കൊച്ചി പ്രാദേശിക രാജ്യാന്തരചലച്ചിത്രമേളയിൽ മൂന്നാംദിവസം പ്രദർശിപ്പിച്ചത് പുരസ്കാരം നേട്ടത്തിലൂടെ ശ്രദ്ധേയമായ ചിത്രങ്ങൾ. സുവർണചകോരം, രജതചകോരം, പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ 14 ചിത്രങ്ങൾ മൂന്നാംദിവസം പ്രദർശിപ്പിച്ചു.
ഇരുപത്തിയാറാം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം നേടിയ കൂഴങ്കൽ, ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടിയ നിഷിദോ ഉൾപ്പെടെ 14 ചിത്രങ്ങൾ മൂന്നാംദിനം പ്രദർശിപ്പിച്ചു.

പ്രേക്ഷക ശ്രദ്ധ നേടിയ ഹംഗേറിയൻ ചിത്രം ദി സ്റ്റോറി ഓഫ് മൈ വൈഫ്, സ്ലോവാക്യൻ ചിത്രം 107 മദേഴ്സ്, ഫ്രാൻസിൽ നിന്നുള്ള ബർഗ്മാൻ ഐലൻഡ്, റെഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയൻ ചിത്രം ബാഡ് ലക്ക് ബാങ്കിംഗ് ഓർ ലൂണി പോൺ, ഇറാനിയൻ ചിത്രം ബല്ലാർഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങൾ ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട നടൻ നെടുമുടി വേണുവിന് ആദരവർപ്പിച്ചു. ഹോമേജ് വിഭാഗത്തിൽ വിടപറയും മുൻപേ, മധുജാ മുഖർജിയുടെ ഡീപ് സിക്സ്, ബിശ്വജിത് ബോറയുടെ ബുംബ റൈഡ്, മലയാള ചിത്രം ചവിട്ടു ഉൾപ്പെടെ 7 ഇന്ത്യൻ ചിത്രങ്ങൾ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് പ്രദർശിപ്പിച്ചു. ഏപ്രിൽ അഞ്ചിനാണ് കൊച്ചി രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കുന്നത്.