ബ്ലൂ ട്രൂത് (ചില നീല സത്യങ്ങള്‍)

380

man thinking family lifeഎന്‍റെ  ജീവിതത്തിന്‍റെ  നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനുള്ളത് എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ഭയം എന്നെത്തന്നെ കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു. ശരിയായിട്ടു ഉറങ്ങിയിട്ട് തന്നെ ദിവസങ്ങള്‍ ഏറെയായി. ഉറങ്ങി തുടങ്ങുമ്പോള്‍ അവളുടെ ലിപ്സ്റ്റിക് ഇട്ടു ഭീകരമാക്കിയ ചുണ്ടുകള്‍ എന്നോട് പറയാറുണ്ട്‌ ” നിന്നെ ഞാന്‍ ശരിയാക്കി തരാടാ ” അതെ …എന്നെ വേട്ടയാടുന്നത് ആ താടകയുടെ മത്തങ്ങാ ചുണ്ടുകളും യക്ഷി കണ്ണുകളുമാണ്.

ഏതോ ഒരു ദുര്‍ബല നിമിഷത്തിലാണ് എന്നില്‍ ഉറങ്ങിക്കിടന്ന ആ കാമുകന്‍ കാമാര്‍ത്തനായി പുറത്തേക്ക് ചാടി അവളെ പ്രേമിക്കാന്‍ ഒരുമ്പെട്ടത്. അല്ലെങ്കില്‍ എന്‍റെ പുറകെ 2 വര്ഷം നടന്നിട്ടും പിടികൊടുക്കാതിരുന്ന ഞാന്‍. അവസാനം ഉള്‍ പ്രേരണകളുടെ കടുത്ത സ്വാധീനങ്ങള്‍ക്കൊടുവില്‍ എന്‍റെ പ്രേമത്തെ അവള്‍ക്കു പണയം വച്ചു. പ്രേമിച്ചു തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ തടവിലാണ് ഞാന്‍. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ പോലും അവളുടെ അനുവാദം വേണമത്രെ. പലപ്പോഴും എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടു ചിന്തിച്ചു പോകും. എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന് ,

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അയ്യേ!! എന്ന് പറഞ്ഞേക്കാം.. കട്ടപ്പുറത്തിരിക്കുന്നത് ഞാന്‍ അല്ലെ ? ഇതിനെല്ലാം കാരണമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഏപ്രില്‍  മാസം ഒന്നാം തീയതിയിലെ  കോരിച്ചൊരിയുന്ന മഴയത്താണ് (ഏപ്രിലില്‍ എവിടുന്നാടാ മഴ ?എന്ന ചോദ്യം വേണ്ട ). കോളേജു വിട്ടുവരുന്ന വഴി അവള്‍ എന്നെ നിര്‍ബന്ധിച്ചു കോഫി കുടിക്കുവാന്‍ ക്ഷണിച്ചു. നിരസിക്കും തോറും ഒരു ആജ്ഞ യായി അവളുടെ വാക്കുകള്‍ കോഫി ഷോപ്പിലേക്ക് എന്നെ തള്ളിവിട്ടു . ഒന്നും രണ്ടും പറഞ്ഞു സമയം മൂന്നായി ..ഞാന്‍ പറഞ്ഞു “എനിക്ക് വീട്ടില്‍ പോണം താമസിച്ചാല്‍ അച്ഛന്‍ അടിക്കും”. അവള്‍ ചുണ്ടുകള്‍ വക്രിച്ചു കൊണ്ട് ഉണക്കമീന്‍ കണ്ട പൂച്ചയെപ്പോലെ എന്നെ നോക്കി . പുറത്ത് കാര്‍മേഘങ്ങള്‍ ചെമ്മരിയാടുകളെ പോലെ നിന്ന് കളിയാക്കി ചിരിച്ചു .
ബാഗുമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി യതും , മഴ ഞങ്ങളുടെ മേല്‍ മൂത്രമൊഴിച്ചു കളിച്ചു.

നനഞ്ഞു കുതിര്‍ന്നു തണുത്തു വിറച്ചുകൊണ്ട് ഞങ്ങള്‍ ബസ് സ്റ്റോപ്പില്‍ എത്തി . ദൈവമേ!! ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലല്ലോ. ഭയം എന്‍റെ മനസ്സില്‍ ഊഞ്ഞാല് കെട്ടി ആടാന്‍ തുടങ്ങി. ഷര്‍ട്ടും ബനിയനും ഊരി പിഴിഞ്ഞുകൊണ്ടിരിക്കെ അവളുടെ കണ്ണുകള്‍ എന്‍റെ ശരീരത്തെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു .നാണത്തോടെ ഞാന്‍ ഷര്‍ട്ട്‌ എന്‍റെ നെഞ്ചോടു ചേര്‍ത്ത് വച്ചു .” എന്തിനാ നാണിക്കുന്നെ.. ഞാന്‍ ആരോടും പറയില്ല ” അര്‍ഥം വച്ച ചിരിയോടെ അവള്‍ പറഞ്ഞു .കണ്ണിലേക്കു വീണ എന്‍റെ മുടിയിഴകളെ കൈവിരലുകളാല്‍ ചീകി മാറ്റിക്കൊണ്ട് അവള്‍ എന്നിലേക്ക്‌ അടുത്ത് വന്നു ..എന്നിലുള്ള കന്യകനെ നഷ്ടപ്പെടുകയാണോ ഈശ്വരാ.. അവളെ തട്ടിമാറ്റുന്നതിനിടയില്‍ ആ ഞെട്ടിക്കുന്ന കാഴ്ച ഞാന്‍ കണ്ടു . തുറന്നു പിടിച്ച അവളുടെ മൊബൈല്‍ ഫോണ്‍ . ദൈവമേ എന്‍റെ നഗ്നത ആ കുന്തം കാര്ന്നെടുത്തിട്ടുണ്ടാവുമോ ?

ഞാന്‍ ഒരു പാവമാണ് ..എന്നെ വേദനിപ്പിക്കരുത് ..ദയവു ചെയ്തു അത് ഡിലീറ്റ് ചെയ്തു കള, ഞാന്‍ കെഞ്ചി പറഞ്ഞു .ഈശ്വരാ ഇതു നേരത്താണ് എനിക്ക് ഷര്‍ട്ട്‌ ഊരാന്‍ തോന്നിയത് ..ഓക്കേ ഞാന്‍ ഡിലീറ്റ് ചെയ്യാം പക്ഷെ ഞാന്‍ പറയുന്നത് പോലെ ഒക്കെ നീ അനുസരിക്കണം , ഞാന്‍ എവിടെ വിളിച്ചാലും നീ വരണം .ഞാന്‍ എന്ത് പറഞ്ഞാലും സാധിച്ചു തരണം എന്ന് തുടങ്ങി 21 ആവശ്യങ്ങള്‍ അവള്‍ എന്‍റെ മുന്നിലേക്ക്‌ കുടഞ്ഞിട്ടു.. എനിക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു . ഐസ് കട്ടപോലെ ഉരുകിത്തീരുന്ന ഒരു ഹൃദയവുമായി അന്നുമുതല്‍ ഇന്ന് വരെ എന്‍റെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ് .. ഇതിനൊക്കെ കൃത്യമായ മറുപടികളും ചെട്ടന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നു

1. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത എന്‍റെ വീഡിയോ അവള്‍ അവളുടെ കൂട്ടുകാരികള്‍ക്കോ ഇന്റര്‍നെറ്റിലോ ഇടുകയാണെങ്കില്‍ എന്ത് മുന്‍കരുതല്‍ ആണ് ഞാന്‍ എടുക്കേണ്ടത് ?
2. ആ വീഡിയോയുടെ ബലത്തില്‍ അവള്‍ എന്നെ ലൈംഗിക പീഡനത്തിനു വരെ മുതിര്‍ന്നേക്കാം.. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
3. സ്വൈര്യമായ ഒരു കുടുംബ ജീവിതത്തിനു ഈ സംഭവം ഒരു വിലങ്ങുതടിയാവുമോ?

നെഞ്ഞിടിപ്പുകളോടെ

ഡഗ്ഗ്ളസ്  മാത്യൂസ്‌
നെയ്യാറ്റിന്‍ കര