Bineesh K Achuthan
1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ് സിദ്ധിഖ് – ലാൽ ടീമിന്റെ ” റാംജി റാവു സ്പീക്കിംഗ് ” റിലീസാകുന്നത്. മലയാള സിനിമയിലെ ഒരു ട്രെൻറ് സെറ്ററായി മാറി ഈ ചിത്രം. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത മുകേഷ് പിൽക്കാലത്ത് പറയുകയുണ്ടായി ” മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനിയൻമാരോ അയൽവാസികളോ ആയി അഭിനയ ജീവിതം ഒടുങ്ങുമായിരുന്ന ഒരുപറ്റം യുവ താരങ്ങളുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു റാംജിറാവ് സ്പീക്കിംഗിന്റെ വൻ വിജയമെന്ന് “. റാംജി റാവ് സ്പീക്കിംഗ് നേടിയ വിജയം മുകേഷ്, സായ് കുമാർ എന്നിവരെ കേന്ദ്രീകരിച്ച് ചിത്രങ്ങൾ ഒരുക്കാൻ കൂടുതൽ നിർമ്മാതാക്കൾക്ക് ധൈര്യം പകർന്നു.
തൊട്ടടുത്ത വർഷം സിദ്ധിഖ് – ലാൽ ടീമിന്റെ തന്നെ ” ഇൻ ഹരിഹർ നഗർ ” റിലീസ് ചെയ്തു. ഇത്തവണ താരനിരയിൽ മുകേഷിനെ കൂടാതെ ജഗദീഷ്, സിദ്ധിഖ്, അശോകൻ എന്നിവരും ഉണ്ടായിരുന്നു. ഈ നാൽവർ സംഘത്തിന്റെ തമാശകളും അബദ്ധങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. റാംജി റാവുവിലൂടെ മുകേഷിനും സായ് കുമാറിനും ഇന്നസെന്റിനും കരിയർ ബ്രേക്ക് നൽകിയ സിദ്ധിഖ് – ലാൽ; ഇൻഹരിഹർ നഗറിലൂടെ ജഗദീഷ്, സിദ്ധിഖ്, അശോകൻ എന്നീ താരങ്ങൾക്കും കരിയറിൽ ഉയർച്ച നൽകി. തുടർന്നങ്ങോട്ട് ഇവരെയെല്ലാം നായകരാക്കി ഒരു നിര ചിത്രങ്ങൾ തുടർച്ചയായി റിലീസായി. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് മിമിക്സ് പരേഡ്. കൊച്ചിൻ കലാഭവന്റെ പശ്ചാത്തലത്തിൽ മിമിക്രി കലാകാരൻമാരുടെ ജീവിതം പറയുന്ന ഈ ചിത്രം കേവലം 12 ലക്ഷം രൂപ ബജറ്റിൽ നിർമ്മാണം പൂർത്തിയാക്കിയിട്ട് 1 കോടിക്ക് മുകളിൽ റെക്കോർഡ് കളക്ഷൻ നേടി. സിനിമാവൃത്തങ്ങളെ അമ്പരപ്പിച്ച ഒരു വിജയമായിരുന്നു അത്. കലാഭവൻ അൻസാറിന്റെ കഥക്ക് കലൂർ ഡെന്നീസ് തിരക്കഥയൊരുക്കി തുളസീദാസ് സംവിധാനം ചെയ്ത മിമിക്സ് പരേഡ്, സിദ്ധിഖ് – ലാൽ തുടക്കമിട്ട കോമഡി തരംഗത്തെ ഉച്ഛസ്ഥായിയിൽ എത്തിച്ചു.
പാപ്പനംകോട് ലക്ഷ്മണന് ശേഷം ജോഷിക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകാരനായിരുന്നു കലൂർ ഡെന്നീസ്. ആക്ഷൻ കേന്ദ്രീകൃതമായിരുന്ന മൾട്ടി സ്റ്റാർ യുഗത്തിൽ നിന്നും കണ്ണീർ കഥകൾ പറയുന്ന ഫാമിലി മെലോഡ്രാമകളിലേക്ക് മലയാള സിനിമ ചുവട് മാറിയപ്പോഴും ആ മാറ്റത്തിന് ചുക്കാൻ പിടിക്കാനും ആ ട്രെന്റിനനുസരിച്ച് തിരക്കഥകളൊരുക്കുകയും അവയൊക്കെ ഹിറ്റുകളാക്കാനും കലൂരാന് കഴിഞ്ഞു. പക്ഷേ, 80 – കളുടെ രണ്ടാം പകുതിയോടെ കണ്ണീർ കഥകളുടെ തരംഗം അവസാനിക്കുകയും മമ്മൂട്ടി കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തപ്പോൾ കലൂർ ഡെന്നീസ് മമ്മൂട്ടി ക്യാംപിൽ നിന്നും പുറത്താക്കപ്പെട്ടു. മോഹൻലാലിന് വേണ്ടി എഴുതിയ ജനുവരി ഒരു ഓർമ്മ ഹിറ്റായെങ്കിലും എന്ത് കൊണ്ടോ മോഹൻലാൽ ക്യാംപിലും കലൂരിന് പിന്നീട് തുടരാനായില്ല. ഈ ഘട്ടത്തിൽ അക്കാലത്തെ വളർന്ന് വരുന്ന യുവതാരമായ ജയറാമിനെ നായകനാക്കി ത്രില്ലർ സ്വഭാവമുള്ള ധാരാളം തിരക്കഥകൾ രചിച്ചു എങ്കിലും അവയൊന്നും വേണ്ടത്ര വിജയം നേടിയില്ല. ഈ സമയത്താണ് റാംജി റാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ എന്നീ ചിത്രങ്ങളിലൂടെ സിദ്ധിഖ് – ലാൽ ടീം മലയാള സിനിമയിൽ പുതിയ കോമഡി തരംഗം സൃഷ്ടിച്ചത്.
കാറ്റിന്റെ ദിശ തിരിച്ചറിയാൻ കലൂരാൻ ഒട്ടും വൈകിയില്ല. അങ്ങനെയാണ് മിമിക്സ് പരേഡിന്റെ പിറവി. പിന്നീട് കുറേ വർഷത്തേക്ക് ജഗദീഷ് – സിദ്ധിഖ് കൂട്ടുകെട്ടിൽ ഒരു നിര ചിത്രങ്ങളുടെ കുത്തൊഴുക്ക് തന്നെ മലയാള സിനിമയിൽ അരങ്ങേറി. ഏതാണ്ടെല്ലാ ചിത്രങ്ങളും ഭേദപ്പെട്ട വിജയം നേടുകയും 1993 ഓണം സീസണിൽ ഈ ടീമിന്റെ ” അദ്ദേഹം എന്ന ഇദ്ദേഹം ” എന്ന ചിത്രം അട്ടിമറി വിജയം നേടി ഓണം വിന്നറായി മാറുകയും ചെയ്തു. ഈ തരംഗത്തിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും സുനിത, സുചിത്ര എന്നിവരായിരിക്കും നായികമാർ. കോമഡി തരംഗത്തിൽ റിലീസായ എല്ലാ ചിത്രങ്ങളും പൊതുവായി ഒരു പാറ്റേൺ പിന്തുടർന്നിരുന്നു. ഹാസ്യരംഗങ്ങൾ കുത്തി നിറച്ച ഒന്നാം പകുതിയും ത്രില്ലർ മൂഡിലുള്ള രണ്ടാം പകുതിയും. ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന ത്രില്ലർ സ്വഭാവമുള്ള ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെയായിരുന്നു സംവിധായകൻ എന്ന നിലയിൽ വിജി തമ്പിയുടെ അരങ്ങേറ്റം. തുടർന്ന് ജയറാം നായകനായ ഒരു നിര ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
ഇതിൽ മിക്ക ചിത്രങ്ങളും ത്രില്ലർ സ്വഭാവത്തിൽ ഉള്ളവയായിരുന്നു. എന്നാൽ അവയൊന്നും തന്നെ വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാൽ ഹാസ്യത്തിന് പ്രാധാന്യം നൽകി എടുത്ത ” നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ” എന്ന ചിത്രം ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് വിജി തമ്പി കുണുക്കിട്ട കോഴി സംവിധാനം ചെയ്യുന്നത്. കലൂർ ഡെന്നീസിന്റെ തിരക്കഥയും ജഗദീഷ് – സിദ്ധിഖ് കൂട്ടുകെട്ടിന്റെ വാണിജ്യ മൂല്യവും ജഗതിയുടെ സാന്നിധ്യവും ഈ ചിത്രത്തെ ഒരു ഷുവർ ബെറ്റാക്കിയിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ പടം വിജയമായി മാറി. പാർവ്വതിയും രൂപിണിയുമായിരുന്നു നായികമാർ.
രജനീകാന്ത്, കമലാഹാസൻ, വിജയകാന്ത് തുടങ്ങി തമിഴിലെ മുൻ നിര താരങ്ങളുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് സിനിമാ മേഖലയിലുള്ളവർ അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. 1989 – ൽ മോഹൻലാലിന്റെ നായികയായി ജോഷിയുടെ നാടുവാഴികളിലൂടെയാണ് രൂപിണി മലയാള സിനിമയിൽ എത്തുന്നത്.
തൊട്ടടുത്ത വർഷം ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായ മിഥ്യയിലെ നായിക വേഷം. ഇത് കഴിഞ്ഞാണ് 2 വർഷങ്ങൾക്ക് ശേഷം കുണുക്കിട്ട കോഴിയിൽ നായികയായി വരുന്നത്. ജഗദീഷ് – സിദ്ധിഖ് കോംബോ ആയിരുന്നെങ്കിലും ത്രൂ ഔട്ട് ജഗദീഷ് ഷോ ആയിരുന്നു ഈ ചിത്രം. ഒപ്പം ജഗതിയുടെ വേറിട്ട നമ്പറുകളും. ജഗതിയുടെ പപ്പടം വിശറിയാക്കുന്ന സീനൊക്കെ ഇന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രംഗങ്ങളാണ് , ഒപ്പം ഉൻമേഷാരിഷ്ടവും ….. റിലീസ് ചെയ്ത് 30 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഇതേ കോംബോയിൽ തന്നെ തിരുത്തൽവാദി, അദ്ദേഹം എന്ന ഇദ്ദേഹം, സിംഹവാലൻ മേനോൻ തുടങ്ങിയ ചിത്രങ്ങളും പിന്നീട് വിജി തമ്പി സംവിധാനം ചെയ്യുകയുണ്ടായി.