ബ്ലാക്ക് മെയില്‍

267

ഇവിടെ നിന്ന് നോക്കിയാല്‍ ഗീതുവിന് എല്ലാം കാണാം. എല്ലാമെന്നാല്‍ ഈ ചെറിയ കിളി വാതിലിലൂടെ കാണാവുന്നവയത്രയും. ഒരു കീറ് ആകാശം, അതിലേക്ക് പടര്‍ന്ന് കിടക്കുന്ന വൃക്ഷത്തലപ്പുകള്‍, രാവിലെ പറന്നകലുകയും വൈകുന്നേരം കൂടണയുകയും ചെയ്യുന്ന പക്ഷിക്കൂട്ടങ്ങള്‍. ഒന്ന് ഏന്തി വലിഞ്ഞാല്‍ വൃക്ഷങ്ങള്‍ക്ക് താഴെ പായല്‍ പിടിച്ച കല്‍മതില്‍ക്കെട്ടും ഉമ്മറപ്പടി വരെയെത്തുന്ന കരിയില മൂടിയ മുറ്റവും. പിന്നെ മുകളിലത്തെ നിലയിലെ ഈ കിളിവാതിലിന് നേര്‍ക്ക് തുറിച്ച കണ്ണുകളുറപ്പിച്ച് പതിഞ്ഞ കാലടികള്‍കൊണ്ട് കരിയിലകളേയും അതിലേക്ക് നിഴലായും വെളിച്ചമായും വീണുപടരുന്ന സമയത്തേയും ഞെരിച്ചമര്‍ത്തി മുറ്റത്തിന്റെ നീളമളക്കുന്ന ആ മനുഷ്യനേയും.

ബംഗ്ലാവിന് ചുറ്റും കാവല്‍ നായയെ പോലെ ചുറ്റിത്തിരിയുന്ന ഭീമാകാരനായ അയാളെ കാണുമ്പോഴെല്ലാം അവള്‍ നടുങ്ങും. കുറ്റിക്കാട് പോലുള്ള കൂട്ട് പുരികവും ചോരച്ച കണ്ണുകളും ഇത്ര അകലത്തില്‍ നിന്നു പോലും അവളെ പേടിപ്പിച്ചു. ചിലപ്പോഴെല്ലാം അയാള്‍ തലയുയര്‍ത്തി തുറിച്ചുനോക്കുമ്പോള്‍, ചോരച്ച ആ നോട്ടത്തെ നേരിടാനാകാതെ കിളി വാതിലില്‍നിന്ന് അവള്‍ മുഖം മാറ്റിക്കളഞ്ഞു.
ഒരു ദിവസം അയാള്‍ ഈ മരഗോവണി കയറി വരുമെന്നും തന്നെ കടിച്ചു കീറി കൊല്ലുമെന്നും അവള്‍ ഭയന്നു.
കേട്ടപ്പോള്‍ സുമിത്രാമ്മ ചിരിച്ചു.
‘മോള്‍ പേടിക്കണ്ട, എന്റെ സമ്മതം കൂടാതെ അവന്‍ ആ ഉമ്മറപ്പടി കടക്കൂല’ കട്ടിലില്‍ അടുത്ത് പിടിച്ചിരുത്തി ആശ്വസിപ്പിച്ച അവര്‍ ചെവിയില്‍ ശ്വാസവായു മുട്ടിച്ചു. ‘മോള്‍ ഭയപ്പെടുന്ന പോലൊന്നുമില്ല, അവന്‍. ഹോട്ടലുകളിലും ടൂറിസ്റ്റ് റിസോര്‍ട്ടുകളിലും നിന്നെ കൊണ്ടുപോയി ഉപദ്രവിച്ച ആ ജന്തുക്കളില്ലെ, അവറ്റകളോളം വരില്ല, ഇവന്‍.’
മുമ്പ് ഇങ്ങനെ പറയുമ്പോള്‍ അവരുടെ കണ്‍കോണുകളില്‍ ഒരു തരം വൃത്തികെട്ട ചിരിയുണ്ടായിരു
ന്നു. ഇപ്പോള്‍ അതില്ല, സ്നേഹം മാത്രമാണ് ആ കണ്ണുകളിലെന്ന് അവള്‍ക്കറിയാം. വാത്സല്യം വഴിയുന്നുണ്ട് ആ കണ്ണുകളില്‍. നോക്കിയിരിക്കെ അവ നനയുന്നത് പോലെ….
തന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു എന്ന് തോന്നിയപ്പോള്‍ അവള്‍ മുഖം താഴ്ത്തി. അപ്പോള്‍ അവര്‍ കൂടുതല്‍ അടുത്തേക്ക് ചേര്‍ത്തിരുത്തി അവളെ ആലിംഗനം ചെയ്തു. മദ്ധ്യ വയസ്കയുടെ അത്ര ദുര്‍ബലമല്ലാത്ത ആലിംഗനത്തിലമര്‍ന്ന് അവള്‍ ആ മാറിടത്തില്‍ തല ചേര്‍ത്തു. അമ്മേ എന്നൊരു വിളി അവളുടെ ഉള്ളിലെവിടേയൊ പിടഞ്ഞു.

കൊടുംകാട്ടിനുള്ളിലെ ഈ പ്രേതാലയത്തില്‍ കണ്ണുകള്‍ ബന്ധിക്കപ്പെട്ടവളായി എത്തുമ്പോള്‍ കണ്ടരണ്ടേ രണ്ടു മനുഷ്യജീവികളില്‍ ഒരാളായിരുന്നു സുമിത്രാമ്മ. അതുകൊണ്ട് തന്നെ ആദ്യമെല്ലാം ആ സ്ത്രീയേയും അവള്‍ ഭയന്നു. രൂപത്തില്‍ കാവല്‍ക്കാരനെ പോലെയല്ലാത്ത സുമിത്രാമ്മ വളരെ പെട്ടെന്ന് തന്നെ അവളുടെ പേടിയകറ്റി. സുന്ദരിയായിരുന്നു അവര്‍. മനോഹരമായി ചീകിയൊതുക്കിയ മുടിയില്‍ അങ്ങിങ്ങ് വെള്ളിവരകളുള്ളത് പോലും ചന്തമേറ്റുന്നതായിരുന്നു. ശരീരത്തിനാകട്ടെ നല്ല ചന്ദനത്തിന്റെ നിറവും. പ്രായത്തിന്റെ
മങ്ങലേറ്റിട്ടുണ്ടെങ്കിലും മേനിക്ക് ഇപ്പോഴും നല്ല തിളക്കം. കൂടുതല്‍ അടുത്തപ്പോള്‍ സ്നേഹസമ്പന്നയെന്നും തോന്നി. അങ്ങനെയാണ് വെറും കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ, അവളെ ഇവിടെ പൂട്ടിയിട്ടവര്‍ ആഗ്രഹിച്ചതിനേക്കാള്‍ വേഗത്തില്‍, കഴിഞ്ഞതെല്ലാം അവള്‍ മറന്നതും ഉന്മേഷം വീണ്ടെടുത്തതും.

ഇപ്പോള്‍ ഈ കിളി വാതിലില്‍ കൈമുട്ടൂന്നി നില്ക്കുമ്പോള്‍ ആ ഉന്മേഷമെല്ലാം മങ്ങിപോയിരിക്കുന്നു. മറന്നതൊക്കെയും വീണ്ടും ഓര്‍മ്മയില്‍ പൊന്തി വരുന്നു. മനസിലെന്നപോലെ അടി വയറ്റിന് താഴെയും പുകച്ചില്‍. കരിഞ്ഞ കുരുക്കളാണ് വീണ്ടും പൊന്തിയത്. ടോയിലറ്റില്‍ വെച്ച് പഴുത്ത് വിങ്ങിയ കുരുക്കളെ വിരല്‍ ചേര്‍ത്ത് ഞെരിച്ചപ്പോള്‍ വല്ലാതെ വേദനിച്ചു. അറിയാതെ നിലവിളിച്ചുപോയി. പുറത്ത് കാവല്‍ നിന്ന സുമിത്രാമ്മ കേട്ടിരിക്കും. മടങ്ങുമ്പോള്‍ അവര്‍ ആര്‍ദ്രതയോടെ ചോദിച്ചു.
വീണ്ടും പൊന്തി വരുന്നുണ്ടോ കുട്ടി?
ങ്ഹും.
കട്ടിലില്‍ കയറ്റിയിരുത്തി തുണിയുയര്‍ത്തി അവര്‍ പരിശോധിച്ചപ്പോള്‍ നാണമൊന്നും തോന്നിയില്ല.
ജനനേന്ദ്രിയത്തിന് ചുറ്റും മരുന്ന് പുരട്ടിയ പഞ്ഞികൊണ്ടു തുടച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി.
മരഗോവണിയിറങ്ങുമ്പോള്‍ സുമിത്രാമ്മ ശപിച്ചത് ഇപ്പോഴും കാതിലുണ്ട്. ‘ജന്തുക്കള്‍, പുഴുത്തുചാവും.’

അവള്‍ പുറത്തേക്ക് കണ്ണുകളയച്ചു. വൈകുന്നേരത്തെ ആകാശക്കീറിന് പഴയ ചന്തമില്ല. കരിമേഘങ്ങള്‍ അന്തിച്ചുമപ്പിനെ മായ്ച്ചുകളഞ്ഞിരിക്കുന്നു. മരശിഖരങ്ങളില്‍ മാത്രം പതിവു ബഹളം. പക്ഷികള്‍ കൂടണയുന്നു. മുറ്റത്തെങ്ങും ആ കാവല്‍ക്കാരനെ ഇന്ന് കണ്ടതേയില്ലല്ലൊ എന്നവള്‍ ഓര്‍ത്തു. ഓര്‍മ്മകളിലെവിടേയാ കലമ്പലുണര്‍ത്തി പെട്ടെന്നാണ് കിളിവാതിലിലേക്ക് മഴനാരുകള്‍ ചാഞ്ഞു വീണത്. മഴയെ അവള്‍ക്കിഷ്ടമായിരുന്നു. മഴ പെയ്യുന്ന സിനിമാ ഫ്രെയിമുകളേയും.
‘സിനിമ പോട്ടെ, ആ കൊച്ചു സ്ക്രീനിലെങ്കിലും എന്റെ സുന്ദരിക്കുട്ടിയുടെ മുഖം ഒന്നു തെളിഞ്ഞു ക
ണ്ടാല്‍ മതിയായിരുന്നു.’ ആഗ്രഹിച്ചത് അമ്മയല്ല, കളിക്കൂട്ടുകാരി നിര്‍മ്മലയാണ്. കെട്ടിപ്പുണര്‍ന്ന് ഉമ്മ വെച്ച് നില്ക്കുമ്പോള്‍ നിന്റെ ഹൃദയം പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെടീ എന്നവള്‍ പറയുമായിരുന്നു. അമ്മയ്ക്ക് അങ്ങനെയൊരു ആഗ്രഹം പകര്‍ന്ന് കൊടുത്തതും അവള്‍. പക്ഷെ അവള്‍ ഒന്നും കരുതിക്കൂട്ടിയായിരുന്നില്ലല്ലൊ. അതിമോഹങ്ങളുടെ ചിറകില്‍ അമ്മ പറക്കാന്‍ തുടങ്ങിയതിനും അവള്‍ കുറ്റക്കാരിയായിരുന്നില്ലല്ലൊ.
നിര്‍മ്മല തൂങ്ങിമരിച്ച വാര്‍ത്തയ്ക്ക് മുകളില്‍ അതിലും എത്രയോ വലിയ തലക്കെട്ടില്‍ തന്റെ തിരോ
ധാന വാര്‍ത്തയും അമ്മയുടെ കരഞ്ഞ് കലങ്ങിയ മുഖവും സുമിത്രാമ്മയാണ് കൊണ്ടുവന്ന് കാട്ടിയത്. ഒന്നും തോന്നിയില്ല, മരവിച്ച മനസിനെന്തു തോന്നാന്‍, എന്നാലും എന്തിനാണ് നിര്‍മ്മല………, അവള്‍ക്കെന്തു തോന്നീട്ടാ……. ആത്മഗതം പിറുപിറുക്കലായി ഒച്ച കൂടിയപ്പോള്‍ സുമിത്രാമ്മ ചിരിച്ചു………
ചിലത് പോണം, ചിലത് ഇങ്ങനെ ബാക്കിയാകണം…… ഇത് നിലനില്പിന്റെ രാഷ്ട്രീയമാണ് കുട്ടി,
നിനക്കെന്തറിയാം? സിംഹാസനങ്ങള്‍ ഉറപ്പിക്കാന്‍ മനുഷ്യച്ചോര വീഴ്ത്തണം. ഇപ്പോള്‍ നിന്റെ ചോരക്ക് എന്തു വിലയാണെന്ന് അറിയാമൊ?
അവര്‍ പറയുന്നതൊന്നും പൂര്‍ണ്ണമായും മനസിലായില്ലെങ്കിലും ഒന്ന് വ്യക്തമാകുന്നുണ്ടായിരുന്നു. താ
നിന്ന് ഈ രാജ്യത്തെ ഏറ്റവും വിലപ്പെട്ട വസ്തുവാണ്. ആ പത്രത്തില്‍ വായിച്ചതുപോലെ പ്രമുഖരുള്‍പ്പെട്ട പെണ്‍ വാണിഭക്കേസിലെ കാണാമറയത്തുള്ള മുഖ്യ ഇര സാക്ഷി.
എന്നിട്ടും ബാക്കിയായത്, ആരാണ് ഇനിയും തന്നെ പോറ്റുന്നതെന്ന സംശയമാണ്?
നിന്നെ ആവശ്യമുള്ളവര്‍.
എന്നിട്ട്, ഇപ്പോള്‍ ആരും വരാറില്ലല്ലൊ?
എന്താ, സജീവമായിരുന്ന ആ രാത്രികള്‍ ഇനിയും നിനക്ക് വേണമെന്നാന്നോ?
അതല്ല, എന്നെ ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് പിന്നെ എന്തിനാണ്?
സംശയങ്ങള്‍ക്ക് മുന്നില്‍ സുമിത്രാമ്മ ചിരിച്ചൂ.
നിന്നെ ജീവച്ഛവമായി ആവശ്യമുള്ളവരാണ് ഇപ്പോള്‍ നിന്റെ സംരക്ഷകര്‍. നിന്നെ വെച്ച് വിലപേശി അവര്‍ അധികാരസ്ഥാനങ്ങള്‍ ഉറപ്പിക്കുകയാണ്. കിട്ടിയ പദവികളുടെ കാലാവധി കഴിയുമ്പോള്‍ അവര്‍ വീണ്ടും വരും.
ഒന്നും മനസിലാകാതെ പകച്ച് നോക്കിയിരുന്നു. ഒന്നും മനസിലാകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് സുമിത്രാമ്മ വീണ്ടും വീണ്ടും ചിരിച്ചു.
ശക്തിപ്രാപിച്ച മഴ കനത്തുതുടങ്ങിയ ഇരുട്ടിനോടൊപ്പം അകത്തേക്കെത്തി അവളെ സ്പര്‍ശിച്ചു. കരകര ശബ്ദത്തോടെ വാതില്‍ തുറന്ന് ചിമ്മിനി വിളക്കിന്റെ മഞ്ഞളിച്ച വെട്ടം അകത്തേക്ക് വീണതും ഓര്‍മ്മയില്‍ നിന്ന് അവള്‍ ഞെട്ടിയുണര്‍ന്നു.
എന്താ കുട്ടി ഇത്? ആ ജനല്‍ വാതിലടക്കൂ.
വിളക്ക് പതിവ് പോലെ മൂലയിലേക്ക് വെക്കുന്നതിനിടയില്‍ സുമിത്രാമ്മ പറഞ്ഞു.
…നല്ല മഴ! അയാളോട് ഉമ്മറത്ത് കയറിയിരിക്കാന്‍ പറയാം, പാവം!
ചാറ്റല്‍ മഴ പോലെ പിറുപിറുത്ത് സുമിത്രാമ്മ മരഗോവണിയിറങ്ങി മറഞ്ഞു.
മഴയുടെ ഒച്ചയില്‍ ഇരുള്‍ പുതച്ചു അവളുറങ്ങിയ പാതിരാത്രിയില്‍ മര ഗോവണികള്‍ ഉറക്കെ കരഞ്ഞു.

വാതില്‍പ്പാളികളില്‍ ഇടിവെട്ടി. എന്നാല്‍ ഒരു സ്വപ്നത്തിന്റെ രസകരമായ നിമിഷങ്ങളിലായിരുന്ന അവള്‍ ഒന്നും കേട്ടില്ല. സ്വപ്നദൃശ്യങ്ങള്‍ അവളെ രസിപ്പിച്ചു. അവള്‍ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു. പൂര്‍ണ്ണ നഗ്നരായി വരിവരിയായി നിര്‍ത്തപ്പെട്ടിരിക്കുന്ന പുരുഷാരം. ഇറച്ചി വെട്ടുന്ന മരക്കുറ്റികള്‍ ഓരോരുത്തര്‍ക്കും താഴെ നിരത്തിവെച്ചിരിക്കുന്നു. അവരുടെ ഉദ്ധരിച്ച ലിംഗങ്ങള്‍ അവയുടെ മുകളിലാണ്. ഭയം നിഴല്‍ വീഴ്ത്തിയ ആ മുഖങ്ങളില്‍ ചിലത് അവള്‍ക്ക് പരിചയമുള്ളതായിരുന്നു. പെട്ടെന്നാണ് പെരുമ്പറ മുഴങ്ങിയത്. ഉന്നത പോലീസ് ഉദ്ദ്യേഗസ്ഥന്റെ വേഷം ധരിച്ച ഒരാള്‍ കനത്ത ബൂട്ട് ശബ്ദത്തോടെ കടന്നുവന്നു.
അയാള്‍ ഒരു ദണ്ഡ് ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ഹായ് ഇപ്പോള്‍ അവന്മാര്‍ക്ക് കണക്കിന് കിട്ടും.
അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
സമീപക്കാഴ്ചയില്‍ അവള്‍ ആ പോലീസുദ്യേഗസ്ഥനെ ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഇതാ ആ കാവല്‍ക്കാരനാണല്ലൊ!
അയാള്‍ അനുവാദത്തിനെന്നപോലെ തല ഉയര്‍ത്തി ഒരു ഭാഗത്തേക്ക് നോക്കിയപ്പോഴാണ് അവളും കണ്ടത്, തൊട്ടകലെ വെള്ളിവെളിച്ചത്തില്‍ ഒരു സിംഹാസനത്തിലിരിക്കുന്ന സുമിത്രാമ്മയെ! മുന്നിലെ മേശപ്പുറത്ത്, ഏതോ ടിവി ചാനലില്‍ അവള്‍ കണ്ടു പരിചയിച്ച നീതിദേവതയുടെ പ്രതിമയും!
സുമിത്രാമ്മ ചിരിച്ചു, വെളിച്ചത്തെ വെല്ലുന്ന ചിരി!
പെട്ടെന്നവിടെ ആര്‍ത്തനാദങ്ങള്‍ മുഴങ്ങി!
പുരുഷാരത്തിന്റെ നിലവിളികള്‍!!
കൈകൊട്ടി അവള്‍ ആര്‍ത്താര്‍ത്തു ചിരിച്ചു.
പെട്ടെന്നാരോ വായപൊത്തി പിടിച്ചതുപോലെ അവള്‍ക്ക് ശ്വാസം മുട്ടി.
നനഞ്ഞ എന്തോ വലിയൊരു ഭാരം തന്നെ വരിഞ്ഞു മുറുക്കുന്നതുപോലെ അവള്‍ കുതറി.
ഞെട്ടിയുണര്‍ന്ന അവള്‍ പിടഞ്ഞുമാറാന്‍ ശ്രമിച്ചു. ബലിഷ്ടമായ കരങ്ങളുടെ പിടി മുറുകി.
അവള്‍ക്ക് ശ്വാസം മുട്ടി, പിന്നെ തളര്‍ന്ന് ആ മുഷ്ടിക്കുള്ളില്‍ ചുരുങ്ങി.
പതിയെ ബലിഷ്ട കരങ്ങള്‍ അയഞ്ഞു. ഒരു തുണിക്കെട്ടുപോലെ അവള്‍ കിടക്കയിലേക്ക് എറിയപ്പെട്ടു.
കൂടെ ഇരുട്ടിന്റെ ഒരു ഭാരം കിടക്കയിലേക്ക് പതിഞ്ഞു. ഇരുട്ട് ഇപ്പോള്‍ തനിക്ക് മേല്‍ ഭാരിച്ച് തന്നെ വരിഞ്ഞുമുറുക്കുമെന്ന് കണ്ണടച്ച് കാത്തുകിടന്ന അവള്‍ തൊട്ടടുത്തുനിന്ന് ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്.
ഇരുളിലേക്ക് അവള്‍ കണ്ണ് തുറന്നു. അവശനായ ഒരു ചാവാലി പട്ടിയുടെ ദീനരോദനം പോലെ അതവളെ അസ്വസ്ഥപ്പെടുത്തി.
ഇപ്പോള്‍ മരഗോവണികള്‍ കരയുന്നു…. ആരോ ഓടിക്കയറുന്നതുപോലെ…
വിളക്കിന്റെ മങ്ങിയ വെളിച്ചം ഇളകിയാടുന്ന വാതിലുകളെ ഭേദിച്ച് അകത്തേക്ക് ചാലുകീറി. വിളക്കിന്റെ തിരിനാളത്തിനപ്പുറം സുമിത്രാമ്മയുടെ പേടിച്ചരണ്ട മഞ്ഞളിച്ച മുഖം കണ്ടപ്പോള്‍ അവള്‍ ഒട്ടൊരു നിസംഗതയോടെ മുഖമുയര്‍ത്തി. മഞ്ഞവെളിച്ചത്തില്‍ കിടക്കയില്‍ തന്റെ അടുത്ത് മലര്‍ന്നുകിടന്ന് മോങ്ങുന്ന കറുത്ത ഭീമാകാര രൂപത്തെ അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ആ കാവല്‍ക്കാരന്‍!
അയാള്‍ അപ്പോഴും വിമ്മി വിമ്മിക്കരയുന്നുണ്ടായിരുന്നു.
വിളക്കിന്റെ സ്വര്‍ണ വെളിച്ചത്തില്‍ അവള്‍ ഒന്നുയര്‍ന്ന് നടുക്കത്തോടെ ആ കാഴ്ച കണ്ടു. മുട്ടോളം
താഴ്ത്തിവെച്ച അയാളുടെ കാക്കി പാന്റ്സിന് മുകളില്‍ നഗ്നതയുടെ മൂലയില്‍ പതിവില്ലാത്ത വിധം ഇരുട്ട് പൊറ്റപിടിച്ചിരുന്നു. അവള്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ദണ്ഡുകൊണ്ടുള്ള അടിയേറ്റ് ചതഞ്ഞ
ഉരഗത്തെ പോലെ അയാളുടെ പുരുഷത്വം വിവശതയോടെ ഞാന്നുകിടക്കുന്നത് അവള്‍ കണ്ടു. അവളില്‍ സഹതാപം ഘനീഭവിക്കവേ, സുമിത്രാമ്മ അലറി,
ഫൂ, ഇറങ്ങിപ്പോടാാാ നായേ…

(2007)

Advertisements

Comments are closed.