വ്യക്തിയോ പാർട്ടിയോ ഫാസിസ്റ്റ് ആയാലും പ്രശ്നമില്ല, ഒരു ജനം മുഴുവൻ അങ്ങനെ ആയാലോ ?

0
84

Binoy K Elias

ഒരു നേതാവ് ഫാസിസ്റ്റ് ആകുമ്പോൾ നമുക്ക് ഒരു പ്രതീക്ഷയുണ്ട്, അയാൾ പോയാൽ ആ അവസ്ഥ മാറുമെന്ന്. ഒരു പാർട്ടി ഫാസിസ്റ്റ് ആയാൽ അവരെ തോൽപിച്ച് ഫാസിസത്തെ ചെറുക്കാം എന്ന് നമുക്ക് കരുതാം. എന്നാൽ, ഒരു വിഭാഗം ജനം ഫാസിസ്റ്റ് മനോഭാവത്തിലായാൽ ഒന്ന് ഉറപ്പിക്കാം, ഒരു ജനാധിപത്യ സമൂഹം എന്ന നിലയ്ക്ക് ആ വ്യവസ്ഥിതിയുടെ തകർച്ച അവിടെ തുടങ്ങിയെന്ന്.
സാഹിത്യകാരന്മാരേയും കലാകാരന്മാരെയും കായികതാരങ്ങളെയും നമ്മുടെ സമൂഹം സ്വീകരിച്ചത് അവരുടെ വ്യക്തിഗുണമോ, രാഷ്ട്രീയമോ, മതമോ നോക്കി ആയിരുന്നില്ല. അവർ അതതു തലങ്ങളിൽ നൽകിയ സംഭാവനകൾ മാത്രം നോക്കിയായിരുന്നു. ആ പ്രശസ്തിയുടെ ബലത്തിൽ അവരെടുക്കുന്ന രാഷ്ട്രീയ-സാമൂഹിക നിലപാട് പിന്തിരിപ്പൻ ആണെങ്കിൽ അത് അർഹിക്കുന്ന രീതിയിൽ തള്ളിക്കളഞ്ഞ ഒരു സാമൂഹിക രാഷ്ട്രീയ ചരിത്രവും നമുക്കുണ്ട്. അതിന്റെ പേരിൽ ആ വ്യക്തികൾ അവരുടെ മേഖലകളിൽ നടത്തിയ സംഭാവനകളെ തുച്ഛീകരിക്കാനോ, റദ്ദ് ചെയ്യാനോ സാംസ്കാരിക സമൂഹം നിന്നിട്ടുമില്ല.

എന്നാൽ, അഭിപ്രായങ്ങൾ ജനകീയമായപ്പോൾ സാമൂഹമാധ്യമങ്ങളിൽ നിറയുന്നത് വെറുപ്പിൻ്റെയും പുച്ഛത്തിൻ്റെയും പരിഹാസത്തിൻ്റെയും ഊരുവിലക്കിൻ്റെയും അട്ടഹാസങ്ങളാണ്. തികച്ചും പ്രതിലോമകരവും പക്ഷപാതം നിറഞ്ഞതുമായ സംഘടിത ആൾക്കൂട്ട ആക്രമണങ്ങളാണ് എങ്ങും. ഒരു സിവിൽ സൊസൈറ്റി സ്വയം തകർന്നു, സമൂഹമേധാവിത്വ (അധികാരരാഷ്ട്രീയം, മതം, സമുദായം, മൂലധന) ശക്തികളുടെ ഭൂതഗണങ്ങളാകുന്ന കാഴ്ച.

“രമേഷ് പിഷാരടി കോൺഗ്രസ് പാർട്ടിയിലേക്ക്” എന്ന വാർത്തയുടെ താഴെ കണ്ട കമൻ്റ് ആണ് ഇത്തരത്തിൽ ഒരു ചിന്തയിലേക്ക് നയിച്ചത്. നടൻ മുരളി, മുകേഷ്, ഗണേഷ് കുമാർ, ലെനിൻ രാജേന്ദ്രൻ… ഇവരെല്ലാം അവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിച്ചപ്പോൾ ഇത്തരം അസഹിഷ്ണുത നമ്മൾ കണ്ടിരുന്നില്ല. എന്നാൽ, സുരേഷ് ഗോപി, ശ്രീശാന്ത് എന്നിവർ സാമൂഹിക ആക്രമണത്തിന് വിധേയരായത് അവർ അവർക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയം സ്വീകരിച്ചു എന്നതിനാലാണ്. സലിംകുമാർ, ധർമജൻ തുടങ്ങിയവർ അവമതിപ്പ് നേരിട്ടത് അവർ വലതുപക്ഷ രാഷ്ട്രീയം സ്വീകരിച്ചതു കൊണ്ടാണ്.

സച്ചിൻ തെണ്ടുൽക്കർ കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അനുകൂല പോസ്റ്റ് ഇട്ട ഒറ്റക്കാരണം കൊണ്ട് അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് സംഭാവനകൾ റദ്ദ് ചെയ്യപ്പെടുന്നതും സച്ചിനെ പിന്തുണച്ച ശ്രീശാന്ത് ഐപിഎൽ ലേലത്തിൽ ഔട്ടായപ്പോൾ ആഘോഷിക്കപ്പെടുന്നതും ഫാസിസ്റ്റ് രീതി തന്നെയാണ്. വസീം ജാഫറിൽ മുസ്‌ലിം ഫണ്ടമെൻ്റലിസം കാണുന്ന നാണയത്തിന്റെ മറുപുറം.
ഏതു സെലിബ്രിറ്റിയും എന്ത് നിലപാട് എടുത്താലും അതൊന്നും എൻ്റെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടിനെ സ്വാധീനിക്കില്ല എന്ന് ബോധ്യമുള്ള ആരും ഇത്തരം പ്രതികരണങ്ങൾക്ക് പോവില്ല. രമേഷ് പിഷാരടിയുടെ തമാശ ഞാനിഷ്ടപ്പെടും, അതുകൊണ്ട് അയാളുടെ രാഷ്ട്രീയം എൻ്റേതാകില്ല. ഓരോരുത്തരും അവരവരുടെ രാഷ്ട്രീയമുള്ളവർ അഭിനയിക്കുന്ന സിനിമയേ കാണൂ, പാട്ടേ കേൾക്കൂ, കളിക്കുന്ന കളിയേ കാണൂ എന്നെല്ലാം ശഠിച്ചാൽ നമ്മുടെ രാഷ്ട്രീയ നേതാക്കളും പാർട്ടികളും ചുറ്റിപ്പോകും.

പ്രീ ഇൻ്റർനെറ്റ് ഇന്ത്യൻ സിവിൽ സൊസൈറ്റി വലിയ സംഭവമാണെന്നല്ല ഇതിൻ്റെ അർത്ഥം. അന്ന് പൊതു ജനാഭിപ്രായ രൂപീകരണം പരിണിതപ്രജ്ഞരും ജനാധിപത്യബോധമുള്ളവരുമായ എഡിറ്റർമാരുടെ തലച്ചോറും കൈകളുമായിരുന്നു. ഇന്ന് വാൾ എല്ലാവരുടെയും കൈകളിലാണ്. “വിദ്യാർപണം പാത്രം അറിഞ്ഞു വേണം” എന്ന കവിവചനമൊന്നും ഈ ഇൻ്റർനെറ്റ് യുഗത്തിൽ നടപ്പില്ല. ജനമോരോരുത്തരും എഡിറ്റർ ആയ ഈ സമൂഹത്തിൽ ഭൂരിഭാഗം കാണിക്കുന്ന ഈ അസഹിഷ്ണുത, പ്രതിലോമകരമായ പ്രതികരണങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ… ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. ഫാസിസത്തിന് നിറമില്ല, അത് അധികാരം ആൾക്കൂട്ടത്തെ ഉപയോഗിച്ച് നടത്തുന്ന അധീശത്വമാണ്.