ബുക്ക് തുറന്നുവച്ചു എഴുതാൻ അനുവദിച്ചാലും പഠനത്തിൽ കഴിവുള്ളവനേ കൂടുതൽ മാർക്ക് നേടൂ

41
പരീക്ഷാഹാളിൽ കോപ്പിയടി നടന്നാൽ എന്താണ് സർവകലാശാല നടപടിക്രമം ?
Binoy K Elias
ഞാൻ മനസിലാക്കിയിടത്തോളം കോപ്പിയടിച്ച പേപ്പർ, ഉത്തരക്കടലാസ്, ചോദ്യപേപ്പർ, ഹാൾടിക്കറ്റ് എന്നിവ കണ്ടുകെട്ടി കോപ്പിയടിച്ച വിദ്യാർത്ഥിയുടെ കയ്യിൽ ന്നുള്ള കുറ്റസമ്മതപത്രവും വാങ്ങി യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് ചെയ്യണം. അതു ഹിയറിങ് നടത്തി സവർകലാശാല നടപടി എടുക്കും. അല്ലാതെ, അവഹേളനം, ചീത്തവിളി പ്രിൻസിപ്പാളിന്റെ സമക്ഷം പോയി കുമ്പിടൽ, വീട്ടുകാരെ വിളിച്ചു വരുത്തി അവഹേളിക്കൽ… ഇതിനൊന്നും നിയമമില്ല.
ഇനി കോപ്പിയടിയുടെ പേരിൽ മീനച്ചിലാറിൽ പെൺകുട്ടി ജീവനൊടുക്കിയ കേസ് നോക്കാം… ചില ചോദ്യങ്ങൾ ആ വാർത്ത വായിക്കുമ്പോൾ മനസ്സിൽ വരുന്നു…
1. മരിച്ച കുട്ടി ഉത്തരം നോക്കി എഴുതിയിട്ടുണ്ടോ?
2. ഹാൾടിക്കറ്റിൽ എഴുതിയ കുറിപ്പുകൾ ഉത്തരമെഴുതാൻ സഹായകരമായിരുന്നോ?
3. കുറിപ്പിലേത് കുട്ടിയുടെ കയ്യക്ഷരം തന്നെയാണോ?
4. ഇനി ഹാൾടിക്കറ്റിൽ എഴുതിയതു കണ്ടിട്ടുണ്ടേൽ അത് വാങ്ങിവച്ചിട്ട് കുട്ടിയെ കൊണ്ട് പരീക്ഷ എഴുതിക്കാമായിരുന്നില്ല?
5. ഏതോ പാരലൽ കോളജിലെ കുട്ടി എന്ന പതിവ് പുച്ഛം, പിന്നെ സ്ക്വാഡ് വന്നാൽ കോളജിനും മോശം എന്നതുകൊണ്ടാണോ ഈ കുട്ടിയോട് ഇങ്ങനെ പെരുമാറിയത്?
6. പെൺകുട്ടിയെ അന്വേഷിച്ചു വന്ന ബന്ധുവിനോട് അവളെപ്പറ്റി മോശമായി പ്രിൻസിപ്പാൾ സംസാരിച്ചു എന്നത് സത്യമാണോ?
ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം കിട്ടുകയാണെങ്കിൽ ഈ കേസിൽ നീതിയുണ്ടാവും. അല്ലെങ്കിൽ മീനച്ചിലാറിന്റെ തണുപ്പിൽ അപമാനത്തിൻ്റെ പൊള്ളൽ തണുപ്പിക്കാൻ നിർബന്ധിതയായ ഒരു പെൺകുട്ടിയുടെ കണ്ണുനീർ ഈ സംഭവത്തിന് ഉത്തരവാദികളായവരുടെ ചോറിൽ വീഴും. അവളുടെ ആത്മാവ് നീതിക്കായി നിലവിളിച്ചുകൊണ്ടേയിരിക്കും. കുട്ടികൾ കോപ്പിയടി, ക്യാംപസിലെ നിയമവിരുദ്ധമായ പ്രവർത്തനം എന്നിവ നടത്തിയാൽ, പക്ഷപാതം കാട്ടാതെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല. അതിനെ അനുകൂലിക്കുകയും ചെയ്യും.
കോളേജ് സാറുമ്മാരുടെ മര്യാദയുടെ കാര്യമൊന്നും പറയണ്ട. ബോ വച്ച് പരീക്ഷ എഴുതാൻ വന്ന ആൺകുട്ടിയോട് “നീ ആണാണോ പെണ്ണാണോ” എന്നലറിയ പ്രിൻസിപ്പാൾ പാലായ്ക്ക് സമീപമുള്ള ഒരു കോളജിലുണ്ട്. ഈ കഴിഞ്ഞ ബികോം പരീക്ഷയ്ക്കിടെ. ഞങ്ങൾ വിചാരിച്ചാൽ നിൻ്റെയൊക്കെ ഭാവി വെളുപ്പിച്ചു കളയാം എന്ന അഹന്ത നല്ലതിനല്ല. കുട്ടികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുമ്പോൾ നിയമപരമായ നടപടികൾ ആണ് എടുക്കേണ്ടത്. അല്ലാതെ ഞാനിരിക്കുന്നത് ആനപ്പുറത്താണ്. ഞാൻ പറഞ്ഞാൻ ആന ചവിട്ടിക്കൊല്ലും എന്ന രീതിയിൽ കുട്ടികളെ പഠിക്കാൻ ഇറങ്ങിയാൽ ചിലപ്പോൾ തടി കേടാകും. അപ്പോൾ കൂട്ടിന് സ്വന്തം നിഴലുപോലും ഉണ്ടാവില്ല…
************
ബുക്ക് തുറന്നുവച്ചു എഴുതാൻ അനുവദിച്ചാലും പഠനത്തിൽ കഴിവുള്ളവനേ കൂടുതൽ മാർക്ക് നേടൂ
Ajith Sudevan എഴുതുന്നു 
60 ചോദ്യങ്ങൾ ഉള്ള ഒര് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ എഴുതാൻ 2 മണിക്കൂർ (120 മിനിറ്റ്) ഉണ്ടെന്ന് കരുതുക. പഠനത്തിൽ സമർഥനായ വ്യക്തി 55 ചോദ്യങ്ങളുടെ ഉത്തരങ്ങൾ തെറ്റില്ലാതെ എഴുതി. പഠനത്തിൽ ശരാശരി ഉള്ള വിദ്യാർത്ഥി 45 ചോദ്യങ്ങളുടെ ഉത്തരങ്ങൾ ശരിയായി എഴുതി. പഠനത്തിൽ ശ്രദ്ധിക്കാതെ നടന്ന വിദ്യാർഥി കറക്കി കുത്തി 30 ചോദ്യങ്ങളുടെ ഉത്തരം ശരിയാക്കി.
ജയിക്കാൻ 45 ചോദ്യങ്ങളുടെ ഉത്തരം ശരിയാക്കണം തുടർന്ന് മികച്ച കോളേജിൽ അഡ്മിഷൻ കിട്ടാൻ 55 ചോദ്യങ്ങളുടെ ഉത്തരം ശരിയാക്കണം. ഈ സാഹചര്യത്തിൽ 600 പേജുള്ള പുസ്തകം തുറന്ന് വെച്ച് എഴുതാൻ അനുവദിച്ചാൽ എന്ത് സംഭവിക്കും. ഏറിയാൽ 5 ചോദ്യം കൂടെ ശരിയാക്കാൻ ഇവരിൽ ഓരോ വ്യക്തിക്കും കഴിയും.
Funny Exams Cheating Pictures | HousE oF EntertainmenTകാരണം ഒന്നും പഠിക്കാത്തവന് ഒര് ചോദ്യത്തിന്റെ ഉത്തരം തപ്പിപിടിച്ചു കണ്ട്പിടിക്കാൻ കുറഞ്ഞത് 5 മിനിറ്റ് എങ്കിലും എടുക്കും. എല്ലാ ചോദ്യത്തിന്റെയും ഉത്തരം അങ്ങനെ എഴുതിയാൽ 2 മണിക്കൂർ (120 മിനിറ്റ്) കൊണ്ട് വെറും 24 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രമേ എഴുതാൻ പറ്റു. അപ്പോൾ സ്വാഭാവികമായും പണി പാളും.പഠനത്തിൽ ശരാശിക്കാരൻ ഒര് 3 മിനിറ്റ് കൊണ്ട് ഒക്കെ ഉത്തരം കണ്ടെത്തും പക്ഷെ എല്ലാ ചോദ്യത്തിന്റെയും ഉത്തരം അങ്ങനെ എഴുതിയാൽ 2 മണിക്കൂർ (120 മിനിറ്റ്) കൊണ്ട് വെറും 40 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രമേ എഴുതാൻ പറ്റു. അപ്പോൾ സ്വാഭാവികമായും പണി പാളും.
പഠനത്തിൽ സമർത്ഥൻ പുസ്തകത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളതിനാൽ 2 മിനിറ്റ് കൊണ്ട് ഒക്കെ ഉത്തരം കണ്ടെത്തും. അങ്ങനെ എല്ലാ ചോദ്യത്തിന്റെയും ഉത്തരം പുള്ളിക്കാരൻ ശരിയാക്കും. എന്റെ നോട്ടത്തിൽ നിലവിലെ ഉപന്യാസ രൂപത്തിൽ ഉള്ള പരീക്ഷ രീതി മാറ്റിയിട്ട് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ രീതി കൊണ്ടുവന്നാൽ അത് നാട്ടിലെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ കുറയ്ക്കാൻ ഒന്നും പോകുന്നില്ല.
എന്ന് മാത്രമല്ല പ്രസ്തുത രീതിയിൽ ഉള്ള പരീക്ഷയിൽ പുസ്തകം തുറന്ന് വെച്ച് എഴുതാൻ അനുവദിച്ചാലും അത് സമർത്ഥന്റെ അവസരം അലസൻ തട്ടിയെടുക്കുന്ന അവസ്ഥയൊന്നും ഉണ്ടാക്കുകയും ഇല്ല. ഒര് ചോദ്യത്തിന്റെ ഉത്തരം എഴുതാൻ 2 മിനിറ്റിൽ കൂടുതൽ സമയം ഉണ്ടേൽ പുസ്തകം തുറന്ന് വെച്ച് എഴുതുമ്പോൾ അട്ടിമറി നടക്കാം.അതുപോലെ ഒര് ചോദ്യത്തിന്റെ ഉത്തരം എഴുതാൻ ഒര് മിനിറ്റിൽ കൂടുതൽ സമയം ഉണ്ടേൽ ഇന്റർനെറ്റ് സൗകര്യം ഉള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദനീയമായ പരീക്ഷയിൽ അട്ടിമറി നടക്കാം. അതിനാൽ ഇന്റർനെറ്റ് സൗകര്യം ഉള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദനീയമായ പരീക്ഷയിൽ ഒര് ചോദ്യത്തിന്റെ ഉത്തരം എഴുതാൻ ശരാശരി 45 സെക്കൻഡ് മാത്രമേ ഇവിടെ അനുവദിക്കാറുള്ളൂ. അതായത് ഈ രീതിയിൽ 60 ചോദ്യത്തിന്റെ പരീക്ഷയുടെ സമയം 45 മിനിറ്റ് ആയി കുറയ്ക്കും.
നാട്ടിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ കോപ്പിയടി വിവാദവും അനുബന്ധ പ്രശനങ്ങളും ഒര് പരിധിവരെ പരിഹരിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ വിദ്യാഭ്യാസ നിലവാരം അടപടലം തകരും എന്ന ഭീതിയൊന്നും വേണ്ട. അങ്ങനെയെങ്കിൽ അമേരിക്കൻ യൂണിവേഴ്സിറ്റികൾ ഒക്കെ എന്നേ തകർന്ന് പോയേനെ.