ശ്രീധരന്റെ മനുഷ്യ വിരുദ്ധതയ്‌ക്കെതിരെ ബിജെപി പ്രവർത്തകന്റെ പോസ്റ്റ്

339

മാംസാഹാരം കഴിക്കുന്നവരെ ഇഷ്ടമില്ലെന്നു പാഞ്ഞ ശ്രീധരന് ബിജെപിക്കാരന്റെ വിമർശനം. സാധാരണഗതിയിൽ പലരും ബിജെപിയിൽ എത്തുന്നതോടെ പാർട്ടിയെ സുഖിപ്പിക്കാൻ ചില പ്രസ്താവനകൾ ഇറക്കുന്നത് പതിവാണ്. അതിൽ പലതും കേരള സർക്കാരിനെ കഠിന കടോരമായി വിമർശിക്കുന്നതാകുകയും ചെയ്യും. ചിലർ ന്യൂനപക്ഷവിരുദ്ധതയും അങ്ങുമിങ്ങും തൊടാതെ പറയും. പക്ഷെ അവയെയെല്ലാം കവച്ചുവയ്ക്കുന്ന പ്രസ്താവനകൾ ആയിപ്പോയി ശ്രീധരന്റേത്. ലൗ ജിഹാദ് ആരോപണത്തിന് പുറമെ മാംസം കഴിക്കുന്നവരെ കുറിച്ച് പറഞ്ഞതാണ് അസഹനീയം. മാംസഭക്ഷണത്തെ ഇഷ്ടമില്ല എന്ന് പറയാനുള്ള അവകാശമുണ്ട് ആർക്കും എന്നാൽ മാംസം കഴിക്കുന്നവരെ ഇഷ്ടമില്ല എന്ന് പറയാനുള്ള അവകാശമില്ല. അത് മനുഷ്യവിരുദ്ധതയാണ്. ലോകത്തു ഭൂരിഭാഗവും മാംസഭുക്കുകൾ ആണ്. അപ്പോൾ ഭൂരിഭാഗം മനുഷ്യരെയും ഇഷ്ടമില്ലാത്ത ശ്രീധരന് എങ്ങനെ ഒരു നേതാവാകാൻ കഴിയും. പെൻഷൻ ആകുമ്പോൾ ജനങ്ങളെ സേവിച്ചുകളയാം എന്നുള്ള ചില ബ്യുറോക്രാറ്റുകളുടെയും സിനിമക്കാരുടെയും അതിമോഹം ആണ് നാം സൂക്ഷിക്കേണ്ടത് . ഇവർക്ക് ജനപക്ഷം എന്നൊന്നില്ല. സർക്കാറിനെ സേവിച്ചു ജനവിരുദ്ധത കുറെയൊക്കെ പ്രവർത്തിച്ചു പരിചയമുള്ളവർ ആണ്.

Haridas Kuzhippat എന്ന ബിജെപി അനുഭാവിയുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ശ്രീധരൻ സാർ ,സത്യസന്ധതയുടേയും കാര്യക്ഷമതയുടേയും ആൾരൂപമായ താങ്കളുടെ ബിജെപിയിലേക്കുള്ള പ്രവേശനം ഒരു ബിജെപി അനുഭാവി എന്ന നിലയിൽ ആഹ്ളാദത്തോടേയും അഭിമാനത്തോടേയുമാണ് സ്വീകരിച്ചത്. നിർഭാഗ്യവശാൽ മനസ്സിൽ സൂക്ഷിച്ചിരുന്ന ആ വിഗ്രഹം എത്ര പെട്ടെന്നാണ് താങ്കൾ തകർത്തത്. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന എന്നെ ബിജേപിയിലേക്കാകർഷിച്ചതിൻ്റെ കാര്യ കാരണങ്ങൾ തികച്ചും വ്യത്യസ്ഥമാണെന്ന് ഞാൻ തിരിച്ചറിയുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ തുറന്ന് പറയുന്നതിൽ തെറ്റില്ല .പക്ഷേ അത് മനുഷ്യത്വ വിരുദ്ധമാകുന്നതും യുക്തിരഹിതമാകുന്നിടത്തുമാണ് പ്രശ്നം.താങ്കൾ വിരുതനായ ഒരു രാഷ്ട്രീയക്കാരനല്ലാത്തത് കൊണ്ടാണ് താങ്കളുടെ ഇഷ്ടക്കേട് തുറന്ന് പറഞ്ഞത് .പക്ഷേ , ബിജെപിക്ക് അതൊരു ബാദ്ധ്യതയായി. ഗുണത്തേക്കാളേറെ ദോഷം.ബി ജെ പി കേരള ഘടകത്തിന് പാർട്ടി വളർത്താൻ അറിയില്ല. അതുകൊണ്ടാണ് അവർ കുറുക്ക് വഴികൾ തേടുന്നത്. ഒറ്റപ്പെട്ട വ്യക്തികളുടെ സംഭാവനകൾ ഏത് പ്രസ്ഥാനത്തിനും മുതൽക്കൂട്ടാണ്.പക്ഷേ പ്രസ്ഥാനം അത്തരം വ്യക്തികളെ
തിരിച്ചറിയണം.തൻ്റെ രംഗപ്രവേശം ബി ജെ പിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടാക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥി പദം സ്വീകരിക്കുമെന്നെല്ലാം പറയുന്നത് ആത്മ പ്രശംസയല്ലാതെ മറ്റെന്താണ്.ഇതൊരു ജനകീയ പ്രസ്ഥാനമാണെന്ന് താങ്കൾ മറന്നോ ?
കാർഷിക , വ്യാവസായിക വളർച്ച അവശ്യം വേണ്ടതുണ്ട് കേരളത്തിന് .അതൊക്കെ മനുഷ്യന് വേണ്ടിയാണെന്നോർക്കണം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ ആരുടെ മേലും അടിച്ചേൽപ്പിക്കരുത് . താങ്കൾ നാടിന് വേണ്ടി ചെയ്ത സേവനങ്ങൾക്കൊക്കെ നന്ദി.