പൊന്നിൽക്കുളിക്കാത്ത മല്ലികാവസന്തം: വിജയരാജ മല്ലികയുടെ ആത്മകഥയെക്കുറിച്ച്

250
ജോണി എം എൽ
പൊന്നിൽക്കുളിക്കാത്ത മല്ലികാവസന്തം: വിജയരാജ മല്ലികയുടെ ആത്മകഥയെക്കുറിച്ച്
യാദൃശ്ചികമായാണ് വിജയരാജ മല്ലികയുടെ ‘മല്ലികാവസന്തം’ എന്ന ആത്മകഥ ഹാൻസ്ദ സോവേന്ദ്ര ശേഖറിന്റെ ആത്മകഥയോളം പോരുന്ന ‘മൈ ഫാതെർസ് ഗാർഡൻ’ എന്ന പുസ്തകത്തിന് ശേഷം വായിക്കുന്നത്. തന്റെ ആത്മകഥാ പുസ്തകം ഇറങ്ങിയിട്ടുണ്ടെന്ന് അറിയിച്ചത് വിജയരാജ മല്ലിക തന്നെയായിരുന്നു. അവരുടെ ‘ദൈവത്തിന്റെ മകൾ’ എന്ന കവിതാസമാഹാരം കഴിഞ്ഞ വര്ഷം വായിക്കുകയും ട്രാൻസ് മനുഷ്യരുടെ അനുഭവങ്ങളെ വിവരിക്കാൻ അവർഉപയോഗിക്കുന്ന ഭാഷയിലെ ശ്ലഥമായ രീതികളെക്കുറിച്ചു ഞാൻ അത്ഭുതപ്പെടുകയും ചെയ്തിരുന്നു. രേഖീയതയോ പൊതുയുക്തിയോ നയിക്കുന്ന ഭാഷാരീതിയല്ല ട്രാൻസ് കവിതകളിൽ ഉള്ളത്. അനുഭവങ്ങളുടെ വ്യത്യസ്തതയും അതിനാലുടലെടുക്കുന്ന ലോകവീക്ഷണവും കൊണ്ടാകണം ഒരു സാമാന്യ ഹെറ്ററോ സെക്ഷ്വൽ മനുഷ്യന് കവിതയിലൂടെ ആവിഷ്കരിക്കാൻ കഴിയാത്ത പല ലോകങ്ങളും രീതികളും വിജയരാജ മല്ലികയുടെ കവിതകളിൽ ഞാൻ കണ്ടത്.
‘മല്ലികാ വസന്തം’ വായിക്കുവാൻ കയ്യിലെടുക്കുമ്പോഴേയ്ക്കും മനസ്സിൽ ഓടിയെത്തിയത് വർഷങ്ങൾക്ക് മുൻപ് (2010) വായിച്ച ‘ദി ട്രൂത്ത് എബൌട്ട് മി: എ ഹിജഡ ലൈഫ് സ്റ്റോറി ബൈ എ. രേവതി’ എന്ന പുസ്തകമായിരുന്നു. വളരെയധികം വേദനയോടെ വായിച്ച പുസ്തകമായിരുന്നു അത്. ആണിന്റെ ദേഹത്തോടെ ജനിക്കുകയും പെണ്ണിന്റെ ആന്തരഭാവങ്ങളോടെ വര്ഷങ്ങളോളം ജീവിക്കുകയും ചെയ്ത രേവതി ഒരു പെണ്ണാകുവാനായി നടത്തിയ പെടാപ്പാടുകളും, അതിഭീഷണമാം വിധത്തിലുള്ള ശസ്ത്രക്രിയാ പരിപാടികളുടെ വിവരണങ്ങളും വീടില്ലാതുള്ള അലച്ചിലുകളും സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും ഒക്കെ രേവതി അതിൽ വിവരിച്ചിരുന്നു. പിന്നെ അബുൽ ആസാദ് എന്ന ഫോട്ടോഗ്രാഫി ആർട്ടിസ്റ്റ് എടുത്തിട്ടുള്ള കൂവകം ട്രാൻസ്‌ജെൻഡർ ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫുകൾ അവരുടെ ജീവിതത്തെക്കുറിച്ചുള്ള ദൃശ്യാനുഭവങ്ങൾ തന്നു. തുടർന്ന് അനേകം ട്രാൻസ്‌ജെൻഡർ വ്യക്തിത്വങ്ങളുടെ അഭിമുഖ സംഭാഷണങ്ങളും മറ്റും കാണുകയും കേൾക്കുകയുമുണ്ടായി. അപ്പോഴെല്ലാം മനസ്സിലായത്, ഇപ്പോഴും നമ്മുടെ സമൂഹം ട്രാൻസ് മനുഷ്യരുടെ വ്യക്തിത്വങ്ങളെ പൂർണ്ണമായും അംഗീകരിക്കാൻ പോന്ന വിധത്തിൽ വളർന്നിട്ടില്ല എന്ന് തന്നെയാണ്. ട്രാൻസ് മനുഷ്യരുടെ ജീവിതങ്ങളെ ഏറ്റവും ദുഷ്കരമാക്കുന്നത് അവരുടെ മാനസികമായ പിരിമുറുക്കങ്ങൾ മാത്രമല്ല മറിച്ച് പൊതു സമൂഹം അവരോട് എടുക്കുന്ന നിലപാടുകൾ കൂടിയാണ്.
പൊതു സമൂഹം ട്രാൻസ് മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുന്നത് പല രീതികളിലാണ്. വിജയരാജ മല്ലികയുടെ ‘മല്ലികാവസന്തം’ വായിക്കുമ്പോൾ ഈ രീതികളുടെ ചുരുളഴിഞ്ഞു വരുന്നത് നമുക്ക് കാണാൻ കഴിയുന്നു. ഒന്നാമതായി ദ്വിലിംഗസമേതമോ അവ്യക്ത ലിംഗ സമേതമോ ജനിക്കുന്ന കുട്ടികളെ അവരുടെ ബാഹ്യലക്ഷണങ്ങളെ, ഒന്നിന്റെ മുൻഗണനാ ക്രമത്തിൽ കറക്ഷണൽ സർജറിയ്ക്കു വിധേയമാക്കി തുടക്കത്തിലേ ഒരു സവിശേഷ ലിംഗത്തിലേയ്ക്ക് നിര്ണയിക്കുകയാണ്. ഏറ്റവും അപകടകരമായ ഒന്നാണിത്. കാരണം, ആ കുഞ്ഞിന്റെ ഹോർമോണൽ ആയുള്ള സവിശേഷതകൾ ബാഹ്യമായ ശരിപ്പെടുത്താൽ കൊണ്ട് മാറുന്നില്ല. രണ്ടാമതായി വളർച്ചയുടെ ഘട്ടത്തിൽ ഹോർമോൺ പരിചരണം നൽകലാണ്. അതായത് ആൺ ശരീരവും പെൺ-ആന്തരലോകവുമാണ് ഉള്ളതെങ്കിൽ ആണാക്കി മാറ്റാനുള്ള ഹോർമോൺ ചികിത്സ നൽകുക. അത് ഒരു ശരീരത്തിനെ കൊടുങ്കാറ്റിൽ തകർന്ന ഭൂപ്രദേശം പോലെ തകർത്തു കളയും. വിജയരാജ മല്ലികയുടെ ജീവിതത്തിൽ അത് സംഭവിക്കുന്നുണ്ട്. മനു ജെ കൃഷ്ണൻ ആയി ജനിച്ച വിജയരാജ മല്ലികയെ മനുവായി നിലനിറുത്താനും മല്ലികയിലേക്കുള്ള പരിണാമത്തെ തടസ്സപ്പെടുത്താനും വീട്ടുകാർ ചെയ്ത ഹോർമോൺ ചികിത്സകൾ അവരുടെ ഉടലിനെ താറുമാറാക്കിയ ചരിത്രം നാമിതിൽ കാണുന്നു.
അദൃശ്യവൽക്കരണമാണ് ട്രാൻസ് മനുഷ്യർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ഒന്ന് വസ്ത്രത്തിലൂടെ അദൃശ്യപ്പെടുക. രണ്ടു, സ്വയം ഒളിച്ചു വെച്ചുകൊണ്ട് ജീവിക്കുക. മൂന്ന്, കുടുംബവും സമൂഹവും ഇങ്ങനെയൊരു വ്യക്തിയുടെ കര്തൃത്വത്തെ പൂർണ്ണമായും നിഷേധിക്കുന്നതായി ഭാവിക്കുക. ഇത്തരത്തിലുള്ള അദൃശ്യവൽക്കരണങ്ങളുടെ ശക്തമായ തിരകളെ ചെറുത്തു കൊണ്ടാണ് ട്രാൻസ് മനുഷ്യർക്ക് ദൃശ്യപ്പെടേണ്ടി വരുന്നത്. പൊതുമണ്ഡലം, ഇരട്ടപ്പേരുകൾ നൽകി എങ്ങിനെയാണ് ട്രാൻസ് മനുഷ്യരുടെ ആന്തരിക ശക്തിയെ നശിപ്പിച്ചു കളയുന്നത് എന്നും വിജയരാജ മല്ലിക പറയുന്നുണ്ട്. ട്രാൻസ് വ്യക്തിയായാൽ അവളുടെ മുന്നിൽ തുറന്നു കിട്ടുന്ന ഒരേ ഒരു വഴി എന്നത് ലൈംഗികത്തൊഴിലാളിയായി ജീവിക്കുക എന്നതാണെന്നാണ് പൊതുബോധത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു മുൻവിധി. മറ്റേതൊരു വ്യക്തിയെയും പോലെ സുസ്ഥിരമായതും സാമൂഹികമായ സുരക്ഷിതത്വം ഉള്ളതുമായ ജീവിതം നയിക്കാൻ അവകാശമുള്ളവരാണ് ട്രാൻസ് മനുഷ്യർ എന്ന കാര്യം എല്ലാവരും മറന്നു പോകുന്നു. ലൈംഗികമായ ആസക്തിയുടെ ഉടലുകൾ ആണ് ട്രാൻസ് മനുഷ്യർ എന്നും അവരെല്ലാം തന്നെ സെക്സ് വർക്ക് ചെയ്യുന്നവർ ആണെന്നും ഉള്ള സ്റ്റീരിയോ ടൈപ്പ് ചിന്ത സമൂഹത്തെ ഭരിക്കുന്നുണ്ട്.
വിജയരാജ മല്ലികയുടെ ‘മല്ലികാവസന്തം’ എന്ന ആത്മകഥ ലൈംഗിക ആസക്തി പരമായ സ്റ്റീരിയോ ടൈപ്പിനെ ശരി വയ്ക്കുന്നതല്ലേ എന്ന് ചിലപ്പോൾ തോന്നിയേയ്ക്കാം. കാരണം ഈ പുസ്തകത്തിലെ കേന്ദ്രപ്രമേയങ്ങളിൽ ഒന്ന് എങ്ങിനെയാണ് വിജയരാജ മല്ലിക തന്റെ ലൈംഗിക കാമനകളെ നേരിടുന്നത് എന്നതാണ്. പക്ഷെ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിയാൽ ഹെറ്ററോ സെക്ഷ്വൽ ആയ ഒരു മനുഷ്യന് തന്റെ ലൈംഗിക ചോദനകളെ എങ്ങിനെ അഭിവ്യഞ്ജിപ്പിക്കാം എന്ന് എടുത്തു പറയേണ്ട കാര്യമില്ല. കാരണം അതിൽ നോർമൽ എന്നും പെർവെർട്ട് എന്നുമൊക്കെ പറയുന്നതെല്ലാം സാമാന്യവൽക്കരിക്കപ്പെട്ടതും സ്വാഭാവികമാക്കി മാറ്റിയതും അതിനാൽ സർവസാധാരണം എന്ന് വിചാരിക്കപ്പെടുന്നതുമാണ്. അതെ സമയം ഒരു ട്രാൻസ് മനുഷ്യൻ എങ്ങിനെയാണ് തന്റെ ലൈംഗിക കാമനകളെ നേരിടുന്നത് എന്നത് സ്വാഭാവികമായി സാമാന്യവൽക്കരിക്കപ്പെട്ടതോ സാമാന്യമായ തരത്തിൽ നിവൃത്തിക്കാവുന്നതോ അല്ല. അതിനാൽ, ശാരീരികമായ ഈ ആകാംക്ഷ ട്രാൻസുകളുടെ ആത്മകഥാ ആഖ്യാനങ്ങളുടെ ഒരു മുഖ്യപ്രമേയമാകുന്നതിൽ അതിശയിക്കേണ്ടതില്ലെന്നു വരുന്നു. എങ്കിലും എല്ലാ വായനക്കാരും ഇത്തരമൊരു സംയമനം പാലിക്കുമോ എന്ന സംശയം എനിയ്ക്കുണ്ട്.
മനു ജെ കൃഷ്ണനായി, വിദ്യാഭ്യാസവും തൊഴിലും അതിനാൽ സാമൂഹികമായി മുഖ്യധാരയിൽ മധ്യവർഗമായ ഒരു ദളിത് കുടുംബത്തിൽ ആണ് വിജയരാജ മല്ലിക ജനിച്ചത്. ദളിത് ആയതു കൊണ്ട് ട്രാൻസ് സ്വത്വം ഒരു ഇരട്ട ഭാരമാകേണ്ടതാണ്. പക്ഷെ സാമൂഹികമായും സാമ്പത്തികമായും കുടുംബം നേടിയെടുത്ത മധ്യവർഗാവസ്ഥ മനുവിനെ അത്തരമൊരു ഇരട്ടഭാരത്തിൽ നിന്ന് രക്ഷിക്കുന്നുണ്ട്. ദളിത് കുടുംബമാണെങ്കിലും മുഖ്യധാരാ സവർണ്ണ മൂല്യങ്ങളെ ആന്തരവൽക്കരിച്ച കുടുംബമാണ് അവരുടേത് ആകയാൽ കുടുംബത്തിൽ ഒരു ട്രാൻസ് ഉണ്ടെങ്കിൽ ഉണ്ടാകാവുന്ന എല്ലാ പ്രതിസന്ധികളെയും ഒളിച്ചു വെയ്ക്കലുകളെയും ആ കുടുംബവും നേരിടിന്നുണ്ട്. മനു ജെ കൃഷ്ണൻ മുപ്പത് വയസ്സുവരെ സ്ത്രൈണതയുള്ള പുരുഷനായി വളരുകയും മികച്ച വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു. ഒടുവിൽ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ പൂർണ്ണമായും സ്ത്രീയായി മാറുന്നു. ആ നാളുകളിലൊക്കെയും സാമൂഹികമായ ദൃശ്യതയ്ക്കും നിലപാടുകളും അവകാശങ്ങളും ഉറപ്പിക്കുന്നതിനും അവർ കഠിനമായി ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ട്രാൻസ് കവിയായി വിജയരാജ മല്ലിക അടയാളപ്പെടുത്തപ്പെടുന്നത് അങ്ങിനെയാണ്.
പുരുഷാധിപത്യ സമൂഹവും പുരുഷാധിപത്യ മൂല്യങ്ങൾ ആന്തരവൽക്കരിച്ച സ്ത്രീ സമൂഹവും ട്രാൻസ് മനുഷ്യരെ ഒരു പോലെ ഒഴിവാക്കിയും കളിയാക്കിയും നിർത്തുന്ന ഒരു സമൂഹത്തിൽ പക്ഷെ സ്ത്രീയായി മാറിയ ശേഷം അതായത് ട്രാൻസ് വുമൺ ആയതിനു ശേഷം വിജയരാജ മല്ലിക പൂർണ്ണമായും ഒരു ‘സ്ത്രീയുടേതായ’ ഭാവഹാവാദികൾ അനുകരിക്കുന്നു. അത് സ്വാഭാവികമായ സ്ത്രൈണാചലനങ്ങളിൽ അല്ല മറിച്ച് വസ്ത്രധാരണത്തിലാണ് അത് കൂടുതൽ വ്യക്തമാകുന്നത്. അതിനുള്ള കാരണമായി വിജയരാജ മല്ലിക പറയുന്നത് സ്ത്രീ എന്ന് അടയാളപ്പെടുത്തുന്ന ഒരു ചിഹ്ന വ്യവസ്ഥയിലേയ്ക്ക് പ്രവേശിയ്ക്കുകയും അവിടെ സ്ത്രീയെന്ന അംഗീകാരം നേടുകയും ചെയ്യേണ്ട ആവശ്യം ഉണ്ട് എന്ന് പറഞ്ഞു കൊണ്ടാണ്. സെക്സ് എന്ന കോളത്തിൽ സ്ത്രീ എഴുതുന്നതിനു പകരം ട്രാൻസ്‌ജെൻഡർ എന്നെഴുതുമെങ്കിലും പൊതു ഇടങ്ങളിൽ പുരുഷൻ അല്ല എന്ന് തെളിയിക്കാൻ, അത് സ്ത്രീകളുടെ മൂത്രപ്പുര ഉപയോഗിക്കാനും ബസ്സുകളിൽ സ്ത്രീകളുടെ സീറ്റുകളിൽ ഇരിക്കാനും അങ്ങിനെ സ്ത്രീകൾക്ക് സമൂഹം നൽകിയിട്ടുള്ള എല്ലാ അവകാശങ്ങളും വാങ്ങുവാനും ഉള്ള അവകാശനീക്കമായി വിജയരാജ മല്ലിക പറയുന്നു. ഏത് മൂത്രപ്പുര ഉപയോഗിക്കണം എന്ന് പൊതുജനത്തിന് ‘ഉറപ്പില്ലാത്തതിനാൽ’ അഡൽറ്റ് ഡയപ്പറും കെട്ടി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ സഞ്ചരിക്കേണ്ടി വരുന്ന ഒരു ട്രാൻസിന്റെ പ്രശ്നം കൂടി തിരിച്ചറിയുമ്പോൾ അവർ എന്ത് കൊണ്ട് സ്ത്രീകളെക്കാൾ വലിയ സ്ത്രീ വേഷം അണിയുന്നു എന്നത് നാം തിരിച്ചറിയുന്നു. ഒരു സ്ത്രീ അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്ന നിലയിൽ ജീൻസും മൈക്രോ ഷോർട്സും ഒക്കെ ധരിക്കുന്നത് പോലല്ല, ഒരു ട്രാൻസ് വുമൺ സാരി-ബ്ലൗസ് എന്ന അംഗീകൃത സ്ത്രീ വേഷത്തിലേക്ക് എടുത്തു ചാടുന്നത്.
‘മല്ലികാവസന്തം’ എന്ന പുസ്തകം രചനാപരമായി കെട്ടുറപ്പുള്ള ഒരു പുസ്തകമാണെന്ന് പറയുവാൻ കഴിയുകയില്ല. പക്ഷെ സാഹിത്യത്തിൻറെ മാമൂലുകൾ പ്രസക്തമല്ലാത്തതിനാൽ ഒരുതരം ബോധധാരാ സമ്പ്രദായത്തിലുള്ള എഴുത്ത് സാധൂകരണം നേടുന്നുണ്ട്. വിഷയത്തിന്റെ തീവ്രതയും വേദനയുമാണ് വായനയ്ക്ക് ഇന്ധനമാകുന്നത്. അതിനാൽ വിജരാജ മല്ലിക ഗദ്യമെഴുതുമ്പോൾ കവിതയിൽ ഉപയോഗിക്കുന്ന രീതിയിലുള്ള ശ്ലഥഭാഷ ഉപയോഗിക്കണോ എന്ന് ആലോചിക്കണം. ഒരു മുഖ്യധാരാ സമൂഹത്തിലെ പുരുഷൻ എന്ന നിലയിൽ ഇങ്ങനെയൊരു വിമർശനം ഉയർത്തിയാൽ അത് പ്രതിലോമകരം എന്ന് വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതകൾ ഏറെയാണെങ്കിലും ഭാഷയ്ക്കും അതിന്റേതായ ഒരു ജൈവ അസ്തിത്വം രചനയിൽ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു എഴുത്തുകാരൻ കൂടിയായതിനാൽ എനിയ്ക്ക് ഭാഷയെ സ്വേച്ഛയിൽ അടിമപ്പെടുത്തി നിയോഗിക്കുന്നത് കാണുമ്പോൾ അല്പം വിഷമം തോന്നുന്നു എന്ന് മാത്രം (വിജയരാജ മല്ലിക ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് കൊണ്ട് മലയാളംഭാഷയിൽ ചിലപ്രശ്നങ്ങൾ ഉണ്ടെന്ന് ആദ്യമേ പറയുന്നുണ്ടെന്ന് ഞാനിപ്പോൾ ഓർക്കുന്നു). സത്യത്തിൽ ഈ പുസ്തകം പുരോഗമനേഛുക്കളായ മനുഷ്യർ എല്ലാം വായിച്ചു പരിവർത്തനപ്പെടേണ്ട ഒന്ന് തന്നെയാണ്.