കോവിഡ് കാലത്തെ സങ്കടക്കാഴ്ചകൾ

26

Binoy K Elias

കോവിഡ് കാലത്തെ സങ്കടക്കാഴ്ചകൾ…

“സർ, ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായി. എൻ്റെ വീട്ടിൽ മാത്രമല്ല, ഞങ്ങളുടെ കോളനിയിലെ 29 വീടുകളിലും. ഇത് കൺടെയ്ൻമെൻ്റ് സോൺ ആണ്. വഴിയടച്ച് പൊലീസ് പിക്കറ്റ് ഉണ്ട്. പുറത്തിറങ്ങാൻ വയ്യ. സർ ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും അറേഞ്ച് ചെയ്യാമോ…”

കോട്ടയം നഗരത്തിലുള്ള ഒരു പ്രമുഖ കോളജ് പ്രിൻസിപ്പലിനോട് ആ കോളജിൽ പഠിക്കുന്ന പെൺകുട്ടി വിളിച്ചു പറഞ്ഞപ്പോഴാണ് കോട്ടയം മുൻസിപ്പാലിറ്റിയിലെ ആ കോളനിയിൽ രണ്ടു ദിവസമായി ഭക്ഷണം ഇല്ലാതിരുന്ന കാര്യം പുറംലോകമറിഞ്ഞത്. ആ കോളേജ് പ്രിൻസിപ്പൽ രണ്ട് ദിവസത്തേയ്ക്കുള്ള ഭക്ഷണം ഇടപാടാക്കി കൊടുത്തു. തദ്ദേശഭരണകൂടം ഇതറിഞ്ഞോ ആവോ? ഫോൺവിളിച്ചാൽ മറുപടി പോലുമില്ലെന്നാണ് കോളനിനിവാസികൾ പറയുന്നത്.ഇനി വേറൊരു ഫോൺ വിളിയുടെ കഥ.

കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹൗസ് ക്വാറൻ്റൈനിൽ കഴിയുന്ന ഒരാൾ എന്തോ അവശ്യസാധനം കിട്ടുന്നതിന് വിളിക്കാൻ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള നമ്പറിലേക്ക് വിളിച്ചു. വീട്ടിലുള്ള മറ്റാരെങ്കിലും അറിയാതെ പോയി വാങ്ങിച്ചോ എന്നായിരുന്നു മറുപടി. “നിങ്ങൾ രോഗം പരത്താനാണോ, പകർച്ച തടയാനാണോ അവിടിരിക്കുന്നത് ” എന്ന് ക്വാറൻ്റൈനിലിരുന്ന ആൾ ചോദിച്ചു. ഫോൺ കട്ടായി… പിന്നെ അനക്കമില്ല.

ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റൈൻ കേന്ദ്രത്തിൽ ഗാർഗിൾ ചെയ്യാൻ ചൂടുവെള്ളം ചോദിച്ചപ്പോൾ, പച്ചവെള്ളത്തിൽ ചെയ്താലും മതി… എന്നുത്തരം.കോവിഡ് പ്രവർത്തനം നടത്തുന്നവരുടെ മനോവീര്യം തകർക്കാൻ പറയുന്നതല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് ബ്രാക്കറ്റ് ഇട്ട് മാറ്റിവച്ച്, “ഈ പാൻഡമിക് കാലത്താണോ കുറ്റം പറയുന്നത്” എന്ന ‘രാഷ്ട്രീയചോദ്യം’ കൊണ്ട് ഇത്തരം സംഭവങ്ങളെ തമസ്കരിക്കാതിരിക്കാൻ പറയുന്നതാണ്. കാരണം, ഈ സംഭവങ്ങളിൽ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളുടെ നിഷേധമുണ്ട്. രോഗപകർച്ച തടയലിനെ മനപൂർവം അല്ലെങ്കിൽ പോലും അട്ടിമറിക്കാൻ സംവിധാനം തന്നെ നിർദ്ദേശം നൽകുന്നുണ്ട്.
എന്തുകൊണ്ട് ആയിരിക്കും ഇങ്ങനെ?

  1. ആവശ്യമായ സാധനങ്ങളുടെയും പണത്തിന്റെയും പ്രവർത്തകരുടെയും അഭാവം സാഹചര്യങ്ങളോട് നിഷേധാത്മകമായി പെരുമാറാൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രേരിപ്പിച്ചിരിക്കാം…
  2. കടുത്ത മാനസികസമ്മർദം കോവിഡ് പ്രതിരോധ പ്രവർത്തകരെ ബാധിച്ചിരിക്കാം.

കണക്ക് നിരത്തുക മാത്രമല്ല, താഴേത്തട്ടിലുള്ള യാഥാർത്ഥ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സംവിധാനമാണ് ഈ പകർച്ചവ്യാധിയെ നേരിടാൻ ആവശ്യം. അതിന് കക്ഷി തിരിഞ്ഞു കുറ്റംപറയാനും അവഹേളിക്കാനും കാണിക്കുന്നതിൻ്റെ പകുതിയെങ്കിലും ആത്മാർത്ഥത എല്ലാവരും കോവിഡ് പ്രതിരോധത്തിൽ കാണിക്കണം. രാഷ്ട്രീയ പ്രശ്നങ്ങളെ അതിൻ്റെ മെറിറ്റിൽ നേരിടുന്നത് ഭരണ-പ്രതിപക്ഷങ്ങളുടെ കാര്യം. എന്നാൽ, കോവിഡ് പ്രതിരോധത്തെ അതു നേരിടാനും ആക്രമിക്കാനും മറയാക്കുന്നത് “മനുഷ്യമറ” ഉപയോഗിക്കുന്നതു പോലുള്ള “ഭീകര പ്രവർത്തനം” മാത്രമാണ്. രോഗാണുവിനോട് പൊരുതുമ്പോൾ ചേർത്തു പിടിക്കേണ്ടത് തൊഴിൽ നഷ്ടപ്പെട്ട, വരുമാനം നിലച്ച വിശക്കുന്ന വയറുള്ള മനുഷ്യരെ കൂടിയാണെന്ന് ഭരണകൂടവും പ്രതിപക്ഷവും ഉദ്യോഗസ്ഥരും ആരോഗ്യ-സാമൂഹിക പ്രവർത്തകരും നമ്മളോരോരുത്തരും ഓർക്കണം.

ഇതു പറയാൻ കാരണം ഓൺലൈനിൽ കണ്ട ഈ വിഡിയോ ആണ്. രോഗപകർച്ച തടയാൻ മത്സ്യവിൽപന നിരോധിക്കാം. അത് വിൽപനയ്ക്ക് വരുന്നവരെ ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കാം. എന്നാൽ, ഭക്ഷ്യയോഗ്യമായ മീനിൽ എന്തോ ദ്രാവകം ഒഴിച്ചിളക്കി നശിപ്പിക്കുന്നതിൻ്റെ മനഃശാസ്ത്രം ഉദ്യോഗസ്ഥ ധാർഷ്ട്യം മാത്രമാണ്. ആ വിൽപനക്കാരന് അത് വീട്ടിൽ കൊണ്ടുപോയി മക്കൾക്ക് എങ്കിലും കൊടുക്കാമായിരുന്നു. രോഗാണു പകർച്ചയെ തടയേണ്ടത് ഒരു കുടുംബത്തിൻ്റെ അന്നത്തിൽ മണ്ണു വാരിയിട്ടാവരുത്. കൊറോണ വൈറസ് പോലും അതു ചെയ്യില്ല…