ലോകത്ത് കൊറോണവൈറസ് ഇതുപോലെ അപമാനിക്കപ്പെട്ട വേറൊരു നാടുണ്ടാവില്ല

0
184

Binoy K Elias

നമ്മൾ വലിയ വിദഗ്ധനൊന്നുമല്ല. ഈ കോവിഡ് വന്ന കാലം മുതൽ ഇതുമായി ബന്ധപ്പട്ട വാർത്തകൾ പിന്തുടരുന്ന, വായിച്ചാൽ കാര്യങ്ങൾ മനസിലാകുന്ന ഒരാൾ. കഴിഞ്ഞ ദിവസം പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച കൂട്ടുകാരൻ ലണ്ടനിൽ നിന്ന് വിളിച്ചു. വർത്തമാനം പറയുന്നതിനിടെ അവിടെ കേവിഡ് പ്രതിരോധം എങ്ങനെയാണെന്ന് അവനോട് ചോദിച്ചു.

അവർ ആദ്യം ചെയ്തത്, കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഉടനെ മറ്റ് രാജ്യങ്ങളിലുള്ള അവരുടെ പൗരൻമാരിൽ തിരികെവരാനാഗ്രഹിച്ച എല്ലാവരെയും നാട്ടിൽ എത്തിക്കുക എന്നതായിരുന്നു. വന്നവരെ എല്ലാം പരിശോധനയ്ക്ക് ശേഷം ക്വാറന്റൈൻ ചെയ്തു. തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ സമയത്ത് കേവഡിനെ നേരിടാനുള്ള ആരോഗ്യ, സാമ്പത്തിക, സാമൂഹിക നടപടികൾ സ്വീകരിച്ചു. രോഗപകർച്ചയെ നിയന്ത്രിച്ചു കഴിഞ്ഞാൽ പൊതുയിടങ്ങളിൽ ജനം ഇടപെടേണ്ടതിന് പ്രോട്ടോകോൾ ഉണ്ടാക്കി. ജനം അത് അക്ഷരംപ്രതി പാലിച്ചു… ഓരോ പൗരന്റെയും സംരംഭകന്റെയും അക്കൗണ്ടുകളിൽ അവരുടെ സോഷ്യൽ സെക്യൂരിറ്റി ക്രെഡിറ്റിന് അനുസൃതമായ തുക മാസം തോറും നിക്ഷേപിച്ച് സാമ്പത്തക ക്രവിക്രയം ഉറപ്പാക്കി.

ഒരു ഒന്നാം ലോകരാജ്യവും സോഷ്യൽ വെൽഫെയർ രാഷ്ട്രവുമായ യുകെയ്ക്ക് അതൊക്കെ സാധിക്കും എന്ന ഒറ്റ നിലപാടെടുത്ത് ഇതിനെ തുച്ഛീകരിക്കുകയോ പുച്ഛിച്ചു തള്ളുകയോ ചെയ്യാം. എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, അവിടെ ആരും കോവിഡ് 19 എന്ന മഹാമാരി തങ്ങളുടെ രാജ്യത്ത് വന്നതിന് ഒരു പ്രതിയെ തിരഞ്ഞില്ല. ഇംഗ്ലണ്ടിൽ മാത്രമല്ല, കേരളത്തിൽ ഒഴികെ ലോകത്ത് ഒരിടത്തും കൊറോണ വൈറസ് അല്ലാതെ ഓരോ സമയത്തും ഓരോരോ പ്രതികളെ തേടിയ വേറൊരു നാട് ഉണ്ടാവില്ല. ആദ്യം വുഹാനിൽ നിന്ന് മടങ്ങി വന്ന മെഡിക്കൽ വിദ്യാർഥി ചികിത്സ സ്വീകരിക്കുന്നില്ല എന്നു പറഞ്ഞായിരുന്നു ബഹളം. ഈ നിമിഷം വരെ ഈ വ്യാധിക്ക് ചികിത്സയില്ലെന്ന് ഓർക്കണം. പിന്നീട് ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന കുടുംബമായി പ്രതികൾ. അതു കഴിഞ്ഞ് വേറെ ചില ഉത്തമർ തബ്‌ലീഗിൽ രോഗാണുവാഹകരെ കണ്ടെത്തി. എന്തോ ഇവിടെ അതത്ര ഏശിയില്ല. പിന്നീട് അന്യസംസ്ഥാന താമസക്കാരായ മലയാളികളായി രോഗവ്യാപാരികൾ, ഒപ്പം പ്രവാസികളും.

ഭരിക്കുന്നവർ കൊറോണ പ്രതിരോധം രാഷ്ട്രീയ നേട്ടമാക്കുമോ എന്ന ശങ്കയാൽ പ്രതിപക്ഷവും കളത്തിലിറങ്ങി. അതോടെ കേരളത്തിൽ കോവിഡ് പരത്തുന്നത് പ്രതിപക്ഷമാണെന്ന് ഭരണപക്ഷം (ലോകത്ത് കൊറോണവൈറസ് ഇതുപോലെ അപമാനിക്കപ്പെട്ട വേറൊരു നാടുണ്ടാവില്ല) പഞ്ചായത്ത്, നിയമസഭാ ഇലക്ഷനുകൾ വരുമ്പോൾ നമ്മുടെ ‘പ്രഫഷനൽ പൊളിറ്റിക്കൽ സിസ്റ്റം’ ഇങ്ങനയെ പ്രവർത്തിക്കൂ. കാരണം, ഓരോരുത്തരും അവരവരുടെ നിലനൽപ്പാണ് നോക്കുക. മത്സ്യബന്ധന തൊഴിലാളി കോവിഡിനെ പരിഗണിക്കാതെ കടലിൽ പോകുന്നതും സർക്കാർ നടത്തുന്ന ഉന്നതവിദ്യാഭ്യാസ പ്രവേശന പരീക്ഷ എഴുതാൻ മക്കളെയും കൊണ്ട് രക്ഷിതാക്കൾ വരുന്നതും ‘ഭാവിയെ കുറിച്ച്’ അവർക്കുള്ള ആശങ്ക കാരണമാണ്. സാധാരണക്കാർക്ക് വിശപ്പ്, വരുമാനം, വിദ്യാർഥകൾക്ക് ഉന്നതവിദ്യാഭ്യാസം, കച്ചവടക്കാർക്ക് വിൽപന, രാഷ്ട്രീയക്കാർക്ക് ഇലക്ഷൻ… ഓരോരുത്തരും അവരവരുടെ മുൻഗണനകൾ വരുമ്പോൾ കൊറോണയെയും മറക്കും കോവിഡ് പ്രോട്ടോകോളും മറക്കും. എന്തിന് മാസ്ക് പോലും മറക്കും.

കോവി‍ഡിന്റെ വ്യാപനം ഒരു യാഥാർത്ഥ്യമാണ് നമ്മുടെ സമൂഹത്തിൽ. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ രോഗനിർണയ പരിശോധനകൾ വ്യാപകമാക്കി, രോഗതീവ്രതയുടെ അടിസ്ഥാനത്തിൽ ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. അതിനു സർക്കാരും പ്രതിപക്ഷവും മുതൽ കൈകോർക്കാവുന്ന എല്ലാവരും അണിചേരണം. വലിയ വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് പോലും ഇതിനുവേണ്ടി മൊബിലൈസ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടാവണം. സ്വകാര്യ ആശുപത്രികളെ വരെ പങ്കെടുപ്പിച്ച് ഒരു സോഷ്യൽ കോസ് ലക്ഷ്യമാക്കി വേണം ഇതിനു ശ്രമിക്കാൻ.

അടച്ചിടൽ ഒരു പരിഹാരമല്ല. പ്രവാസിവരുമാനത്തിൽ വലിയ ഇടിവ് കേരള സമൂഹം നേരിടാൻ പോകുകയാണ്. ഒട്ടുമിക്ക ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. കാർഷിക മേഖല ഉണ്ടോ എന്ന് ഗവേഷണം നടത്തണം. കോവി‍ഡ് തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര പോലുള്ള ഭക്ഷ്യാധാന്യ ഉത്പാദക സംസ്ഥാനങ്ങളിലെ കാർഷിക മേഖലെ പ്രതികൂലമായി ബാധിച്ചാൽ നമ്മുടെ ഉപഭോകൃതസംസ്ഥാനത്തിന്റെ ഗതി എന്താകും എന്നതിനെപ്പറ്റി ഗൗരവമായി ചർച്ച ചെയ്യണം. പ്രവാസികളിൽ നിന്നുള്ള വലിയ കാശുവരവ് ഇനി നൊസ്റ്റാൾജിയ ആകാനാണിട. ഹൈസ്പീഡ് റയിൽവേയും കുറേ ബാക്ക് എൻഡ് സൈബർ കമ്പനികളും വിമാനത്താവളങ്ങളും മലയാളിയുടെ വിശപ്പ് മാറ്റില്ല. നികത്താൻ ബാക്കിയുള്ള കൃഷിയിടങ്ങളെ പ്രയോജനപ്പെടുത്താൻ പദ്ധതികൾ വരണം. ചെയ്യുന്ന കൃഷിയുടെ വിളവ് സമയത്തെടുക്കാനും കൈപൊള്ളാതെ വിറ്റഴിക്കാനുമുള്ള സംവിധാനങ്ങൾ വേണം.

നാണ്യവിളകളെ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കുന്ന വ്യവസായ സംരംഭങ്ങളും വരണം. മൂല്യമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. ചുരുങ്ങിയപക്ഷം ജീവിക്കുന്ന നാടിന്റെ മണ്ണിനെയും പ്രകൃതിയേയുമെങ്കിലും അടുത്ത തലമുറയ്ക്ക് വേണ്ടി ബാക്കിവയ്ക്കണം. ജനം ബാക്കിയുണ്ടെങ്കിലേ വോട്ടർമാരുമുണ്ടാവൂ. വോട്ടർമാരുണ്ടെങ്കിലേ ഇലക്ഷൻ ഉണ്ടാവൂ. അതുകൊണ്ട് ആദ്യം ജനത്തിന് ജീവൻ നിലനിർത്താനുള്ള നടപടികളെ കുറിച്ച് ചിന്തിക്കാം.