയെങ്കിലും ഭാഷാപ്രശ്നം കുഴക്കി.
ശരി, നീ തമിഴ് നന്നായി പഠിച്ചിട്ട് എന്നെ വന്ന് കാണ്.”

ബാലു സംഗീത സംവിധായകനെ തൊഴുതുകൊണ്ട് മടങ്ങിയെങ്കിലും തമിഴിൽ ഭാഗ്യം പരീക്ഷിക്കാനാവുമെന്നു തോന്നിയില്ല. അതുകൊണ്ട് പഠിത്തത്തിനിടയ്ക്കും ബാലു ചില തെലുങ്കു ചിത്രത്തിൽ പാടി. അതിനു കാരണക്കാരൻ സംഗീത സംവിധായകൻ എസ്.പി. കോദണ്ഡപാണിയായിരുന്നു.
ഹരികഥാ പ്രസംഗക്കാരനായിരുന്ന സാമ്പമൂർത്തിയുടെ മകനായ ബാലുവിന് കുട്ടിക്കാലത്തേ സംഗീതത്തിൽ താത്പര്യമുണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയമായി അഭ്യസിക്കാൻ അവസരം കിട്ടിയില്ല. എങ്കിലും ഗാനമേളകളിൽ പാടുക പതിവായിരുന്നു. ഇങ്ങനെ ഒരു ഗാനമേള കേൾക്കാൻ ഇടയായ കോദണ്ഡപാണിയ്ക്ക് ബാലുവിന്റെ ശബ്ദവും ആലാപന രീതിയും ഇഷ്ടമായി.
ഗാനമേള കഴിഞ്ഞിറങ്ങുമ്പോൾ കോദണ്ഡപാണി അടുത്തേയ്ക്കു വന്നു. ബാലുവിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
”നല്ല ശബ്ദമാണ്… നീ സിനിമയിൽ പാടണം” അതുകേട്ടപ്പോൾ വലിയ സന്തോഷം തോന്നി. തെലുങ്കിലെ പ്രശസ്തനായ സംഗീതസംവിധായകൻ തന്റെ പാട്ടുകേൾക്കാൻ വരിക, അഭിനന്ദിക്കുക, ബാലുവിന് വിശ്വസിക്കാൻപോലും പ്രയാസം തോന്നി
സിനിമയിൽ ഒരു പാട്ടുപാടുക ബാലുവിന്റെ വലിയ മോഹമായിരുന്നു. അതുകൊണ്ട് ബാലു വീണ്ടും കോദണ്ഡപാണിയെ പലതവണ കണ്ടു. ബാലുവിനെ ചില സംഗീത സംവിധായകരേയും നിർമാതാക്കളേയും അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തെങ്കിലും ആർക്കും ആ ‘പയ്യനിൽ’ വിശ്വാസം തോന്നിയില്ല.
ഒടുവിൽ 1966 ൽ കോദണ്ഡപാണി തന്നെ ‘ശ്രീ ശ്രീ മരയത രാമണ്ണ’ എന്ന തെലുങ്കുചിത്രത്തിൽ ബാലുവിനെക്കൊണ്ട് ഒരു പാട്ടുപാടിച്ചു. റിക്കാർഡിങ് തിയേറ്ററിൽ എത്തിയ ബാലു ആകെ പരിഭ്രമപ്പെട്ടപ്പോൾ പാട്ടു റിക്കാർഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് ബാലുവിന്റെ ടെൻഷൻ ഒക്കെ മാറ്റി പാടിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതോടെ കോദണ്ഡപാണി ബാലുവിന്റെ മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളർന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയിൽ എസ്.പി. സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിന് ഗുരുവിന്റെ പേരാണ് ഇട്ടത്.

തെലുങ്കിലെ എസ്.പി.യുടെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടയിലാണ് പഠിക്കാനായി മദ്രാസിലെത്തിയത്. എൻജിനിയറിങ് പഠനത്തിന് സീറ്റുകിട്ടാത്തതുകൊണ്ട് എ.എം.ഐ.ഇയ്ക്കു ചേർന്നു. പഠിത്തത്തിനിടയിലും ബാലുവിന്റെ മനസ്സുനിറയെ പാട്ടുകളായിരുന്നു. എം.എസ്. വിശ്വനാഥനെ കണ്ടതുമുതൽ ബാലു തമിഴ് പഠനത്തിനും ഉച്ചാരണശുദ്ധി വരുത്താനും പരിശ്രമിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം ഒരു തെലുങ്കുചിത്രത്തിൽ പാടാനായി നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം ബാലു എത്തിയപ്പോൾ യാദൃച്ഛികമായി എം.എസ്. വിശ്വനാഥനെ വീണ്ടും കാണാനിടയായി. തന്നെ ഈ സംഗീതസംവിധായകൻ മറന്നിരിക്കുമെന്നാണ് ബാലു വിചാരിച്ചത്. എങ്കിലും അടുത്തുചെന്ന് തൊഴുതു.
തമ്പി… ശ്രീധറിന്റെ ഓഫീസിൽ വന്ന് എന്നെ ഒരിക്കൽ കണ്ടത് നീയല്ലേ….”
എം.എസ്. പെട്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ബാലുവിന് സന്തോഷം തോന്നി. അവിടെ ചെന്നതും പാട്ടുപാടിയ കാര്യവും പറഞ്ഞപ്പോൾ എം.എസ്. ചോദിച്ചു.

‘വീണ്ടും എന്നെവന്നു കാണണമെന്നു പറഞ്ഞതല്ലേ….. പിന്നെന്താ വരാതിരുന്നത്.”
”തമിഴ് ഇംപ്രൂവുചെയ്തിട്ടുവരാൻ പറഞ്ഞില്ലേ…. അതുകൊണ്ട് അതിനുള്ള ശ്രമത്തിലായിരുന്നു”
എം.എസ്. ചിരിച്ചു.
”ഇപ്പോൾ നീ നന്നായി തമിഴ് പറയുന്നുണ്ടല്ലോ. ഒരു കാര്യം ചെയ്യ് നാളെ എന്റെ ഓഫീസിലേക്കുവാ….”
അടുത്തദിവസം തന്നെ ബാലു വീണ്ടും എം.എസ്സിനെ കണ്ടു.
‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിന്റെ കംമ്പോസിങ് നടക്കുന്ന സമയമായിരുന്നു. അതിൽ എൽ.ആർ.ഈശ്വരിയോടൊപ്പം പാടാൻ എം.എസ്. ബാലുവിന് ചാൻസുകൊടുത്തു. റെക്കാഡിങ് ഒക്കെ നടന്നെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതിനുശേഷം ‘ശാന്തിനിലയം’ എന്ന ചിത്രത്തിൽ ‘ഇയർകൈ എന്നും ഇളയകന്നി…..’ എന്ന ഒരു ഗാനം എം.എസ്. ബാലുവിനുകൊടുത്തു. പി.സുശീലയോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. പി.സുശീല അക്കാലത്തു തന്നെ പ്രശസ്തയായ ഗായികയായിരുന്നതുകൊണ്ട് ഈ യുഗ്മഗാനത്തിലൂടെ താനും ശ്രദ്ധിക്കപ്പെടുമെന്ന് ബാലു കരുതി. പടവും പാട്ടും ഹിറ്റായില്ലെങ്കിലും ആ ശബ്ദം ശ്രദ്ധിക്കപ്പെട്ടുവെന്നു മാത്രമല്ല കേൾക്കേണ്ടയാൾ കേൾക്കുകയും ചെയ്തു. അന്ന് തമിഴ്സിനിമയിൽ മുടിചൂടാമന്നനായി നിൽക്കുന്ന എം.ജി.ആറിന് ആ ശബ്ദം ഇഷ്ടപ്പെട്ടു. എം.ജി.ആറിന്റെ ഒരു ചിത്രത്തിൽ സഹകരിക്കാൻ അവസരം കിട്ടുക ഏറ്റവും വലിയ ഭാഗ്യമായി എല്ലാവരും കരുതുന്ന സമയം. ‘അടിമപ്പെൺ’ എന്ന ചിത്രത്തിനുവേണ്ടി കെ.വി.മഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ തന്നെയായിരുന്നു. ഓർക്കാപ്പുറത്ത് വന്നുചേർന്ന ഈ ഭാഗ്യം ബാലുവിനെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി. തുടക്കക്കാരനായ തനിക്കുകിട്ടിയ സുവർണാവസരം. എന്നാൽ ഈ ചിത്രത്തിനുവേണ്ടി പാട്ടുകൾ റെക്കോഡുചെയ്യേണ്ട സമയമായപ്പോഴേക്കും ബാലു പനിപിടിച്ചു കിടപ്പിലായി. കൈവന്ന സുവർണാവസരം നഷ്ടപ്പെട്ടുപോയതിൽ ബാലു വളരെ വിഷമിച്ചു. എല്ലാം സ്വന്തം വിധിയെന്നുകരുതി. തനിക്കുപകരം മറ്റാരെക്കൊണ്ടെങ്കിലും പാടിച്ച് ആ പാട്ട് റെക്കാഡുചെയ്തിരിക്കുമെന്നോർത്തപ്പോൾ വലിയ നിരാശ തോന്നി.
ബാലു സുഖപ്പെട്ടുവരാൻ ഒരു മാസത്തിൽ ഏറെ സമയമെടുത്തു. അതുകഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് ‘അടിമപ്പെണ്ണി’ന്റെ റെക്കോഡിങ് നടന്നിട്ടില്ലെന്നറിഞ്ഞത്. ബാലു എന്ന യുവഗായകനുവേണ്ടി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിർദേശം. ബാലുവിന് ഇതു വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു ഇതിനു നന്ദി പറയാൻ എം.ജി.ആറിനെ വീട്ടിൽ പോയി കണ്ടു.
”തമ്പീ നീ എന്റെ പടത്തിൽ പാടാൻ പോണ കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. നിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിരിക്കുക. അവരെയും നിന്നെയുമെല്ലാം നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും കൊണ്ട് പാടാൻ വെയ്ക്കാതെ റെക്കോഡിങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചത്.”..

എം.ജി. ആറിന്റെ വാക്കുകൾ കേട്ട് ബാലു കരഞ്ഞുകൊണ്ടാണ് ഒരായിരം നന്ദിപറഞ്ഞത്. അങ്ങനെ അടിമപ്പെണ്ണിനുവേണ്ടി ബാലു പാടി. ”ആയിരം നിലവേ വാ…..” ബാലു ആദ്യം പാടിയ ‘ശാന്തി നിലയം’ പുറത്തു വരുന്നതിന് മുമ്പ് അടിമപ്പെൺ റിലീസ് ചെയ്തു. അടിമപ്പെണ്ണിലെ എം.ജി.ആർ. പാടുന്ന ‘ആയിരം നിലവേ…..’ തമിഴ്നാട്ടിലെങ്ങും മുഴങ്ങി. അതോടെ ബാലുവെന്ന ഗായകൻ തമിഴ് മക്കളുടെ സ്വന്തമായി.
നമ്മേആനന്ദിപ്പിച്ച്, ഉല്ലസിപ്പിച്ച്, ചിന്തിപ്പിച്ച് ഒടുവിൽ കരയിപ്പിച്ച് അകന്നു പോയിട്ട് വർഷം 2.

( വിവരങ്ങൾക്കു കടപാട് :ബി ശ്രീരാജ്, മാതൃഭൂമി)

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.