വിശുദ്ധപാപങ്ങളുടെ ഇന്ത്യ (വായന ശ്രീജവാര്യർ)

1286

വിശുദ്ധപാപങ്ങളുടെ ഇന്ത്യ . ( യാത്രാവിവരണം . ഡി .സി. ബുക്ക്സ് …വില. 210/..). അരുൺ എഴുത്തച്ഛൻ. വായന ശ്രീജവാര്യർ (Sreeja Warrier)

മാധ്യമപ്രവർത്തകനായ ശ്രീ .അരുൺ എഴുതിയ ഈ യാത്രാവിവരണം ഒരുപാട് പ്രത്യേകതകളുള്ളതാണ് . സാധാരണ യാത്രാവിവരണങ്ങളിൽ കാണുന്നതുപോലെയുള്ള പ്രകൃതിവർണ്ണനകളോ സംസ്കാരവിവരണമോ ഒന്നും ഇതിലില്ല . എഴുത്തുകാരന്റെ ലക്ഷ്യം അതല്ല . കർണ്ണാടകയിലെ ദേവദാസികളുടെ അവസ്ഥയെക്കുറിച്ചുള്ള പഠനത്തിന് നാഷണൽ ഫൌണ്ടേഷൻ ഫോർ ഇന്ത്യയുടെ 2016 – 17 വർഷത്തെ ദേശീയ മാധ്യമ ഫെല്ലോഷിപ്പ് കിട്ടിയ വ്യക്തിയാണ് ലേഖകൻ . ദേവദാസികളുടെ ജീവിതയാഥാർത്ഥ്യങ്ങൾ തേടി അദ്ദേഹം നടത്തിയ യാത്രകളുടെ ചെറിയ വിവരണമാണ് ഈ പുസ്തകത്തിലുള്ളത് . ആചാരത്തിന്റെ പേരിൽ ജീവിതം നശിക്കുകയും ക്രമേണ വേശ്യാവൃത്തിയിലേയ്ക്ക് തിരിയുവാൻ നിർബന്ധിതരാവുകയും ചെയ്യേണ്ടിവന്ന ദേവദാസികളുടെ ജീവിതചിത്രങ്ങൾ ഇതിൽ കാണാം.
പെൺകുട്ടി ജനിക്കുന്നത് ശാപമാണെന്ന് വിശ്വസിക്കുന്നൊരു സമൂഹം ….. 18 വയസ്സായിട്ടും പെൺകുട്ടി വിവാഹിതയായില്ലെങ്കിൽ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സമൂഹം . .. കടുത്ത ദാരിദ്ര്യത്തിൽനിന്നും രക്ഷപ്പെടാൻ പെൺകുട്ടിയെ വിൽക്കുന്ന മാതാപിതാക്കൾ … വിവാഹംചെയ്ത പെൺകുട്ടിയെ മടുക്കുമ്പോൾ വേശ്യയാക്കി മാറ്റുന്ന പുരുഷന്മാർ .. ഭർത്താവ് മരിക്കുന്നത് ഭാര്യയുടെ ദോഷംകൊണ്ടാണെന്ന് വിശ്വസിക്കുന്നവരാൽ പുറത്താക്കപ്പെട്ട യുവതികൾ …. മൂന്നുനേരവും ആഹാരം കിട്ടുമല്ലോ എന്നുകരുതി ലൈംഗികത്തൊഴിലാളിയായി തുടരുന്ന യുവതികൾ .. സതി സമ്പ്രദായം നിർത്തലാക്കിയതോടെ അനാഥരും ദു:ശ്ശകുനവുമായിത്തീർന്ന വിധവകൾ ….. ഇങ്ങനെ പറഞ്ഞാലൊടുങ്ങില്ല ഇതിലെ നൊമ്പരങ്ങൾ .
ക്ഷേത്രനർത്തകിമാരായ ദേവദാസികൾ ഒരുകാലത്ത് സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളവരായിരുന്നു . അക്കാലത്ത് രാജാക്കന്മാർപോലും പെണ്മക്കളെ ദേവദാസിമാരാക്കിയിരുന്നു . ബ്രാഹ്മണമേധാവിത്തത്തിന്റെ കാലമായപ്പോൾ ഈ നിലയിൽ മാറ്റംവന്നു . ദേവദാസികൾ സവർണ്ണരുടെ വെപ്പാട്ടികളായി മാറി . പകൽമുഴുവൻ ക്ഷേത്രാങ്കണത്തിൽ ഭിക്ഷയെടുത്തും ക്ഷേത്രത്തിലെ ജോലികൾ ചെയ്തും കഴിയുന്ന ദേവദാസികൾ രാത്രിയായാൽ ഏതെങ്കിലും സമ്പന്നരുടെ കിടപ്പറയിലെത്തുന്നു . ഇങ്ങനെ പെൺകുട്ടികളെ അവരറിയാതെത്തന്നെ ലൈംഗികത്തൊഴിലാളികളാക്കി മാറ്റുന്ന ഈ ദേവദാസീസമ്പ്രദായം 1982 മുതൽ നിരോധിച്ചതാണ് . പക്ഷേ അത് ഇന്നും തുടരുന്നു എന്നത് ഒരു സത്യമാണ് . അതിനു കാരണങ്ങൾ പലതായിരിയ്ക്കാം . പക്ഷേ എല്ലാം ചെന്നെത്തുന്നത് സ്ത്രീ എന്നാൽ അവളുടെ ശരീരം മാത്രമാണെന്ന വിലകെട്ട കാഴ്ചപ്പാടിലേയ്ക്കാണ് .
സോനാഗച്ചിയിലെ ഒരനുഭവം ലേഖകൻ വിവരിക്കുന്നതു നോക്കൂ ..
” അതാ , വരാന്തയുടെ അങ്ങേയരികിൽ ആരോ കിടക്കുന്നു . ഞങ്ങൾ ആ രൂപത്തിനടുത്തേയ്ക്കു ചെന്നു . അതൊരു സ്ത്രീ യായിരുന്നു . മൊബൈൽ വെളിച്ചം കണ്ണിൽ തട്ടിയപ്പോൾ അവർ അസ്വസ്ഥത പ്രകടിപ്പിച്ചു . ഞങ്ങൾ വെളിച്ചം ഞങ്ങളുടെ മുഖത്തിനുനേരെ പിടിച്ചു .
‘ എന്താണിവിടെ കിടക്കുന്നത് ?’ ഞാൻ ചോദിച്ചു .
‘ എന്റടുത്ത് വരരുത് . നിങ്ങൾ ചെറിയ പെണ്ണുങ്ങൾക്കടുത്തുപോകൂ . എനിക്ക് പ്രായമായിരിക്കുന്നു . ‘ അവർ ഉറക്കെ പറഞ്ഞു .അവരെ ഭോഗിക്കാൻ എത്തിയവരെന്ന് പടുവൃദ്ധയായ ആ സ്ത്രീ ഞങ്ങളെപ്പറ്റി കരുതിയല്ലോ എന്നോർത്തപ്പോൾ എനിക്ക് വല്ലായ്മ തോന്നി . ”

ഇതുപോലെ എത്രയെത്ര രംഗങ്ങളിലൂടെ നാം കടന്നുപോകണമെന്നോ .!! ഇതുപോലൊരു ദുരിതജീവിതമാണോ പണ്ട് ദേവദാസികൾക്കുണ്ടായിരുന്നത് .?. അല്ലേയല്ല . സിരിമണി ദേവദാസി അക്കാര്യം ഇതിൽ വിശദീകരിക്കുന്നുണ്ട്.
ദേവദാസികളുടേതിനു സമാനമായ അവസ്ഥയാണ് ഉത്തർപ്രദേശിലെ വൃന്ദാവനത്തിലെത്തുന്ന രാധമാരുടേതും . എല്ലാറ്റിന്റേയും അടിസ്ഥാനം ദാരിദ്ര്യമാണ് . ഭക്ഷണം കിട്ടും എന്നുകരുതി ഇല്ലാത്ത ഭക്തിയും പേറി അഭിനയിക്കുന്ന രാധമാരെ ഓർക്കുമ്പോൾ വല്ലാത്തൊരു നിർവികാരത മനസ്സിൽ നിറയുന്നു . അല്ലെങ്കിലും , നമുക്ക് ഭക്തി പലതിനും ഒരു മറയാണല്ലോ . നിഷ്കാമഭക്തരെത്തേടി ദൈവം നടക്കുന്നു .
രാധമാർക്കിടയിൽ ലൈംഗികത്തൊഴിലാളികളുണ്ടോ എന്ന അന്വേഷണത്തിന്റെ തുടക്കത്തിൽ ലേഖകനു നേരിടേണ്ടിവന്ന മറ്റൊരു അവതാരം . … നോക്കൂ.

” കുറച്ചുനേരം മിണ്ടാതെ റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു . ‘ നിങ്ങൾക്ക് സ്ത്രീക

ഗ്രന്ഥകർത്താവ് അരുൺ എഴുത്തച്ഛൻ

ളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ് ? ‘
ഏതോ ഒരാശ്രമത്തിലെ കള്ളക്കളികളിലേയ്ക്കുള്ള വാതിൽ തുറന്നുകിട്ടാൻ പോവുകയാണോ ?. ഞങ്ങൾ പരസ്പരം നോക്കി . ഞാൻ ആവേശത്തോടെ പറഞ്ഞു . ‘ അതെ കിട്ടിയാൽ നന്നായിരുന്നു .’
‘ എങ്കിൽ നിങ്ങൾ എന്

റെ വീട്ടിലേക്കു വരൂ . എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം . 200 രൂപ തന്നാൽ മതി .’
ഞങ്ങൾ തരിച്ചിരുന്നുപോയി ”

അവർ മാത്രമല്ല . ഇതുവായിച്ച ഞാനും വെറുപ്പോടെ പുസ്തകമടച്ചുവച്ചു . ഇങ്ങനെയുമുണ്ടോ പുരുഷന്മാർ !! ഭക്ഷണ ദാരിദ്ര്യത്തിനു മുന്നിൽ ഇതൊന്നും ഒന്നുമല്ല എങ്കിലും .. ….
കർണ്ണാടകയിലെ ദാവൺഗെരെയിലെ ഉച്ചംഗിമലയിലെ ദുർഗ്ഗാക്ഷേത്രത്തിൽ വച്ച് എല്ലാവർഷവും മാഘപൗർണ്ണമി ദിനത്തിൽ പെൺകുട്ടികളെ ദേവദാസിയാക്കി മാറ്റുന്ന ചടങ്ങ് നടന്നിരുന്നു . സർക്കാർ നിരോധിച്ചെങ്കിലും ‘ ദൈവത്തിന്റെ കാര്യങ്ങൾ നിരോധിക്കാൻ സർക്കാരിനാകുമോ ?. ‘ എന്നരീതിയിലാണ് കാര്യങ്ങൾ . ഏതാണ്ട് ഏഴുവർഷത്തോളം ലേഖകൻ നടത്തിയ അന്വേഷണങ്ങളുടെ വിവരണത്തിന്റെ വെളിച്ചത്തിൽ ഈ ‘ ദുരാചാരം ‘ കുറഞ്ഞുവന്നിട്ടുണ്ട് എന്നത് നല്ലകാര്യം . പക്ഷേ ദാരിദ്ര്യം നിലനിൽക്കുന്നിടത്ത് നിരോധനങ്ങൾ ദുർബലമാണ് . ലേഖകനും ഈ ആശങ്ക ഉന്നയിക്കുന്നുണ്ട് . ഇദ്ദേഹത്തിന്റെ അന്വേഷണം ഒരിക്കലും പൂർണ്ണമാകില്ല . കാരണം ഈ മേഖല ഇതിൽ വിവരിച്ചതിനേക്കാളും വളരെവളരെ വിസ്തൃതമാണ് . എങ്കിലും ‘ അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്നതുപോലെ ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ശ്രീ അരുണിന് അഭിമാനിക്കാം . സ്ത്രീജീവിതം ഇങ്ങനേയും ഒഴുകുന്നു എന്ന അറിവ് നൽകിയതിനു ലേഖകനോട് കടപ്പെട്ടിരിക്കുന്നു . കുറച്ചുപേരുടെയെങ്കിലും മനസ്സിനെ സ്പർശിക്കുവാൻ ഈ ഗ്രന്ഥത്തിനു കഴിയുമെന്ന് തീർച്ചയാണ് . സ്ത്രീപുരുഷസമത്വമൊക്കെ ഇതുവായിക്കുന്നതോടെ വ്യക്തമാകും . ആശംസകൾ അരുൺ സാർ .

Advertisements