Bineesh K Achuthan
ഇയാൻ ഫ്ലെമിംഗിന്റെ ഫിക്ഷണൽ കഥാപാത്രമായ ജെയിംസ് ബോണ്ടിന്റെ പ്രഥമ ചലച്ചിത്ര രൂപാന്തരം അടുത്തയാഴ്ച്ച ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്. സീൻ കോണറി നായക കഥാപാത്രത്തെ അവതരിപ്പിച്ച ഡോ.നോ റിലീസ് ചെയ്തിട്ട് 60 വർഷം പൂർത്തിയാവുന്നു. ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലെ ചലച്ചിത്ര വ്യവസായങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകാൻ ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് കഴിഞ്ഞു. ഏതാണ്ടെല്ലാ ഭാഷകളിലും ജെയിംസ് ബോണ്ടിന്റെ വിവിധ അനുകരണങ്ങൾ ഉണ്ടായി.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലാണെങ്കിൽ, ജയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃക പിന്തുടർന്ന് കൊണ്ട് ബോളിവുഡിനേക്കാൾ അധികം സിനിമകൾ ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നാണ് പുറത്ത് വന്നത്. മലയാളത്തിൽ പ്രേം നസീറും തമിഴിൽ ജയശങ്കറും കന്നടയിൽ ഡോ.രാജ്കുമാറും തെലുങ്കിൽ കൃഷ്ണയുമായിരുന്നു ഇത്തരം വേഷങ്ങൾ കൂടുതലും കൈകാര്യം ചെയ്തിരുന്നത്. ഈ വേഷങ്ങളിൽ ബ്രാൻഡ് ചെയ്യപ്പെട്ടതിനാൽ ജയശങ്കറിനെ ജയിംസ് ബോണ്ട് ജയശങ്കറെന്നും തെന്നകത്തിൻ ജയിംസ് ബോണ്ട് എന്നും വിശേഷിപ്പിച്ചു പോന്നു.
കെ.മധു – എസ്.എൻ.സ്വാമി – മമ്മൂട്ടി ടീമിന്റെ CBI – The Brain എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചിട്ട ഒരു പോസ്റ്റിൽ, മലയാളത്തിൽ ഏറ്റവും കൂടുതൽ കുറ്റാന്വേഷകന്റെ വേഷം ചെയ്തത് പ്രേം നസീർ ആന്നെന്ന് ഒരു കമന്റ് കണ്ടിരുന്നു. അന്വേഷിച്ചപ്പോൾ അത് വാസ്തവമാണെന്നും ബോധ്യപ്പെട്ടു. എന്റെ അറിവ് ശരിയാണെങ്കിൽ, എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1967 – ൽ റിലീസായ കൊച്ചിൻ എക്സ്പ്രസിലെ രാജനാണ് പ്രേം നസീറിന്റെ പ്രഥമ കുറ്റാന്വേഷകൻ. ട്രെന്റ് സെറ്ററായി മാറിയ ആ ചിത്രം വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. തുടർന്ന് കണ്ണൂർ ഡീലക്സ്, ലങ്കാദഹനം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഈ ശ്രേണിയിൽ പുറത്തിറങ്ങി. അവയെല്ലാം ഒരൊറ്റ ഫ്രാഞ്ചൈസിയിൽ നിന്നായിരുന്നെങ്കിൽ, ഒരു കഥാപാത്രത്തെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അവതരിപ്പിച്ച റോജർ മൂറിന്റെ റെക്കോഡും പ്രേം നസീറിന്റെ സ്വന്തമായേനെ. എങ്കിൽ, ഗിന്നസ് ബുക്കിൽ ഒന്നിലേറെ തവണ ഇടം നേടിയ പ്രേം നസീറിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി ഉണ്ടാകുമായിരുന്നു.