വെള്ളം ചേർക്കാത്ത പ്രണയം പീനൽക്കോഡിന്‌ വഴങ്ങില്ല 

1264

Binusathyan Indraprastham

വെള്ളം ചേർക്കാത്ത പ്രണയം പീനൽക്കോഡിന്‌ വഴങ്ങില്ല 
*******************************************
പോസ്റ്റുപരമായ മുന്നറിയിപ്പ് :- അമ്പോറ്റിക്കുഞ്ഞുങ്ങൾ വായിക്കരുത്, മനുഷ്യർക്കുള്ളതാണ് !

ചരിത്രാതീതകാലം മുതൽ ജീവനെടുത്തും,കളഞ്ഞും,ജീവിതം കൊടുത്തും തുടരുന്നതു തന്നെയാണ് പ്രണയം.ചരിത്രത്തിലുണ്ടായ ഒട്ടുമിക്ക യുദ്ധങ്ങളും മണ്ണിനും പെണ്ണിനും വേണ്ടിയുള്ളതാണ്‌ .രാമായണഭാരതതേതിഹാസങ്ങൾ നോക്കൂ…!തിരസ്ക്കരിക്കപ്പെട്ട സീതാദേവിയുടെ മൺമറയൽ,വഞ്ചിക്കപ്പെട്ട ഗൗതമമഹർഷിയുടെ ശാപാക്രമണം,അങ്ങനെ ഓർത്തെടുക്കാവുന്ന ഒട്ടനവധി സംഭവങ്ങൾക്കൊടുവിൽ,എന്തു നേടിയെന്നു ചോദിക്കുമ്പോൾ ? രാമന്റെ ആത്മഹത്യയും യുധിഷ്ഠിരന്റെ പട്ടിക്കൊപ്പമുള്ള സ്വർഗ്ഗപ്രവേശനവും ബാക്കിയാകുന്നു .

സോപാധികമായ പ്രണയമുണ്ടാകുമോ ? വെറുതേയിരിക്കുമ്പോൾ തോന്നുന്നത് ? ഉണ്ടാകാം,സമാനമനസ്കർക്ക് വളർത്തിയെടുക്കാവുന്ന സുകുമാരകലകൾ ! പൊസ്സസ്സീവ്‌നെസ്സ് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നവർ പറയും .പ്രണയത്തിന്റെ അനുഭൂതിയും അസ്വസ്ഥയും ഇണചേരുന്നത് ഈ പൊസ്സസ്സീവ്നെസ്സിലാണ്,ശ്വാസവും ശ്വാസംമുട്ടലും !അനുഭൂതി വിഭൂതിയാകുമ്പോൾ ലാസ്യം സംഹാരത്തിലേക്ക് നട മാറ്റും !സ്വാഭാവിക പരിണാമം .

പ്രണയിക്കുന്നവരെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു വിടണം .അവർക്കതിനു കഴിവില്ലെങ്കിൽ നാട്ടുകാരും മാതാപിതാക്കളും ചേർന്നു അതു നടത്തിക്കൊടുക്കണം .ഇനി ഏതെങ്കിലും കാരണവശാൽ അതു നടക്കാതെ പോകുകയാണെങ്കിൽ,പ്രണയിതാക്കൾ നോമ്പെടുത്ത്,പ്രാർത്ഥനയിൽ മുഴുകി,മാനസികമായും ശാരീരികമായും നിരാശയെ അതിജീവിക്കാൻ പ്രാപ്തി നേടണമെന്നാണ്,മതം ജീവിതചര്യയാക്കിയ ഇസ്ലാമികസന്ദേശം .

പ്രണയത്തിന്റെ തീവ്രത കൂടുന്നതിനനുസ്സരിച്ചു പൊസ്സസ്സീവ്നെസ്സ് കൂടുക തന്നെ ചെയ്യും,അതിനാലാണ് നാം അതിനെ അസ്ഥിയിൽ പിടിച്ച പ്രേമം എന്ന പ്രയോഗം കൊണ്ടു മഹത്വവൽക്കരിക്കുന്നത് .പ്രണയിതാക്കളിൽ ഒരാളുടെ പിന്മാറ്റം മറ്റേയാളിൽ ഉണ്ടാക്കിയേക്കാവുന്ന നിരാശ ഏതു രൂപമെടുക്കുമെന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ച,കണ്ടറിയുക തന്നെ വേണം .വൺ വേകളിൽ അപകടങ്ങൾ കുറവാകാം .

പ്രണയവും കാമവും തമ്മിലുള്ള വ്യത്യാസം എന്താണ് ? പ്രണയം സഫലമാകണമെങ്കിൽ പ്രണയിച്ച ആളെ കിട്ടുക തന്നെ വേണം,എന്നാൽ കാമത്തിന് അങ്ങനെയൊരു അനിവാര്യതയില്ല .മാംസനിബദ്ധമല്ലാത്ത പ്രണയങ്ങളെക്കുറിച്ചും,വിശ്വപ്രണങ്ങളെക്കുറിച്ചുമുള്ള രോമാഞ്ചമുണ്ടാക്കുന്ന കഥകൾ ഭൗതികകെട്ടുപാടുകളിൽ നിന്നു ദൃശ്യവൽക്കരിക്കാനുള്ള പ്രഭാവലയം തലയ്ക്കു ചുറ്റുമില്ലാത്തതിനാൽ,തൽക്കാലം അതിനുമുതിരുന്നില്ല .

പ്രണയിതാക്കളെ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന പലപ്രശ്നങ്ങളും വാർത്തകളായി നമ്മുടെ മുന്നിലെത്തുന്നുണ്ട് .അതിൽ ഏറ്റവും മാനസികവിഷമമുണ്ടാക്കുന്നത് രണ്ടാനച്ചന്മാരുടെ കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളും,അതിനു കൂട്ടു നിൽക്കുന്ന അമ്മമാരുമാണ് .കുട്ടികളെയും മാതാപിതാക്കളെയും പ്രണയസാഫല്യത്തിനായി കൊന്നൊടുക്കിയ വാർത്ത നമ്മൾ കേട്ടിട്ട് അധികനാളായില്ല .വിവാഹിതയും ഡോക്റ്ററുമായ കാമുകി,കാമുകനെ വെട്ടിക്കൂട്ടി,പെട്ടിയിലാക്കിക്കളഞ്ഞതും ഇവിടെ തന്നെ . തേപ്പിന്, തക്കമറുപടി തോക്കാണോ ? പുരോഗമനപരമായും,നിയമപരമായും ഉറപ്പായും അല്ല !

വിവാഹിത അവിവാഹിതനെ പ്രണയിക്കുമ്പോഴും,വിവാഹിതൻ അവിവാഹിതയെ പ്രണയിക്കുമ്പോഴും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ഏകപക്ഷീയമായ അസ്ഥിയിൽപ്പിടിക്കൽ കൂടുതൽ തന്നെയാകും .വിവാഹിതരുടെ പ്രണയത്തെക്കുറിച്ചു നബിക്കെന്താണ് പറയാനുള്ളത് ? വിവാഹിതന് അന്യസ്ത്രീയോട്‌ പ്രണയം തോന്നിയാൽ,സ്വന്തം ഭാര്യയയിൽ കാമുകിയെക്കണ്ടു,തൃപ്തിപ്പെടണമെന്നു നിർദ്ദേശം .ഭാര്യമാരിൽ അയിഷയോട് തോന്നിയ പ്രത്യേകസ്നേഹത്തെ മറികടക്കാനാകാതെ പ്രാർത്ഥനയിൽ മുഴുകുന്ന പ്രവാചകനെ നമുക്ക് കാണാം .

എന്തിനും ഉടനടി പ്രതികരിക്കുന്ന വിശാരദന്മാർ,വൈകാരികതയെ യുക്തികൊണ്ടളക്കാൻ ശ്രമിക്കരുത് .അതു ബുദ്ധിയല്ല ….

Advertisements
Previous articleഒരു മണ്ടൻ്റെ സ്വപ്നങ്ങൾ 3
Next articleലഘുഭാരം ഉയർത്തുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.