ഹെൻട്രി ഒലോംഗ; ഒരു മിന്നൽപ്പിണർ പോലെ വന്ന് എങ്ങോ ഓടിമറഞ്ഞ ബൗളിംഗ് പ്രതിഭ.

550

Binil Issac Mooleparampil എഴുതുന്നു 

ഒരു മിന്നൽപ്പിണർ പോലെ എങ്ങുനിന്നോ പാഞ്ഞ് വന്ന് ഒരു പറ്റം ആരാധകരെ സൃഷ്ടിച്ച് എങ്ങോ ഓടിമറഞ്ഞ ബൗളിംഗ് പ്രതിഭ- ഹെൻട്രി ഒലോംഗ.

ഹീത്ത് സ്ട്രീക്ക് എന്ന ഒറ്റയാൻ ബൗളിംഗ് ഇതിഹാസത്തിന്റെ തണലിൽ എങ്ങനെയൊക്കെയോ മുന്നോട്ട് നീങ്ങിയ സിംബാവേയൻ പേസ് ബൗളിംഗ് നിരയിൽ ഒരിടിമുഴക്കമായി വന്ന ‘ബൗളിംഗ് സെൻസേഷൻ’ ആയിരുന്നു ഒലോംഗ. [ 90 കളിൽ ഹീത് സ്ട്രീക്കിന്റെ ബൗളിംഗ് പങ്കാളി എഡ്ഡോ ബ്രാൻഡസിനെ


Binil Issac Mooleparampil

മറക്കുന്നില്ല. എന്നാലും അദ്ദേഹം ഒരു ആരവമായിരുന്നില്ല ]. സിംബാവേ ടീമിൽ വന്ന ആദ്യ കറുത്ത വർഗ്ഗക്കാരനായിരുന്നു ഹെൻട്രി ഒലോംഗ. പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെയർ സ്റ്റൈൽ അദ്ദേഹത്തിന്റെ ഒരു ഐഡന്റിറ്റി ആയിരുന്നു. പാക്കിസ്താൻ ബൗളർ അക്തറിന്റേതിനു സമാനമായ (ഭാഗീകമായി) ബൗളിംഗ് ആക്ഷൻ മറ്റൊരു പ്രത്യേകതയായിരുന്നു. വല്ലാത്തൊരു എനർജി അദ്ദേഹം ബൗൾ ചെയ്യുമ്പോൾ കാണികളിൽ (പ്രത്യേകിച്ചും അദ്ദേഹത്തെ സ്നേഹിക്കുന്നവരിൽ) ഉല്പാദിപ്പിക്കപ്പെട്ടിരുന്നു. അധികം ടെസ്റ്റ് വിജയങ്ങളൊന്നുമില്ലാതിരുന്ന സിംബാവെയുടെ രണ്ടാം ടെസ്റ്റ് വിജയം ഇന്ത്യക്കെതിരെ ആയിരുന്നു, 1998 ൽ. ആ ടെസ്റ്റിൽ അവരുടെ വിജയത്തിന് നിമിത്തമായത് ഒലോംഗയുടെ ആദ്യ ഇന്നിംഗ്സ് 5വിക്കറ്റ് ബൗളിംഗ് പ്രകടനമായിരുന്നു (5/70).

പക്ഷേ പിന്നീടതു പോലൊരു പ്രകടനം തുടരുവാൻ അദ്ദേഹത്തിനായില്ല. രണ്ടാമതൊരു 5 വിക്കറ്റ് പ്രകടനം നടത്തുന്നത് നീണ്ട4 വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനെതിരെ മാത്രമായിരുന്നു. 30 ടെസ്റ്റിൽ 68 വിക്കറ്റ് മാത്രമായിരുന്നു നീണ്ട 7 വർഷ ടെസ്റ്റ് കരിയറിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. 1998 നവംബറിൽ നടന്ന ഷാർജാ കപ്പ് ടൂർണ്ണമെന്റിലെ ഒരപ്രസകത മത്സരം ഇന്ത്യയും സിംബാവേയും തമ്മിൽ. 2 ടീമുകളും ഫൈനലിൽ കടന്നതുകൊണ്ടാണ് മത്സരം അപ്രസക്തം എന്ന് പറഞ്ഞത്. അന്ന് ഒലോംഗയുടെ 4/46 പ്രകടനത്തിൽ സിംബാവേ ജയിച്ചു. ആ പ്രകടനത്തിന്റെ ഊർജ്ജം ആവാഹിച്ച് ഫൈനലിൽ ബൗൾ ചെയ്യാൻ വന്ന അദ്ദേഹത്തെ പക്ഷേ സച്ചിനും സൗരവും ചേർന്ന് ഗ്രൗണ്ടിന്റെ നാനാഭാഗത്തേയ്ക്കും പായിച്ചു.

പിന്നീട് അദ്ദേഹത്തിന്റെ നല്ലൊരു പ്രകടനം 1999 ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ തന്നെയുള്ള ഗ്രൂപ്പ് മത്സരത്തിലായിരുന്നു. മുടന്തിയാണെങ്കിലും ഇന്ത്യ ചേസ് ചെയ്ത് 3 വിക്കറ്റ് ബാക്കി നിൽക്കേ വിജയത്തിലേക്കടുക്കുന്ന സമയം. ക്യാപ്റ്റൻ ക്യാംപ്ബെൽ ഒരു ചൂതാട്ടമെന്ന നിലയ്ക്ക് ഒലോംഗയ്ക്ക് പന്ത് കൊടുക്കുന്നു. ബാറ്റ് ചെയ്യുന്നത് സാക്ഷാൽ റോബിൻ സിംഗ്. അദ്ദേഹത്തിന്റെ പന്ത് റോബിൻ ഉയർത്തിയടിക്കുന്നു പക്ഷേ പന്ത് നേരേ പോയത് ക്യാംപ്ബെലിന്റെ കൈയ്യിലേയ്ക്ക്. പിന്നെ വന്ന ശ്രീനാഥിനെ ക്ലീൻ ബൗൾഡ് ആക്കി. ശേഷം വന്ന വെങ്കിടേഷ് പ്രസാദിനെ എൽ.ബി യിലും കുരുക്കി. അവിശ്വസനീയമായ രീതിയിൽ സിംബാവെ മത്സരം ജയിച്ചു. ഇന്ത്യൻ ആരാധകർ ഞെട്ടിത്തരിച്ചിരുന്നുപോയ രംഗം. അവർ ഇപ്പോഴും മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരം. പക്ഷേ ‘മാൻ ഓഫ് ദി മാച്ച്’ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല.
പിന്നീട് അദ്ദേഹം രണ്ട് തവണ ഏകദിനത്തിൽ 6 വിക്കറ്റ് നേടിയിരുന്നു, 2000-02 കാലഘട്ടങ്ങളിൽ (2 മത്സരങ്ങളും ഞാൻ കണ്ടിട്ടില്ല). ഒരല്പം കൂടി മികച്ച പ്രകടനം ഏകദിനത്തിൽ നടത്തിയിരുന്നു 50 മത്സരങ്ങളിൽ 58 വിക്കറ്റ്.

അത്യന്തം ദാരുണമായിരുന്നു കരിയറിന്റെ അവസാനം. സിംബാവേയിലെ മുഗാബേ ഭരണകൂടത്തിനെതിരെ അദ്ദേഹം നടത്തിയ വിമർശനം ലോകശ്രദ്ധയാകർഷിച്ചു. കൂടെ സൂപ്പർ ബാറ്റ്സ്മാൻ ആൻഡി ഫ്ലവറുമുണ്ടായിരുന്നു. മുഗാബേയ്ക്കെതിരെ ശബ്ദമുയർത്തിയതിനാൽ അദ്ദേഹവും ഫ്ലവറും പ്രത്യേക നിരീക്ഷണത്തിലായിരുന്നു. 2003 ലോകകപ്പ് ടൂർണ്ണമെന്റ് നടക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന് മേൽ രാജ്യദ്രോഹം എന്ന വകുപ്പ് ചാർജ്ജ് ചെയ്തു. പക്ഷേ ആ ലോകകപ്പിലെ സിംബാവേ യുടെ അവസാന മത്സരത്തിന് ശേഷം (vs ശ്രീലങ്ക) ഒലോംഗ മുഗാബേയുടെ രഹസ്യ പോലീസിനെ വെട്ടിച്ച് ഇംഗ്ലണ്ടിലേയ്ക്ക് കടന്നു കളഞ്ഞു. അങ്ങനെ ഏകദേശം എഴര വർഷത്തെ ഏകദിന കരിയറിനും അവിടെ കർട്ടൻ വീണു. ഹീത്ത് സ്ട്രീക്കിന് ശേഷം എന്തെങ്കിലുമൊക്കെ ആയി തീരേണ്ട ഒരു കരിയർ അവിടെ അങ്ങനെ ഇല്ലാതായി.

പക്ഷേ ഒരു കായിക താരം എന്നതിന് പുറമേ ഒരു ഗായകനും കൂടി ആണ് ഹെൻട്രി ഒലോംഗ. ഇപ്പോഴും എന്നെ സംബന്ധിച്ച് ഒരോർമ്മയാണ് ഹെൻട്രി ഒലോംഗ. 1999 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ അവിശ്വസനീയ ബൗളിംഗ് പ്രകടനം നടത്തുമ്പോൾ ഞാൻ പ്രീ ഡിഗ്രീ ഒന്നാം വർഷം പഠിക്കുന്നു. അതിനാൽ തന്നെ കൗമാരത്തിലെ ഒരു ക്രിക്കറ്റ് ആരവമായിരുന്നു ഹെൻട്രി ഒലോംഗ.