ഉലകനായകന് പൊറന്തനാൾ വാഴ്ത്തുക്കൾ
Bineesh K Achuthan
അര നൂറ്റാണ്ടിലേറെയായി പ്രേക്ഷക കോടികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ചലച്ചിത്ര ഇതിഹാസമാണ് കമൽഹാസൻ. എണ്ണിയാലൊടുങ്ങാത്ത വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ സ്വാധീനിക്കാൻ കമലിനായിട്ടുണ്ട്. 1960 – ൽ ബാലതാരമായി ” കുളത്തൂർ കണ്ണമ്മ “- യിൽ അരങ്ങേറി, 1974 – ൽ ” കന്യാകുമാരി “- .യിലൂടെ നായക നടനുമായി വളർന്ന കമൽ മലയാളികളുടെ ദത്ത് പുത്രനാണ്. തുടക്കത്തിലെ ചോക്ലേറ്റ് നായകൻ ; പിന്നെ അടി ഇടി ഫോർമുല ചിത്രങ്ങളിലെ മസാല ഹീറോ, പിന്നീട് ‘ നായകൻ ‘- ലൂടെ ഗൗരവമാർന്ന വേഷങ്ങൾ. ഇതായിരുന്നു ചുരുക്കത്തിൽ കമലിന്റെ കരിയർ ഗ്രാഫ്. വൈവിധ്യമാർന്ന റോളുകളിൽ വ്യാപാര വിജയം ഉറപ്പാക്കിയായിരുന്നു കമലിന്റെ തേരോട്ടം. തന്റെ മുൻഗാമിയായ MGR – ന്റെ ” ഏഴൈതോഴൻ ” ശൈലിയിൽ രജനീകാന്ത് ചുവടുറപ്പിച്ചപ്പോൾ തുടക്ക കാലത്ത് ” കാതൽ മന്നൻ ” ജെമിനി ഗണേശന്റെ ശൈലിയിൽ ആയിരുന്നെങ്കിലും പിന്നീട് ” നടികർ തിലകം ” ശിവാജി ഗണേശന്റെ പാതയാണ് കമൽ തെരഞ്ഞെടുത്തത്.
കെ.ബാലചന്ദറിന്റെ ‘ മരോചരിത്ര ‘ എന്ന വൻ വിജയം നേടിയ തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ” ഏക് ദുജെ കേലിയേ ” – യിലൂടെ ബോളിവുഡിൽ അരങ്ങേറിയ കമലിന് തുടർ വിജയങ്ങളിലൂടെ ” പാൻ ഇന്ത്യൻ സ്റ്റാർ ” എന്ന പദവി 80 – കളിൽ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ ഫോർമുല ചിത്രങ്ങളിൽ മനം മടുത്ത് 80 – കളുടെ അവസാനത്തോടെ കമൽ ബോളിവുഡിനോട് വിട പറഞ്ഞു. 90 – കൾ മുതൽ തമിഴിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഹിന്ദിയിൽ ഇടക്കിടെ ശ്രദ്ധേയായ ചിത്രങ്ങൾ ചെയ്തെങ്കിലും തമിഴൊഴികെ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിൽ പിന്നീട് കമൽ തന്റെ സാനിധ്യം കുറച്ചു.
പ്രച്ഛന്ന വേഷമെന്ന് വിമർശകർ കളിയാക്കിയെങ്കിലും മേക്കപ്പിന്റെ സാധ്യതകളെ ഇത്രയധികം ഉപയോഗിച്ച ഇന്ത്യൻ നടൻമാർ വിരളമാണ്. പല നൂതന സാങ്കേതിക വിദ്യകളും കമൽ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർ കാണാറുള്ളത്. മാസ് പരിവേഷമുള്ള കഥാപാത്രങ്ങളിൽ നിന്ന് അകലം പാലിക്കുന്നതു കൊണ്ടാകാം കമൽ ചിത്രങ്ങൾക്ക് മുൻ കാല വിജയങ്ങൾ അവകാശപ്പെടാനാവാത്തത്. എന്നാൽ, ലോകേഷ് കനകരാജിന്റെ വിക്രത്തിലൂടെ അതിശക്തമായി കമൽ, ഈ വർഷം ശക്തമായ തിരിച്ചു വരവ് നടത്തി. ഈ പിറന്നാൾ വേളയിൽ നീണ്ട 35 വർഷത്തെ ഇടവേളക്ക് ശേഷം കമൽ വീണ്ടും മണിരത്നവുമായി ഒരുമിക്കുന്നു എന്ന സന്തോഷകരമായ വാർത്ത പുറത്ത് വന്നിട്ടുണ്ട്. ഷങ്കറിന്റെ ഇൻഡ്യൻ 2 വും പ്രതീക്ഷയുണർത്തുന്ന പ്രൊജക്റ്റ് ആണ്. എല്ലാ വിധ ഭാവുകങ്ങളും ….💕
എന്റെ ചില കമൽഹാസൻ വിശേഷങ്ങൾ
ആദ്യം കണ്ട ചിത്രം – പ്രേമാഭിഷേകം
ഏറ്റവും ഇഷ്ടപ്പെട്ട മാസ് ചിത്രം – സകലകലാവല്ലവൻ
ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ് ചിത്രം – നായകൻ
ഏറ്റവും ത്രില്ലടിപ്പിച്ച ചിത്രം – സത്യ
ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രം – അപൂർവ്വ സഹോദരങ്ങൾ
വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ചിത്രം – തേവർ മകൻ
ആദ്യം തീയേറ്ററിൽ പോയി കണ്ട ചിത്രം – കുരുതിപ്പുനൽ
ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം – ഇന്ത്യൻ