വിശപ്പാണ് പ്രഥമ പ്രധാനമെങ്കിലും ആദ്യം ഷെൽട്ടറിനെക്കുറിച്ചു പറയട്ടെ, അതിനൊരു കാരണം കൂടിയുണ്ട്

0
179

ബിനു ആനമങ്ങാട്

വിശപ്പടക്കാനുള്ള ഭക്ഷണം, ഭയക്കാതെ അന്തിയുറങ്ങാനുള്ള ഷെൽട്ടർ ഇതൊക്കെത്തന്നെയാണ് ഏറ്റവും അനിവാര്യമായി വേണ്ടത്.

‘വിശപ്പു സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണു വാരിത്തിന്നു’ എന്ന ന്യുസ് ആണ് ഇന്നലെ മുതൽ കേൾക്കുന്നതും കാണുന്നതും.
ഇന്നാണ് വിശദമായി എല്ലാ ദൃശ്യങ്ങളും കണ്ടതും കേട്ടതും.

വിശപ്പാണ് പ്രഥമ പ്രധാനമെങ്കിലും ആദ്യം ഷെൽട്ടറിനെക്കുറിച്ചു പറയട്ടെ, അതിനൊരു കാരണം കൂടിയുണ്ട്. ഒരു വീഡിയോയിൽ, ഒരു ചേട്ടൻ ചോദിക്കുന്നുണ്ട്, ”വീടെന്നും പറഞ്ഞു ഈ മുറിയിൽ വന്നു ഓരോരുത്തരെയായി ഫോട്ടോ എടുപ്പിച്ചില്ലേ, എന്നിട്ട് എന്തായി?” എന്ന്. ആ ചോദ്യം എന്റെ നേർക്ക് കൂടിയാണ്, തല കുനിക്കാതെ വയ്യ.

2009 ലാണ് അന്നത്തെ പ്രസിഡന്റ്, പാർലമെന്റിൽ രാജീവ് ആവാസ് യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. 2011 ജൂൺ മുതൽ വിവിധ കോർപ്പറേഷനുകളിൽ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു.
ചേരി രഹിത ഭാരതം എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച രാജീവ് ആവാസ് യോജന, ചേരികൾ, ചേരി സമാന പ്രദേശങ്ങൾ, പുറമ്പോക്കിലെ കുടിയേറ്റ താമസങ്ങൾ എന്നിവർക്ക് സുരക്ഷിതമായ വീടും അടിസ്ഥാന-സാമൂഹ്യ സൗകര്യങ്ങളും ഉറപ്പാക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ പൈലറ്റ് പദ്ധതി എന്ന നിലയിൽ വിഴിഞ്ഞം പ്രദേശത്തുള്ള മതിപ്പുറത്തു 1032 കുടുംബങ്ങൾക്ക് വീടും മറ്റനുബന്ധസൗകര്യങ്ങളും നൽകുന്ന പ്രോജക്ടിന് സർക്കാർ അംഗീകാരം ലഭിച്ചു. രണ്ടാം ഘട്ടമായി പതിമൂന്നോളം ചേരി സമാന പ്രദേശങ്ങളും കോളനികളും തെരഞ്ഞെടുത്തു. അതിലൊന്ന്, കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ആയിരുന്നു. പ്രോജക്ട് നിർമ്മാണം ഏജൻസിയെ ഏൽപ്പിച്ചു, അവിടെ താമസിക്കുന്നവരുടെ വിശദമായ സർവേ, ഫോട്ടോ എടുക്കൽ എല്ലാം പൂർത്തിയാക്കി. കോളനിക്കകത്തു വെച്ചായിരുന്നു ആ ഫോട്ടോ എടുപ്പ്. അതിനു ശേഷം ഡ്രാഫ്റ്റ് പ്രോജക്ട് സമർപ്പിച്ചു. പക്ഷെ, ആ പ്രോജക്ട് അംഗീകാരം ലഭിക്കുന്നതിന് മുൻപു ഇലക്ഷൻ വന്നു.

തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തിൽ ഭരണമാറ്റം വന്നു. ഏതൊരു പുതിയ ഭരണകൂടവും ചെയ്യുന്ന പോലെ എല്ലാ പ്രോജക്ടുകളും പുതുക്കിപ്പണിതു. രാജീവ് ആവാസ് യോജന എന്ന പ്രോജക്ട് എടുത്തു കളഞ്ഞു. അതിലെ ചേരി എന്ന ഘടകം കൂടി, പിന്നീട് വന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ ഘടകമായി ഉൾകൊള്ളിച്ചു. Scattered poor നെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഒരാശ്വാസമായിരുന്നെങ്കിലും, സ്ഥലമില്ലാത്തവർ, കോളനി/ചേരിയിൽ താമസിക്കുന്നവർ, പുറമ്പോക്കിൽ താമസിക്കുന്നവർ എന്നിവരെ address ചെയ്യാൻ രാജീവ് ആവാസ് യോജനയോളം സമഗ്ര കാഴ്ചപ്പാട് പുതിയ പ്രോജക്ടിന് ഇല്ലായിരുന്നു. അന്നൊരു പക്ഷെ, ആ പ്രോജക്ടിന് അംഗീകാരം ലഭിച്ചിരുന്നെങ്കിൽ ഇന്ന് ഈ 13 കോളനിയിലുള്ളവർക്കും ഒരു പക്ഷെ അവരുടെ വീട് നിർമ്മാണം നടക്കുന്ന അവസ്ഥയെങ്കിലുമായേനെ.

വിശപ്പ്;
വീഡിയോയിൽ മാധ്യമ പ്രവർത്തക: ” വിശപ്പു കാരണം മക്കൾ മണ്ണു തിന്നു എന്നു പറയുന്നത് ശരിയാണോ?”
അമ്മ: “അഞ്ചാമത്തെ പുത്രൻ തിന്നാറുണ്ട്.”
മാധ്യമം: “വിശപ്പ് കൊണ്ടാണോ?”
അമ്മ: “അവൻ കളിച്ചു കളിച്ചു മണ്ണിൽ കളിച്ചു വിരലൊക്കെ നക്കി മണ്ണ് തിന്നാറുണ്ട്. എത്ര മാറ്റാൻ നോക്കിയിട്ടും മാറീല്ല.”
മാധ്യമം: “കഴിക്കാൻ ഭക്ഷണമൊന്നും കിട്ടാറില്ലേ?”
അമ്മ: “അവന് എന്തെങ്കിലുമൊക്കെ കഴിക്കാൻ കൊടുക്കും. എന്നാലും മണ്ണിൽ കളിച്ചോണ്ടിരുന്നു വാരിക്കഴിക്കാറുണ്ട്.”

ഇതും മറ്റു വീഡിയോകളും പൂർണ്ണമായും കേട്ട എനിക്ക് മനസ്സിലായത്, ആ വീട്ടിൽ ദാരിദ്ര്യവും ഭർത്താവിന്റെ/അച്ഛന്റെ ഉപദ്രവവും ഒക്കെയുണ്ട്, എന്നാൽ വിശപ്പു കൊണ്ടോ കഴിക്കാൻ ഭക്ഷണമില്ലാത്തത് കൊണ്ടോ അല്ല ആ കുട്ടി മണ്ണു തിന്നത് എന്നാണ്.

അമൃതം പൊടി അംഗൻ വാടിയിൽ നിന്ന് കിട്ടുന്നു എന്ന് ആ അമ്മ തന്നെ പറയുന്നുണ്ട്. 6 മാസം പ്രായം മുതൽ 3 വയസ്സുവരെയുള്ള ഒരു കുഞ്ഞിന് ഒരു മാസം 7 പാക്കറ്റ് (3.5 കിലോഗ്രാം) പൊടിയാണ് ലഭിക്കുക. ആ വീട്ടിൽ ചെറിയ 2 കുഞ്ഞുങ്ങളുണ്ട്, അപ്പോൾ 7 കിലോഗ്രാം ഒരു മാസം.
പിന്നെ അന്ത്യോദയ കാർഡ് ആണോ അവരുടെ എന്നറിയില്ല, ആണെങ്കിൽ
ഒരു മാസം 35 കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ സൗജന്യമായും, ബിപിഎൽ കാർഡ് ആണെങ്കിൽ കുടുംബാംഗങ്ങളുടെ എണ്ണം* 4 കിലോ അരി സൗജന്യമായും എ പി എൽ പ്രയോറിറ്റി കാർഡ് ആണെങ്കിൽ 2 രൂപ നിരക്കിലും ലഭിക്കും. ഇവർക്ക് ഇതേക്കുറിച്ചു അറിവില്ലാത്തതോ, അറിവുണ്ടായിട്ടും ഉപയോഗിക്കാത്തതോ, അതോ റേഷൻ കാർഡ് തന്നെയില്ലാത്തതോ ആണോ? എങ്കിൽ അത് ഇതുവരെയും, ഡിവിഷൻ കൗൺസിലരുടെയോ ആ പ്രദേശത്തെ അംഗൻവാടി ജീവനക്കാരുടെയോ രാഷ്ട്രീയ-സാമൂഹ്യ-സന്നദ്ധ പ്രവർത്തകരുടെയോ ശ്രദ്ധയിൽ പെടാതെ പോയോ?കേരളത്തിലെ മറ്റേതു നഗരത്തെക്കാളും കൂടുതൽ അന്നദാനം നടക്കുന്ന സ്ഥലവും സർക്കാർ ഷെൽറ്ററുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥലവും കൂടിയാണ് തിരുവനന്തപുരം എന്നു കൂടി ഓർക്കുന്നു.

(ആറു കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല, മാസം 10000 രൂപയിലധികം ശമ്പളമുള്ള അച്ഛനും അമ്മയും ഉണ്ടെങ്കിൽ പോലും 6 മക്കളെ വളർത്താൻ പ്രയാസമാണ്.
സ്വന്തം ശരീരത്തിന്മേലുള്ള അധികാരം സ്ത്രീയ്ക്ക് ഉണ്ടാവുക എന്നത് മാത്രമല്ല, അതുണ്ടെന്ന അറിവും അതുപയോഗിക്കാനുള്ള ആർജ്ജവവും കൂടി വളർത്തിയെടുക്കേണ്ടതുണ്ട്. എളുപ്പമല്ല അത്.)