Science
ദേശാടനപ്പക്ഷികളും തദ്ദേശീയ ജലപക്ഷികളും നിലനില്‍പ്പിനായി പോരാടുന്നു
ഡോ. സാലിം അലിയുടെ 117- ആം ജന്മദിനം കൂടി കടന്നു പോയി. ഓര്‍മപ്പെടുത്തലുമായി വീണ്ടുമൊരു ദേശീയ പക്ഷിനിരീക്ഷണ ദിനവും കടന്നു പോയി. ദേശാടനപ്പക്ഷികളും ജലപക്ഷികളും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ആഹാര ദൗര്‍ലഭ്യവും ഇവയുടെ നിലനില്‍പ്പിനെ കാര്യമായി ബാധിച്ചിരിക്കുന്നു. പക്ഷിപ്പനിഭീതി പടരുമ്പോള്‍ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത മനുഷ്യനും ഭീഷണിയാവുകയാണ്.
99 total views

സംസ്ഥാനത്തെ കായലുകള്‍ ഉള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചു നിലനില്‍ക്കുന്ന എരണ്ട, ചോരക്കാലി (റെഡ്സാങ്ക്), പച്ചക്കാലി, ചൂളന്‍ എരണ്ട തുടങ്ങിയ ദേശാടനപ്പക്ഷികളും നീര്‍കാക്ക, ചേരക്കോഴി, നീലക്കോഴി, പച്ച എരണ്ട, കുഴി എരണ്ട (മുങ്ങാംകോഴി) തുടങ്ങിയ തദ്ദേശീയ ജലപക്ഷികളുമാണ് സ്വസ്ഥമായ വാസസ്ഥലങ്ങളുടെ അപര്യാപ്തതമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. കായല്‍പ്പരപ്പുകളെ യന്ത്രവല്‍കൃത ഹൗസ്ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കൈയടക്കിയതോടെ ജലപക്ഷികളുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്തെ കായല്പ്പരപ്പുകളിലേക്ക് ദേശാടനപ്പക്ഷികള്‍ എത്തുന്നത്. എന്നാല്‍ യന്ത്രവല്‍കൃത ഹൗസ് ബോട്ടുകളുടെ പ്രയാണം ഇവയുടെ നാശത്തിനു വഴിയൊരുക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പക്ഷിവേട്ട കുറഞ്ഞിട്ടുണ്ട്. വനംവകുപ്പിന്റെ കര്‍ക്കശ നിലപാടുകള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തുന്ന ബോധവല്‍ക്കരണത്തിനും പക്ഷിവേട്ട ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്.
മാറിവരുന്ന ജീവിതസാഹചര്യങ്ങളാണ് പക്ഷികള്‍ കാണാമറയത്താവാന് വഴിയൊരുക്കുന്നതെന്ന് പക്ഷികളെക്കുറിച്ചു പഠനം നടത്തി ഡോക്യുമെന്ററി തയ്യാറാക്കിയ മാധ്യമപ്രവര്ത്തകന് സി റഹീം പറയുന്നു. പക്ഷികളുടെ ജീവിതത്തിനു ഓരോ നിമിഷവും ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും റഹീം പറഞ്ഞു. രോഗാണുവാഹകരായാണോ പക്ഷികളെത്തുന്നതെന്നു പരിശോധിക്കാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമില്ല. ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടെങ്കിലും ആരോഗ്യരംഗത്തു മാത്രമാണ് ഇവരുടെ ശ്രദ്ധ. തേക്കടിയും കുമരകവും ഉള്‍പ്പെടെയുള്ള പക്ഷിസങ്കേതങ്ങളില്‍ ജൂണ്‍ മാസങ്ങളില്‍ വംശവര്‍ധനയ്ക്കായി കൂടൊരുക്കാന്‍ നീര്‍പക്ഷികള്‍ ധാരാളമായി എത്തുന്നുണ്ട്.
മരച്ചില്ലകളില്‍ കൂടൊരുക്കാനെത്തുന്ന പക്ഷികള്‍ പ്രകൃതിസംരക്ഷണത്തിന് അനുഗ്രഹമാണ്. കൃഷിയിടങ്ങളിലെ കീടനാശിനികളുടെ പ്രയോഗത്തെ ഒഴിവാക്കാന്‍ ഇവയുടെ കാഷ്്ഠം വളമായി ഉപയോഗിക്കുന്നതിലൂടെ കഴിയും. കൂടൊരുക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് സഹായം പ്രഖ്യാപിച്ചാല്‍ ഒരു പരിധിവരെയെങ്കിലും ഇതിനു മാറ്റമുണ്ടാക്കാനും പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും കഴിയും. ഇതിനു പക്ഷേ മുന്‍കൈയെടുക്കേണ്ടതു വനംവകുപ്പാണ്.
100 total views, 1 views today