നമുക്കെല്ലാം എങ്ങനെ വേണമെങ്കിലും ജീവിക്കാൻ അവകാശമുണ്ട്, പക്ഷേ ഒരു ജീവനെ സൃഷ്ടിക്കാനോ, നശിപ്പിക്കാനോ അതുപോലെ അവകാശമില്ല

Binoy K Elias
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നു. പ്രത്യുൽപാദന തകരാറുകൾ ഇല്ലാത്തതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ കുഞ്ഞുണ്ടാവുന്നു. ആണിന് പറയത്തക്ക ജോലിയോ, സ്വത്തോ ഇല്ല. തൊഴിലു തേടി അവൻ നാടു വിടുന്നു.യഥാർത്ഥ ജീവിതം പ്രണയസുരഭിലമല്ല എന്ന തിരിച്ചറിവിൽ പെണ്ണ് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകുന്നു. സമയം പിന്നിടുമ്പോൾ അവൾ വേറൊരു കൂട്ടുകാരനിൽ അനുരക്തയാകുന്നു. കുഞ്ഞ് അവനോടൊപ്പമുള്ള ജീവിതത്തിൽ തടസമാകുന്നു എന്ന് കണ്ട് കൊല്ലുന്നു.കാമുകൻ അതിനു പ്രേരിപ്പിച്ചില്ല എന്ന് പൊലീസ്. കുഞ്ഞിൻ്റെ അച്ഛനെ കേസിൽ കുടുക്കാൻ അവൾ ശ്രമിച്ചു എന്നും അന്വേഷണ സംഘം.പല വാദമുഖങ്ങൾ കൊലപാതകിക്ക് അനുകൂലമായി ഉയരുന്നു. ഓരോന്നായി പരിശോധിക്കാം…
1. കുഞ്ഞിൻ്റെ ഉത്തരവാദിത്തം പെണ്ണിനു മാത്രമോ?
അല്ല, മാതാപിതാക്കൾക്ക് ആണ് അവരുത്പാദിപ്പിച്ച കുഞ്ഞിൽ ഉത്തരവാദിത്തം. ഒപ്പം, സ്റ്റേറ്റിനും. അച്ഛനമ്മമാർ തമ്മിൽ ഇതു സംബന്ധിച്ചു തർക്കം വരുമ്പോൾ കോടതി നിശ്ചയിക്കും ആർക്കാണ് ഉത്തരവാദിത്തം എന്ന്.
2. സമൂഹം പെണ്ണിനുമേൽ പ്രയോഗിക്കുന്ന വിലക്കുകളുടെ ഭാരം…
പെണ്ണിനുമേൽ മാത്രമല്ല, അധസ്ഥിതർ, സാമൂഹികമായി അരികുവത്കരിക്കപ്പെട്ടവർ, ബഹിഷ്കൃതർ… ഇങ്ങനെ സമൂഹം മാറ്റിനിർത്തിയവരിൽ നിന്നാണ് ഗോവിന്ദചാമിയും നിർഭയ കേസിലെ പ്രതികളുമെല്ലാം വരുന്നത്. തങ്ങൾക്ക് നിഷേധിക്കപ്പെട്ടവയെ പിടിച്ചെടുക്കാനുള്ള മൃഗീയ വാസന, അത് ബേസിക് ഇൻസ്റ്റിങ്റ്റ് ആണ്. ഇതും പറഞ്ഞ് ആ ക്രിമിനലുകളെ ന്യായീകരിക്കാമെങ്കിൽ ഈ സ്ത്രീയെ ന്യായീകരിക്കാം… ഏതു കുറ്റവാളിക്കുമുണ്ടാകും അവൻ്റെ/അവളുടെ/ട്രാൻസിൻ്റെ പക്ഷം പറയാൻ ഒരു ന്യായം. സാമൂഹികവും മാനസികവുമായ കാരണങ്ങളും.
3. നാടു മുഴുവൻ യാഥാസ്ഥിതികർ. ഞങ്ങൾ മാത്രം ജൈവമനുഷ്യർ…
ഇത്തരം ചിലരുണ്ട്. ഏറ്റവും വലിയ ഹിപ്പോക്രാറ്റുകൾ. ഇത് ഒരു തരം എലീറ്റിസമോ, ബ്രാഹ്മണിക്കൽ സിൻഡ്രമോ ആണ്. ഞങ്ങൾ വ്യത്യസ്തരാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി ഇത്തരം നിലപാട് എടുക്കുന്നവർക്ക് നല്ല നമസ്കാരം.
ആണിനും പെണ്ണിനും ഇഷ്ടമുള്ള പോലെ ജീവിക്കാം. ആർക്കും എതിരഭിപ്രായം ഇല്ല. പക്ഷേ, അതിൽ ഉപോൽപന്നങ്ങൾ ഉണ്ടായാൽ വ്യക്തികൾ ആ ഉപോത്പന്നങ്ങളോടും അവർ ജീവിക്കുന്ന സമൂഹത്തിലെ നിയമത്തോടും സമൂഹത്തോടും മറുപടി പറയാൻ ബാധ്യതപ്പെട്ടവരാകും. നമുക്കെല്ലാം എങ്ങനെ വേണമെങ്കിലും ജീവിക്കാൻ അവകാശമുണ്ട്. പക്ഷേ, ഒരു ജീവനെ സൃഷ്ടിക്കാനോ, നശിപ്പിക്കാനോ അതുപോലെ അവകാശമില്ല.
അതുകൊണ്ട് ജൈവമനുഷ്യരെ സോറി, ഈ കേസിൽ യോജിക്കാൻ കഴിയില്ല…
ഒരു ക്രിമിനലിന്റെ പ്രവൃത്തികൾക്ക്, അവരുടെ ജെൻഡർ ഒരിക്കലും ഒരു ജാമ്യമാകുന്നില്ല…