ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ലോകകപ്പ് കിരീടം ചൂടി വേദിയിലെത്തിയ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ഖത്തർ അമീർ അണിയിച്ച വസ്ത്രത്തിന്റെ പ്രത്യേകത എന്താണ്? ദീപിക പദുകോണ്‍ എങ്ങനെയാണ് ലോകകപ്പ് അനാവരണ ചടങ്ങില്‍ മുഖ്യപങ്കാളിയായി എത്തിയത് ?
അറബ് ജനത ധരിക്കാറുള്ള ഏറ്റവും ഉന്നതമായ മേൽക്കുപ്പായമായ ‘ബിഷ്ത്’ ( bisht ) ആണ് ലോകകപ്പ് സമാപന വേദിയിൽ മെസ്സിയെ ഖത്തർ അമീർ അണിയിച്ചത്.അറബ് മണ്ണിൽ ആദ്യമായി നടന്ന ലോകകപ്പിൽ താരങ്ങളിൽ താരമായി നിറഞ്ഞുനിന്ന മെസ്സിയെ അറബ് പാരമ്പര്യം അനുസരിച്ച് ഏറ്റവും ഉന്നത പദവിയിലിരിക്കുന്നവർ സവിശേഷ സന്ദർഭങ്ങളിൽ മാത്രം ധരിക്കുന്ന ‘ബിഷ്ത്’എന്ന പേരിൽ അറിയപ്പെടുന്ന മേൽക്കുപ്പായം സ്വന്തം കൈകൾ കൊണ്ട് ധരിപ്പിച്ചാണ് അമീർ അഭിനന്ദിച്ചത്. സാധാരണയായി തോബിന് മുകളിൽ ധരിക്കുന്ന മേൽ വസ്ത്രമാണ് ബിഷ്ത്. കണങ്കാൽ വരെ നീളുന്ന ഒരു പരമ്പരാഗത അറബ് മേൽക്കുപ്പായം. പ്രത്യേക അവസരങ്ങളിൽ ധരിക്കുന്ന ആചാര വസ്ത്രമായ ബിഷ്തിന്റെ കൈകൾ നീളമുള്ളതാകും.
ഭരണാധികാരികൾ,ഉന്നത കുടുംബങ്ങളിൽ പെട്ട ശൈഖുമാർ എന്നിവർ വിവാഹം, പെരുന്നാൾ നമസ്കാരം,ജുമുഅ നമസ്കാരം തുടങ്ങി അറബ് സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭങ്ങളിൽ മാത്രമാണ് ‘ബിഷ്ത്’ ധരിക്കാറുള്ളത്.ഇതിന് പുറമെ വെള്ളിയാഴ്ച്ചകളിലെ ജുമുഅ ഖുതുബ നിർവഹിക്കുന്ന ഇമാമുമാർക്കും ഈ രാജകീയ വേഷം ധരിക്കാൻ അനുമതിയുണ്ട്.
ലോകകിരീടം ചൂടിയ അർജന്റീനിയൻ നായകനെ ഈ വസ്ത്രം അണിയിച്ചതിലൂടെ അറബ് ലോകത്തിന്റെ ഏറ്റവും പരമോന്നതമായ സാംസ്കാരിക ബഹുമതി നൽകി ഖത്തർ അമീർ മെസ്സിയെ ആദരിക്കുകയായിരുന്നുഇതിനു പുറമെ മറ്റൊരു രാഷ്ട്രീയ മാനം കൂടി ഈ ‘ബിഷ്ത്’ ധരിപ്പിക്കലിന് പിന്നിലുണ്ടെന്ന് അറബ് സംസ്കാരവുമായി അടുത്ത് പരിചയമുള്ളവർ വിശദീകരിക്കുന്നു.
അറബികളുടെ ഏറ്റവും ഉന്നതമായ ബിഷ്തും , തലയിൽ ധരിക്കുന്ന പാരമ്പര്യ വസ്ത്രമായ ഇഗാലും പുരുഷത്വത്തിന്റെ ലക്ഷണമായാണ് അറബികൾക്കിടയിൽ അറിയപ്പെടുന്നത്.സാധാരണയായി അറബികൾ ധരിക്കുന്ന നീണ്ട സ്ലീവുള്ള നീളമുള്ള വസ്ത്രത്തെ കന്തൂറ (ഖമീസ്) എന്നാണറിയപ്പെടുന്നത് . ഇത് ചിലപ്പോൾ തോബ് അല്ലെങ്കിൽ തൗബ് എന്നും വിളിക്കപ്പെടുന്നു . പേർഷ്യൻ ഗൾഫിലെ അറബ് രാജ്യങ്ങളിലും , ഈജിപ്തിന്റെ തെക്ക് ഭാഗത്തും ഈ വസ്ത്രം ധരിക്കാറുണ്ട്. ഇതിന്റെ അടിയിൽ സാധാരണയായി ഒരു സർവാർ അല്ലെങ്കിൽ പാന്റ്സ്, അല്ലെങ്കിൽ ലുങ്കി ധരിക്കുന്നു. കേരളത്തിൽ മുസ്ലിം പണ്ഡിതരിൽ ചിലരും ഇത് അണിയാറുണ്ട്. പുരുഷന്മാരുടെ പരമ്പരാഗത വസ്ത്ര രീതിയാണ് ഇത്.
ഒരു ത്വാബിന് മുകളിൽ ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് മെസ്സി ധരിച്ച ബിഷ്ത് .ഇത് സാധാരണയായി കറുപ്പ്, തവിട്ട്, ബീജ്, ക്രീം അല്ലെങ്കിൽ ചാരനിറത്തിലുള്ളതാണ്. ഇത് സാധാരണയായി മതേതര ഉദ്യോഗസ്ഥരോ , പുരോഹിതരോ ആണ് ധരിക്കുന്നത്. റോയൽറ്റി, മതപരമായ സ്ഥാനം, സമ്പത്ത്, ആചാരപരമായ അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു സ്റ്റാറ്റസ് വസ്ത്രമാണിത്. ഇറാഖിൽ ഇത് ഗോത്രത്തലവന്മാരുൾപ്പടെ ധരിക്കുന്നതാണ്. ഈസ്റ്റ് ആഫ്രിക്കൻ ഗോത്രത്തലവന്മാർ , രാജാക്കന്മാർ , ഇമാമുകൾ തുടങ്ങിയവർ ബിഷത് പുറമേ അണിയാറുണ്ട്.ഒട്ടകത്തിന്റെ തലമുടിയും , ചെമ്മരിയാടിന്റെ രോമവും ഉപയോഗിച്ചാണു ബിഷ്ത് തയ്ക്കുന്നതിനുള്ള തുണി തയാറാക്കുന്നത്.
പണ്ട് കാലങ്ങളിൽ യുദ്ധം ജയിച്ചു വരുന്ന പോരാളികളെ ആദരിച്ചിരുന്നതും ഈ കുപ്പായം അണിയിച്ചായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടം ജയിച്ചു വന്ന ലയണൽ മെസിയെ ഇതാണിയിച്ചതും അതേ ആദരവ് പ്രകടിപ്പിക്കാൻ തന്നെയാണ്.അറബ് ജനത കാൽപന്തുകളിയിലെ മിശിഹാക്ക് നൽകിയ സഹിഷ്ണുതയുടെ സ്നേഹാദരവെന്ന നിലയിൽ കൂടി ഈ ധന്യ നിമിഷം ലോകകപ്പ് ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് ഉറപ്പ്. ഫുട്ബോൾ ഒരു സംസ്കാരമാണെന്നും അത് പാരമ്പര്യങ്ങളുടെ കൈമാറ്റങ്ങളിലൂടെ കൂടുതൽ പുഷ്ടിപ്പെടുമെന്നുമുള്ളതാണ് സത്യം .
ലോകകപ്പ് ഫുട്ബോൾ സമാപനങ്ങളിൽ നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. 1970-ൽ മെക്സിക്കോ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ, ഫുട്ബോൾ ഇതിഹാസം പെലെയെ മെക്സിക്കൻ തൊപ്പി അണിയിച്ചിരുന്നു. സാംസ്കാരിക സഹവർത്തിത്വമായും , ഫുട്ബോൾ സന്ദേശത്തിന്റെ നേട്ടമായുമാണ് മാധ്യമങ്ങൾ അതിനെ കണക്കാക്കിയിരുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ആചാരങ്ങളുമായി പരിചയമുള്ളവർ ഖത്തർ അമീറിന്റെ നടപടിയെ പ്രശംസ കൊണ്ടാണ് മൂടിയത്. എന്നാൽ ഖത്തറിനെതിരെ ആരോപണം ഉന്നയിച്ചവർ ഇതിലും വിവാദമുണ്ടാക്കാനായിരുന്നു ശ്രമിച്ചത്. 1958-ലും 1962-ലും ലോകകപ്പ് കിരീടം നേടിയ ബ്രസീൽ 1970-ൽ പെലെയുടെ നേതൃത്വത്തിൽ വീണ്ടും ലോകകപ്പ് സ്വന്തമാക്കിയപ്പോഴാണ് പെലെയെ ആതിഥേയ രാജ്യമായ മെക്സിക്കോ സോംബ്രെറോ എന്ന തൊപ്പി ധരിപ്പിച്ചത്. ഈ തൊപ്പിയും ധരിച്ച് പെലെ മനോഹരമായി ചിരിക്കുന്ന ചിത്രം ഏറെ പ്രശസ്തമാണ്. പെലെയുടെ മൂന്നാമത്തെ ലോകകപ്പ് വിജയമായിരുന്നു ഇത്.
കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടുപേരാണ് ഈ പരിപാടിയില്‍ ഉണ്ടാകുക. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്സര് ചെയ്യുന്ന കമ്പനിയുടെ അംബാസിഡര്‍.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിലെ പരിപാടിയില്‍ ദീപികയ്ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്പെയിന് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍. ദീപികയാണെങ്കില്‍ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്സര് ചെയ്ത ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്റിന്റെ അംബാസിഡറാണ്.
കാലാകാലങ്ങളായി ഇതാണ് ഫിഫയുടെ പതിവ് റഷ്യയില്‍ 2018 ല്‍ ഇത് നടത്തിയത് 2014 ല്‍ ജര്‍മ്മനി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ഫിലിപ്പ് ലാമ്പും. സൂപ്പര്‍ മോഡലായ നതാലിയ വോഡിയാനോവയും ചേര്‍ന്നാണ്. ആ സമയത്ത് ലൂയിസ് വ്യൂട്ടൺ അംബാസിഡര്‍ ആയിരുന്നു നതാലിയ വോഡിയാനോവ. ഇത്തവണ അത് ദീപികയായി. ലൂയിസ് വ്യൂട്ടൺ ട്വിറ്റര്‍ പേജില്‍ അടക്കം ചടങ്ങിന്റെ ഫോട്ടോയുണ്ട്. ലൂയിസ് വ്യൂട്ടൺ ബാഗിന്റെ ഡിസൈന്‍ വേഷത്തിലാണ് ചടങ്ങില്‍ ദീപിക ധരിച്ചിരിക്കുന്നത്. ആഗോള ബ്രാന്റായ ലൂയിസ് വ്യൂട്ടണ്‍ന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബ്രാന്റ് അംബാസിഡറാണ് ദീപിക.