ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതു സ്വഭാവക്കാരെ സൂക്ഷിക്കണം ?

740

Binoy K Elias

ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ വേണ്ടത് എന്താണ്? എൻ്റെ അഭിപ്രായത്തിൽ കൂടെയുള്ള വ്യക്തിക്ക് ആവശ്യമായ ഇടവും ആ പങ്കാളിയുടെ വ്യക്തിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കാനുള്ള മനസ്സുമാണ് വേണ്ടത്.
ഇത് ഭാര്യാഭർതൃ ബന്ധത്തിൽ മാത്രമല്ല, ഏതുതരം വ്യക്തിബന്ധങ്ങളുടെയും ആരോഗ്യകരമായ നിലനിൽപ്പിന് ആവശ്യമാണ്.
കാമുകിയെ/സ്നേഹിതയെ (തിരിച്ചും) കത്തിച്ചു കൊല്ലുക അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്തുക എന്നത് വാർത്തകളിൽ നിറയുമ്പോഴാണ് ഇത് എന്തുകൊണ്ട് എന്ന് ചിന്തിച്ചത്.
Image result for acid attack cartoon“തനിക്ക് ഇല്ലെങ്കിൽ ആർക്കും വേണ്ട” എന്ന സ്വാർത്ഥത, തോറ്റു പോയവൻ/പോയവൾ എന്ന ഈഗോ ഇതു രണ്ടുമാവണം ഇത്തരം മാനസിക രോഗികളുടെ അടിസ്ഥാന പ്രശ്നം. പൊതുവെ ഇത്തരമാളുകൾ ഉൾവലിഞ്ഞ സ്വഭാവക്കാരും അനിയന്ത്രിതമായ കോപം പ്രകടമാക്കുന്നവരുമായാണ് കാണാറ്. അവർക്ക് കംഫർട്ടബിൾ ആയ അവസ്ഥ നഷ്ടമാവുമ്പോഴുള്ള നിയന്ത്രണാതീതമായ വൈകാരിക വിസ്ഫോടനമാണ് കുറ്റകൃത്യങ്ങൾ ആയി മാറുന്നത്.
ഇത്തരമാളുകൾ പ്രകടമാക്കുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്.
Related image1. അമിതമായ കരുതലും സ്നേഹവും പ്രകടിപ്പിക്കുക. ഒപ്പമുള്ളവരെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ.
2. മറ്റാരോടെങ്കിലും അടുത്തു പെരുമാറുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുക.
3. ഫോൺ വിളീക്കുമ്പോൾ എടുക്കാതിരിക്കുക, എൻഗേജ് ആവുക തുടങ്ങിയ ഘട്ടങ്ങളിൽ അസ്വസ്ഥത, സംശയം, ദുരാരോപണങ്ങൾ, ചീത്തവിളി തുടങ്ങിയവ നടത്തുക.
4. അസ്വസ്ഥതപ്പെടുത്തുന്ന രീതിയിൽ അമിതസംരക്ഷണ മനോഭാവം പുലർത്തുക.
5. വ്യക്തിസംഘർഷങ്ങളിൽ നിയന്ത്രണം വിട്ട് അസഭ്യം പറയുക, കയ്യേറ്റ പ്രവണത, ആത്മഹത്യ ഭീഷണി, വധഭീഷണി തുടങ്ങിയവ നടത്തുക. ഒടുവിൽ ഇതെല്ലാം സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് അവകാശപ്പെടുക…
ഇത്തരം രീതികൾ സുഹൃത്തിന് ഉണ്ടെങ്കിൽ നല്ലരീതിയിൽ ആ കൂട്ട് ഒരുകൈ അകറ്റി നിർത്തുന്നതാണ് നല്ലത്.
ഇത് പുരുഷൻമാരിൽ മാത്രമാണോ എന്നു ചോദിച്ചാൽ, അല്ല. ഇത്തരം സ്ത്രീകളുമുണ്ട്. എന്നാൽ, നമ്മുടെ സമൂഹത്തിൽ, സാമൂഹികമായും കായികമായും സ്ത്രീ നേരിടുന്ന അടിച്ചമർത്തൽ ഒന്നു മാത്രമാണ് അതത്ര പ്രകടമാവാത്തതിനു കാരണം.
പുരുഷ മേധാവിത്വ മനോഭാവം സ്ത്രീയെ തൻ്റെ ഒരു കൈവശാവകാശ വസ്തുവായി കാണുന്നതും പങ്കാളിയുടേയോ, സ്ത്രീ സുഹൃത്തിൻ്റെയോ നേരെ അതിക്രമം നടത്തുന്നതിന് ഒരു കാരണമാണ്. ഈ ആണധികാര പ്രവണതയാണ് “തേച്ചിട്ടല്ലേ” എന്ന ഏറ്റവും വ്യക്തിസ്വാതന്ത്ര്യ വിരുദ്ധമായ പ്രയോഗത്തിൻ്റെ അടിസ്ഥാനം. ഒരുതരത്തിലും ചേർന്നു പോകാൻ പ്രയാസമുള്ള ബന്ധങ്ങൾ തമ്മിൽ സംസാരിച്ചു പിരിയുന്നതാണ് ഇരു കൂട്ടർക്കും നല്ലത്. അതിനു വേണ്ടത് വീടിനുള്ളിലും ഇടപെടുന്ന സമൂഹത്തിലും തുറന്ന ആശയവിനിമയം നടത്തുക എന്നതാണ്.
സൗഹൃദപ്പക ജീവനെടുത്ത എല്ലാ കേസുകളിലും ആശയവിനിമയത്തിൻ്റെ അഭാവം കാണാം.
ആണുങ്ങളെല്ലാം കൊല്ലാൻ നടക്കുന്നവരും പെണ്ണുങ്ങളെല്ലാം ഇരകളുമാണെന്ന വാദവും ആണുങ്ങൾ ചതിക്കപ്പെടുന്നവരും പെണ്ണുങ്ങൾ വഞ്ചകികളുമാണെന്ന കാഴ്ചപ്പാടും ഒരേപോലെ വൈകല്യമുള്ളതാണ്. ഇത്തരം കേസുകളിൽ “ലൈംഗികാസൂയ” ഒരു പ്രധാന ഘടകമാണ്. എന്നാൽ, അതിൻ്റെ അർഥം ‘കാമപൂർത്തിക്ക് വേണ്ടി പങ്കാളിയെ തേടുന്നു’ എന്നല്ല.
എനിക്ക് കിട്ടാത്തത് ആർക്കും വേണ്ട എന്ന ചിന്ത ഒരു തരം ലൈംഗികാസൂയയിൽ നിന്നുള്ളതാണ്.
അവള് കാമപൂരണത്തിന് പോയിട്ടല്ലേ എന്ന ചിന്തയും ലൈംഗികാസൂയയുടെ വേറൊരു മുഖമാണ്.
സ്ത്രീ പുരുഷ ലൈംഗിക സമീപനങ്ങളെപ്പറ്റി ശാസ്ത്രീയമായ അവബോധം ഇല്ലാത്തതും വികല ലൈംഗിക ധാരണകളുമാണ് ഇത്തരം ചിന്തകളുടെ അടിസ്ഥാനം.
ഒരു പെണ്ണ് “നോ” പറഞ്ഞാൽ, അത് ‘വേണ്ട’ എന്നല്ല നമ്മുടെ സമൂഹം കാണുന്നത്. നിർബന്ധിച്ചാൽ, പുറകേ നടന്ന് കെഞ്ചിയാൽ, അവളെ പുകഴ്ത്തി പറഞ്ഞാൽ, അവളെ സഹായിച്ചാൽ അവൾ “സമ്മതം ‘മൂളും'(അതും പറയില്ല!!!)” എന്ന തരത്തിലാണ് സ്ത്രീ പുരുഷ പ്രെപ്പോസലുകളെപ്പറ്റിയുള്ള ധാരണ കണ്ടീഷൻ ചെയ്തിരിക്കുന്നത്. നമ്മുടെ കലാസാഹിത്യ-സിനിമാ മേഖല ഈ കണ്ടീഷനിങ്ങിന് വഹിച്ച പങ്ക് നിഷേധിക്കാനാവില്ല.
ജീർണത ബാധിച്ച, കാഴ്ചപ്പാടുകളിൽ വൈകല്യം ബാധിച്ച രോഗാതുരമായ സമൂഹ മനസ്സിൻ്റെ അവതാരങ്ങളാണ് മണ്ണെണ്ണയും പെട്രോളും ആസിഡും കൊലക്കത്തിയുമായി വ്യക്തിബന്ധ തകർച്ചകളെ സംഹരിച്ച് മാനം തേടുന്നത്. കേവലം രോഷപ്രകടനം നടത്തി അടുത്ത കേസിന് കാത്തിരിക്കുകയല്ല വേണ്ടത്. വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്ന സാമൂഹിക മനശാസ്ത്ര ചികിത്സാ പദ്ധതിക്ക് രൂപംകൊടുക്കുയാണ് വേണ്ടത്.