Bineesh K Achuthan
സംക്രാന്തി റിലീസുകളിൽ ബാലയ്യയുടെ വീരസിംഹ റെഡ്ഡിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ വാൾട്ടെർ വീരയ്യ മുന്നിലെത്തി. ഏകദേശം ഒരേ പ്രമേയം തന്നെ പറയുന്ന ഇരു ചിത്രങ്ങളിലും തെലുങ്ക് സീനിയർ താരങ്ങളായ ചിരഞ്ജീവിയുടെയും ബാലകൃഷ്ണയുടെയും മാസ് വിളയാട്ടങ്ങളാണ്. രണ്ടാനമ്മയിൽ ജനിച്ച സഹോദരങ്ങളുടെ സ്നേഹം പിടിച്ചു പറ്റാൻ വേണ്ടി നായകൻ നടത്തുന്ന ശ്രമങ്ങളാണ് ഇരു ചിത്രങ്ങളുടെയും ഇതിവൃത്തം. ഒന്നിൽ അണ്ണൻ പാസമെങ്കിൽ മറ്റൊന്നിൽ തങ്കച്ചി പാസം. എന്തായാലും പാസം വിട്ടൊരു കളിയില്ല.
ഗോപിചന്ദ് മലിനേനി സംവിധാനം നിർവ്വഹിച്ച വീരസിംഹറെഡ്ഡിക്ക് റെക്കോഡ് ഓപ്പണിംഗായിരുന്നു ലഭിച്ചത്. 50 കോടിക്ക് മുകളിൽ ഇനീഷ്യൽ ഡേ കളക്ഷൻ നേടി സിനിമാ വ്രത്തങ്ങളെ ബാലയ്യ ഞെട്ടിച്ചു കളഞ്ഞു. കരിയറിലെ ആദ്യ 200 കോടി ചിത്രമായ അഖണ്ഡ നൽകിയ ഊർജ്ജത്തിലായിരുന്നു ബാലയ്യ വീരസിംഹ റെഡ്ഡിയുമായി എത്തിയത്. അഖണ്ഡയിലേത് പോലെ ഹൈ വോൾട്ടേജ് പ്രകടനവുമായി ബാലയ്യ ആരാധകരെ കീഴടക്കി. ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച ബാലകൃഷ്ണക്ക് പക്ഷേ മകൻ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിഞ്ഞില്ല. ബാലയ്യയുടെ പിതാവും തെലുങ്കരുടെ താരദൈവവുമായ എൻ ടി ആർ ഇരട്ട വേഷത്തിൽ വന്ന കൊണ്ഡാവീട്ടി സിംഹം (1981) എന്ന ചിത്രത്തിലും സമാന സ്ഥിതിയായിരുന്നു.
പോലീസ് ഓഫീസർ രഞ്ജിത് കുമാർ എന്ന അച്ചൻ വേഷത്തിൽ എൻ ടി ആർ മാസ്മരിക പ്രകടനം കാഴ്ച വെച്ചപ്പോൾ മകൻെറ വേഷം അതിന്റെ നിഴലിലായി പോയി. വീരസിംഹ റെഡ്ഡിയുടെ മാസിനും സ്വാഗിനും അപ്പിയറൻസിനോടും കിടപിടിക്കാൻ ബാലകൃഷ്ണയുടെ തന്നെ ജയസിംഹ റെഡ്ഡിക്ക് സാധ്യമായില്ല. അച്ഛൻ കഥാപാത്രത്തെ മാത്രം ഫോക്കസ് ചെയ്ത് കഥ മുന്നോട്ട് പോയിരുന്നെങ്കിൽ ബ്ലോക്ക് ബസ്റ്റർ വിജയത്തിൽ കുറഞ്ഞതൊന്നും വീര സിംഹറെഡ്ഡിക്കുണ്ടാകുമായിരുന്നില്ല. മൾട്ടി സ്റ്റാർ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന വാൾട്ടെർ വീരയ്യയിൽ മെഗാ സ്റ്റാർ ചിരഞ്ജീവി തന്റെ മാസ് നമ്പറുകളും വിന്റേജ് സ്റ്റെപ്പുകളുമായി ആരാധകരെ കയ്യിലെടുക്കുന്നുണ്ട്.
മാസ് മഹാരാജ രവി തേജയുടെ സാനിധ്യം ചിത്രത്തിന്റെ മാറ്റ് കൂട്ടിയെങ്കിലും ഔട്ട് ആന്റ് ഔട്ട് ചിരഞ്ജീവി ഷോയാണ് വാൾട്ടെർ വീരയ്യ. തന്റെ ഗതകാല പ്രൗഢിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചിരഞ്ജീവി തകർത്തു വാരുന്നുണ്ട്. എങ്കിലും പ്രായാധിക്യത്താൽ തന്റെ ഡാൻസ് നമ്പറുകളിൽ ഒത്തിരി കോംപ്രമൈസ് ചെയ്യുന്നുമുണ്ട്. മാസിലും സ്വാഗിലും സ്റ്റൈലിലും തന്റെ പ്രതാപം അസ്തമിച്ചിട്ടില്ലെന്ന് തെളിയിച്ച മെഗാ സ്റ്റാർ തന്റെ ബോക്സ് ഓഫീസ് പൊട്ടൻഷ്യലും വീണ്ടെടുത്തു. ചിരഞ്ജീവിയുടെ മുൻ ചിത്രങ്ങളായ സൈറ നരസിംഹ റെഡ്ഡി ആവറേജും ആചാര്യ ഡിസാസ്റ്ററും ഗോഡ് ഫാദർ ഫ്ലോപ്പുമായിരുന്നു. വാൾട്ടെർ വീരയ്യയുടെ വിജയം ചിരഞ്ജീവിക്ക് അനിവാര്യമായിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നു.
പ്രീ റിലീസ് ബിസിനസിലും ഇനീഷ്യൽ കളക്ഷനിലും മുന്നിട്ട് നിന്ന ബാലയ്യയുടെ വീരസിംഹ റെഡ്ഡിയെ മാധ്യമ പ്രചരണങ്ങളെ കാറ്റിൽ പറത്തി മൗത് പബ്ലിസിറ്റിയിലൂടെ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ വാൾട്ടെർ വീരയ്യ അട്ടിമറി വിജയം നേടുകയായിരുന്നു. തലമുറ മാറ്റത്തിലൂടെ കടന്ന് പോകുന്ന ടോളിവുഡിൽ സീനിയർ താരങ്ങളായ തങ്ങൾക്കിരുവർക്കും ഇനിയും കുറച്ച് നാൾ കൂടി മുൻ നിരയിൽ തന്നെ തുടരാമെന്നുള്ള ഗ്രീൻ സിഗ്നൽ കൂടിയായിരുന്നു സംക്രാന്തി ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം.