ലാളിച്ചു വളർത്തിയ പെണ്മക്കൾ അവരെ ആക്രമിച്ചവരുടെ കുഞ്ഞുങ്ങളെ പോലും പ്രസവിച്ചു കാണും

127

കഴിഞ്ഞ കുറെ ദിവസങ്ങളായി നൈജീരിയായിൽ നിന്നുള്ള വാർത്തകൾ ആരുടെയും മനസ്സ് വേദനിപ്പിക്കുന്നതാണൂ. മതാന്ധത ബാധിച്ച തീവ്രവാദികൾ ഈ കൂട്ട കൊലകൾ ആരംഭിച്ചിട്ട് കാലം കുറച്ചായി. ഇത്തവണ നാനൂറ് കുട്ടികളെ കാണാതായി എന്ന് കേൾക്കുന്നു, ഇതിനു മുൻപ് നടന്ന സമാനമായ മറ്റൊരു സംഭവത്തെ പറ്റി കഴിഞ്ഞ കൊല്ലത്തെ പോസ്റ്റാണ്.

Nigeria marks 3 years since 276 Chibok schoolgirls abducted by Boko Haram - ABC Newsഅഞ്ചുവർഷം മുമ്പുള്ള ഒരു പകൽ. 2014 ഏപ്രിൽ 14 – നൈജീരിയയിലെ ബോൺ പ്രവിശ്യയിലെ ചിബോക് ഗവൺമെന്റ് സെക്കൻഡറി സ്‌കൂളിന് അന്നൊരു പതിവു പ്രവൃത്തി ദിവസമായിരുന്നു. അവിടത്തെ കുട്ടികളുടെ വാർഷിക പരീക്ഷ അടുത്ത സമയമായിരുന്നതിനാൽ അവർ അതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സ്‌കൂളിന്റെ പ്രശാന്തതയെ ഭേദിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ആയുധധാരികളായ, പട്ടാള വേഷമണിഞ്ഞ ‘ബോക്കോ ഹറാം’ എന്ന നിരോധിത സംഘടനയിലെ ഭീകരരുടെ ഒരു സംഘം സ്‌കൂൾ വളപ്പിലേക്ക് ഇരച്ചുകേറി. നാലഞ്ച് ട്രക്കുകളിലാണ് അവർ വന്നിറങ്ങിയത്. സ്‌കൂൾ കൊള്ളയടിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. അവിടെ പെൺകുട്ടികളെ കണ്ടതോടെ സംഘത്തലവന്റെ മട്ടുമാറി. സ്ത്രീകളോടുള്ള ബൊക്കോ ഹറാമിന്റെ നിലപാട് വളരെ കുപ്രസിദ്ധമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണ് എന്ന കടുത്ത തീവ്രവാദനയമാണ് അവർ പിന്തുടരുന്നത്. പാശ്ചാത്യ വിദ്യാഭ്യാസവും വിലക്കപ്പെട്ട ഒന്നായി അവർ കണ്ടിരുന്നു. ഈ രണ്ടു കുറ്റങ്ങളിലും ഏർപ്പെട്ട ആ സ്‌കൂളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ആ സംഘം തീരുമാനിച്ചു. ആവുന്നത്ര പേരെ തങ്ങളുടെ ട്രക്കുകളിൽ കുത്തി നിറച്ചും, ബാക്കിയുള്ളവരെ പൊരിവെയിലത്തും നടത്തിച്ചും അവർ തട്ടിക്കൊണ്ടുപോയി. അവരെ തടയാനുള്ള ധൈര്യം സ്ഥലത്തെ പൊലീസിനോ പട്ടാളത്തിനോ ഉണ്ടായില്ല. അത്രയ്ക്ക് കുഖ്യാതമായിരുന്നു ആ പ്രദേശത്ത് ബോക്കോഹറാം എന്ന തീവ്രവാദ സംഘടന.

Boko Haram kidnapping of 110 Nigerian schoolgirls recalls Chibok crisis - The Globe and Mailആ പെൺകുട്ടികളെ അവർ കൊണ്ടുപോയത് നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 2,258 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന സാംബിസാ വനത്തിനുള്ളിലെ കൊണ്ടുംഗാ പ്രദേശത്തേക്കായിരുന്നു. ബൊക്കോ ഹറാമിന്റെ ശക്തികേന്ദ്രമായിരുന്ന ആ കാടുകൾക്കുള്ളിൽ അവരുടെ ക്യാംപുകൾ പ്രവർത്തിച്ചു പോന്നിരുന്നു. ആ പെൺകുട്ടികളെ തങ്ങളുടെ ഒളിപ്പോരാളികളുടെ ലൈംഗിക അടിമകളാക്കാനും ക്യാംപുകളിൽ പാചകമടക്കമുള്ള ജോലികൾ ചെയ്യിക്കാനുമായിട്ടാണ് അവർ തട്ടിക്കൊണ്ടുപോയത്. പോകും വഴി 57 പെൺകുട്ടികൾ ട്രക്കിൽ നിന്നും എടുത്തുചാടി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ നൈജീരിയൻ സർക്കാരും ബൊക്കോ ഹറാമും തമ്മിൽ നടന്ന പല ചർച്ചകൾക്കൊടുവിൽ പല വ്യവസ്ഥകളും പാലിച്ചുകൊണ്ട് 107 കുട്ടികളെ അവർ വിട്ടയച്ചു.

Boko Haram says kidnapped schoolgirls 'married off'112 പെൺകുട്ടികൾ ഇന്നും തിരിച്ചെത്തിയിട്ടില്ല. തങ്ങളിൽ നിന്നും പറിച്ചെടുത്തുകൊണ്ടു പോയ തങ്ങളുടെ മക്കളെയും കാത്ത് കണ്ണുനീർ വാർത്തിരിക്കുകയാണ് അത്രയും തന്നെ കുടുംബങ്ങൾ. അഞ്ചു നീണ്ട വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ആ കുട്ടികളുടെ കൗമാരം നിർദ്ദയം അവരിൽ നിന്നും ഹനിക്കപ്പെട്ടുകാണും. അവരിൽ ഭൂരിഭാഗവും ഇപ്പോൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിക്കാണും. പലരും തങ്ങളെ ആക്രമിച്ചവരുടെ കുഞ്ഞുങ്ങളെ പ്രസവിച്ചുപോലും കാണും. ആറ്റുനോറ്റുണ്ടായി തങ്ങൾ താലോലിച്ചു വളർത്തിയ പെൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിട്ട് അവരെ തിരിച്ചു പിടിക്കാൻ കാര്യമായ ഒരു പരിശ്രമവും നടത്താത്ത സർക്കാരുകളോട് അവർക്ക് കടുത്ത അമർഷമുണ്ട്. പലവിധത്തിലുള്ള അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളും ക്യാമ്പെയ്‌നുകളും മറ്റും നടത്തപ്പെട്ടിട്ടും ഒന്നും ഇന്നുവരെ ഫലം കണ്ടിട്ടില്ല.
അവിടെ നിന്നും രക്ഷപ്പെട്ടുവന്ന കുട്ടികൾ അവർ അനുഭവിച്ച ക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകൾ ലോകത്തോട് വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ അമുസ്ലീങ്ങളായിരുന്ന പെൺകുട്ടികളെ അവർ ബലമായി മതം മാറ്റി. പലരെയും സംഘത്തിലെ പുരുഷന്മാരുടെ ഭാര്യമാരാക്കി. മിക്കവാറും എല്ലാവരും തന്നെ ലൈംഗിക അടിമകളാകാൻ നിർബന്ധിതരായി. ചിലരെയൊക്കെ അയൽ രാജ്യങ്ങളായ ഛാഡിലേക്കും കാമറൂണിലേക്കും കൊണ്ടുപോയി.

Business Insiderപെൺകുട്ടികളെ രക്ഷിക്കാനായി ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സ്’ ഓപ്പറേഷൻ ടോറസ്’ എന്നൊരു രഹസ്യാന്വേഷണ മിഷൻ നടത്തി. തട്ടിക്കൊണ്ടുപോവപ്പെട്ടതിന്റെ ഒരാഴ്ചയ്ക്കകം പെൺകുട്ടികളെ തടഞ്ഞുവെച്ചിരിക്കുന്ന ഇടം അവർ കണ്ടുപിടിച്ചിരുന്നു. ഒരു റെസ്ക്യൂ മിഷനുള്ള അനുമതി പക്ഷേ നൈജീരിയൻ സർക്കാർ നിഷേധിച്ചു. അത് ആരുടെ രാജ്യത്തിൻറെ അഭിമാന പ്രശ്നമാണെന്നും, നൈജീരിയൻ ഇന്റലിജൻസും പട്ടാളവും ചേർന്ന് അവരെ കണ്ടെത്തും, അതിന് ആരുടേയും സഹായം ആവശ്യമില്ല എന്നുമായിരുന്നു അവരുടെ പ്രതികരണം.

മെയ് അഞ്ചാം തീയതി ബൊക്കോ ഹറാം തലവൻ അബൂബക്കർ ഷേക്കു തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് പ്രസ്താവനയിറക്കി. ” അള്ളാഹു എന്നോട് ആജ്ഞാപിക്കുകയായിരുന്നു അവരെ തട്ടിക്കൊണ്ടു പോവാൻ.. ഞാൻ അത് നിറവേറ്റുക മാത്രമാണ് ചെയ്തത് ..” എന്നായിരുന്നു ഷേക്കുവിന്റെ വാക്കുകൾ. ആ പെൺകുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചത് അവരുടെ മാതാപിതാക്കൾ ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണെന്നും, ആ കുട്ടികൾ വഴിതെറ്റിപ്പോവും മുമ്പ്, അതായത് ഒമ്പതോ പത്തോ വയസ്സിൽ തന്നെ അവരെ വിവാഹം കഴിച്ചയച്ചിരുന്നെകിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു എന്നും ഷേക്കു പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടു പോകപ്പെട്ട പലരിലും ആ ആക്രമണം കടുത്ത മാനസികാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. രക്ഷപ്പെടാൻ ഒരു വഴിയുമില്ല എന്ന് അവരെ തീവ്രവാദികൾ ആവർത്തിച്ചാവർത്തിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ പലരും അവിടെ തങ്ങൾക്ക് ചാർത്തിക്കിട്ടിയ വൈവാഹിക ജീവിതങ്ങളിൽ ഒതുങ്ങിക്കൂടാൻ തങ്ങളുടെ മനസ്സുകളെ പാകപ്പെടുത്തി. അവരിൽ ചിലരെ ഉപയോഗപ്പെടുത്തി, തങ്ങൾ ഇവിടെ സന്തുഷ്ടരാണ്, തിരികെപ്പോവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിൽ വീഡിയോ പ്രചാരണങ്ങളും ബോക്കോഹറാം നടത്തുകയുണ്ടായി.

2016 -ൽ ഒരു പ്രാദേശിക സംഘടനയുടെ പരിശ്രമഫലമായി ആമിനാ അൽ കേകി എന്നൊരു പെൺകുട്ടിയെ അവളുടെ കൈക്കുഞ്ഞിനൊപ്പം രക്ഷിക്കയുണ്ടായി. 2017-ലും രാകിയാ അബൂബക്കർ എന്ന ഒരു പെൺകുട്ടിയെ, ആ തീവ്രവാദികളിൽ ഒരാളിൽ അവൾക്കു ജനിച്ച ആറുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമായി നൈജീരിയൻ പട്ടാളം ഒരു ബൊക്കോ ഹറാം കേന്ദ്രത്തിൽ നിന്നും രക്ഷിച്ചിരുന്നു. 2016-നും 208 നും ഇടയിലായി പല തവണ നടത്തിയ ചർച്ചകളിൽ പിന്നെയും കുട്ടികളെ വിട്ടയക്കുകയുണ്ടായി. ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള രക്ഷപ്പെടുത്തലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതൊക്കെ യാദൃച്ഛികമായി നടക്കുന്ന കണ്ടെത്തലുകൾ മാത്രമാണ്. ഈ കുട്ടികളെ രക്ഷിക്കുക എന്ന ലക്‌ഷ്യം വെച്ച് സമയോചിതമായ ഒരിടപെടലും ഇന്നുവരെ നൈജീരിയൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കടുത്ത വിമർശനങ്ങളാണ് നൈജീരിയൻ സർക്കാർ ഈ വിഷയത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ട തങ്ങളുടെ മക്കളുടെ മുഖം ഒരു നോക്ക് കാണാനുള്ള ഭാഗ്യം കിട്ടാതെ രക്ഷിതാക്കളിൽ പലരും മരിച്ചുപോയിരിക്കുന്നു. പലരും മരിച്ചത് തങ്ങളുടെ മക്കൾ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ ഹൃദയാഘാതം വന്നാണ്. മരിച്ചുകിട്ടാൻ പ്രാർത്ഥിച്ചു കഴിയുന്ന പലരും ഇന്നും നിത്യസങ്കടത്തിലുമാണ്. തീവ്രവാദികളാൽ പീഡിപ്പിക്കപ്പെട്ട്, അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വന്ന പല പെൺകുട്ടികളും നാണക്കേടോർത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ മടിക്കുന്നു.

‘ബോക്കോ ഹറാം’ എന്ന പേരിന്റെ അർഥം തന്നെ ‘പാശ്ചാത്യമായതെന്തും നിഷിദ്ധം’ എന്നാണ്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥാപനവും, വ്യാപനവുമാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്‌ഷ്യം. അതിനായി അക്രമത്തിന്റെ മാർഗമാണ് അവർ അവലംബിച്ചിരിക്കുന്നത് എന്നുമാത്രം. 2009 -ൽ നൈജീരിയയുടെ ഉത്തരഭാഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോരുന്ന ഈ സംഘടന നിരവധി കൊലപാതകങ്ങൾക്കും ബോംബാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോവാളുകൾക്കും ഉത്തരവാദികളാണ്. ഇന്നുവരെ ഏകദേശം 27, 000 പേരോളം ഇന്നുവരെ ഇവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതു ലക്ഷത്തിൽപ്പരം പേർക്ക് വീടുവിട്ടോടേണ്ടി വന്നിട്ടുണ്ട്. ബുർഖയണിഞ്ഞ സ്ത്രീകളെ ചാവേർ ബോംബുകളാക്കി ഉപയോഗിക്കുന്ന പതിവും ബൊക്കോ ഹറാമിനുണ്ട്.

ബ്രിങ്ങ് ബാക്ക് അവർ ഗേൾസ് (BBOG) എന്ന പേരിൽ ഒരു കാമ്പെയ്ൻ ഇപ്പോഴും ആ കുട്ടികളുടെ രക്ഷയ്ക്കായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ചിബോക്ക് പ്രവിശ്യയിൽ ഉണ്ട്. പക്ഷേ, അവരുടെ ആവശ്യങ്ങൾക്കു നേരെ മാറിമാറി വരുന്ന ഗവൺമെന്റുകൾ കണ്ണടച്ചുകൊണ്ടിരിക്കുന്നു. സ്വന്തം മക്കളെ നഷ്ടപ്പെട്ടവർ, അങ്ങനെ എളുപ്പത്തിൽ ഇട്ടു പോവാൻ അവർക്കു പറ്റാത്തതുകൊണ്ട് മാത്രം, ആ കാമ്പെയ്ൻ ഇന്നും തുടരുന്നു. എന്നെങ്കിലും, ഒരു യാദൃച്ഛികതയുടെ പിൻബലത്തിലെങ്കിലും, തങ്ങളിൽ നിന്നും പറിച്ചുമാറ്റിയ തങ്ങളുടെ കുഞ്ഞുങ്ങൾ അവരില്ലാതെ വരണ്ടുണങ്ങിപ്പോയ തങ്ങളുടെ ജീവിതങ്ങളിലേക്ക് തിരികെ വരുമെന്ന ശുഭപ്രതീക്ഷയോടെ..