ഹൈദരാബാദ് കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു എന്നുകേൾക്കുമ്പോൾ അതിനി മാനവികതയുടെ ഏതു അളവുകോൽ കൊണ്ട് അളന്നാലും ശരി, ഉള്ളിലൊരു സമാധാനം തോന്നുന്നു

192

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊന്നു കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു എന്നുകേൾക്കുമ്പോൾ അതിനി മാനവികതയുടെ ഏതു അളവുകോൽ കൊണ്ട് അളന്നാലും ശരി, ഉള്ളിലൊരു സമാധാനം തോന്നുന്നു. ഒരു ഫേക് എൻകൗണ്ടർ ആകാനാണ് സാധ്യത. അത്രമാത്രം ജനവികാരം പ്രതികൾക്കു എതിരായിരുന്നു.

ഒരു ജനാധിപത്യസമൂഹത്തിൽ ജീവിക്കാനുള്ള യോഗ്യത നേടിയെടുക്കാൻ ഓരോ പൗരനും സാധിക്കണം. പരിഷ്കൃത ജനാധിപത്യ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ നടക്കുന്നില്ല എന്നല്ല, അല്ലെങ്കിൽ, ലോകത്തു ഇതിലും ക്രൂരതയുള്ള സമൂഹങ്ങൾ നിലനിൽക്കുന്നില്ല എന്നുമല്ല . എന്നാൽ ഇത്രയും വൈകൃത-പൈശാചിക സ്വഭാവത്തോടെ ക്രിമിനൽ വാസന ഈ രാജ്യത്തെ ജനങ്ങളിൽ നിലനിൽക്കുന്നതിനു അടിസ്ഥാനപരമായ ഒരുപാടു കാരണങ്ങളുണ്ട്.

വൃത്തികെട്ട സദാചാര സംസ്കാരത്തിന്റെ ഉപോത്പന്നമായ ലൈംഗികദാരിദ്ര്യം, ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കാരണമുണ്ടാകുന്ന അരാജകത്വം, ആളൂർ വക്കീലുമാർ വിഹരിക്കുന്ന, പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തവർ കേസുനടത്തുന്ന നിയമവ്യവസ്ഥയിലെ പഴുതുകളും പാളീച്ചകളും … ഇങ്ങനെ അനവധി കാരണങ്ങളുണ്ട്. ഒരു വ്യക്തിയെ ഇല്ലാതാക്കാൻ ഒരു ഭരണകൂടത്തിനും അവകാശമില്ല. എന്നാൽ ഒരു സമൂഹത്തിൽ ജീവിക്കാൻ യോഗ്യത നേടേണ്ടതുണ്ട്. അതിപ്പോൾ ക്രിമിനലുകൾ ആയാലും ഭീകരവാദികൾ ആയാലും വർഗ്ഗീയവാദികൾ ആയാലും തുല്യർ തന്നെ.

ഇപ്പോഴത്തെ എൻകൗണ്ടറിൽ ആശാസം കൊള്ളുമ്പോൾ തന്നെ നിരപരാധികളിൽ തീവ്രവാദകുറ്റം ആരോപിച്ചുള്ള ഫേക് എൻകൗണ്ടറുകൾ സ്വാഭാവികമായി മാറിയ രാജ്യത്തിലാണ് ജീവിക്കുന്നത് എന്നതും അറിയാം. (എൻകൗണ്ടർ ഇതിൽ മാത്രംപോര..ഉനാവോ പോലുള്ള കേസുകളിലും നടപ്പാക്കണം )

ആൾക്കൂട്ടങ്ങൾ മാത്രമായ ഈ രാജ്യത്തിൽ നല്ലൊരു പൗരസമൂഹം വളരണം എങ്കിൽ രാഷ്ട്രം ഞങ്ങളോടൊപ്പം ഉണ്ടെന്ന തോന്നൽ ഓരോ പൗരനും ഉണ്ടാകണം. ഞങ്ങൾ രാഷ്ട്രത്തോടൊപ്പം എന്നത് മാത്രംപോര. കാരണം അതിന്റെ ഗുണഭോക്താക്കൾ ഭരണകർത്താക്കളും കോർപറേറ്റുകളും മാത്രമായി മാറിക്കഴിഞ്ഞു. ജനങ്ങളിൽ നിന്നും രാഷ്ട്രം എല്ലാം ഊറ്റിയെടുക്കുമ്പോൾ ജനങ്ങളെ ചണ്ടികളായി വലിച്ചെറിയുമ്പോൾ ഒന്നിനോടും പ്രതിപത്തിയല്ലാത്ത ബാർബേറിയന്മാരും സൃഷ്ടിക്കപ്പെടും.