ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം നമ്മളിലും

716

ബിനീഷ് നിയാദ് (Binisha Niyad)എഴുതുന്നു

ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയത് അവർ രണ്ടുപേർ മാത്രമാണോ???

അല്ലാ എന്ന് തന്നെയാണ് ഉത്തരം!!!

ആരും പറഞ്ഞത് വക വെക്കാതെ, വഴക്കിട്ടു, സ്വന്തം ഇഷ്ടപ്രകാരം പോയ മകളുടെ/മരുമകളുടെ/ബന്ധുവിന്റെ/സുഹൃത്തിന്റെ കാര്യം നോക്കണ്ട.

പക്ഷേ ആ കുഞ്ഞുങ്ങൾ… അവരെങ്ങനെ ജീവിക്കുന്നെന്നോ, എന്തൊക്കെ ചെയ്യുന്നെന്നോ, എന്തെങ്കിലും കഴിക്കാറുണ്ടോ എന്ന് പോലും ആരും അന്വേഷിക്കാതിരുന്നതിനു എന്ത് ന്യായീകരണമാണ് നമുക്കൊക്കെ പറയാനുള്ളത്?

ആ കുഞ്ഞുങ്ങളെ വല്ലപ്പോഴും ഒന്നു വിളിച്ചു വിവരങ്ങൾ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ…

അവരുടെ സ്കൂളിൽ പോയി ഒരു പ്രാവശ്യമെങ്കിലും അവരെ കാണാനുള്ള മനസ്സ് തോന്നിയിരുന്നെങ്കിൽ…

ഇനി അതൊന്നും നടക്കില്ലെന്നിരിക്കട്ടെ –

സ്കൂൾ അധികൃതരെയോ അയൽക്കാരെയോ അങ്ങനെ ആരെയെങ്കിലും തേടിപ്പിടിച്ചു വിളിച്ചു, മക്കളുടെ വിവരങ്ങളൊന്നു തിരക്കിയിട്ടു‌ ഞങ്ങളെ അറിയിക്കണേയെന്നു പറയാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ……………. സംഭവിക്കുമായിരുന്നോ ഇതെല്ലാം?

എന്തേ… എന്തേ ആരും ഇതൊന്നും ചെയ്തില്ല???


മുതിർന്നവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
വാശിപ്പുറത്ത്, ഈഗോ കാരണം, ഒക്കെ കുഞ്ഞുങ്ങളെ മറക്കുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗവും?? വഴിയിൽ വെച്ച് കണ്ടാൽ പോലും കണ്ടെന്ന ഭാവം നടിക്കാതെ മുഖം വെട്ടിതിരിച്ചു നടന്നു പോവുകയല്ലേ ചെയ്യാറ്?

അതേ… കുഞ്ഞുങ്ങളെയാണ് നമ്മളൊക്കെ ആദ്യമേ മറന്നു കളയുന്നത്! അവരുടെ മേൽ ആണ് എല്ലാ ശിക്ഷകളും വിധിക്കുന്നത്!!!

തമ്മിൽ തമ്മിൽ മിണ്ടാതിരിക്കുമ്പോൾ അതിനിടയിൽ പെട്ട് –

ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞു ജീവിതങ്ങളെ പറ്റി,

നീറിപ്പുകയുന്ന കുഞ്ഞു മനസ്സുകളെ പറ്റി,

എരിഞ്ഞുതീരുന്ന കുഞ്ഞു ജീവനുകളെ പറ്റി,

നമ്മളിൽ എത്ര പേർ ചിന്തിക്കാറുണ്ട്?????

ഒരു തെറ്റും ചെയ്യാത്ത ഇളം മനസ്സുകളെ എന്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കുന്നതെന്നു ഒരു നിമിഷമെങ്കിലും നമ്മളോർക്കാറുണ്ടോ??????

അതുകൊണ്ടു തന്നെ ഈ ഒഴുക്കുന്ന കണ്ണീരിലൊന്നും ഒരു കാര്യവുമില്ല. കാരണം ആ കുരുന്നിനെ ഇല്ലാതാക്കിയതിൽ നമ്മളോരോരുത്തരും ഉത്തരവാദികളാണ്…..

നമ്മൾ ഓരോരുത്തരും……!


പരസ്പരം കുറ്റപ്പെടുത്താനും,

അനാവശ്യമായി മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതത്തെ താരതമ്യപ്പെടുത്താനും,

മനസ്സ് വേദനിപ്പിക്കാൻ വേണ്ടി തന്നെ ചുറ്റുമുള്ളവരെ കളിയാക്കാനും,

ആരെങ്കിലും ജീവിതത്തിൽ പച്ച പിടിക്കുന്നു എന്ന് കാണുമ്പോൾ അസൂയയോടെ മാത്രം നോക്കിക്കാണാനും,

ഇതിനൊക്കെ നമ്മൾ ചിലവാക്കുന്ന സമയം ഇല്ലേ…. അതിൽ നിന്ന് കുറച്ച്‌, വളരേ കുറച്ച്‌, സമയം എടുത്ത് –

പറ്റുന്ന പോലെ നമ്മുടെ കണ്ണും, കാതും, ഹൃദയവും ഒക്കെയൊന്ന് തുറന്നു വെച്ചാൽ കൊള്ളാം… ഒരു ജീവനെങ്കിൽ ഒരു ജീവൻ, വാടിക്കരിഞ്ഞു പോവാതെ ചേർത്തുപിടിക്കാൻ അങ്ങനെയെങ്കിലും നമ്മളെക്കൊണ്ടാവുമെങ്കിൽ……………..!

#Consider #Children

#Childhood is #Precious

#StrongRelationshipsMatters

#StrongBondingMatters

#malayalam #news #currentaffairs