Binukumar M R Kadakkal

പുതിയ കാലത്തെ സിനിമാ പ്രവർത്തകരെ കുറിച്ച് വെറുതെ ഒന്ന് ഓർത്തു പോയതാണ്.അവരോടു എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നുന്നത്.നമ്മുടെ സിനിമയിൽ ഘടികാരങ്ങൾ നിലച്ച്, കാലം നിശ്ചലമായി എത്രയോ നാളായി കാഴ്ചകൾ കെട്ടികിടക്കുകയായിരുന്നു. അങ്ങനെ ഇരുണ്ട്, ഇടുങ്ങിപ്പോയ കാഴ്ചകളുടെ കിണറകങ്ങളിൽ നിന്നാണ് പുതിയ സിനിമാക്കാർ നമ്മളെ തെളിഞ്ഞു നിറഞ്ഞ പുത്തൻകാഴ്ച്ചകളുടെ പുഴ സമൃദ്ധിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.

പോയകാലത്തെ നമ്മുടെ സിനിമ പ്രവർത്തകർ ആരുംതന്നെ മോശക്കാരായിരുന്നില്ല.. ഇത് പോലെ തന്നെ കടന്ന് വന്നവരാണ് അവരും.. പിന്നീട് അവർക്കെന്താകും സംഭവിച്ചത്..കാലം മാറുന്നതും മനുഷ്യന്റെ അഭിരുചികളും ആസക്തികളും മാറി മറിയുന്നതും അവർ അറിഞ്ഞില്ല.അറുപതുകളിൽ മലയാള സിനിമ പിച്ചവെച്ചു തുടങ്ങിയപ്പോൾ പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടി തട്ടിക്കൂട്ടിയ പാട്ടും അതിനെ തുടർന്ന് വന്ന ഗ്രൂപ്പ്‌ ഡാൻസും സംഘട്ടനങ്ങളുമൊക്കെ യാതൊരു ജാള്യതയും കൂടാതെ നാല്പത് വർഷങ്ങൾക്കു ശേഷവും സിനിമയിൽ അവർ അത് പോലെ തന്നെതുടർന്നു.

പ്രേക്ഷകരെ പലപ്പോഴും വിലകുറച്ചു കണ്ടു. നമ്മുടെ സാമാന്യ ബുദ്ധിക്കും വിവേകത്തിനും പല സംവിധായകരും നൽകിയത് പുല്ലു വിലയായിരുന്നു. മറ്റൊരു ചോയ്സ് ഇല്ലാത്തതു കാരണം സിനിമ യിൽ ഇങ്ങനെയൊക്കെയാണ് എന്ന്കരുതി നമ്മൾ സമാധാനിച്ചു. “എന്താ ഇങ്ങനെ” എന്ന് ചോദിച്ച കുട്ടികളോട് “സിനിമയിലിങ്ങനെയൊക്കെയാ”എന്ന് പറഞ്ഞു ആ ചോദ്യങ്ങൾ നമ്മൾ മുളയിലേ നുള്ളി.സിനിമക്കാർ ഇതൊന്നും അറിഞ്ഞതായി ഭാവിച്ചതേയില്ല.സ്വന്തം സിനിമകളിലേക്ക് മാത്രം അവർ നോക്കിക്കൊണ്ടേയിരുന്നു. പരാജയങ്ങളെ അംഗീകരിച്ചില്ല. അതിനും പലരും പ്രേക്ഷകരെ കുറ്റംപറഞ്ഞു.ഹിറ്റായ സിനിമകൾക്ക് കിട്ടിയ കരഘോഷങ്ങളിൽ മുഴുകി അവർ വിമർശനങ്ങൾക്ക് പ്രതിരോധം തീർത്തു.

ആത്മരതിയിൽ മുഴുകി പുതുകാഴ്ച്ചകളിലേക്ക് തുറക്കേണ്ട എല്ലാ വാതായനങ്ങളും അവർ കൊട്ടിയടച്ചു.ഒരുകാലത്ത് വളരെ ഫ്രഷായി തന്നെ കടന്നു വന്നവരാണ് അവരും.മലയാളസിനിമയിൽ അവർ മഹാവൃക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോഴും അന്തരിക വളർച്ചയുടെ കാര്യത്തിൽ അവർ വെറും ബോൺസായികളാ യിരുന്നു..തെരഞ്ഞെടുത്ത വിഷയങ്ങളും ആഖ്യാനവുമെല്ലാം തനിയാവർത്തനങ്ങളായി. സിനിമ സാങ്കേതികമായി നവീകരിക്കപ്പെടുമ്പോഴും സ്വയം നവീകരിക്കാൻ കഴിയാതെ തുടങ്ങിയ ഇടത്തുതന്നെയായിരുന്നു പലരും.

സാങ്കേതികവിദ്യക്കുണ്ടായതു പോലെയുള്ള ക്രമാനുഗതമായ വളർച്ച പലരുടെയും പ്രതിഭയ്ക്കുണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പുതുകൈവഴികളിലൂടെ ആർത്തലച്ചു ഒഴുകേണ്ട മലയാളസിനിമയെ ഇവർ കെട്ടിനിർത്തി ദുഷിപ്പിച്ചു .ചോദിക്കാനും പറയാനും വിവരമുള്ള ഒരുത്തനും വരില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. കാരണം സിനിമയെ വളരെ ഗൗരവത്തോടെ കണ്ടിരുന്ന ഒരു സമൂഹം എന്നേ ഇതിനെ കൈവിട്ടിരുന്നു. അങ്ങനെ സിനിമ വെറുമൊരു കളിതമാശ മാത്രമായി.. ഇന്നത്തെ പോലെ ആരും സിനിമകൾക്ക് റിവ്യൂ എഴുതാൻ മെനക്കെട്ടില്ല. ആകെ ആശ്വാസം മാതൃഭൂമിയിലെ ചിത്രശാലയായിരുന്നു.

അതൊക്കെ ഈ സിനിമാക്കാർ വായിച്ചിരുന്നോ എന്നറിയില്ല. ഇതിനിടയിലും പ്രതിഭയുടെ ചില മിന്നൽ വെട്ടങ്ങൾ ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല, എന്നാൽ അപ്പോഴൊന്നും അവരെയൊന്നും അംഗീകരിക്കാൻ കഴിയുന്ന ഒരു പുതു സിനിമാപരിസരം രൂപപ്പെട്ടിരുന്നില്ല എന്ന താണ് സത്യം. തങ്ങളുടെ മുഴുവൻ കാർഡുകളും ഓപ്പണായി കഴിഞ്ഞിട്ടും അവർ കളം വിട്ടുപോയില്ല. ഒരു ലജ്ജയുമില്ലാതെ തങ്ങളുടെതന്നെ സിനിമകൾക്ക് രണ്ടും മൂന്നും ഭാഗങ്ങൾ ഇറക്കി വിജയിപ്പിച്ചെടുത്ത് പ്രേക്ഷകരെ വെല്ലുവിളിച്ചുകൊണ്ട് അവർ ക്രൂരമായി ആനന്ദിച്ചു.

ഏതായാലും ഒടുവിൽ അനിവാര്യമായതു സംഭവിച്ചു. പുതിയ പിള്ളേർ വന്നു. അങ്ങനെ കെട്ടിക്കിടന്ന് ദുഷിച്ചു നാറിയ മലയാളസിനിമയെ അവർ വീണ്ടും പുതു വഴികളിലൂടെ കൊണ്ടുപോയി . പുതുപുത്തൻ കാഴ്ചകൾ ഒരുക്കി ഇപ്പോൾ അത് ആർത്തുല്ലസിച്ച് തെളിഞ്ഞ് ഒഴുകാൻ തുടങ്ങിയിരിക്കുന്നു. വീണ്ടും നമ്മുടെ സിനിമയിൽ നവഭാവുകത്വത്തിന്റെ പൂക്കൾ വിടർന്നു .

ആമേൻ,മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ,തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ എണ്ണമറ്റ സിനിമകളിൽ അതിന്റെ മുഴുവൻ സൗരഭ്യവും നിറഞ്ഞു നിൽക്കുന്നു..പിന്നെ ഒന്നുണ്ട്..ഇനിയും കാലം നിശ്ചലമായി കാഴ്ചകൾ വീണ്ടും കെട്ടികിടന്നേക്കാം…എന്നാൽ ഒന്നുറപ്പാണ്..അപ്പോഴും വരും പുതിയ പിള്ളേർ..പുത്തൻ വിസ്മയകാഴ്ചക ളുമായി…

Leave a Reply
You May Also Like

ഈ കിംവദന്തി ശരിക്കും സത്യമാണോ ?

ഈ കിംവദന്തി ശരിക്കും സത്യമാണോ ? റിപ്പോർട്ടുകൾ പ്രകാരം ആളുകൾ റെഡ്ഡിറ്റിൽ ഇൻസ്റ്റാഗ്രാമിന്റെ സ്ക്രീൻഷോട്ടുകൾ പങ്കിടുന്നു.…

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

മലയാളത്തിലെ പ്രിയപ്പെട്ട യുവ താരങ്ങളിൽ ഒരാളാണ് സണ്ണി വെയ്ൻ.

എസ്.എൻ.സ്വാമി സംവിധാനം ചെയ്ത ചിത്രം സീക്രട്ടിലെ ആദ്യ ഗാനം “കാറ്റിൻ ചിരി കേൾക്കാം” പ്രേക്ഷകരിലേക്ക്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ.സ്വാമി സംവിധാനം ചെയ്ത സീക്രട്ട് എന്ന ചിത്രത്തിലെ “കാറ്റിൻ ചിരി കേൾക്കാം” എന്ന ഗാനം റിലീസായി.

ഗ്ലാമർ നായിക സണ്ണി ലിയോണിന്റെ ‘ഓ മൈ ഗോസ്റ്റ്’ -ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഗ്ലാമർ നായിക സണ്ണി ലിയോണിന്റെ ‘ഓ മൈ ഗോസ്റ്റ്’ -ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . നേരത്തെ…