ഗിരീഷ് പുത്തഞ്ചേരി -ദീപ്തമായ ഒരു ഓർമ

208
ബിനോയ് കാലായിൽ
വാക് വൈഭവം കൊണ്ട് അക്ഷരവിസ്മയം സൃഷ്ടിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ അനുഗ്രഹീത കവിയും ഗാനരചയിതാവും ആണ് ഗിരീഷ് പുത്തഞ്ചേരി. അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഭാവഗാനങ്ങൾ ഇന്നും നമ്മളെ ആർദ്രമായി തഴുകുന്നു.പ്രണയവും വിരഹവും ഭക്തിയും തുടങ്ങി മനുഷ്യമനസ്സിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വമാർന്ന വരികളാക്കി പുത്തഞ്ചേരി.
1961 മേയ് 1 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനിച്ച ഗിരീഷിന്റെ വിദ്യാഭ്യാസം സർക്കാർ എ.എൽ .പി.സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു. സ്വന്തം ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് പിന്നീട് സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയുടെ സജീവ അംഗമായും പ്രവർത്തിച്ചു അതിന്റെ ഭാഗമായി ചെറിയ നാടകങ്ങൾ രചിച്ചും സംവിധാനം ചെയ്തും കലാ പ്രവർത്തനങ്ങളിലേക്ക് കടന്നു. പതിനാലാം വയസ്സിൽ ആദ്യ കവിത ചെന്താരയുടെ മോചനം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി,എച്ച്.എംവി , തരംഗിണി,മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതി രംഗത്തേക്കും ചുവടുവച്ചു. യു. വി. രവീന്ദ്രനാഥ് സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ “എങ്ക്വയറി” എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതി ചലച്ചിത്ര ഗാനരചനയിൽ അരങ്ങേറ്റം കുറിച്ചു വെങ്കിലും അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. 1992 ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങിയതിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളവും മലയാളിയും നെഞ്ചേറ്റിയ അനർഘള ഗാന പ്രവാഹമായിരുന്നു പിന്നീട്.
സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം), പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് – 1997), ആരോ വിരൽ മീട്ടി… (പ്രണയവർണ്ണങ്ങൾ – 1998), കണ്ണുംനട്ട് കാത്തിരുന്നിട്ടും…(കഥാവശേഷൻ (2004), ആകാശദീപങ്ങൾ സാക്ഷി.. (രാവണപ്രഭു – 2001), ഇന്നലെ എന്റെ നെഞ്ചിലെ.. (ബാലേട്ടൻ – 2003), കനകമുന്തിരികൾ.. (പുനരധിവാസം – 1999‌), നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ… (അഗ്നിദേവൻ – 1995), ഒരു രാത്രികൂടി വിടവാങ്ങവേ..(സമ്മർ ഇൻ ബെത്‌ലഹേം), അമ്മ മഴക്കാറിന്… (മാടമ്പി 2008‌), രാത്തിങ്കൾ പൂത്താലിചാർത്തി… (ഈ പുഴയും കടന്ന് – 1996), ഏതോ വേനൽ കിനാവിൻ..
കൈക്കുടന്ന നിറയെ…(മായാമയൂരം), മേലെ മേലേ മാനം.., നിലാവേ മായുമോ… (മിന്നാരം)
പുലർവെയിലും പകൽമുകിലും… (അങ്ങനെ ഒരവധിക്കാലത്ത് 1999), നീയുറങ്ങിയോ നിലാവേ… (ഹിറ്റ്ലർ – 1996), കളഭം തരാം… (വടക്കുംനാഥൻ – 2006), ഹരിമുരളീരവം… (ആറാം തമ്പുരാൻ – 1997), ശാന്തമീ രാത്രിയിൽ, ആറ്റിറമ്പിലെ കൊമ്പിലെ (കാലാപാനി ) എന്നിവ അവയിൽ ചിലത് മാത്രം. 344 ചിത്രങ്ങളിലായി 1600-ലേറെ ഗാനങ്ങൾ രചിച്ചു. 7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി.
“മേലേ പറമ്പിൽ ആൺ‌വീട്” ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രത്തിന്‌ കഥയും, “വടക്കുനാഥൻ”,”പല്ലാവൂർ ദേവനാരായണൻ”, “കിന്നരിപ്പുഴയോരം” ,ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.ഷഡ്ജം,
തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകൾ എന്നീ സമാഹരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
കവി, ഗാനരചയിതാവ്, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളില്ലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആ അനുഗ്രഹീത തൂലികാ കാരൻ 49-ാം വയസിൽ , 2010 ഫെബ്രുവരി 10ന് നമ്മെ വിട്ടു പിരിഞ്ഞു. രചന നിർവഹിച്ച ഗാനങ്ങളിലൂടെ മലയാള സാഹിത്യ സാംസ്കാരിക നഭസ്സിൽ നിത്യസ്മാരകം ഒരുക്കി കടന്നു പോയ പ്രിയകവിയുടെ സ്മരണകൾക്ക് പ്രണാമം.