ഇങ്ങനെ പോയാൽ കേരളം സമൂഹവ്യാപനത്തിലേയ്ക്കെത്താൻ അധിക നാളുകൾ വേണ്ടിവരില്ല

  0
  162

  Boban Eranimos

  കേരളത്തിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനോടൊപ്പം ക്വാറൻ്റയിൻ നിയമ ലംഘനവും വലിയ തോതിൽ കൂടി വരുന്നുണ്ട്. ലോക്ക് ഡൗൺ നാളുകളിൽ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞതുകൊണ്ട് കോവിഡിനെ കേരളത്തിന് ഒരു പരിധി വരെ ചെറുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ശുഭകരമായ വാർത്തകൾ അല്ല നാം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് ഹോം ക്വാറൻ്റയിൻ നിർദ്ദേശിച്ചിരിക്കുന്നവർ വീടുകളിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായുള്ള ഒട്ടേറെ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ഇങ്ങനെ പോയാൽ കേരളം സമൂഹവ്യാപനത്തിലേയ്ക്കെത്താൻ അധിക നാളുകൾ വേണ്ടിവരില്ല.ഈ മാസം മെയ് 4 മുതൽ 25 വരെ 78,894 പേരാണ് ഹോം ക്വാറൻ്റീനിൽ കഴിഞ്ഞത്. ഇതിൽ 468 പേർ ക്വാറൻ്റയിൻ നിയമങ്ങൾ ലംഘിച്ചു, ഇവരിൽ 453 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ ഒരു സമയത്ത് ഇതൊരു ചെറിയ കണക്കല്ല. ഒരു ചെറു തീമതി എല്ലാം ആളികത്താൻ.

  കേരളത്തിൽ ഹോം ക്വാറൻ്റയിൻ നിദ്ദേശിക്കപ്പെട്ടർ,കോവിഡ് രോഗികൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നു വരുന്നവർ, അന്യസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് എത്തുന്നവർ ഈ മൂന്ന് കൂട്ടരും നിർബന്ധമായും ക്വാറൻ്റയിനിൽ പോകേണ്ടതുണ്ട്. ഇവരിൽ ഒരാളെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാക്കാതെ പുറത്തിറങ്ങി നടക്കുന്നത് വലിയ പ്രശ്നങ്ങൾ ആകും സൃഷ്ടിക്കുക. ഇത് ഒരു സാധാരണ നിയമ ലംഘനമല്ല. ഇനിയങ്ങോട്ട് ക്വാറൻ്റയിൻ നിയമങ്ങൾ പാലിക്കാതിരുന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നതിൽ സംശയമില്ല.

  ക്വാറൻ്റയിൻ നിരീക്ഷണത്തിൽ കഴിയുന്ന ഒരാളെ 24 മണിക്കൂറും ശ്രദ്ധിക്കുവാനോ നിയന്ത്രിക്കുവാനോ എപ്പോഴും കഴിഞ്ഞെന്ന് വരില്ല. പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഇതിനുണ്ട്. ആളുകൾ ഒട്ടും സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ അല്പം പ്രയാസത്തോട് കൂടിയാണെങ്കിലും പറയാതെ ഇരിക്കാനാകില്ല, ക്വാറൻ്റയിനിൽ പ്രവേശിക്കുന്നവരുടെ കൈയ്യിൽ മഹാരാഷ്ട്ര സർക്കാർ ചെയ്ത പോലെ ക്വാറൻ്റയിൻ ടാട്ടൂ പതിപ്പിക്കുന്നതായിരിക്കും നല്ലത്. നിയമ ലംഘനം നടത്തുന്ന ആളുകൾ പുറത്തിറങ്ങുമ്പോൾ തിരിച്ചറിയാൻ സഹായകമാകും. എല്ലാവരുടേയും സുരക്ഷയ്‌ക്ക്‌ ഇത്തരം തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളേണ്ടതുണ്ടെന്ന് തോന്നുന്നു.