സിനിമാ താരങ്ങളും അവരുടെ ടൈറ്റിലുകളും -1

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
205 VIEWS

സിനിമാ താരങ്ങളും അവരുടെ ടൈറ്റിലുകളും : ഭാഗം 1

Bineesh K Achuthan

താരാരാധനയുടെ ഭാഗമായി ആരാധകർ തങ്ങളുടെ ഇഷ്ട താരങ്ങൾക്ക് വിവിധ വിശേഷണങ്ങൾ നൽകാറുണ്ട്. അവ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളും ഒരു സുപ്രധാന പങ്ക് വഹിക്കാറുണ്ട്. ചില വിശേഷണങ്ങളാകട്ടെ ആ താരങ്ങളുടെ പേരിന്റെ പര്യായം തന്നെയായി മാറാറുമുണ്ട്. വിവിധ ഭാഷകളിൽ ഒരേ ടൈറ്റിലുകളിൽ തന്നെ പല താരങ്ങളും അറിയപ്പെടാറുണ്ട്. സ്വന്തമായി ടൈറ്റിലുകൾ കണ്ടെത്തി എടുത്തണിയുന്നവരും ഇല്ലാതില്ല. എന്തായാലും ടൈറ്റിലുകൾ താരപദവിക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തമിഴിലും തെലുങ്കിലും നായക താരങ്ങളേപ്പോലെ തന്നെ താരപദവിയുള്ള സഹനടൻമാരേയും ഗായക/ സംഗീത സംവിധായകരെയും ഇത്തരത്തിൽ വിശേഷണമുദ്രകൾ ചാർത്തിക്കൊടുക്കുന്ന പതിവുണ്ട്. നായക താരങ്ങളുടെ ടൈറ്റിലുകൾ കാലാനുസൃതമായ പരിഷ്ക്കരണങ്ങൾക്കും വിധേയമാകാറുണ്ട്. ഇളയ ദളപതി എന്നറിയപ്പെട്ട വിജയ് സമീപകാലത്തായി ദളപതിയായി പ്രൊമോഷൻ നേടിയത് ഇതിനുദാഹരണമാണ്.

സൂപ്പർ സ്റ്റാർ എന്ന വിശേഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരം ബോളിവുഡിലെ രാജേഷ് ഖന്നയാണ്. രാജേഷ് ഖന്നക്ക് മുമ്പേ 50 – കളിലും 60 – കളിലും ബോളിവുഡ് അടക്കിവാണ ആർക്കും തന്നെ അത്തരമൊരു വിശേഷണം ഉണ്ടായിരുന്നില്ല. എന്നാൽ ദിലീപ് കുമാറിന് ട്രാജഡി കിംഗ് എന്നും രാജ് കപൂറിന് ഷോ മാൻ എന്നും മാധ്യമ വിശേഷണങ്ങൾ ഉണ്ടായിട്ടുണ്ട്.1969 – ൽ റിലീസായ ആരാധന – യുടെ അഭൂതപൂർവമായ വിജയത്തെത്തുടർന്ന് രാജേഷ് ഖന്ന ഒരു തരംഗമായി മാറുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഒരു ഡസനിലേറെ ചിത്രങ്ങളാണ് തുടർച്ചയായി സൂപ്പർ ഹിറ്റായി മാറിയത്. 70 – കളുടെ മധ്യത്തോടെ രാജേഷ് ഖന്ന തരംഗം അവസാനിക്കുകയും 70 – കളുടെ അവസാനത്തോടെ ബച്ചൻ യുഗം ആരംഭിക്കുകയും ചെയ്തു. വ്യവസ്ഥിതിക്കെതിരെ പോരാടുന്ന രോഷാകുലനായ യുവാവ് എന്ന പ്രതിച്ഛായയായിരുന്നു ബച്ചന്. ” ആംഗ്രി യംഗ് മാൻ ” എന്നായിരുന്നു അമിതാഭ് ബച്ചൻ ആരാധകരാൽ വിളിക്കപ്പെട്ടത്. 90 – കളുടെ തുടക്കത്തിലെ സെമി റിട്ടയർമെന്റിന് ശേഷം കോർപ്പറേറ്റ് ലോകത്ത് സജീവമാകാൻ ശ്രമിച്ച ബച്ചനെ ” ബിഗ് ബി ” എന്നായിരുന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

90 – കളുടെ തുടക്കത്തിൽ വന്ന റൊമാന്റിക് തരംഗത്തിന്റെ ഭാഗമായി ഖാൻ ത്രയങ്ങൾ ബോളിവുഡ് കീഴടക്കി. 90 – കളിൽ ഇതര ഖാൻമാരെ അപേക്ഷിച്ച് ഏറെ മുന്നിലെത്തിയ ഷാരൂഖ് ഖാൻ കിംഗ് ഖാൻ എന്നറിയപ്പെട്ടു. 2000 – ന് ശേഷം ചോക്ലേറ്റ് നായകനെന്ന പരിവേഷം വിട്ടെറിഞ്ഞ് തുടർച്ചയായി പരീക്ഷണ ചിത്രങ്ങൾ വൻ വിജയമാക്കിയ അമീർ ഖാൻ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നറിയപ്പെടാൻ തുടങ്ങി. 2008 – ൽ റിലീസായ വാണ്ടഡ് എന്ന ആക്ഷൻ ചിത്രത്തിലൂടെ ബോളിവുഡ് ആക്ഷൻ തരംഗത്തിലായി. അടി ഇടി വെടി ഫോർമുലയിറങ്ങുന്ന തമിഴ് തെലുങ്ക് ചിത്രങ്ങളുടെ ചുവട് പിടിച്ച് ഇറങ്ങിയ ദബാംഗ് സീരീസുകളും ഇതര ദക്ഷിണേന്ത്യൻ റീമേക്കുകളും വൻ വിജയങ്ങളായതോടെ ബോളിവുഡിന്റെ താരചക്രവർത്തിയായി സൽമാൻ അവരോധിക്കപ്പെട്ടു. പിന്നീട് സൽമാൻ ഖാനെ മെഗാ സ്റ്റാർ എന്നായി വിശേഷിപ്പിക്കുന്നത്.

തമിഴിൽ എം ജി ആർ ആദ്യ കാലങ്ങളിൽ മക്കൾ തിലകം എന്നറിയപ്പെട്ടു. ശിവാജി ഗണേശൻ നടികർ തിലകം എന്നും ജമിനി ഗണേശൻ കാതൽ മന്നൻ എന്നും വിശേഷിക്കപ്പെട്ടു. രാഷ്ട്രീയ പ്രവേശനം നേടി മുഖ്യമന്ത്രിയായതിനെ തുടർന്ന് എം ജി ആർ ; വിപ്ലവ നേതാവ് എന്ന അർത്ഥം വരുന്ന ” പുരട്ചി തലൈവർ ” എന്ന വിശേഷണത്തിനർഹനായി. എം ജി ആറിന്റെ സഹപ്രവർത്തകയും രാഷ്ട്രീയ ജീവിതത്തിൽ പിൻഗാമിയുമായ ജയലളിത, പുരട്ചി തലൈവി എന്നും വിളിക്കപ്പെട്ടു. എം ജി ആറിന്റെ നായികയായി സിനിമയിൽ തിളങ്ങുന്ന വേളയിൽ ഇദയ കനി എന്നായിരുന്നു ജയലളിതയുടെ വിശേഷണം. എം ജി ആറിന്റെയും ശിവാജിയുടേയും സമകാലികനായിരുന്ന ജയശങ്കർ ജയിംസ് ബോണ്ട് ജയശങ്കർ എന്ന പേരിലാണറിയപ്പെട്ടത്. CID സീരീസുകളിലെ നായക വേഷമാണ് അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കാൻ കാരണം.

1980 – ൽ റിലീസായ ബില്ലയുടെ വിജയം രജനീകാന്തിനെ സൂപ്പർ താരമാക്കി. എന്നാൽ 1979 – ൽ റിലീസായ ഭുവന ഒരു കേൾവിക്കുറി/ ഭൈരവി എന്നീ ചിത്രങ്ങളിൽ സൂപ്പർ സ്റ്റാർ ടാഗ് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്തായാലും പിന്നീടിങ്ങോട്ട് സൂപ്പർ സ്റ്റാർ എന്ന പദത്തിന്റെ പര്യായമായി മാറുകയായിരുന്നു രജനീകാന്ത്. ഇടക്ക് ദളപതി എന്നും തലൈവ എന്നും വിളിക്കപ്പെട്ടെങ്കിലും സൂപ്പർ സ്റ്റാർ എന്നു തന്നെയാണ് ടൈറ്റിൽ കാർഡിൽ ഉള്ളത്. ജയിംസ് ബോണ്ട് മാതൃകയിൽ സ്വന്തമായി ടൈറ്റിൽ BGM അണ്ണന് സ്വന്തം. 1992- ൽ റിലീസായ അണ്ണാമലൈ മുതലാണ് രജനിക്ക് ടൈറ്റിൽ കാർഡിൽ BGM ഉൾപ്പെടുത്തുന്നത്. രജനിയേക്കാൾ മുമ്പേ താരമായ കമലാഹാസന് 1982 – ൽ റിലീസായ സകലകലാ വല്ലവൻ എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തെത്തുടർന്ന് ആ ചിത്രത്തിന്റെ പേര് തന്നെ ടൈറ്റിലായി വരുകയായിരുന്നു. ഈ ടൈറ്റിൽ കാൽ നൂറ്റാണ്ടോളം വഹിച്ചതിന് ശേഷം 2008 – ൽ റിലീസായ ദശാതരത്തിലെ ടൈറ്റിൽ സോംഗിലെ വരികളിൽ നിന്നും ” ഉലക നായൻ ” എന്ന വിശേഷണത്തിലേക്ക് കമലാഹാസൻ മാറി. 80 – കളിൽ രജനിയുടെയും കമലിന്റെയും സമകാലികനായിരുന്ന മോഹൻ പ്രധാനമായും മൈക് മോഹൻ എന്നാണറിയപ്പെട്ടത്. ഇളയരാജയുടെ ഗാനങ്ങളിൽ ഏറ്റവും മനോഹരമായവക്ക് വെള്ളിത്തിരയിൽ ചുണ്ടനക്കാൻ ഭാഗ്യം സിദ്ധിച്ച നടൻ കൂടിയാണ് മോഹൻ. ഏതാണ്ടെല്ലാ ചിത്രങ്ങളിലും ഒരു മൈക്കും കയ്യിലേന്തി ഗാനം ആലപിക്കുന്ന പതിവുള്ളതിനാൽ അദ്ദേഹം മൈക് മോഹൻ എന്ന് വിളിക്കപ്പെട്ടു. അക്കാലത്തെ മോഹന്റെ ചിത്രങ്ങളെല്ലാം തന്നെ വൻ വിജയങ്ങളായിരുന്നു. എല്ലാ ചിത്രങ്ങളും ജൂബിലി ആഘോഷിക്കുന്നത് കൊണ്ട് ജൂബിലി മോഹൻ എന്നും ആരാധകരാൽ അദ്ദേഹം വിളിക്കപ്പെട്ടു.

രജനീകാന്തിനും കമലാഹാസനും ശേഷം താരമായ വിജയകാന്താകട്ടെ എം ജി ആറിന്റെയും കരുണാനിധിയുടേയും വിശേഷണങ്ങളെ വിളക്കിച്ചേർത്ത ” പുരട്ചി കലൈഞ്ജർ ” എന്ന പേരിലാണ് അറിയപ്പെട്ടത്. ക്യാപ്റ്റൻ പ്രഭാകറിന് ശേഷം ക്യാപ്റ്റൻ എന്നും അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. 90 – കളിലെ മിക്ക നായക താരങ്ങൾക്കും വിശേഷണങ്ങൾ ഉണ്ടായിരുന്നു. മക്കൾ തിലകം പ്രഭു, ആക്ഷൻ കിംഗ് അർജ്ജുൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ശരത് കുമാറിനാകട്ടെ തുടക്കത്തിൽ സുപ്രീം സ്റ്റാർ എന്നു പിന്നീട് സൂപ്പർ ഹീറോ എന്നും വിശേഷിപ്പിച്ചു പോന്നു.

ഇന്നത്തെ മുൻ നിര താരങ്ങളായ വിജയ്, അജിത് എന്നിവർ ഇന്ന് വിളിക്കപ്പെടുന്ന പേരുകളിലല്ല ആദ്യ കാലങ്ങളിൽ അറിയപ്പെട്ടത്. വിജയ് ഇളയ ദളപതി എന്നും അജിത് അൾട്ടിമേറ്റ് സ്റ്റാർ എന്നുമാണ് വിശേഷിക്കപ്പെട്ടിരുന്നത്. 2001 – ൽ റിലീസായ ദീനയിലൂടെയാണ് അജിത് മാസ് ഹീറോയായി മാറുന്നത്. ദീനയിലെ കഥാപാത്രത്തിന്റെ വിളിപ്പേരായ തല എന്ന പേരിലാണ് അജിത് ഇന്ന് ആരാധകരാൽ വിശേഷിക്കപ്പെടുന്നത്. വിജയ് ആകട്ടെ ഇളയ ദളപതിയിൽ നിന്നും ദളപതി എന്ന എന്ന വിശേഷണണത്തിലേക്ക് സമീപകാലത്തായി രൂപാന്തരപ്പെട്ടു. സേതു എന്ന ചിത്രത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ച വിക്രത്തിന് ആ ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പേരായ ചീയാൻ ആണ് ടൈറ്റിൽ ആയി കിട്ടിയത്. സൂര്യയെ നടപ്പിൻ നായകൻ എന്നും വിളിച്ചു പോരുന്നു. ലേറ്റസ്റ്റ് സെൻസേഷണലായ വിജയ് സേതുപതി മക്കൾ സെൽവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിശാലാകട്ടെ പുരട്ചി ദളപതി എന്ന പേരിലും. തമിഴിൽ നായക താരങ്ങളെ കൂടാതെ താര പദവിയുളള സംഗീത സംവിധായകർക്കും വിശേഷണപ്പട്ടങ്ങൾ ഉണ്ട്. ഇളയരാജ ഇശൈ ജ്ഞാനി എന്നും തെന്നിസൈ തെൻട്രൽ എന്ന് ദേവയും അറിയപ്പെടുന്നു.

തെലുങ്കിലേക്ക് വന്നാൽ എൻ ടി ആർ.- വിശ്വവിഖ്യാത നടന സാർവ്വഭൗമ എന്നാണ് വിശേഷിക്കപ്പെടുന്നത്. ഇത്രയും ദീഘമായ ടൈറ്റിൽ അദ്ദേഹത്തിന് മാത്രമാണെന്ന് തോന്നുന്നു. ഇവർക്ക് ശേഷം വരുന്ന താരമായ കൃഷ്ണ സൂപ്പർ സ്റ്റാർ വിശേഷണം ലഭിച്ച ആദ്യ തെലുങ്ക് ഹീറോയാണ്. സൂപ്പർ സ്റ്റാർ കൃഷ്ണ എന്ന് തന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നത്. കൃഷ്ണയുടെ സമകാലികനും ബാഹുബലി ഫെയിം പ്രഭാസിന്റെ കൊച്ഛച്ചനുമായ കൃഷ്ണം രാജു റിബൽ സ്റ്റാർ എന്നാണറിയപ്പെട്ടത്. ഈ തലമുറക്ക് ശേഷം വന്ന ചിരഞ്ജീവി മെഗാ സ്റ്റാർ ചിരഞ്ജീവി എന്നാണറിയപ്പെടുന്നത്. ഡൈനാമിക് ഹീറോ, സുപ്രീം ഹീറോ, റോറിംഗ് ലയൺ എന്നിങ്ങനെ അസംഖ്യം ടൈറ്റിലുകൾ മാറി മാറി പരീക്ഷിച്ചതിന് ശേഷമാണ് മെഗാ സ്റ്റാർ ടൈറ്റിൽ അന്തിമമായി ഉറപ്പിക്കുന്നത്. ആരാധകർ സ്നേഹപൂർവ്വം ചിരഞ്ജീവിയെ അണ്ണയ്യ എന്നും വിളിക്കാറുണ്ട്. ചിരഞ്ജീവി തെലുങ്കർക്ക് അണ്ണയ്യ ആണെങ്കിൽ ബാലകൃഷ്ണ ബാലയ്യയാണ്. വെങ്കിടേഷിനെയാകട്ടെ വിക്ടറി വെങ്കിടേഷ് എന്നാണ് ആരാധകർ വിളിക്കുന്നത്. നാഗാർജ്ജുനയെ കിംഗ് എന്നും. 90 – കളിലെ മുൻ നിര നായകനായ മോഹൻ ബാബു ഡയലോഗ് കിംഗ് എന്നാണറിയപ്പെട്ടത് . പോലീസ് റോളുകളിലൂടെ ശ്രദ്ധേയനായ ഡോ. രാജശേഖർ ആംഗ്രി യംഗ് മാൻ എന്നാണറിയപ്പെട്ടത്. രവി തേജ മാസ് മഹാരാജ എന്ന പേരിലും .

പുതു തലമുറയിലേക്ക് വന്നാൽ പവൻ കല്യാൺ പവർ സ്റ്റാർ എന്നറിയപ്പെടുന്നു. സൂപ്പർ സ്റ്റാർ കൃഷ്ണയുടെ മകനായ മഹേഷ് ബാബുവും സൂപ്പർ സ്റ്റാർ എന്നാണറിയപ്പെടുന്നത്. ആദ്യ കാലത്ത് അദ്ദേഹം പ്രിൻസ് എന്നാണ് വിളിക്കപ്പെട്ടത്. മലയാളികളുടെ പ്രിയങ്കരൻ അല്ലു അർജുൻ സ്റ്റൈലിഷ് സ്റ്റാർ എന്നാണറിയപ്പെടുന്നത്. രാം ചരൺ തേജയാകട്ടെ അച്ഛന്റെയും ഇളയച്ഛന്റെയും നാമവിശേഷണങ്ങളെ കൂട്ടിച്ചേർത്ത് മെഗാ പവർ സ്റ്റാർ എന്നാണറിയപ്പെടുന്നത്. പേരിനെ പിന്തള്ളി വിശേഷണം പേരായി മാറിയ കഥയാണ് താരകിന്റേത്. ജൂനിയർ എൻ ടി ആർ എന്നാണ് എൻ ടി ആറിന്റെ കൊച്ചുമകൻ കൂടിയായ താരക് അറിയപ്പെടുന്നത്.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.