ഫ്രാങ്കോ കാർട്ടൂണിൽ മതവിരുദ്ധത കാണാത്തതിൻ്റെ കാരണങ്ങൾ

332

Binoy K Elias എഴുതുന്നു 

ഫ്രാങ്കോ കാർട്ടൂൺ ഇപ്പറയുന്ന പോലെ മതവിരുദ്ധമോ, ആചാര വിരുദ്ധമോ ആയി കാണാൻ എത്ര ശ്രദ്ധിച്ചു നോക്കിയിട്ടും കഴിയുന്നില്ല. കത്തോലിക്ക സഭയിലെ ബിഷപ്പായ ഫ്രാങ്കോ എന്ന വ്യക്തി തൻ്റെ അധികാരപരിധിയിലുള്ള ഒരു കന്യാസ്ത്രീയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന കേസിനാസ്പദമായി വരച്ച ഒരു ആക്ഷേപഹാസ്യ പോസ്റ്റർ മാത്രമായാണ് അതു തോന്നിപ്പിച്ചത്.
ആ വർക്കിൽ ഇപ്പറയുന്ന മതവിരുദ്ധത കാണാത്തതിൻ്റെ കാരണങ്ങൾ ഇനിപ്പറയുന്നു.
1.മതമേലധികാരികളുടെ സ്ഥാനചിഹ്നങ്ങളുടെ ഭാഗമാണ് വെള്ളക്കുപ്പായം, കുരിശുമാല, കുരിശുള്ള അംശവടി. ഇതൊന്നും ആചിത്രത്തിലില്ല.
2. അത്തരം ചിഹ്നങ്ങൾ മതപരമായ ആക്ഷേപങ്ങൾക്ക് ഇടയാകരുത് എന്ന ലക്ഷ്യത്തോടെ ആകണം കുരിശും കുപ്പായവും ഒഴിവാക്കിയത്.
3. ബിഷപ്പ് ഫ്രാങ്കോയുടെ മുഖം ഒരു പൂവൻകോഴിക്ക് ഫിറ്റ് ചെയ്താൽ കോഴി ബിഷപ്പാകുമോ? ബിഷപ്പ് കോഴി (ലൈംഗിക അതിക്രമമോ, ആസക്തിയോ പ്രകടിപ്പിക്കുന്നവരെ കോഴി ആയി ചിത്രീകരിക്കുന്നതിൻ്റെ സാംഗത്യം എന്താണാണോ? പലരുടെയും ലൈംഗിക പ്രകൃതം കണ്ടാൽ, അത്തരം സ്വഭാവമുള്ള മൃഗങ്ങളെ അത്തരക്കാരുടെ പേരു ചേർത്ത് വിളിക്കണം എന്നാണ് മൃഗാധിപത്യ എഡിറ്ററുടെ പക്ഷം) ആകുന്നുണ്ടെങ്കിൽ അതയാളുടെ വ്യക്തിപരമായ കയ്യിലിരുപ്പല്ലേ? മതമെന്തിന് ബോതർ ചെയ്യണം? പിടിച്ചു പുറത്താക്കുകയോ, കമ്മീഷനെ വെച്ച് തീവ്രത അളക്കുകയോ ചെയ്താൽ തീരാവുന്ന കാര്യമല്ലേയുള്ളു.
4. കുരിശില്ലാത്ത അംശവടി വെറും വളഞ്ഞ ഊന്നു വടി മാത്രമല്ലേ? ഇത്ര വികാരം കൊള്ളണോ?
ഈ ചിത്രം ഉയർത്തുന്ന ചില രാഷ്ട്രീയ ചോദ്യങ്ങളുണ്ട്…
1. ഷൊർണൂർ എംഎൽഎയെ ചിന്ന പൂവനായി വരച്ചിട്ടുണ്ട്. ആ വ്യക്തിക്ക് എതിരെ നിയമപരമായി ഒരു ലൈംഗിക അതിക്രമ പരാതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഈ ചിത്രം നിയമസഭാംഗത്തിൻ്റെ അവകാശലംഘനത്തിൻ്റെ പരിധിയിൽ വരുമോ എന്നത് നിയമപരമായി പി. കെ. ശശി എംഎൽഎയ്ക്ക് പരിശോധിച്ച് നടപടി എടുക്കാം. വ്യക്തിപരമായും മാനനഷ്ടക്കേസ് ഫയൽ ചെയ്യാമെന്ന് തോന്നുന്നു.
2. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിൻ്റെ ഭാഗമായ കേരള പൊലീസിന്റെ തൊപ്പിയുടെ മുകളിലാണ് ഫ്രാങ്കോപൂവൻ നിൽക്കുന്നത്. അത്തരമൊരു ചിത്രത്തിന്, അതേ മുഖ്യമന്ത്രിയുടെ മന്ത്രി സഭ നിയമിച്ച അക്കാദമി അവാർഡ് നൽകിയത് ആവിഷ്കാര സ്വാതന്ത്ര്യം എത്രമാത്രം ഉറപ്പാക്കുന്നു എന്നതിന് ഉദാഹരണമായി കാണണം. സഭയേക്കാൾ കാർട്ടൂണിസ്റ്റ് വിമർശിച്ചത് ആഭ്യന്തര വകുപ്പിനെയാണ്. വികാരം കൊള്ളുന്ന സഭാസ്നേഹികൾ സഹിഷ്ണുത ആഭ്യന്തര വകുപ്പിൽ നിന്നും സർക്കാരിൽ നിന്നും പഠിക്കണം.
ഇനിയുള്ള വിഷയം ആ സൃഷ്ടി എത്ര പുരുഷകേന്ദ്രീകൃതമായ ലൈംഗിക കാഴ്ചപ്പാടാണ് എന്നതാണ്.
1. സ്ത്രീയുടെ അടിവസ്ത്രം എങ്ങനെയാണ് പുരുഷ ലൈംഗിക അതിക്രമത്തിൻ്റെ പ്രതീകമാകുന്നത്? ഷഡ്ഡി ഇടാൻ പോലും സമ്മതിക്കില്ല എന്ന പുരുഷമേധാവിത്വ ലൈംഗിക തമാശയുടെ ചിത്രീകരണം മാത്രമാണത്. ആ ഓടുന്ന കന്യാസ്ത്രീകൾ കൂടിയാകുമ്പോൾ ഷഡ്ഡി ബിംബമാക്കിയത് എത്രമാത്രം സ്ത്രീ വിരുദ്ധവുമായി മാറി ആ വർക്ക് എന്ന് ചിന്തിക്കണം.
സ്ത്രീ ശാക്തീകരണം മുഖമുദ്രയാക്കിയ സർക്കാരിൻ്റെ കീഴിലുള്ള അക്കാദമികൾ കുറച്ചു കൂടി ‘ശരി രാഷ്ട്രീയം’ നിലപാടുകളിൽ ഇനിയെങ്കിലും ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ വിവാദം നൽകുന്ന പാഠം.
ആവിഷ്കാര സ്വാതന്ത്ര്യം
നമ്മളൊരു കാറ് വാങ്ങുന്നു. കാശ് മുടക്കുന്നത് നമ്മൾ, റോഡ് ടാക്‌സ് അടയ്ക്കുന്നത് നമ്മൾ, ഇന്ധനത്തിന്റെ കാശ് കൊടുക്കുന്നതും നമ്മൾ. ആക്സിലേറ്റർ നമ്മുടെ കാലിൽ, സ്റ്റിയറിങ് നമ്മുടെ കയ്യിൽ… അതുകൊണ്ട് ഓടിക്കുന്നത് നമ്മുടെ സൗകര്യം എന്ന രീതിയിൽ ആരാൻ്റെ നെഞ്ചത്തൂടെ വണ്ടി ഓടിക്കുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം. വിർമർശനം നടത്തുമ്പോൾ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ, സോഷ്യോ-പൊളിറ്റിക്കൽ കറക്ടനെസോടെ ആവണം ആവിഷ്കാര സ്വാതന്ത്ര്യം വിനിയോഗിക്കാൻ. സ്ത്രീപീഡകരായ രാഷ്ട്രീയ നേതാക്കൾ, പുരോഹിതർ, മതനേതാക്കൾ എന്നിവരെ വിമർശിക്കുന്നത് അവർ നിലകൊള്ളുന്ന സമൂഹത്തെ മുഴുവനും ആക്ഷേപിച്ചു കൊണ്ടാവരുത്. എന്നാൽ, അവരുൾക്കൊള്ളുന്ന സമൂഹം ആ തെറ്റിനെ ന്യായീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്താൽ ഒരു ദാക്ഷണ്യവും കൂടാതെ അവരെ തങ്ങളുടെ മാധ്യമങ്ങളിലൂടെ നേരിടുന്നതുമാണ് ഒരു സാമൂഹിക വിമർശകൻ്റെയും കാർട്ടൂണിസ്റ്റിൻ്റെയും ധർമം.
ഇനി ‘വികാരി’കളോട്—
വെറുതെയങ്ങ് കൊള്ളാനുള്ളതല്ല ഈ വികാരം. അതു നമ്മുടെ ശരീരത്തിൽ നിരവധി രാസപ്രക്രിയകൾ നടത്തുന്ന ഒരു സംഭവമാണ്. സന്തോഷം, ആനന്ദം എന്നിവ നൽകുന്ന വികാരം പോസിറ്റീവ് ഇംപാക്ട് നൽകുമ്പോൾ, പക, വിദ്വേഷം, കോപം, വൈരാഗ്യം, ദേഷ്യം ഇവയെല്ലാം നമുക്ക് നെഗറ്റീവ് സ്ട്രോക്കും അതുവഴി ഏജിങ്ങിനും കാരണമാകും.
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ…

വിവാദമായ കാർട്ടൂൺ
വിവാദമായ കാർട്ടൂൺ