ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്

71
Binoy Devassykutty
ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്. പക്ഷെ, ആഗോളതലത്തിൽ തങ്ങൾ അതികായന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരു രാജ്യത്തിൻറെ നേതാവിന് അങ്ങനെയേ നിലപാട് എടുക്കാൻ കഴിയുകയുള്ളൂ.
മനസിൽ ഒരായിരം കിളികൾ പറന്നുപോകുമ്പോഴും ഇതൊക്കെ ഞങ്ങൾക്ക് നിസാരം എന്ന പ്രതീതി മറ്റുള്ളവരിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കാരണം, മറ്റൊരു ആയുധത്തിനു മുൻപിലും കീഴടങ്ങാത്ത ഒരു രാജ്യത്തെ നിസാരമായ ഒരു വൈറസ് കൊണ്ട് കീഴടക്കാം എന്ന് ശത്രുക്കളിൽ തോന്നലുണ്ടാക്കിയാൽ പിന്നെ അവരുടെ ശ്രദ്ധ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കുക എന്നതായിരിക്കും.
ഒരുപക്ഷെ, ഇത്രയും ഭയാനകമായ മറ്റൊരു വൈറസ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഇടയ്ക്കിടെ ലോകവ്യാപാരകേന്ദ്രത്തിന്റെ ഉടമയായ രാജ്യത്തെ ഒന്ന് വിരട്ടി നിർത്താനും കിംഗ് ജോങ് ഉന്നിനെപോലുള്ള ചിലരെങ്കിലും ശ്രമിക്കാതിരിക്കില്ല.
വെറുതെ വഴീക്കൂടെ നടക്കുമ്പോൾ ചെറുപിള്ളേർ വന്ന് താടിയ്ക്ക് തോണ്ടിക്കളിക്കുന്നത് ഒരു ആസ്ഥാന റൗഡിയ്ക്ക് എത്ര അപമാനമാണ് എന്നോർത്താൽ മതി. അതുകൊണ്ട് ട്രംപിന്റെ പ്രസ്താവനകൾ നിലനില്പിനായുള്ള വാക്കുകൾ മാത്രമായി കാണുകയാണ് ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങൾക്കെല്ലാം ഭൂഷണം.കാരണം, പറയുന്നത് നിസാരമാണെന്നൊക്കെ ആണെങ്കിലും രഹസ്യമായി കർശനമായ നടപടികൾ കൈക്കൊള്ളുന്നുണ്ട് അദ്ദേഹം.
പൗരന്മാരിൽ ആത്മവിശ്വാസത്തിന്റെ വിളക്കുകൾ തെളിയിക്കുന്നതിനൊപ്പം ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ മറ്റുള്ള രാജ്യങ്ങൾക്ക് മാർഗ്ഗദീപമാകാൻ ഇന്ത്യയ്ക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു….