കറുത്തവസ്ത്രമിടുന്നവരൊക്കെ ഭീകരവാദികൾ!

605

കറുത്തവസ്ത്രമിടുന്നവരൊക്കെ ഭീകരവാദികൾ എങ്കിൽ ശബരിമലയിലേക്കുള്ള വഴിയിൽ നിന്നാൽ ലക്ഷക്കണക്കിന് ഭീകരവാദികളെ അറസ്റ്റ് ചെയ്യാൻ പറ്റില്ലേ. സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ജനംടീവിയുടെ പരിശ്രമങ്ങൾ ശബരിമലവിഷയത്തോടെയാണ് സജീവമായത്. സർക്കാരിനെതിരെയും തക്കംകിട്ടിയാൽ മറ്റുമതസ്ഥർക്കെതിരെയും ജനങ്ങളെ ഇളക്കിവിടുകയാണ് അവർ ചെയുന്നത്.

തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ഭീകരവാദികളുടെ പരിപാടിയായി ചിത്രീകരിച്ചതിനെതിരെ നടൻ സലിംകുമാറും രംഗത്തുവന്നിട്ടുണ്ട്.

ഒരു ഹിന്ദുവായ (അദ്ദേഹം മതവിശ്വാസിയാണോ എന്ന് അറിയില്ല) സലിംകുമാറിന്റെ ‘സലിം’ എന്ന പേരുകൂടി ആയപ്പോൾ അവരുടെ കുപ്രചരണങ്ങൾ കേരളത്തിനുപുറത്തു വേണ്ടരീതിയിൽ വിജയിച്ചേയ്ക്കാം. “അവര്‍ സിഐഡി മൂസയിലെ എന്റെ കഥാപാത്രത്തിന്റെ ആ ഒരു തീമിന്റെ പുറത്ത് വെല്‍കം തീമായി, എന്നെ സ്വീകരിക്കാന്‍ വേണ്ടി ചെയ്തതാണ് അത്. നിരപരാധികളാണ് അവര്‍. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? മുസ്ലീം മാനേജ്‌മെന്റ് ആയതുകൊണ്ടാണോ? മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?” എന്നാണു സലിംകുമാർ ചോദിക്കുന്നത്. ആ പരിപാടിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചതുപോലെ സലിംകുമാറും കറുത്ത ജുബ്ബ ഇട്ടുകൊണ്ടാണ് പോയത്.

നിലവിൽ ജനംടീവി ചെയ്തിരിക്കുന്നത്, മാര്‍ച്ച് 14ന് നടന്ന ആന്വല്‍ ഡേ ആഘോഷത്തെയാണ് ഐഎസ്-അല്‍ഖ്വെയിദ പ്രകടനമാക്കി വാര്‍ത്തയാക്കിയത്. ആ വിഷ്വൽസ് ആകട്ടെ വിദ്യാർത്ഥികൾ പബ്ലിക്ക് ആയി നേരത്തെ പോസ്റ്റ് ചെയ്തിരുന്നതും. എന്തായാലും കേരളത്തിൽ ഇത്തരം പ്രചാരണങ്ങൾ വിലപ്പോകില്ല. ആടിനെ പട്ടിയാക്കാനുള്ള കഴിവാണ് ആ വിഷ്വൽസ് മുഴുവൻ. ഏതു നിരപരാധിക്കൂട്ടത്തെയും കൊടുംകുറ്റവാളികൾ ആക്കാൻ വീഡിയോ എഡിറ്റിങ് കൊണ്ട് സാധിക്കും. പരസ്പരബന്ധമില്ലാത്ത കുറെ കാര്യങ്ങളെ കൂട്ടിയിണക്കിയാൽ മതി.

ഇന്ത്യൻ നിയമവ്യവസ്ഥയെ അനുസരിക്കാത്ത, ഭരണഘടന കത്തിയ്ക്കാൻ ആഹ്വാനംചെയ്യുന്ന സ്ത്രീവിരുദ്ധത കൈമുതലാക്കിയ ഹിന്ദുവർഗ്ഗീയവാദികൾ കുറേദിവസമായി അവരുടെ അഴിഞ്ഞാട്ടം കേരളത്തിൽ കെങ്കേമമാക്കിയിട്ടുണ്ട്. കാവിഭീകരതയ്ക്ക് സംസ്കാരത്തിന്റെ നിറംകൊടുത്തു ആട്ടിൻതോലണിഞ്ഞ ചെന്നായയായി അവതരിപ്പിക്കുകയാണ് ജനംടീവിക്കാർ. സംശയവുംഭയവും ജനങ്ങളിൽ കുത്തിവയ്ക്കുക, മറ്റുമതസ്ഥരെ വെറുക്കാൻ പ്രേരിപ്പിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുക…ഇതല്ലാതെയുള്ള ഒരു മാധ്യമപ്രവർത്തനം അവരിൽനിന്നും പ്രതീക്ഷിക്കണ്ട.