നിങ്ങൾക്കറിയാമോ ? തൃശൂർ പൂരം എന്ന ഉത്സവം ഉണ്ടാകാനുള്ള കാരണം പെരുമഴയാണ്

0
68

Binoy K Elias ന്റെ കുറിപ്പ് 

പെരുമഴയാണ് തൃശൂർ പൂരം എന്ന ഉത്സവം ഉണ്ടാകാനുള്ള കാരണം. ശക്തൻ തമ്പുരാൻ കൊച്ചി നാട്ടുരാജ്യം ഭരിക്കുന്ന കാലം. അക്കാലത്ത് ആറാട്ടുപുഴ പൂരമായിരുന്നു ഉത്സവങ്ങളിൽ കേമം. ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് സമയത്ത് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല.അതുകൊണ്ട് പൂരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഈ ക്ഷേത്രങ്ങളുടെ സംഘത്തെ ആറാട്ടുപുഴ പൂരം നടത്തുന്നവർ വിലക്കി.

May be an image of 1 person, standing and outdoorsഇതറിഞ്ഞ ശക്തൻ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം തുടങ്ങാൻ ഉത്തരവിറക്കി. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്. വടക്കുംനാഥ ക്ഷേത്രമുറ്റത്ത് നടത്തുന്ന ദേവതകളുടെ ഈ സംഗമ ഉത്സവം വർണപ്പൊലിമ കൊണ്ടും മേളത്തിളക്കം കൊണ്ടും ക്ഷേത്രോത്സവം എന്നതിലുപരി നാടിന്റെ ഉത്സവമായി മാറിയതിൻ്റെ തുടക്കം ഒരു പെരുമഴയും വെള്ളപ്പൊക്കവും വിലക്കുമായിരുന്നു.

ഇന്ന് തൃശൂർ പൂരം കേരളത്തിൻ്റെ ഐക്കോണിക് സിംബലുകളിലൊന്നാണ്. ഭക്തിയും വികാരവുമൊക്കെ മാറ്റിവച്ചാൽ പോലും വലിയോരു വിഭാഗം ജനങ്ങളുടെ ജീവിതമാർഗം കൂടിയാണ് ഏതുത്സവവും പോലെ തൃശൂർ പൂരം. എന്നാൽ, ജീവൻ ബാക്കിയുണ്ടെങ്കിലേ ജീവിതമുണ്ടാവൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. വൈകാരികവും ഭക്തിയുമൊക്കെ കണക്കിലെടുത്ത് ആചാരപരമായി പൂരം നടത്താമെന്ന് കഴിഞ്ഞ വർഷം പൂരം സംഘാടകർ തെളിയിച്ചതാണ്. കൊറോണ മരണത്തിൻ്റെയും രോഗപ്പകർച്ചയുടെയും കൊടിമാറ്റവും മേളപ്പെരുക്കവും നടത്തുന്ന ഈ കാലത്ത് ഒരു ജനക്കൂട്ടമുണ്ടാകാൻ അവസരം നൽകുന്നത് ബുദ്ധിയല്ല. ലോകത്തിനു മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ ഒരു ഉത്സവത്തിന് പേരുദോഷമുണ്ടാക്കാനേ പൂരം ഉത്സവമായി നടത്താൻ വാശിപിടിക്കുന്നവരുടെ പ്രവൃത്തി കാരണമാവൂ…

ഒരു വിഭാഗമാളുകളുടെ വൈകാരികതയല്ല, ഒരു നാടിന്റെ ആരോഗ്യസുരക്ഷയാണ് ജനങ്ങളെ കരുതുന്ന ജനപ്രതിനിധികളുടെയും ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രാഥമിക ഉത്തരവാദിത്തം. അടുത്ത തിരഞ്ഞെടുപ്പിന് വർഷങ്ങൾ മുമ്പിലുള്ളപ്പോൾ ജനകീയ ഉത്തരവാദിത്തം ഇവർ നിറവേറ്റും എന്ന് പ്രതീക്ഷിക്കുന്നു…