നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണം .ശരിക്കും സിനിമാ താരങ്ങൾ നികുതി വെട്ടിക്കുന്നുണ്ടോ ? മുൻപ്പും പല താരങ്ങൾക്കെതിരെയും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചു കണ്ടിട്ടുണ്ട് . ആ കേസുകളൊക്കെ എന്തായി ? ഇതൊക്കെ രാഷ്ട്രീയ പ്രേരിതമാണോ ? മലയാള സിനിമയിലെക്കുള്ള രാഷ്ട്രീയ ഇടപെടലുകൾ അംഗീകരിക്കാമോ ?
പൊതുവെ സിനിമയിലെ രാഷ്ട്രീയ ശരികളുടെ വക്താക്കളിൽ ഒരാളായാണ് മലയാളി നിമിഷയെ കണ്ടിട്ടുള്ളത്. എന്നും ബോൾഡായ, സ്ത്രീ ശാക്തീകരണത്തിൽ ഊന്നിയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ നിമിഷയ്ക്കു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ വന്നിട്ടുള്ളൊരു ആരോപണം ഗൗരവം അർഹിക്കുന്നതാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിൽ നിമിഷ അഭിനയിച്ചതിന് ശേഷം താരത്തിനെതിരെ സിനിമയുടെ ആശയവിയോജിപ്പുക്കാർ രംഗത്തെത്തിയിരുന്നു. മാത്രമല്ല താരത്തിന്റെ ചില രാഷ്ട്രീയ പരാമർശങ്ങളും ചില കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു.. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. നായാട്ട്,ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഈട, മാലിക്, ഒരു തെക്കൻ തല്ലുകേസ്, എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. നിമിഷ തന്റെ ആദ്യ മറാഠി ചിത്രമായ ‘ഹവാ ഹവായി’യിലും ഈയിടെ അഭിനയിച്ചിരുന്നു.
ഇന്നലെയാണ് നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ രംഗത്തു വന്നത് . സംസ്ഥാന ജിഎസ്ടി വിഭാഗം നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി കണ്ടെത്തിയെന്നും രാഷ്ട്രീയപകപോക്കൽ എന്ന് പറഞ്ഞിട്ട് കഴിയില്ലെന്നും നിമിഷയുടെ ‘അമ്മ കുറ്റം സമ്മതിച്ചതായും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ ആരോപണം. സാമ്പത്തിക തിരിമറിയുടെ പേരിൽ ബി.ജെ.പി അടുത്തിടെ സന്ദീപിനെതിരെ നടപടിയെടുത്തിരുന്നു. സന്ദീപ് വാര്യരുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു
സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്
“പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് .ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ”.
സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്
**