ഒരു മോഡൽ പിൻവലിച്ചു വാഹനനിർമാതാക്കൾ കൈകഴുകുമ്പോൾ വഞ്ചിതരാവുന്നത് വാഹനം വാങ്ങിയവരാണ്

211

Binoy K Elias

ചില വാഹനചിന്തകൾ…

കഴിഞ്ഞ ദിവസം വിപണിയിൽ നിന്ന് പിൻവലിക്കുന്ന ചില വാഹനങ്ങളെപ്പറ്റിയുള്ള ഒരു ലേഖനം കണ്ടു. ഹോണ്ട ബിആർവി, റെനോ ക്യാപ്ചർ, ഹ്യുണ്ടായ് അക്സൻ്റ്, നിസാൻ സണ്ണി, മൈക്ര… എന്നിങ്ങനെ ഒരു ലിസ്റ്റ്. ഈ കാറുകൾ മേടിച്ച് ലോൺ പോലും തീരാത്തവർ നാട്ടിലുണ്ടാവും. 15 വർഷത്തെ ടാക്‌സ് സർക്കാർ ഈ കാറുകളുടെ പേരിൽ അവരുടെ പോക്കറ്റിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ വിൽപന കുറവിൻ്റെ പേരിലോ, എമിഷൻ മാനദണ്ഡങ്ങളുടെ പേരിലോ മോഡൽ പിൻവലിച്ചു വാഹനനിർമാതാക്കൾ കൈകഴുകുമ്പോൾ വഞ്ചിതരാവുന്നത് അവരെ വിശ്വസിച്ചു വാഹനം വാങ്ങിയവരാണ്.

വാഹനം മടക്കി വിളിച്ചു (ഇത് ടെക്നിക്കൽ കറക്ഷൻ നടത്തുന്നതിന് പറയുന്നതാണ് എന്ന ബോധം പലർക്കും ഇല്ല), മോഡൽ പിൻവലിച്ചു, കമ്പനി ഇനി ഇന്ത്യയിൽ വിൽപന നടത്തില്ല തുടങ്ങിയ പ്രഖ്യാപനങ്ങൾ ഉപഭോക്താക്കൾക്ക് സാമ്പത്തികമായും മാനസികമായും സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. മാരുതി ആൾട്ടോ മാറ്റി ഒരു സെഡാൻ എടുത്താലോ എന്ന ആഗ്രഹം മനസ്സിൽ കയറിയ കാലം മുതൽ പഠനം നടത്തി, പരിപാലന ചെലവ് കുറഞ്ഞതും മൈലേജ് ഉള്ളതും ബ്രാൻഡ് വാല്യു, ലുക്ക് ഇതെല്ലാം നോക്കിയാണ് ഷെവർലെ സെഡാൻ എടുത്തത്. സംഗതി എല്ലാം സ്മൂത്തായി പോകുമ്പോൾ ഷെവർലെ കമ്പനി തന്നെ ഇന്ത്യയിലെ വിൽപ്പന നിർത്തി. ഭാഗ്യത്തിന് സർവീസ് തുടരുന്നുണ്ട്. അമേരിക്കൻ കമ്പനിയല്ലേ അവരതു ചെയ്യും എന്ന് പറയുന്നവർ ഫിയറ്റ്, ഓപൽ, പ്യുഷെ തുടങ്ങിയവർ ചെയ്തത് ഓർക്കണം. എന്തിന് നമ്മുടെ മാരുതി എ സ്റ്റാർ, റിറ്റ്സ് തുടങ്ങിയ മോഡലുകളോട് ചെയ്തത് മറക്കരുത്. മഹീന്ദ്ര വെരിറ്റയോട് കാണിച്ചതും.

കമ്പനി നഷ്ടം സഹിച്ച് ഇറക്കിയ മോഡലുകൾ തുടരണം എന്ന് പറയാൻ പറ്റില്ല. എന്നാൽ, 15 വർഷത്തെ ടാക്‌സ് സർക്കാർ വാങ്ങുമ്പോൾ ആ 15 വർഷം പ്രസ്തുത മോഡലുകൾക്ക് സർവീസ്, സ്പെയർ പാർട്സ് എന്നിവ നൽകുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിർമാതാക്കൾക്കും ഡീലറുമ്മാർക്കും ഉണ്ടാവണം എന്നതു കൂടി സർക്കാർ ഉറപ്പാക്കണം. പാർപ്പിടം പോലെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളുടെ ഭാഗമാണ് വാഹനങ്ങളും. ഹൗസിങ് ലോൺ പോലെ കണക്കാക്കേണ്ട ഒന്നായി മാറി വാഹനലോണും. സാധാരണക്കാർ അവരുടെ ജീവിതത്തിൽ ആഗ്രഹിച്ചു വാങ്ങുന്ന വാഹനങ്ങൾക്ക് റജിസ്റ്റേർഡ് കാലാവധി വരെയെങ്കിലും പരിപാലനം ഉറപ്പു നൽകാൻ ഏത് വാഹനനിർമാതാവ് തയാറാവും?