കൂട്ടത്തിലൊരുവനെക്കുറിച്ചു നല്ലത് കേട്ടാൽ അസ്വസ്ഥമാകുന്ന ചില ജന്മങ്ങളുണ്ട്

63


Binusathyan Indraprastham

വാഷിംഗ്ടൺ പോസ്റ്റ് മൂർദ്ദാബാദ്

കൂട്ടത്തിലൊരുവനെക്കുറിച്ചു, നല്ലത് കേട്ടാൽ അസ്വസ്ഥമാകുന്ന ചില ജന്മങ്ങളുണ്ട് .അവർക്ക് സ്വന്തം നാടിനെക്കുറിച്ചും സമാനവിഭ്രാന്തികളുണ്ട്.അങ്ങനെ പലരുടേയും ഉറക്കം തന്നെ ലോക്ക് ഡൗൺ ആയ സ്ഥിതിയാണ് നിലവിലുള്ളത്!1957 ൽ ലോകത്ത് ആദ്യമായി,മലയാളികൾ അന്നു വോട്ടിട്ട് തെരഞ്ഞെടുത്ത ഒരു തുടക്കമുണ്ട്,അതിന്റെ ദീർഘവീക്ഷണവും കർമ്മപരിപാടികളുടെ തുടർച്ചയും മാത്രമാണ്,കേരളത്തിന്റെ വ്യസ്ത്യസ്ഥത ! അതു ഒരു മോഡൽ തന്നെയാണ്,എഴുതി തൊലയ്ക്കാൻ കഴിയാത്തത് ആണ്.

അമേരിക്കൻ മിറ്റിഗേഷൻ മെത്തേഡും,തമിഴ് നാടൻ തനി നാടൻ പ്രയോഗവുമായിരുന്നു,ഉപദേശികളുടെ കോവിഡ് നിർമ്മാർജ്ജന പാക്കേജ് ! എന്തിനെയും ഏതിനെയും വസ്തുനിഷ്ഠമായി സമീപിക്കുകയും,ഉൾക്കൊള്ളുകയും ചെയ്യുന്ന,ദർശനം കൈമുതലായിട്ടുള്ളവരാൽ രൂപീകരിക്കപ്പെട്ട ഒരു സർക്കാർ ആയിരുന്നു,മലയാളികളുടെ ഭാഗ്യത്തിന്,ഒന്നിരാടക്കസേരക്കളിയിൽ, നിലവിൽ വന്നു പെട്ടത് !

അവർ ആരോഗ്യപ്രവർത്തകരെ വിശ്വാസത്തിലെടുത്ത്,ശരിയെന്നു തോന്നിയ,ശരിയാകുമെന്ന് തോന്നിയ ഒരു പ്രോട്ടോക്കോൾ തുടർന്നു .അതിന്റെ ഫലങ്ങൾ ആണ്,നാമിന്നു കേൾക്കുന്ന കേരളാമോഡൽ കോവിഡിയൻ വാർത്തകൾ . കേരളത്തെ, ഇവിടെ നിലനിൽക്കുന്ന രാഷ്ട്രീയത്തെ, ചതുർത്ഥി ആയി കണ്ട കേന്ദ്രം,കണക്കെടുപ്പിൽ കേരളത്തിന്റെ സ്ഥിതി വിവരക്കണക്കുകളെ അവഗണിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു .അതിനു മറ്റൊരു കാരണം വിദേശരാഷ്ട്രങ്ങൾക്ക് ഇന്ത്യയെന്നത്,കേരളം ആയി മാറിയ സാഹചര്യമാണ് !

വാഷിംഗ്‌ടൺ പോസ്റ്റിലെ വാർത്ത കൂടി വന്നതോടെ,ചാണകത്തിലെ പ്ലൂട്ടോണിയം ഗവേഷിച്ചു കൊണ്ടിരുന്ന പലരും,അതു താൽക്കാലികമായി നിർത്തി ചരിത്ര ഗവേഷണത്തിലാണ് !തിരുവിതാംകൂർ രാജാക്കന്മാരാണ് ഇപ്പോഴത്തെ ഹീറോകൾ ! ഇന്ത്യയിലെ ബാക്കി രാജവംശങ്ങളും,പുണ്യ പുരാണ ശാസ്ത്രങ്ങളായ പുഷ്പകവിമാനവും,ടെസ്റ്റ് ട്യൂബ് ശിശുക്കളും,ഡോ .ശിവന്റെ തലമാറ്റൽ ശസ്ത്രക്രിയയും ഒക്കെ താൽക്കാലികമായി ശോഭകെട്ടു നിൽക്കുന്നു .

ഏതൊരു രാഷ്ട്രവും സർക്കാരും,അവിടുള്ള സാധാരണക്കാരിൽ, സാധാരണക്കാരനായ പൗരനു ഗുണപ്പെടുമ്പോഴാണ്,മാതൃകയാക്കപ്പെടുക, എന്നതാണ്‌ കേരളസർക്കാർ തെളിയിക്കുന്നത് .
തകർന്ന കമ്മ്യൂണിസ്റ്റ് സോവിയറ്റ് നാടോ,നിലവിൽ ഭരണം ഇല്ലാത്ത ത്രിപുരയോ പശ്ചിമ ബംഗാളോ ആണോ,ഭരിക്കപ്പെടുന്ന ഒരിടവുമായി താരതമ്യം ചെയ്യപ്പെടാവുന്ന ഉദാഹരണങ്ങൾ ..കമ്യൂണിസ്റ്റ് ഭരണം നഷ്ടപ്പെട്ടപ്പോൾ അവിടമെല്ലാം “സ്വർഗ്ഗമായെങ്കിൽ” നിങ്ങൾ പറയുന്നതിൽ കഴമ്പുണ്ട് ! മാറ്റങ്ങൾ പഠനവിധേയമാക്കുക തന്നെ വേണം .

കേരളം നിലവിൽ സ്വർഗ്ഗമൊന്നുമല്ല,എന്നാൽ മറ്റിടങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടതാണ്.ലോകരാഷ്ട്രങ്ങൾക്കുള്ള അത്യാധുനിക ആരോഗ്യസംവിധാനങ്ങളൊന്നും നമുക്കില്ല ..പക്ഷേ,നിലവിൽ ഈ കോവിഡിയൻ അന്തരാളഘട്ടത്തിൽ ! എവിടെ എന്ന ചോദ്യത്തിന്,തിരുവിതാംകൂർ എന്നല്ല മറുപടി,”കേരളം” എന്നു തന്നെയാണ് ! രാജാക്കന്മാരുടെ ദയാവായ്പ്പ് കൊണ്ടു ലോകത്തെ അതിശയിപ്പിക്കുന്ന ഏതു ആശുപത്രിയാണ് നാം സ്വന്തമാക്കിയത് ,ഡൽഹി എയിംസോ,രാം മനോഹർ ലോഹ്യയോ ? ബ്രീച് കാൻഡിയോ ?! ഇതൊന്നുമല്ല കേരളം …ഇവിടുത്തെ അഭ്യസ്തവിദ്യരായ ജനങ്ങൾ,വിദേശികൾ വന്നു പോയിരുന്ന നമ്മുടെ ഭൂതകാലം,അതിനെത്തുടർന്നു കടൽകടക്കാൻ ധൈര്യപ്പെട്ട മലയാളികൾ,അവർ കൊണ്ടുവന്ന പുതിയ ലോകം ! പ്രവാസിയെ പ്രസവിച്ച നാട് അഥവാ പ്രവാസി പ്രസവിച്ച നാട്,ഈ കാലഘട്ടത്തിലേക്ക്,അവരെ നോക്കാൻ ചുമതലപ്പെടുത്തിയ “സർക്കാർ” അതിനെ നയിക്കുന്ന രാഷ്ട്രീയം, അതാണ് “കേരളം” അതു തന്നെയാണ് മോഡൽ !

സ്വാതന്ത്ര്യ സമരവും,അധികാരത്തിനായി വിഭജിക്കപ്പെട്ട രാജ്യവും,വർഗ്ഗീയത എപ്പോൾ വേണമെങ്കിലും പുകയ്ക്കപ്പെടാവുന്ന നെരിപ്പോടായി ഇപ്പോഴും ഇന്ത്യയെ നിലനിർത്തിപ്പോരുന്നുണ്ട്.അപ്പോഴും കേരളം,ദർശനരാഹിത്യമുള്ള ഇന്ത്യയെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു !
എതിരഭിപ്രായമുള്ളവർ,അവരുടെ പക്ഷങ്ങളുള്ള നാടുകളെ ഉദാഹരണമായി ചൂണ്ടിക്കാട്ടൂ …അവരിൽ നിന്നും നമുക്ക് മാതൃകയാക്കേണ്ടത് എന്താണെന്ന് പറയൂ …ശരിയെന്നു തോന്നുന്നത് നമുക്കുൾക്കൊള്ളാം,നമുക്കിനിയും മുന്നോട്ട് പോകേണ്ടതുണ്ട്,കൂടുതൽ മെച്ചപ്പെട്ട “മോഡലായി”

വാഷിംഗ്ടൺ പോസ്റ്റിനോട് വൈരാഗ്യമരുത്,കൂടുതൽ മെച്ചപ്പെട്ട മാതൃകകകൾ അവർ കണ്ടെത്തിക്കൊള്ളും .ഇന്ത്യയിൽ നിന്നും ഇനിയും മോഡലുകൾ ഉണ്ടാകണം ..സ്വാതന്ത്ര്യ സമര കാലഘട്ടത്തെ നമ്മൾ വായിച്ചറിഞ്ഞത് വിദേശീയരായ എഴുത്തുകാരിലൂടെയാണ്,ഉപനിഷത് വേദപുരാണേതിഹാസങ്ങൾ ലോകത്തെ അറിയിച്ചത് നമ്മളായിരുന്നില്ല,എന്തു ചെയ്യാം തൽക്കാലം നമുക്കിങ്ങനെ തുടരാം.അതായിരിക്കുമല്ലോ നിങ്ങൾ മുന്നോട്ട് വയ്ക്കുന്ന ബദൽ മോഡൽ !