ഈ രണ്ടു സിനിമകൾക്കൊരു പ്രത്യേകതയുണ്ട് , എല്ലാ ഭാഷകളിലും വൻ വിജയം, പക്ഷെ ഒന്നിവിടെ പരാജയപ്പെട്ടു

0
556

Bineesh K Achuthan

ഒറ്റ ദിവസം റിലീസായ രണ്ട് ചിത്രങ്ങൾ. ഇവ രണ്ടും എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയും അവിടങ്ങളിലെല്ലാം വൻ വിജയമാവുകയും ചെയ്തു. പക്ഷേ ഒന്നിവിടെ മെഗാ ഹിറ്റും മറ്റൊന്ന് പരാജയവുമായിരുന്നു. ഇരു ചിത്രങ്ങളുടെയും തമിഴ് പതിപ്പിൽ നായകൻ സത്യരാജായിരുന്നു. ആവനാഴിയുടെ തമിഴ് പതിപ്പായ ” കടമൈ കന്നിയം കട്ടപ്പാട് ” എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്നാണ് സത്യരാജ് നായക നിരയിലേക്കുയരുന്നത്. പൂവിന് പുതിയ പൂന്തെന്നലിന്റെ തമിഴ് പതിപ്പായ ” പൂവിഴി വാസലിലെ ” ഒരു വിജയ ചിത്രമായിരുന്നു. തെലുങ്ക് പതിപ്പായ ” പസിവാഡി പ്രാണം ” ചിരഞ്ജീവിയെ ” മെഗാ സ്റ്റാർ ” പദവിയിലെത്തിച്ചു. ചിരഞ്ജീവിയുടെ ആദ്യ ജൂബിലി ഹിറ്റ് ചിത്രവും ഇതായിരുന്നു. തന്റെ കരിയറിൽ തിളങ്ങി നിൽക്കുന്ന വേളയിൽ സന്യാസ ജീവിതത്തിലാകൃഷ്ടനായി സിനിമാ ജീവിതമുപേക്ഷിച്ച് എട്ടു വർഷത്തോളം ഫീൽഡിൽ നിന്നും വിട്ട് നിന്ന ബോളിവുഡ് താരം വിനോദ് ഖന്ന തിരിച്ച് വരവ് നടത്തുന്നത് ആവനാഴിയുടെ ഹിന്ദി പതിപ്പായ ” സത്യമേവ ജയതെ” – യിലൂടെയായിരുന്നു. ബോളിവുഡ് താരം ഗോവിന്ദയുടെ ആദ്യത്തെ സീരിയസ് റോളും പൂവിന് പുതിയ പൂന്തെന്നലിന്റെ ഹിന്ദി പതിപ്പായ ‘ ഹത്യ ‘ ആയിരുന്നു. പൂവിന് പുതിയ പൂന്തെന്നലിന്റെ എല്ലാ പതിപ്പുകളിലും ബാബു ആന്റണിയുടെ വേഷവും ബേബി സുചിതയുടെ വേഷവും അവരവർ തന്നെയായിരുന്നു കൈകാര്യം ചെയ്തത് എന്നതും ഒരു അപൂർവ്വതയായിരുന്നു.