എന്തുകൊണ്ട് കൊലപാതകം നടത്തി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തയാറാവുന്നത്?

  125

  Binoy K Elias

  എന്തുകൊണ്ട് കൊലപാതകം നടത്തി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തയാറാവുന്നത്?

  സംരക്ഷിക്കപ്പെടും എന്ന ഉറപ്പ് തന്നെയാണ് ഒന്നാമത്തെ കാരണം. കൊലപാതകികൾ അവരുടെ പ്രസ്ഥാനത്തിനും അണികൾക്കും വീരനായകൻമാരാവുന്നതും ഇത്തരം ക്രൈമുകളിൽ പങ്കെടുക്കാനുള്ള പേടി ഇല്ലാതാക്കുന്നു. കൊലപാതകപ്രതികളാകുന്നവരെയും കുടുംബത്തെയും അവരുടെ പാർട്ടി സംരക്ഷിക്കുകയും കൂടി ചെയ്യുമ്പോൾ കൊലയാളികളെ കിട്ടാൻ ഒരു പ്രയാസവും ഇല്ലാതാകും.
  ആരൊക്കെയാണ് ഇതിന് ഉത്തരവാദികൾ?

  കൊലപാതകികളെ രാഷ്ട്രീയമായും നിയമപരമായും സാമ്പത്തികമായും പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ. സ്വന്തം പാർട്ടിക്കാർ കൊല്ലപ്പെടുമ്പോൾ മാത്രം സെലക്ടീവ് പ്രതിഷേധം നടത്തുന്നവരും എതിരാളികൾ കൊല്ലപ്പെടുമ്പോൾ ആഹ്ളാദിക്കുകയും ആരവമിടുകയും ചെയ്യുന്ന അണികളും ഇത്തരം കൊലപാതകങ്ങൾക്ക് പരോക്ഷമായി ഉത്തരവാദികളാണ്.ജീവനുള്ള രാഷ്ട്രീയ പ്രവർത്തകനേക്കാൾ കരുത്തനായിരിക്കും കൊല്ലപ്പെട്ട ആൾ. ഉദാഹരണത്തിന്, ടി. പി. ചന്ദ്രശേഖരൻ എന്ന നേതാവ് ജീവിച്ചിരുന്നപ്പോൾ വടകരയിലും പരിസരത്തും മാത്രം പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു. എന്നാൽ, വടകര പാർലമെന്റ് മണ്ഡലം നഷ്ടപ്പെട്ടതു കൊണ്ട് ഒരു പ്രസ്ഥാനം ആ മനുഷ്യൻ്റെ ജീവനെടുത്തു. പിന്നീട്, സെൽവരാജ് ജയിച്ചതും, വർഷങ്ങൾക്ക് ശേഷം പി. ജയരാജനെ പോലും വടകരയിൽ വീഴ്ത്താനും കരുത്തുള്ള രാഷ്ട്രീയ രക്തസാക്ഷിയാക്കിയതും കൊടി സുനിയെയും കൂട്ടരെയും കൊണ്ട് ടിപിയെ വധിച്ചവരാണ്.പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട രാജ്മോഹൻ ഉണ്ണിത്താനെ വിജയിപ്പിച്ചതിൽ ഒരു ഘടകം ശരത് ലാലിന്റെയും കൃപേഷിൻ്റെയും കൊലപാതകം ആയിരുന്നു. കൊന്നു തീർക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക, നിങ്ങൾ എതിരാളികൾക്ക് വിജയിക്കാനുള്ള രക്തബലിയാണ് നടത്തുന്നത്. രക്തം കൊണ്ടാവരുത് കൈ കഴുകേണ്ടത്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ വിചാരിച്ചാലെ ഈ രക്തബലികൾ അവസാനിക്കൂ. സിബിഐ അന്വേഷണം വേണ്ട എന്നു വാദിക്കാൻ ഖജനാവിലെ പണം മുടക്കുകയും, കൊലപാതകികളെ തള്ളിപ്പറഞ്ഞോണ്ട് അവർക്ക് നിയമസഹായം നൽകുകയും ചെയ്താൽ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കില്ല.