2019 ൽ ഇറങ്ങിയ ചൈനീസ് സിനിമ 2013 ൽ ജിത്തു മോഷ്ടിച്ചെന്ന്, മലയാളിക്കു എന്താ ചൊറിച്ചിൽ

425

Binoy K Elias

2013- ആശീർവാദ് ഫിലിം നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ ഇറങ്ങി.
2019- സാം ക്വാ എന്ന മലേഷ്യൻ ചൈനീസ് സംവിധായകൻ ഷീപ് വിത് ഔട്ട് എ ഷെപ്പേർഡ് എന്ന സിനിമ ഇറക്കി ചൈനയിലെ ഏറ്റവും വലിയ പണംവാരി പടമാക്കി. മലയാളം സിനിമ ദൃശ്യത്തിൻ്റെ ബേസ് സ്റ്റോറിയിലാണ് പടം ഒരുക്കിയതെന്ന് ആ സിനിമയുടെ വിക്കിപീഡിയ പേജിൽ പറയുന്നു.

2019ലെ ചൈനീസ് പടം കോപ്പിയടിച്ച് 2013 ദൃശ്യം ഒരുക്കിയതെങ്കിൽ ജീത്തു വെറും ജീത്തുവല്ല; ജീത്തു ദി ഗ്രേറ്റ്‌ ആണ്. ഒരു മലയാള സിനിമ സൈബർ പ്ലാറ്റ്‌ഫോമിൽ ചലനം സൃഷ്ടിച്ചപ്പോൾ എന്തു ജാതി ചൊറിച്ചിലാണ് മലയാളികൾക്ക്.

  1. ഈ സിനിമ കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഒരു കൂട്ടർ…
    കുറ്റം ചെയ്തവരുടെ ജീവിതം ദുരിതവും ദുരന്തവും നിറഞ്ഞതും എപ്പോഴും ഭീതിയുടെ നിഴലിലാണെന്നുമാണ് ഈ ചിത്രം എനിക്ക് നൽകിയ സന്ദേശം.
  2. ക്ലൈമാക്സ് പിഴവ്, ഇങ്ങനൊന്നുമല്ല ഫോറൻസിക്, താക്കോൽ അവിടെയല്ല വയ്ക്കുക.മലയാള സിനിമയിൽ കാണിക്കുന്ന പോലെയാണോ കുടുംബങ്ങളിൽ നമ്മൾ ഇടപെടുന്നത്? അതുപോലെയാണോ നമ്മുടെ ക്യാംപസുകൾ? അതുപോലെയാണോ കോടതി നടപടികൾ? ആശുപത്രി നടപടി? പൊലീസ് നടപടി? എന്തിന് മാധ്യമപ്രവർത്തനമൊക്കെ കാണിക്കുന്നതു കണ്ടാൽ എൻ്റെ പൊന്നോ…?
    ഇത് സിനിമയാണ്. അൽപം അതിഭാവുകത്വം, അവിശ്വസനീയത ഇതെല്ലാം ഉണ്ടാവും എത്ര റിയലിസ്റ്റിക് മൂവിയിലും. അല്ലെങ്കിൽ അത് കലയാവില്ല.

പ്രിയദർശൻ, കമൽ തുടങ്ങിയവർ എടുത്ത പല ഹിറ്റ് സിനിമകൾക്കും വിദേശത്ത് “ഇരട്ട സഹോദരർ” മുന്നേ ജനിച്ചു എന്നത് സാറ്റലൈറ്റ് ചാനലുകൾ വന്നപ്പോൾ മലയാളികൾ മനസിലാക്കി. ന്യൂജനറേഷൻ ലേബലിൽ കൊറിയൻ, ലാറ്റിനമേരിക്കൻ, ഇറാനിയൻ പടങ്ങൾ ഇറങ്ങുമ്പോഴും ഈ ബഹളങ്ങൾ കണ്ടിട്ടില്ല. ഒരു മലയാള സിനിമയിൽ കണ്ട സീനുകൾ ഫാർ ഈസ്റ്റ് സിനിമയിൽ കാണുമ്പോൾ “ജീത്തൂ… കള്ളാ…” എന്ന് കൂവുന്നതിനു മുമ്പ് ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ.ഗ്ലോബലൈസേഷൻ പുറത്തു നിന്ന് ഇന്ത്യയിലേക്ക് മാത്രമല്ല, ഇന്ത്യയിൽ നിന്ന്‌ പുറത്തേയ്ക്കും നടക്കും സഹോ…