ഈ സീസണിൽ വന്ന മികച്ച ചില OTT റിലീസുകൾ

  146

  Bipin Elias Thampy

  ഈ സീസണിൽ വന്ന മികച്ച ചില OTT റിലീസുകൾ.

  കൊറോണ വന്നതോടെ അടച്ചിട്ട തിയറ്ററുകൾ, അത് മൂലം നിർജീവമാകാൻ തുടങ്ങിയ സിനിമ മേഖലക്കും, സിനിമാ പ്രവർത്തകർക്കും OTT അഥവാ ഓവർ ദി ടോപ് പ്ലാറ്റുഫോമുകൾ കൊടുത്ത ആശ്വാസം ചെറുതെന്നു പറയാൻ പറ്റില്ല, കഴിഞ്ഞ 9 മാസങ്ങൾക്കുള്ളിൽ വിവിധ OTTകളിൽ കൂടി റിലീസ് ആയത് 30 ഓളം സിനിമകൾ ആണ്. ഏകദേശം 10 ഓളം സിനിമകൾ ഇനിയും OTT പ്ലാറ്റുഫോമുകളിലൂടെ റിലീസിന് തയ്യാർ എടുക്കുകയും ചെയ്യുന്നു. ജനപ്രിയ സീരീസുകൾക്ക് പുറമെ ഉള്ള കണക്ക് ആണിത് മലയാളം ഒഴികെയുള്ള മറ്റ് സിനിമ മേഖലകളുടെ ഏറ്റവും വലിയ ഫെസ്റ്റിവൽ റിലീസ് സീസൺ ആയ ദീപാവലിക്കും OTT പ്ലാറ്റ്‌ ഫോമുകൾ മികച്ച സിനിമകളുമായി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക്‌ വന്നത്, ഫെസ്റ്റിവൽ സീസണിലെ മികച്ച 4 സിനിമകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

  1, സൂററൈ പൊട്ര് (തമിൾ, ഡ്രാമ / ആക്ഷൻ)
  സ്ട്രീമിങ് : ആമസോൺ പ്രൈം
  ഇന്ത്യയിലെ സാധാരണ ജനങ്ങളുടെയും ആകാശ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ചുക്കാൻ പിടിച്ച മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂടി ആയ ക്യാപ്ടൻ ഗോപിനാഥിന്റെ തന്നെ പുസ്തകം ആയ Simply fly : A deccan Odyssey എന്ന പുസ്തകത്തെ ബേസ് ചെയ്ത് സുധാ കൊങ്ങരയുടെ കഥക്ക് സുധയും ശാലിനി ഉഷാദേവിയും ചേർന്ന് തിരക്കഥ എഴുതി സുധാ കൊങ്ങര തന്നെ സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് നടൻ സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റർടൈൻമെന്റ് ആണ്.

  ഉർവശി, സൂര്യ, പരേഷ് റാവൽ, അപർണ ബാലമുരളി, മോഹൻബാബു, കരുണാസ്, കൃഷ്ണകുമാർ ബാലസുബ്രമണ്യം, വിവേക് പ്രസന്ന,കാളി വെങ്കട്ട്, പ്രകാശ് ബെലവാദി തുടങ്ങി മികച്ച ഒരു താരനിരയിൽ അണിയിച്ചൊരുക്കിയ സിനിമ, തരങ്ങളുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വളരെ നല്ല ഒരു അനുഭവം ആകുന്നുണ്ട്.
  പൂർണതയുള്ള മികച്ച ഒരു തിരക്കഥയിൽ ഒരുക്കിയ സിനിമ സുധാ കൊങ്ങര എന്ന സംവിധായികയുടെ സംവിധാന പാടവത്തിന്റെ കൂടി തെളിവാണ്. കൂടാതെ നികേത് ബൊമ്മിറെഡ്ഢി എന്ന ചായഗ്രാഹകന്റെ മികച്ച ഫ്രെയിമുകളാൽ സമ്പന്നവും. GV പ്രകാശ് കുമാറിന്റെതാണ് സിനിമയുടെ സംഗീതം.

  ഏകദേശം 10 വർഷത്തെ സുധയുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ് അവരുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ. ക്യാപ്റ്റൻ ഗോപിനാഥിന്റെ സ്വപ്നത്തോളം തന്നെ തിളക്കമുള്ളത് തന്നെ ആയിരുന്നു ഈ സിനിമയെ പറ്റി സുധ കൊങ്ങരയും കണ്ട സ്വപ്നം എന്ന് സിനിമ കണ്ടു കഴിയുന്ന പ്രേക്ഷകനും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. പക്ഷെ മികച്ച അനുഭവം നൽകുന്ന സിനിമ അവസാനിക്കുമ്പോഴും പ്രേക്ഷകന് ഉണ്ടാകുന്ന ഒരു നഷ്ട ബോധം ഉണ്ട് അത് ഇത്രയും മികച്ച ഒരു സിനിമാ അനുഭവം തിയറ്ററിൽ നഷ്‍ടമായതിന്റെ ആണ്.
  റേറ്റിംഗ് 4.5/5

  2, ചലാങ്ങ് ( ഹിന്ദി, ഡ്രാമ / കോമഡി )
  സ്ട്രീമിംഗ് : ആമസോൺ പ്രൈം

  ആമസോൺ പ്രൈമിന്റെ മറ്റൊരു ഫെസ്റ്റിവൽ റിലീസ് ആണ് ചലാങ്ങ് എന്ന സിനിമ,
  സിറ്റി ലൈറ്റ്സ്, അലിഗഡ് എന്നീ മികച്ച സിനിമകളും, സ്കാം 1992 എന്ന ബയോപിക് ത്രില്ലർ സീരീസും സംവിധാനം ചെയ്ത ഹൻസൽ മെഹ്ത സംവിധാനം ചെയ്ത ഒരു നല്ല ഫീൽ ഗുഡ് മൂവി കൂടി ആണ് ചലാങ്ങ്. ലവ് രഞ്ചൻ, അങ്കുർ ഗർഗ്, അജയ് ദേവ്ഗൺ എന്നിവരോടൊപ്പം ടി സീരീസ് ചേർന്ന് നിർമിച്ചിരിക്കുന്നു ഈ സിനിമ.

  രാജ്‌കുമാർ റാവു, മുഹമ്മദ്‌ സീഷാൻ, സതിഷ് കൗശിക് സൗരഭ് ശുക്ല, ഇളാ അരുൺ, നുസ്രത് ബറൂച്ച എന്നിവർ അഭിനയിച്ചിരിക്കുന്ന സിനിമയിൽ എടുത്തു പറയാവുന്നത് രാജ് കുമാർ റാവുവിന്റെ അഭിനയം തന്നെയാണ്, വലിയ കെട്ടു കാഴ്ചകളോ, ആരവങ്ങളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ഈ സിനിമക്ക് ആകുന്നുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അയാൾക്ക്‌ അവകാശപ്പെട്ടതാണ്.

  ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ഉള്ള സ്കൂളിൽ PT അധ്യാപകനായി ജോലി നോക്കുന്ന മോണ്ടു എന്ന മഹേന്ദർ സിങ്ങിലൂടെയാണ് ( രാജ്‌കുമാർ റാവു ) സിനിമ വികസിക്കുന്നത്. അതേ സ്കൂളിൽ അധ്യാപിക ആയി വരുന്ന നീലിമയേ (നുസ്രത് ബറുച്ച) അയാൾക്ക് ഇഷ്ടമാകുന്നു. ഇവരുടെ ഇടയിലേക്ക് സീനിയർ PT അധ്യാപകൻ ആയ ഇന്ദർ മോഹൻ (മുഹമ്മദ്‌ സീഷാൻ) കടന്ന് വരുന്നതോടെ മോണ്ടുവിന് ജോലിയും പ്രണയിനിയും നഷ്ടപ്പെട്ടേക്കും എന്ന ഭയം തോന്നുന്ന ഇടത്തു നിന്നും സിനിമ മറ്റൊരു തലത്തിലേക്ക് എത്തുന്നു, ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള ക്‌ളീഷേ രംഗങ്ങൾ ഉണ്ടെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാതെയും, പിരിമുറുക്കം ഇല്ലാതെയും ഹാസ്യത്തിന്റെ പിൻബലത്തിൽ തന്നെ കൊണ്ട് അവസാനിപ്പിക്കുന്നുണ്ട് സിനിമ.
  റേറ്റിംഗ് 3.5/5

  3, ലുഡോ ( ഹിന്ദി, ഡ്രാമ / കോമഡി )
  സ്ട്രീമിംഗ് : നെറ്റ്ഫ്ലിക്സ്
  അനുരാഗ് ബസു എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഡാർക്ക്‌ കോമഡി വിഭാഗത്തിൽപ്പെട്ട ഒരു സിനിമയാണ് ഇത്. അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, പങ്കജ് തൃപാതി, ആദിത്യ റായ് കപൂർ, പേളി മാണി, ഫാത്തിമ സന എന്നിവർ വേഷമിട്ടിരിക്കുന്ന സിനിമയിൽ സംവിധായകൻ അനുരാഗ് ബസുവും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്, സിനിമയിൽ എടുത്തു പറയേണ്ടത് രാജ് കുമാർ റാവുവിന്റേയും പങ്കജ് തൃപാതിയുടെയും പ്രകടനം തന്നെ ആണ്, കൂട്ടത്തിൽ പേളി മാണിയും നന്നായിട്ടുണ്ട്, അഭിഷേക് ബച്ചന്റെ വേഷം അത്രകണ്ട് മികച്ചതായി തോന്നിയില്ല. അനുരാഗ് ബസുവിന്റെ നാരേഷനിൽ കൂടി ആണ് സിനിമ തുടങ്ങി മുന്നോട്ട് പോകുന്നതും. സിനിമയിലെ ഹാർഡ് ലാംഗ്വേജിന്റെ പ്രയോഗം ഫാമിലി വാച്ചിന് വിലങ്ങു തടി ആവുന്നുണ്ട്.
  നാല് കഥകൾ അവയെ ചുറ്റി പറ്റി കുറെയേറെ കഥാപാത്രങ്ങൾ ഇവരെ ഒരു ഗ്യാങ്സ്റ്ററിന്റെ കഥയുമായി ബന്ധിപ്പിച്ച് ഒരൊറ്റ കഥയായി അവതരിപ്പിച്ചിരിക്കുന്നു, അൽപം കൂടി ലളിതമായി പറഞ്ഞാൽ ഒരു ലുഡോ ബോർഡിലെ നാല് കള്ളികളിലേക്കും പ്ലേസ് ചെയ്തിരിക്കുന്ന നാല് കഥകൾ ഇവരുടെ നീക്കങ്ങളെ നിയന്ത്രിക്കുന്ന ലുഡോയുടെ ഡൈസിന്റെ സ്ഥാനം ആണ് ഗ്യാങ്സ്റ്ററിന്റേത്, മനുഷ്യന്റ ജീവിതം ഒരു ലുഡോയിലെ കരുക്കൾ പോലെ ആണെന്നും ഭാഗ്യ നിർഭാഗ്യങ്ങളെ അനുസരിച്ചാണ് അവന്റെ ജയവും തോൽവിയും എന്നും അവിടെ ജയം കർമം അനുസരിച്ചല്ല ഭാഗ്യം അനുസരിച്ചാണ് എന്നും ആണ് സിനിമ പറയുന്നത്, ഒരു ലുഡോ ഗെയിം പോലെ ആര് ജയിക്കും ആര് തോൽക്കും എന്ന പോലെ അനിശ്ചിതത്വം നിറഞ്ഞു തന്നെ ആണ് ആദ്യാവസാനം സിനിമ. അവസാനിക്കുമ്പോൾ ഭാഗ്യം ഇല്ലാത്തവർ പുറത്താകുന്നു. ആര് പുറത്താകും എന്നറിയാൻ സിനിമ അവസാനം വരെ കാണുക.
  റേറ്റിംഗ് 3/5

  1. മൂക്കുത്തി അമ്മൻ ( തമിൾ ഡ്രാമ / ഫാന്റസി )
   സ്ട്രീമിംഗ് : ഹോട്സ്റ്റാർ
   ഭക്തി നിർഭരമായ അമ്മൻ കഥകൾക്ക് പഞ്ഞമില്ലാത്ത തമിളിൽ നിന്നും അതിന് വിപരീതമായി വന്നിരിക്കുന്ന ഒരു ഡിവോഷണൽ സറ്റയർ മൂവി ആണ് മൂക്കുത്തി അമ്മൻ. മാജിക്കൽ റിയലിസത്തെ കൂട്ട് പിടിച്ച് കഥ പറഞ്ഞു പോകുന്ന സിനിമ കണ്ടവസാനിക്കുമ്പോൾ പ്രേക്ഷകരോടും ഒരുപിടി ചോദ്യങ്ങൾ ബാക്കി വെക്കുന്നുണ്ട്.
   RJ ബാലാജി, NJ ശരവണൻ എന്നിവർ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും ബാലാജിയുടേത് തന്നെ ആണ്. ബാലാജി, ഉർവശി, നയൻ‌താര, അജയ് ഘോഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയിൽ കൂടി ആൾ ദൈവങ്ങളെയും, ദൈവത്തിന്റെ സന്ദേശ വാഹകർ ആയി എത്തുന്നവരെയും, ആത്മീയതയുടെ പേരും പറഞ്ഞ് സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നവരെയും, അതിനെ കച്ചവടമാക്കി മാറ്റുന്നവരെയും എന്ന് വേണ്ട അമിത ഭക്തിക്കാരെയും ദൈവത്തെയും വരെ നന്നായി കുടയുന്നുണ്ട്, കൂട്ടത്തിൽ മലയാളിയുടെ പ്രീ വെഡിങ് ഷൂട്ടിങ്ങ് ഭ്രമത്തെയും ഒന്ന് കൊട്ടുന്നുണ്ട് ബാലാജി.

  ബാലാജിയുടെ രാമസ്വാമി എന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെ ആരംഭിക്കുന്നു സിനിമ. പലയിടത്തും ബാലാജിയുടെ അഭിനയം അരോചകം ആകുന്നുണ്ടെങ്കിലും ഉർവശിയുടെ പാൽ തങ്കം എന്ന ‘അമ്മ കഥാപാത്രം മികച്ചു തന്നെ കോമഡിയും ഇമോഷണൽ രംഗങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്, നയൻതാരയുടെ മൂക്കുത്തി അമ്മൻ എന്ന ടൈറ്റിൽ കഥാപാത്രത്തിന് അഭിനയ പ്രാധാന്യം ഇല്ലാ എങ്കിലും ഒരു ദേവിക്ക് വേണ്ട കരിസ്മ ഉണ്ട് കഥാപാത്രത്തിന് ഉടനീളം. മറ്റൊന്ന് അജയ് ഘോഷിന്റെ ഭഗവതി ബാബ എന്ന ആൾ ദൈവ കഥാപാത്രവും മികച്ചു നിന്നു, നാം കണ്ടതും, അറിഞ്ഞതുമായുള്ള ഒരുപാട് ആൾ ദൈവങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിച്ചു എന്ന് തന്നെ പറയാം. ആക്ഷേപ ഹാസ്യം ഇഷ്ടപെടുന്ന ആൾ ആണ് നിങ്ങളെങ്കിൽ മൂക്കുത്തി അമ്മനെയും ദർശിക്കുക, നിരാശപ്പെടുത്തില്ല.
  റേറ്റിംഗ് 3/5