കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.എൻ.ഷാജി (Link > എൻ ഷാജി) എഴുതുന്നു (10 April 2019)

ഇന്ന് ഇന്ത്യൻ സമയം 6.30-നാണ് ലോകത്തെ വിവിധയിടങ്ങളിൽ ഒരേ സമയം നടന്ന പത്രസമ്മേളനങ്ങളിലൂടെ ശാസ്ത്രജ്ഞർ ഒരു വലിയ വാർത്ത പുറത്തുവിട്ടത്..

എൻ ഷാജി

അതു് ഒരു യമണ്ടൻ തമോദ്വാരത്തെ സംബന്ധിച്ചാണ്.
അതിതീവ്രമായ ഗുരുത്വത്താൽ പ്രകാശത്തെപ്പോലും പുറത്തുവിടാത്ത വസ്തുക്കളാണ് തമോദ്വാരങ്ങൾ.
അഥവാ ബ്ലാക്ക്ഹോളുകൾ. അവയെ ഏതു തരം ടെലിസ്കോപ്പ് ഉപയോഗിച്ചാലും നേരിട്ടു കാണാൻ കഴിയില്ല.

എന്നാൽ പരോക്ഷമായ തെളിവുകൾ ധാരാളം ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് നമ്മുടെ ഗാലക്സിയുടെ കേന്ദ്രഭാഗത്തായി ധനു രാശിയിൽ അതിശക്തനായ ഒരു തമോദ്വാരമുണ്ട്. ഇവിടെ നിന്ന് 26000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന അതിന്റെ മാസ്സ് സൂര്യന്റെ മാസ്സിന്റെ 40 ലക്ഷം മടങ്ങു വരും. ചുറ്റുമുള്ള ചില നക്ഷത്രങ്ങളുടെ അസാധാരണ വേഗതയിലുള്ള ചലനത്തിൽ നിന്നാണ് ഇതു മനസ്സിലാക്കിയിട്ടുള്ളത്.

ആ ഭാഗത്തേക്ക് സാധാരണ ടെലിസ്കോപ്പുകൾ തിരിച്ചാൽ വ്യക്തമായി ഒന്നും കാണില്ല. പ്രകാശം വരേണ്ട വഴിയിൽ ആകാശഗംഗയുടെ ഭാഗമായ വാതകങ്ങളും പൊടിപടലങ്ങളും പ്രകാശത്തിന്റെ വഴിമുടക്കുന്നതാണു കാരണം. എന്നാൽ മില്ലിമീറ്റർ അലനീളമുള്ള മൈക്രോവേവ് തരംഗങ്ങൾക്ക് ഇവയെ തുളച്ചു വരാൻ കഴിയും. അത്തരം ടെലിസ്കോപ്പുകൾ ഉപയോഗിച്ചാൽ തമോദ്വാരമുണ്ടാക്കുന്ന നിഴൽ കാണാൻ കഴിയേണ്ടതാണ്. അതിന്റെ ശക്തമായ ഗുരുത്വബലത്തിൽ പെട്ട് വീഴുന്ന ദ്രവ്യം പുറത്തവിടുന്ന വികിരണങ്ങളെ അതു തന്നെ വളച്ചെടുത്ത് വഴിതിരിച്ചുവിടുന്നതിനാൽ ഉണ്ടാകുന്ന നിഴലാണിതു്. എന്നാൽ ഇതു് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഉണ്ടാക്കുന്ന കോൺ വളരെ ചെറുതാണ്. അല് ഒരു ഡിഗ്രിയുടെ പത്തുകോടിയിലൊന്നേ വരൂ. അത്രയും സൂക്ഷ്മത കിട്ടണമെങ്കിൽ വലിയ ടെലിസ്കോപ്പ് വേണം. വലുത് എന്നു പറഞ്ഞാൽ ഭുമിയുടെ അത്ര വലുത്.

ഇവിടെയാണ് ശാസ്ത്രജ്ഞർ ഒരു സൂപ്പർ ബുദ്ധി ഉപയോഗിച്ചത്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ടെലിസ്കോപ്പ് ഡിഷുകൾ വെച്ച് അതിലെ സിഗ്നലുകളെയെല്ലാം കൃത്യമായി സൂക്ഷ്മതയോടെ യോജിപ്പിച്ചെടുത്താൽ ഭൂമിയോളം വലിയ ഒരു ടെലിസ്കോപ്പിന്റെ സൂക്ഷ്മത അതിനു ലഭിക്കും. അങ്ങനെയാണ് സംഭവചക്രവാള ടെലിസ്കോപ്പ് (Event Horizon Telescope) എന്ന പദ്ധതി നടപ്പിലായത്. അന്റാർട്ടിക്ക മുതൽ ഗ്രീൻലൻഡ് വരെയും സ്പെയിൻ മുതൽ ഹവായ് വരെയുള്ള ഇടങ്ങളിൽ വിന്യസിച്ചിരിക്കുന്ന നിരവധി ടെലിസ്കോപ്പുൾ ഇതിന്റെ ഭാഗമാണ്. ആറ്റമിക ക്ലോക്കുകളുടെ സഹായത്തോടെ ഒരേ സമയത്തു് ഇവയെല്ലാം ചേർന്ന് നടത്തുന്ന നിരീക്ഷണ ഡേറ്റ ഒരുമിച്ച് കൊണ്ടുവന്ന് പരിശോധിച്ചാണ് തമോദ്വാരത്തിന്റെ നിഴൽ ചിത്രം തയ്യാറാക്കിയത്.

നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിനു പുറമേ മറ്റൊരു ഗാലക്സിയായ M87 ന്റെ കേന്ദ്രത്തിലുള്ള കൂറ്റൻ തമോദ്വാരത്തേയും അവർ പഠിക്കുന്നുണ്ട്. അതിന്റെ മാസ്സ് സൂര്യന്റെ മാസ്സിന്റെ 600 കോടി മടങ്ങു വരുമത്രേ!

ഏതാണ്ട് ഭൂമിയുടെ വലിപ്പമുള്ള ഒരു ടെലിസ്കോപ്പ്. അതും ഭൂമിയില്‍ത്തന്നെ! അതാണ് ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ്. സംഗതി ഒറ്റനോട്ടത്തില്‍ കുറെ ചെറിയ ടെലിസ്കോപ്പുകള്‍ മാത്രമാണ്. എല്ലാം റേഡിയോ ടെലിസ്കോപ്പുകള്‍. റേഡിയോ തരംഗങ്ങളെ നിരീക്ഷിക്കുകയാണ് ഇത് ചെയ്യുന്നത്.
ഭൂമിയുടെ പല ഭാഗത്തായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ട് ഈ ടെലിസ്കോപ്പുകളില്‍നിന്നു കിട്ടുന്ന ഡാറ്റയെ ഒരുമിച്ചുചേര്‍ത്ത് ഒറ്റ ഡാറ്റയാക്കുന്നു. അതോടെ ഭൂമിയോളം വലിപ്പമുള്ള ഒരു ടെലിസ്കോപ്പിനു സമാനമാവും ഇത്.

ഈ ടെലിസ്കോപ്പില്‍നിന്നും കിട്ടിയ ആദ്യ ഫലം ഇന്ന് ലോകത്തെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം നടന്ന പത്രസമ്മേളനങ്ങളിലൂടെ പുറത്തുവിട്ടു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പത്രസമ്മേളനം നടന്നത്.

ഒരു ബ്ലാക്ക്ഹോളിന്റെ ആദ്യചിത്രമാണ് പുറത്തുവന്നത്. ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് പ്രധാന ഉദ്ദേശ്യം തന്നെ ബ്ലാക്ക്ഹോളിനെ നിരീക്ഷിക്കുക എന്നാണ്.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക്ഹോളുകളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ ബ്ലാക്ക്ഹോളിനെ കാണുക എന്നത് സാധ്യമായ കാര്യമല്ല. പ്രകാശം ഇല്ലാത്ത ഒന്നിനെ എങ്ങനെ കാണാന്‍!

പിന്നെങ്ങനെ ബ്ലാക്ക് ഹോളിനെ കാണും?

ബ്ലാക്ക്ഹോളില്‍നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോള്‍ തനിക്കുള്ളിലേക്കു വലിച്ചു ചേര്‍ക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസന്‍ എന്നാണ് ഈ പരിധിയെ വിളിക്കുക. ഈ പരിധിക്കു പുറത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പ്രകാശത്തെയാവും ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് നിരീക്ഷിച്ച് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ബ്ലാക്ക്ഹോളിനെയല്ല, മറിച്ച് ബ്ലാക്ക്ഹോളിന്റെ ഇവന്റ് ഹൊറൈസനിനെയാണ് ഈ ടെലിസ്കോപ്പ് നിരീക്ഷിക്കുന്നത് എന്നു ചുരുക്കം!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.