ഖിലാഫത്ത് മൂവ്മെൻ്റിൻ്റെ ഭാഗമായിരുന്നവർ “ഖലീഫ”യുടെ രാജ്യം സ്ഥാപിക്കാനായിരുന്നെന്നു വ്യാഖ്യാനിക്കുന്നവർ ആരായാലും നല്ല കലക്കൻ വർഗീയ (ഭൂരിപക്ഷ/ന്യൂനപക്ഷ) വിഷം ഉള്ളിലുള്ളവരാണ്

99

Binoy K Elias

വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലയാള രാജ്യം സ്ഥാപിച്ചോ? മുസ്‌ലിം രാജ്യമാണോ സ്ഥാപിച്ചത്? എന്തുകൊണ്ട് ചരിത്രപുസ്തകങ്ങളിൽ വന്നില്ല? ഇത് ഇന്ത്യൻ സ്വാതന്ത്ര്യസമരമാണോ? ചോദ്യങ്ങൾ നിരവധി…

  1. മലയാളരാജ്യം എന്നത് ഹെർമൻ ഗുണ്ടർട്ട് എഴുതിയ പുസ്തകമാണ്. 1921 ലെ വിപ്ലവകാരികളുടെ രാജ്യത്തിൻ്റെ പേര് ഇതായിരുന്നു എന്നത് ഏതു തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അത് എഴുതിയവർ ചെയ്തത് എന്നറിയില്ല.

  2. ദൗല എന്നാണ് വാര്യൻകുന്നത്ത് ഹാജിയും കലാപകാരികളും ബ്രിട്ടീഷുകാരെ ഓടിച്ചു വിട്ട മൂന്നു ഏറനാട് താലൂക്കുകൾ അടങ്ങിയ രാജ്യം അറിയപ്പെട്ടത് എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഹിച്ച്ഹോക്ക്. ഹാജി രാജ്യത്ത് സ്വന്തമായി പാസ്പോർട്ട് നടപ്പിലാക്കി എന്ന് ഇതുമായി ബന്ധമുള്ള വിക്കിപീഡിയ പേജിലുണ്ട്. ഹാജിയോടൊപ്പം അദ്ദേഹവുമായി ബന്ധപ്പെട്ട രേഖകളും കമ്പനി ഭരണകൂടം നശിപ്പിച്ചു എന്നാണ് ഔദ്യോഗിക ചരിത്രം രേഖപെടുത്തുന്നത്.

  3. ദേശീയപ്രസ്ഥാനം ഒഴികെ പ്രാദേശികമായി ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന സമരങ്ങളെല്ലാം ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിന് മാത്രം ഉള്ളതായിരുന്നു. ‘ഇന്ത്യൻ സ്വാതന്ത്ര്യം’ എന്നത് നാഷനലിസ്റ്റ് നേതാക്കളിൽ ചിലരുടെ മാത്രം സ്വപ്നമായിരുന്നു. താരാ ഛന്ദ്, ബിപാൻചന്ദ്ര തുടങ്ങിയ ഇന്ത്യൻ ചരിത്രകാരന്മാർ ആണ് പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെയും കോർത്ത് ഇന്ത്യൻ ദേശീയ മൂവ്മെന്റ് ആക്കിയത്.

  4. പരാജയപ്പെട്ട സമരങ്ങളിലെ നായകൻമാർ ഒരിക്കലും വിജയചരിത്രങ്ങളുടെ ഭാഗമാകില്ല.

  5. 1921ലെ മലബാർ കലാപം നയിച്ചത് ഖിലാഫത്ത് മൂവ്മെൻ്റിൻ്റെ ഭാഗമായിരുന്നവരായിരുന്നു. അതുകൊണ്ട് അത് “ഖലീഫ”യുടെ രാജ്യം സ്ഥാപിക്കാനായിരുന്നു എന്നെല്ലാം വ്യാഖ്യാനിക്കുന്നവർ ആരായാലും നല്ല കലക്കൻ വർഗീയ (ഭൂരിപക്ഷ/ന്യൂനപക്ഷ) വിഷം ഉള്ളിലുള്ളവരാണ്.

  6. തിരുവിതാംകൂർ സർക്കാർ സർവീസിൽ പ്രവേശന പരീക്ഷയിലൂടെ നിയമനം നടത്താൻ തീരുമാനിച്ച തിരുവിതാംകൂർ മഹാറാണി റാണി ലക്ഷ്മിഭായിയുടെ റസിഡൻ്റ് ഭരണത്തിനെതിരെ “ജാതിസംവരണം” ഉറപ്പാക്കാൻ നടത്തിയ നീക്കം പോലും ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരമാക്കിയ നാട്ടിൽ പരാജയപ്പെട്ട കലാപത്തിൻ്റെ നായകനെ ഔദ്യോഗിക ചരിത്രത്തിൽ തിരയുന്നതും എന്തുകൊണ്ട് ചരിത്രനായകനായില്ല എന്ന് ചോദിക്കുന്നതും ഹോളിവുഡ് സിനിമയിൽ എന്തുകൊണ്ട് ഫിഡൽ കാസ്ട്രോയും ചെഗുവേരയും ഹീറോയായില്ല എന്ന് ചോദിക്കുംപോലെ നിഷ്കളങ്കമായേ കാണാനാവൂ…