Binil Issac Moolaiparambil

ചില സിനിമകളിലെ ആത്മഹത്യാ രംഗങ്ങൾ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും. പ്രത്യേകിച്ചും ഗൺ ഉപയോഗിച്ചുള്ള ആത്മഹത്യ രംഗങ്ങൾ. ആ രംഗം ചിത്രീകരിച്ചിരിക്കുന്ന രീതിയും പ്രസ്തുത അഭിനേതാവിൻ്റെ ആ സമയത്തെ ഭാവപ്രകടനങ്ങളുമാണ് അത്തരം രംഗങ്ങളെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നത്. കഥാപാത്രം അതി കഠിനമായ മാനസിക സമ്മർദത്തിലോ കുറ്റബോധത്തിലോ വീണുപോകുമ്പോഴാണ് പലപ്പോഴും ഈയൊരു രംഗം കടന്ന് വരുന്നത്. ആത്മഹത്യ ചെയ്യുന്നത് വില്ലൻ കഥാപാത്രങ്ങളാണെങ്കിൽ ഒരല്പം സ്റ്റൈലിഷായിട്ടായിരിക്കും ആ രംഗം ചിത്രീകരിക്കുക. മാത്രമല്ല വില്ലൻ/നെഗറ്റീവ് കഥാപാത്രങ്ങളുടെ ആത്മഹത്യാരംഗങ്ങളാണ് കൂടുതൽ സ്ട്രൈക്കിംഗായി തോന്നുന്നത്. കാരണം അവരുടെ കഥാപാത്രത്തെ കുറിച്ച് അതുവരെ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ഇമേജുമായി യോജിച്ചു പോകുന്നതല്ല ആ രംഗങ്ങൾ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില ഫയർആം (തോക്കു കൊണ്ടുള്ള) ആത്മഹത്യാ രംഗങ്ങൾ.

1) ടൈറ്റാനിക്ക്:

കപ്പൽ മുങ്ങുമ്പോൾ വില്യം മർഡോക്ക് എന്ന കഥാപാത്രം സ്വയം നിറയൊഴിച്ച് മരിക്കുന്ന രംഗമാണ് ലിസ്റ്റിൽ ആദ്യത്തേത്. ആൻഡ്രൂ സ്റ്റുവർട്ട് എന്ന നടനാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഈ രംഗം അത്ര സ്റ്റൈലിഷായല്ല ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരു ഇമോഷണൽ സ്വഭാവമാണ് ഈ രംഗത്തിനുള്ളത്. മർഡോക്കിൻ്റെ കുറ്റബോധമാണ് അയാളെ കൊണ്ടിത് ചെയ്യിക്കുന്നത്. കപ്പൽ മുങ്ങുമ്പോൾ സുരക്ഷാ ബോട്ടിലേക്ക് അനധികൃതമായി കയറാൻ ശ്രമിക്കുന്ന രണ്ട് പേരെ വെടിവച്ച് കൊന്നതിലുള്ള പശ്ചാതാപം. ടൈറ്റാനിക് എന്ന സിനിമയിൽ എന്നെ ഏറ്റവും കൂടുതൽ സ്ട്രൈക്ക് ചെയ്ത രംഗമാണിത്.

2) രമണാ:

2002ൽ പുറത്തിറങ്ങിയ ഒരു ബ്ലോക്ക് ബസ്റ്റർ വിജയകാന്ത് സിനിമയായിരുന്നു രമണ. അതിൽ റിയാസ് ഖാൻ അവതരിപ്പിക്കുന്ന റിഷി എന്ന കഥാപാത്രം ആത്മഹത്യ ചെയ്യുന്ന രംഗമാണ് ലിസ്റ്റിൽ രണ്ടാമത്. ഹോസ്പിറ്റൽ നടത്തിപ്പിൻ്റെ മറവിൽ താൻ നടത്തുന്ന ഇല്ലീഗൽ പ്രവർത്തനങ്ങൾ നായകൻ വിജയകാന്ത് പബ്ലിക്കാക്കിയപ്പോൾ, ശേഷം കോപാകുലരായ നാട്ടുകാർ ഹോസ്പിറ്റലിന് മുമ്പിൽ വച്ച് അയാളുടെ കാർ തടഞ്ഞപ്പോൾ അതികഠിനമായ മാനസിക സമർദ്ദത്തിനടിമപ്പെട്ട് കാറിലിരുന്ന് നിറയൊഴിച്ച് അയാൾ ആത്മഹത്യ ചെയ്യുന്നു. റിയാസ് ഖാൻ്റെ ആ സമയത്തെ ഭാവപ്രകടനങ്ങളും ചിത്രീകരിച്ച രീതിയും ആ രംഗത്തെ കൂടുതൽ സ്റ്റൈലിഷാക്കി.

3) ശംഭു:

അത്രയൊന്നും മേന്മയോ നിലവാരമോ അവകാശപ്പെടാനില്ലാത്ത ഒരു മലയാള സിനിമയായിരുന്നു ശംഭു (2004). വിജയകുമാർ നായകനായ ഈ സിനിമയിലെ വില്ലൻ കഥാപാത്രമായ പാർഥസാരഥിയെ അവതരിപ്പിച്ചത് റിയാസ് ഖാനായിരുന്നു. ക്ലൈമാക്സിൽ ഒരു വാർത്താ ചാനലിന് നൽകിയ ഇൻ്റർവ്യൂവിന് മധ്യേ തനിക്കെതിരെയുള്ള ചില ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ റിപ്പോർട്ടർ ചോദിക്കുന്നു. അയാൾ അത് നിക്ഷേദ്ധിക്കാൻ ശ്രമിക്കുമ്പോൾ ആരോപണങ്ങൾ സത്യമെന്ന് തെളിയിക്കുന്ന വീഡിയോ പ്ലേ ചെയ്യുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലകപ്പെട്ടു, ഗത്യന്തരമില്ലാതെ അയാൾ നെറ്റിയിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുന്നു. പക്ഷേ ഈ രംഗത്തിന് ഒരു ഇമോഷണൽ സ്വഭാവമാണുള്ളത്. കാരണം ആത്മഹത്യക്ക് മുമ്പ് താനെന്തു കൊണ്ട് ഇങ്ങനെയായി എന്നൊരു കുമ്പസാരം നടത്തുന്നുണ്ട്. ഒരുപക്ഷേ പിടിക്കപ്പെട്ടിരുന്നില്ലായിരുന്നെങ്കിൽ താൻ തന്നെ ഈ രഹസ്യം എന്നെങ്കിലും വെളിപ്പെടുത്തിയേനെ എന്നും അയാൾ പറയുന്നു.

4) രണ്ടാം ഭാവം:

സുരേഷ് ഗോപി നായകനായ രണ്ടാം ഭാവത്തിൽ (2001) മികച്ച അഭിനയം കാഴ്ച്ച വച്ചത് അതിലെ വില്ലനായ തിലകനായിരുന്നു. ഗോവിന്ദ് ജി എന്ന വില്ലൻ കഥാപാത്രത്തിൻ്റെ പ്രകടനം ഒരിക്കലും മറക്കാൻ കഴിയില്ല. ഇതിൻ്റെ ക്ലൈമാക്സിലും വില്ലൻ നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയാണ്. തൻ്റെ അധോലോക സാമ്രാജ്യം നഷ്ടപ്പെടുന്നതിലുള്ള മാനസിക വിഷമമാണ് അയാളെ കൊണ്ടിത് ചെയ്യിക്കുന്നത്. “ഗോവിന്ദ്ജി മരിച്ചൂന്നേയുള്ളൂ തോറ്റിട്ടില്ല” എന്ന നായകൻ്റെ ഡയലോഗിലൂടെ അറിയാം ആ വില്ലൻ കഥാപാത്രത്തിൻ്റെ ആഴം.

5) മാസ്സ്:

നാഗാർജ്ജുന നായകനായ പ്രസ്തുത തെലുങ്ക് സിനിമയിൽ വില്ലൻ്റെ പിതാവായി അഭിനയിച്ചത് രലുവരനായിരുന്നു. അദ്ദേഹം അവതരിപ്പിച്ച സത്യ എന്ന കഥാപാത്രം ക്ലൈമാക്സിൽ നെറ്റിയിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയാണ്. ജീവിതത്തിലാദ്യമായി ഒരാളോട് തോറ്റു പോയതിലുള്ള അഭിമാനക്ഷതവും സ്വന്തം മകനെ വെടിയുതിർത്ത് കൊന്നതിലുള്ള നിരാശയും മൂലമാണ് ആ കഥാപാത്രം ആത്മഹത്യ ചെയ്യുന്നത്. ഇവിടെ അയാൾ നെറ്റിയിലേക്ക് നിറയൊഴിക്കുന്നതായോ അല്ലെങ്കിൽ വീഴുന്നതായോ സ്ക്രീനിൽ കാണിക്കുന്നില്ല. തോക്ക് സ്വന്തം നെറ്റിയിലേക്ക് പോയിൻ്റ് ചെയ്യുന്നതായി മാത്രമേ കാണിക്കുന്നുള്ളൂ.

6) അൻവർ:

2010ൽ റിലീസായ, പൃഥ്വീരാജ് നായകനായ അൻവർ എന്ന സിനിമയിൽ പ്രധാന വില്ലനായി വരുന്നത് ലാൽ ആണ്. ബാബു സേട്ട് എന്ന ആ കഥാപാത്രവും ക്ലൈമാക്സിൽ വെടിയുതിർത്ത് ആത്മഹത്യ ചെയ്യുന്നു. അമൽ നീരദിൻ്റെ പതിവു ശൈലിയിൽ വളരെ സ്റ്റൈലിഷായാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

7) ബിഗ്- ബി:

2007ൽ റിലീസായ മമ്മൂട്ടി നായകനായ ബിഗ്- ബിയിൽ രണ്ടാം വില്ലനായ സിറ്റി മേയർ നിറയൊഴിച്ച് ആത്മഹത്യ ചെയ്യുന്ന രംഗം. രമേഷ് വർമ്മയാണ് മേയറായി വേഷമിട്ടിരിക്കുന്നത്. രാഷ്ട്രീയത്തിലെ തൻ്റെ ക്ലീൻ-ഇമേജ് തകരുമെന്ന ഭീതിയിലാണ് ആ കഥാപാത്രം ആത്മഹത്യ ചെയ്യുന്നത്. ഇവിടെയും ആ കഥാപാത്രത്തിൻ്റെ ഫേഷ്യൽ എക്സ്പ്രഷൻ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്.

8 ) പടയപ്പ:

രജനീകാന്തിൻ്റെ പതിവ് സിനിമകൾക്ക് വിരുദ്ധമായി ഇവിടെ അദ്ദേഹത്തിനെതിരായി നെഗറ്റീവ് റോളിൽ വരുന്നത് ഒരു സ്ത്രീകഥാപാത്രമാണ്. രമ്യാ കൃഷ്ണൻ മികവുറ്റതാക്കിയ നീലാംബരി എന്ന കഥാപാത്രം ക്ലൈമാക്‌സിൽ നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയാണ്. മേൽ രംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പിസ്റ്റൾ/റിവോൾവർ കൈത്തോക്കിന് പകരം മെഷീൻ ഗണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ രംഗം അത്ര റിയലിസ്റ്റിക്കായി തോന്നിയില്ല. മാത്രമല്ല മേൽ പ്രതിപാദിച്ച രംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നാടകീയതയുടെ ഒരു അതിപ്രസരവുമുണ്ട്. ബാക്കി രംഗങ്ങളിൽ ആത്മഹത്യ ചെയ്തവർ ഉടനടി മരിക്കുമ്പോൾ ഇവിടെ കുറേ ഇമോഷണൽ ഡയലോഗുകൾ കൂടി പറയുന്നുണ്ട്. അതിന് ചില ന്യായങ്ങൾ പറയാം; ഒന്നാമത് ഇവിടെ തലയിലേക്കല്ല നിറയൊഴിച്ചത്, രണ്ടാമത് തിരക്കഥയോട് നീതി പാലിക്കണമെങ്കിൽ നായകനോട് എന്തെങ്കിലും പറഞ്ഞേ പറ്റൂ. അല്ലെങ്കിൽ അപൂർണ്ണതയുള്ള ഒരു എൻഡിംഗായി പ്രേക്ഷകന് തോന്നും.

1984ൽ പുറത്തിറങ്ങിയ ‘ഉയരങ്ങളിൽ’ എന്ന IV ശശി സിനിമ അവസാനിക്കുന്നതും മുഖ്യ കഥാപാത്രത്തിൻ്റെ ആത്മഹത്യയോടെയാണ്. മോഹൻ ലാലിൻ്റെ ഇതിലെ ജയരാജൻ എന്ന ആൻ്റി ഹീറോ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിടിക്കപ്പെടും എന്നുറപ്പാകുമ്പോൾ അയാളും ശംഭുവിലെ പാർഥസാരഥിയേപ്പോലെ (റിയാസ് ഖാൻ) ആത്മഹത്യക്ക് മുമ്പ് എല്ലാം ഏറ്റു പറയുന്നുണ്ട്. പക്ഷേ മേൽ രംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി അയാൾ കൊക്കയിലേക്ക് ചാടിയാണ് ആത്മഹത്യ ചെയ്യുന്നത്. അതിനാലാണ് ഈ രംഗം മേൽപ്പറഞ്ഞ ഗ്രൂപ്പിൽ ഉൾപ്പെടുത്താതിരുന്നത്. നന്ദി.

Leave a Reply
You May Also Like

‘ദി ട്രൂതി’ൽ പ്രേക്ഷകരെ ഞെട്ടിച്ച ഒരു കഥാപാത്രം ഉണ്ട്

രാഗീത് ആർ ബാലൻ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്തു 1998…

മജു സംവിധാനം ചെയ്ത സണ്ണി വെയ്ൻ, അലൻസിയർ ചിത്രം ‘അപ്പൻ’ Sony LIV ഒടിടിയിൽ സ്ട്രീം ചെയ്തു

മജു സംവിധാനം ചെയ്ത ‘അപ്പൻ’ Sony LIV ഒടിടിയിൽ സ്ട്രീം ചെയ്തു. സണ്ണി വെയ്ൻ, അലൻസിയർ,…

രാജേഷറിയാതെ മറ്റേയാളുടെ കോഴിക്കട ഏറ്റെടുക്കുകയും അവനിട്ട് എട്ടിന്റെ പണി കൊടുക്കുകയും ചെയ്യുന്ന ജയയിൽ സിനിമ അവസാനിച്ചിരുന്നെങ്കിൽ…

Sanuj Suseelan “കെട്ടിക്കൊണ്ടു” വരുന്ന പെണ്ണിനെ വരച്ച വരയിൽ നിർത്തിയും തർക്കുത്തരം പറഞ്ഞാൽ ചെവിടത്തൊന്നു പൊട്ടിച്ചും…

അഡൾട്ട് കണ്ടന്റ് ഉള്ള സിനിമയായാണ് മലയാളത്തെ കാണുന്നത് എന്ന് അവർ എന്നോട് പറഞ്ഞു – നിഖില വിമൽ

തമിഴ്-തെലുങ്ക് ചിത്രങ്ങളിൽ നായകൻ ആരെയെങ്കിലും വീഴ്ത്തിയാൽ മലയാളികൾ അത് സ്വീകരിക്കുമെന്നും എന്നാൽ മലയാളത്തിൽ നായകൻ ഇത്…