സ്വത്തുതർക്കത്തെ തുടർന്ന് മുതിർന്ന നടി വീണാ കപൂറിനെ (74 ) മകൻ ബേസ് ബാൾ ബാറ്റുകൊണ്ടു തലക്കടിച്ചു കൊന്നു എന്ന വാർത്ത എല്ലാ മാധ്യമങ്ങളും വളരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോൾ മരിച്ചു എന്ന് പറയപ്പെട്ട വീണാ കപൂർ ജീവനോടെ രംഗത്തെത്തി. തന്നെ മകൻ കൊലപ്പെടുത്തി എന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതിയുമായി നടിയും മകനും മുംബൈയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ പേരുള്ള മറ്റാരോ ആണ് കൊല്ലപ്പെട്ടതെന്നും ആ വീണകപൂർ താനല്ല എന്നും നടി വ്യക്തമാക്കുന്നു. ഞാനും മകനൊപ്പം ആണ് താമസം എന്നതുകൊണ്ടാകാം ആളുകൾ തെറ്റിദ്ധരിച്ചതെന്നും നടി പറയുന്നു . ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്ത സംഭവമായിരുന്നു നടി വീണാ കപൂറിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്ന വാർത്ത.
വാസ്തവത്തിൽ, മുംബൈയിലെ ജുഹു പ്രദേശത്ത് ഒരു കൊലപാതകം നടന്നു, മരിച്ച സ്ത്രീയുടെ പേരും വീണ കപൂർ ആയിരുന്നു, അവരുടെ മകൻ സച്ചിൻ കപൂർ ആണ് കൊലയാളി. ഇതുമാത്രമല്ല, അവരെ കൊലപ്പെടുത്തിയ ശേഷം മാഥേരനിലെ വനത്തിൽ മൃതദേഹം കുഴിച്ചിട്ടു. ഈ ആശയക്കുഴപ്പം കാരണം നിരവധി പേർ നടി വീണാ കപൂറിന്റെ മരണത്തെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ സഹിതം ആദരാഞ്ജലി അർപ്പിച്ചു. ഇപ്പോൾ ഇത്തരം റൂമറുകൾ പ്രചരിക്കപ്പെട്ടതിൽ രോഷം പ്രകടിപ്പിച്ച് നടി ബുധനാഴ്ച മുംബൈയിലെ ദിൻദോഷി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്, വീണ കപൂർ പറയുന്നതിങ്ങനെ
#WATCH | “If I don’t file a complaint now, it will continue to happen with others. It is mental harassment…”.
Actress Veena Kapoor reaches the Police station to file FIR against those who spread rumours of her murder by her own son. pic.twitter.com/AcBeSo1rwM
— ANI (@ANI) December 15, 2022
“ഞാൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുകയാണ്. ഞാൻ മരിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകൻ കൊലപ്പെടുത്തിയെന്ന വാർത്ത സത്യത്തിൽ ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഞാനും മകനും കേസ് ഫയൽ ചെയ്തു. സംഭവത്തിൽ പൊലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്. അവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.ഞങ്ങൾ പരാതി നൽകാനെത്തിയപ്പോൾ വളരെ ഹൃദ്യമായിട്ടാണ് അവർ പെരുമാറിയത്. മുംബൈ പൊലീസിന് എന്റെ സല്യൂട്ട്. ഇപ്പോൾ ഞങ്ങൾ പരാതിപ്പെട്ടില്ലെങ്കിൽ ഭാവിയിൽ മറ്റാർക്കെങ്കിലും ഇതുതന്നെ സംഭവിക്കും. മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ രാത്രിയും പകലും വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു”– വീണ പറഞ്ഞു.