ആവശ്യസർവീസുകൾ ഈ കൊറോണക്കാലത്ത് പ്രവർത്തിക്കേണ്ടതാണ്, എന്നാൽ ആവശ്യസർവ്വീസുകൾ എന്തൊക്കെയാണെന്നുള്ള ധാരണ പൊതുജനങ്ങൾക്കുമില്ല, ഉത്തരവാദിത്തപ്പെട്ടവർക്കും ഇല്ല

0
51

Bodhisathwan K Reji 

അനിയന്ത്രിതമായി കോവിഡ് 19പടർന്നു പന്തലിക്കുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. ദിവസം മൂന്നോ നാലോ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്ന സമയത്ത് കണ്ടിരുന്ന യാതൊരു ജാഗ്രതയും, സമൂഹവ്യാപനത്തിലേക്ക് എത്തിനിൽക്കുന്ന ഈ സമയത്ത് കാണുന്നില്ല.കൊറോണയോടൊപ്പം ജീവിക്കുക എന്നാൽ കൊറോണ ബാധിച്ചു ജീവിക്കുക എന്ന രീതിയിലേക്ക് ആണ് ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ആവിശ്യസർവീസുകൾ ഈ കൊറോണക്കാലത്ത് പ്രവർത്തിക്കേണ്ടതാണ്.അതില്ലാതെ ആളുകൾക്ക് ജീവിക്കാൻ കഴിയുകയില്ല. എന്നാൽ ആവിശ്യസർവ്വീസുകൾ എന്തൊക്കെയാണെന്നുള്ള ധാരണ പൊതുജനങ്ങൾക്കുമില്ല, ഉത്തരവാദിത്തപ്പെട്ടവർക്കും ഇല്ല.

ബാങ്കുകൾ ആവിശ്യ സർവ്വീസ് ആണ്. ആളുകളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബാങ്കുകൾ നല്ല പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ബാങ്കിങ് സർവീസുകളിൽ ഏതൊക്കെയാണ് അത്യാവശ്യം വേണ്ടത് എന്ന തിരിച്ചറിവ് പൊതുജനങ്ങൾക്കുണ്ടോ? അധികാരികൾക്കുണ്ടോ? ആലോചിക്കേണ്ട വസ്തുതയാണ്. ഓരോ ദിവസവും ബാങ്കുകളിൽ എത്തുന്ന ആളുകളുടെ എണ്ണം അത്രമേൽ അധികമാണ്.എല്ലാവരും വരുന്നത് ആവശ്യങ്ങൾക്കാണ്‌. എന്നാൽ തല്ക്കാലം മാറ്റിവെക്കാവുന്ന പല ആവശ്യങ്ങൾക്കും വേണ്ടിയാണ് ഭൂരിഭാഗം ആളുകളും ഇന്ന് ബാങ്ക് ശാഖകളിൽ എത്തുന്നത്.പാസ്ബുക്ക് പതിക്കാനും അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും പാസ്സ്ബുക്ക്‌ പതിക്കാൻ വരുന്നവരുടെ കൂടെ വരുന്നവരും ഒക്കെയാണ് ബാങ്ക് ശാഖകളിൽ വരുന്നവരിൽ അധികവും. വയോധികരും കുട്ടികളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.

മിക്കവാറും എല്ലാ ബാങ്കുകൾക്കും മിസ്സ്‌ കോളിലൂടെ ബാലൻസ് അറിയാവുന്ന സംവിധാനം നിലവിൽ ഉണ്ട്.എന്നാൽ ആളുകൾക്ക് നേരിട്ട് ബാങ്കിൽ എത്തി പണം ഉണ്ടോ എന്നറിഞ്ഞാൽ മാത്രമേ തൃപ്തിയാവുകയുള്ളു.തൽഫലമായി ബാങ്കിൽ തിരക്ക് കൂടുന്നു.സാമൂഹിക അകലം പാലിക്കാനോ യഥാവിധി മാസ്ക് ധരിക്കാനോ ആരും ശ്രദ്ധിക്കുന്നില്ല. ചുരുങ്ങിയ ജീവനക്കാർ മാത്രമുള്ള പല ബാങ്ക് ശാഖകൾക്കും തിരക്ക് നിയന്ത്രിക്കാനോ സാമൂഹിക അകലം പാലിച്ചു ഇടപാടുകൾ നടത്തിക്കുവാനോ കഴിയുന്നില്ല. പോലീസ് പോലുള്ള സംവിധാനങ്ങൾ എല്ലാ ശാഖകളിലും ലഭ്യവും അല്ല.പല സർക്കാർ സേവനങ്ങളും നിയന്ത്രിതമാക്കിയിട്ടും ബാങ്കുകൾക്ക് മാത്രം അത് ബാധകമല്ല.ബാങ്ക് യൂണിയനുകൾ നിരവധി തവണ മുഖ്യമന്ത്രിക്കും സർക്കാർ സംവിധാനങ്ങൾക്കും പല നിവേദനങ്ങളും അപേക്ഷകളും നിർദ്ദേശങ്ങളും നൽകിയിട്ടും അതെല്ലാം അവഗണിക്കപ്പെടുകയാണ്. ബാങ്ക് ജീവനക്കാരുടെ സുരക്ഷയെ മാത്രം മുൻ നിർത്തിയില്ല ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നത്.വരുന്ന ഇടപാടുകാരുടെയും അതുമൂലം ഉണ്ടാവുന്ന സമൂഹവ്യാപനത്തെയും കൂടി കരുതിയാണ്. എന്നാൽ നിരന്തരം അവഗണന മാത്രമാണ് നേരിടുന്നത്.സർക്കാർ സംവിധാനങ്ങളുടെ മാത്രം കുഴപ്പമല്ല, ബാങ്കിൽ അനാവശ്യമായി വരുന്ന ഇടപാടുകാരുടെ കൂടി സമീപനം ഇത്തരത്തിൽ ആണ്.

തൊഴിലാളികളോടുള്ള ബാങ്ക് മാനേജ്മെന്റ്കളുടെ നിലപാട് എങ്ങനെയാണ്?കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികൾ കോവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചു. ഭൂരിഭാഗവും നടത്തപ്പെടുന്നത് ബാങ്കുകൾ വഴിയാണ്.സാമ്പത്തിക സഹായങ്ങളും പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. എന്നാൽ പല ബാങ്കുകളും സ്വീകരിച്ചിരിക്കുന്ന രീതി എങ്ങനെയാണ്? സാമ്പത്തിക സഹായത്തിനപ്പുറം ബിസിനസ്സ് വളർത്താനുള്ള ഒരു സാധ്യതയായാണ് പല ബാങ്കുകളും ഈ അവസരത്തെ കാണുന്നത്. ലോൺ ആവശ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി ബാങ്കിൽ വരുന്ന ഇടപാടുകാരെ സമീപിക്കുകയും ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഇടപാടുകൾ നടത്തിപോകാൻ നിൽക്കുന്ന ആളുകളെ ബാങ്കിൽ പിടിച്ചു നിർത്തുകയും അതുവഴി തിരക്ക് വർധിപ്പിക്കാൻ ഉള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. ഈ കോവിഡ് കാലവും ഇത്തരത്തിൽ ഉള്ള ബിസിനസ് തന്ത്രങ്ങളുമായി ബാങ്കിന്റെ ലാഭം കൂട്ടാൻ നോക്കുന്ന ഇത്തരം പ്രവണതകളെ എന്ത് വിളിക്കണം? ഒരു മഹാമാരിയുടെ കാലത്തു പോലും ലാഭം മാത്രം ആലോചിച്ചുള്ള നിലപാടുകൾ അപഹാസ്യമാണ്.

ബാങ്ക് ശാഖകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ബ്രാഞ്ച് മാനേജരുടെ പേരിൽ കേസ് എടുക്കുന്നു.തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ, നിർദ്ദേശങ്ങൾ പാലിക്കാതെ ഇടപാടുകാർ നിൽക്കുന്നത് ആരുടെ കുറ്റമാണ്?ജീവനക്കാർക്കും രോഗം വരാനുള്ള സാധ്യത കൂടുതൽ ആണ്. അത്രമേൽ ആളുകൾ ആണ് ആവശ്യത്തിനും അനാവശ്യത്തിനുമായി ഓരോദിനവും ബാങ്കിൽ കടന്നുവരുന്നത്.ബാങ്ക് ജീവനക്കാരുടെ വീട്ടിലും പ്രായമായവർ ഉണ്ട്. കുട്ടികൾ ഉണ്ട്.അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവരുടെ ആരോഗ്യവും പരിഗണിക്കേണ്ടതായുണ്ട്. സർക്കാരും പൊതുജനവും ഇത് തിരിച്ചറിയണം.പ്രളയകാലത്തും നോട്ട് നിരോധനസമയത്തും കൈ മെയ് മറന്ന് പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവരാണ് ബാങ്ക്ജീവനക്കാർ.ഈ കോവിഡ് കാലത്തും യാതൊരു ഉപേക്ഷയും കൂടാതെ അവർ അവരുടെ കടമ ചെയ്യുന്നു.അവർക്കും രോഗം വരാതെ സംരക്ഷിക്കേണ്ടതായുണ്ട്.

ഇന്ന് പുല്പള്ളിയിലെ ഒരു ബാങ്ക് മാനേജർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തിനെതിരായി നിരവധി അപവാദപ്രചാരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അദ്ദേഹത്തിന് രോഗം വന്നത് എവിടുന്നാണെന്നു സ്ഥിരീകരിച്ചിട്ടില്ല. അത്രമേൽ തിരക്കുള്ള ഒരു ബാങ്ക് ശാഖയിൽ ആണ് അദ്ദേഹം ജോലിചെയ്യുന്നത്.തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ ആളുകൾ ബാങ്കിൽ എത്തിയപ്പോൾ അദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു.ആളുകൾ കൂട്ടം കൂട്ടമായി ബാങ്കിൽ വരുന്നതിനു ഒരു ബാങ്ക് മാനേജർ എന്ത് പിഴച്ചു? ചുരുങ്ങിയ ജീവനക്കാരുള്ള ഒരു ബാങ്ക് ശാഖയിൽ വലിയ രീതിയിൽ ഉള്ള തിരക്കുണ്ടാകുമ്പോൾ ഒരു ബ്രാഞ്ച് മാനേജർക്ക് എന്ത് ചെയ്യാൻ സാധിക്കും? ആളുകൾക്ക് കുറ്റം പറയാനും അപവാദങ്ങൾ അഴിച്ചു വിടാനും കാരണങ്ങൾ ഒന്നും വേണ്ട.ബാങ്ക് മാനേജ്മെന്റുകളും സർക്കാരും ജീവനക്കാരുടെ ഈ നിസ്സാഹായവസ്ഥക്ക് കാരണമാണ്.ഈ കോവിഡ് കാലത്തും ടാർഗട്ടും അനാവശ്യ സമ്മർദ്ദങ്ങളും ജീവനക്കാർക്ക് നൽകുന്ന മാനേജ്മെന്റ് തൊഴിലാളിക്ക് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. അവശ്യമായ സഹായങ്ങൾ നൽകാത്ത സർക്കാരും ഇതേ ദ്രോഹം ജീവനക്കാരോട് ചെയ്യുന്നു.ഗുജറാത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥ ഒരു പോലീസ് ഉദ്യോഗസ്ഥനാൽ തന്നെ ബാങ്കിനകത്ത് ആക്രമിക്കപ്പെട്ട കാര്യം കൂടി ഇവിടെ ഓർമ്മിപ്പിക്കുന്നു.

ബാങ്ക് ജീവനക്കാരും മനുഷ്യരാണ്.ദയവു ചെയ്ത് അവശ്യസേവനങ്ങൾക്ക് വേണ്ടി മാത്രം ബാങ്ക് ശാഖകളിൽ വരിക.ബാങ്ക്അക്കൗണ്ട്കളിലുള്ള നിങ്ങളുടെ പണം സുരക്ഷിതമാണ്.അത് ആരും എടുത്തുകൊണ്ടുപോവുകയില്ല.ഒഴിവാക്കാൻ പറ്റുന്ന കാര്യങ്ങൾ പിന്നെത്തേക്ക് മാറ്റി വെക്കുക.അഥവാ ബാങ്കിൽ വന്നുകഴിഞ്ഞാൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.ജീവനക്കാരോട് സഹകരിക്കുക. നിങ്ങളെ സഹായിക്കാനാണ് ബാങ്ക് നിലനിക്കുന്നത്.ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളും മനുഷ്യർ ആണെന്നുള്ള ഒരു പരിഗണന നൽകുക.
സഹകരിക്കുക. അപേക്ഷയാണ്!!